അഞ്ചാംഭാവം-1

Posted by & filed under അഞ്ചാംഭാവം.

സ്ത്രീ…കരയാനും കരയിപ്പിയ്ക്കാനും

അവിചാരിതമായി തുറന്നുനോക്കിയ ഒരു ഈ മെയിലിന്റെ ഉള്ളടക്കമാണു ഈ ലേഖന പരമ്പരയുടെ ജന്മത്തിനു കാരണമായതെന്നറിയുമ്പോൾ ഒരു പക്ഷേ നിങ്ങൾ അത്ഭുതപ്പെട്ടേയ്ക്കാം. യാതൊരു വിധ നിയന്ത്രണവുമില്ലാതെ പലപ്പോഴും പ്രിയപ്പെട്ട കൂട്ടുകാരിൽ നിന്നു വരുന്ന സന്ദേശങ്ങൾ പോലും  തുറന്നു നോക്കാതെ ഡീലിറ്റ് ചെയ്യേണ്ടി വരാറുണ്ടു. കുറ്റബോധം തോന്നാറുണ്ടെങ്കിലും ഈ- ചവറുകൾ നീക്കം ചെയ്യാതെ വയ്യല്ലോ? ഇത്തരം ഒരു നീക്കം ചെയ്യൽ സമയത്തു കണ്ണിൽ‌പ്പെടാനിടയായ ഒരു  മെയിൽ എന്നെ കുറച്ചൊന്നുമല്ല ഇരുത്തിച്ചിന്തിപ്പിച്ചതു. ചിന്തിച്ചതു മാത്രമല്ല ഇതാ എന്നെ എ

ഴുതാനും പ്രേരിപ്പിയ്ക്കുന്നു.

ഇത്രയേറെ എന്നെ ചിന്തിപ്പിച്ച അഥവാ ആകർഷിച്ച അതിലെ ഉള്ളടക്കമെന്തെന്നറിയാൻ ഇപ്പോൾ നിങ്ങളും ആകാംക്ഷാഭരിതരായിക്കാണുമെന്നറിയാം. ചുരുക്കമായി എന്റെ വാക്കുകളിൽ അതിനെ ഒതുക്കാം.  കരയുന്ന അമ്മയോടു കുഞ്ഞു അതിനു കാരണമാരാഞ്ഞപ്പോൾ സ്ത്രീയായതിനാലാണു കരയുന്നതെന്നെ അവർക്കു പറയാനായുള്ളൂ. സ്ത്രീയായാൽ കരയുന്നതെന്തിനാണെന്നു തനിയ്ക്കു മനസ്സിലായില്ലെന്നു പറയുന്ന മകനോടു നിനക്കു അതൊരിയ്ക്കലും മനസ്സിലാകാനാവില്ലെന്നും അവർ പറയുകയാണു, മാറോടണച്ചുകൊണ്ടു. . അർത്ഥഗർഭമായ വരികൾ. സംശയനിവാരണത്തിന്നായി അച്ഛന്നരികിലെത്തുന്ന മകൻ ഒരു കാരണവുമില്ലാതെ അമ്മ കരയുന്നതെന്താണെന്നു ചോദിച്ചപ്പോൾ സ്ത്രീകൾക്കു കരയാനായി ഒരു കാരണത്തിന്റെ ആവശ്യമില്ലെന്നായിരുന്നു അച്ഛന്റെ നിലപാട്.എങ്ങിനെയുണ്ടു? എന്തായാലും   അമ്മ പറഞ്ഞതു ശരിയായി . വളർന്നിട്ടും വലുതായിട്ടും  സ്ത്രീകൾ കരയുന്നതിന്റെ രഹസ്യം മകനു മനസ്സിലാക്കാൻ കഴിഞ്ഞില്ല. അന്വേഷിപ്പിൻ കണ്ടെത്തുമെന്നതറിയുന്ന പുതിയ തലമുറ പ്രശ്നത്തിന്റെ കുരുക്കഴിയ്ക്കാനായി ദൈവത്തെ സമീപിയ്ക്കുന്നു.സ്ത്രീകൾ പെട്ടെന്നു കരയുന്നതിനുള്ള  കാരണം എന്താണെന്നു ദൈവം പറയുന്നതൊന്നു കേൾക്കൂ…

‘“സ്ത്രീയെ പ്രത്യേകത നിറഞ്ഞവളായിക്കാണാൻ ഞാൻ തീരുമാനിച്ചു. ലോകഭാരം താങ്ങാൻ ശക്തിയുള്ളതും  സ്വാന്തനം നൽകാൻ വേണ്ട മാർദ്ദവവുമുള്ള ചുമലുകൾ അവൾക്കു  ഞാൻ നൽകി. പുത്ര ഭാരവും പുത്രരാലുള്ള തിരസ്ക്കാരവും സഹിയ്ക്കാനുള്ള അന്തർശ്ശക്തി ഞാനവൾക്കേകി. മറ്റുള്ളവരൊക്കെ വയ്യെന്നു പറഞ്ഞു ഉപേക്ഷിച്ചാലും മുന്നേറാനും സ്വന്തം വയ്യായ്ക പോലും  മറന്നു രോഗികളെ ശുശ്രൂഷിയ്ക്കാനുമുള്ള ഉറപ്പാർന്ന മനസ്സും  അവൾക്കേകി. മക്കൾ തെറ്റു ചെയ്താലും  അതെല്ലാം  മറന്നു അവരെ ലാളിയ്ക്കാനും ഒന്നായിക്കാണാനും മതി മറന്നു സ്നേഹിയ്ക്കാനും  അവൾക്കാകണമെന്നു ഞാൻ നിനച്ചു.ഭർത്താവിനെ അനുസരിച്ചു, അവനു താങ്ങാകുന്ന   ഭാര്യയാവാൻ അവന്റെ വാരിയെല്ലിനാൽ അവളെ സൃഷ്ടിച്ചു. ഭർത്താവിന്റെ തെറ്റുകുറ്റങ്ങൾ പൊറുക്കാനും നന്മയുടെ പ്രതീകമായി അവന്റെ ശക്തിയായി കൂടെ നിൽക്കാനും പഠിപ്പിച്ചു. ഇതിനൊക്കെശ്ശേഷം ഞാനവൾക്കു  മാത്രമായി  നൽകിയ സമ്മാനമാണു എവിടെയും യഥേഷ്ടംഅവൾക്കു കാര്യസിദ്ധിയ്ക്കായി ഉപയോഗിയ്ക്കാനാകുന്ന ഈ കണ്ണുനീർ. ഒന്നു ശ്രദ്ധിച്ചു നോക്കി നോക്കൂ, ഒരു സ്ത്രീയുടെ ഭംഗി നിലകൊള്ളുന്നതു അവളുടെ വസ്ത്രധാരണത്തിലോ , തലമുടിയിലോ, സുന്ദരമായ ആകാരസൌഷ്ടവത്തിലോ അല്ല. അവളുടെ സൌന്ദര്യം കുടികൊള്ളുന്നതു അവളുടെ കണ്ണുകളിലാണു, സ്നേഹം വാസമുറപ്പിച്ച അവളൂടെ ഹൃദയക്ഷേത്രത്തിലേയ്ക്കുള്ള പടിവാതിൽ. “

ശരിതന്നെ. അവിടെ മിന്നി മറയുന്ന ഭാവങ്ങളുണ്ടല്ലോ,അവ കഥ പറയും പ്രേമത്തിന്റെ,വിരഹത്തിന്റെ, വൈരത്തിന്റെ , വൈരാഗ്യത്തിന്റെ, ഭക്തിയുടെ , കാപട്യത്തിന്റെ, കുതന്ത്രങ്ങളുടെ, നിഷ്ക്കളങ്കതയുടെ  ഒക്കെയൊക്കെ കഥകൾ. ഒന്നു സൂക്ഷിച്ചു നോക്കിയാൽ നമുക്കു ചുറ്റുമായി കാണാവുന്നവ തന്നെ.. ചിലതു ശ്രദ്ധയിൽ പ്പെട്ടിട്ടുണ്ടാകാം. ചിലതു സൂക്ഷിച്ചു നോക്കിയാൽ മാത്രം കാണാവുന്നവ. അകത്തെരിയുന്ന വികാരങ്ങൾ അവയിൽ പ്രതിഫലിയ്ക്കുമ്പോൾ മുഖത്തു മിന്നിമറയുന്ന വർണ്ണഭേദങ്ങൾ മനുഷ്യമനസ്സിനെന്നും കടംകഥ തന്നെ.

ഓർത്തപ്പോൾ ഒരേ സമയം ഒട്ടേറെ മുഖങ്ങൾ മനസ്സിലൂടെ കടന്നുപോയി.  ദൈവം ഇത്രയൊക്കെ പ്രത്യേകത നൽകി  സജ്ജമാക്കിയിട്ടും പരാജയപ്പെട്ടവയും,  അവയെ വേണ്ട പോലെ ഉപയോഗിച്ചവയും, അല്ലാത്തവയുമായ ഒട്ടേറെ മുഖങ്ങൾ. എന്തിനു പറയുന്നു പുരാണങ്ങളിലേയ്ക്കൊന്നിറങ്ങിച്ചെന്നു നോക്കൂ! എത്രയോ പ്രത്യേകതയാർന്ന സ്ത്രീകളെ  നമുക്കവിടെ കാണാൻ കഴിയുന്നു.  നിങ്ങൾക്കും എനിയ്ക്കും ഒക്കെ പരിചിതവും അല്ലാത്തവയും ആയ   മുഖങ്ങളിലേയ്ക്കും ആ കണ്ണുകളിലേയ്ക്കും  ഉറ്റുനോക്കാനായാണു ഞാൻ നിങ്ങളെ ക്ഷണിയ്ക്കുന്നതു. വരുമല്ലോ?

(www.malayalamemagazine.com August 2010)

2 Responses to “അഞ്ചാംഭാവം-1”

  1. rajesh shiva

    കണ്ണുനീര് കൊണ്ട് മുഴുക്കാപ്പിടുന്ന സ്ത്രീകള്‍ . അവയില്‍ സത്യവും കപടവും തിരിച്ചറിയെണ്ടതുണ്ട് .സത്യമായതിനു സമുദ്രത്തോളം ആഴവും പരപ്പും ഉണ്ടായിരിയ്ക്കും .കപടമായതിനോ കാളകൂടത്തിന്റെ വിഷവും…..

    ആശംസകള്‍..ഈ നല്ല എഴുത്തിനു…

  2. Jyothi

    thank you rajesh…..

Leave a Reply

Your email address will not be published. Required fields are marked *