ദ ഡെക്കാൻ ഒഡീസ്സി-11

Posted by & filed under Yathravivaranangal.

പാഞ്ചക്കി

മലമുകളിലെ അരുവിയിൽനിന്നും ഒലിച്ചിറങ്ങുന്ന വെള്ളത്തിന്റെ ഒഴുക്കിനെ ധാന്യങ്ങൾ  പൊടിയ്ക്കാനുള്ള മില്ലിന്റെ പ്രവർത്തനത്തിനുള്ള ഊർജ്ജമാക്കി മാറ്റിയാണു പാഞ്ചക്കി പ്രവർത്തിപ്പിയ്ക്കുന്നതു. വെള്ളം കൊണ്ടു പ്രവർത്തിയ്ക്കുന്ന മിൽ. കേട്ടറിവു മാത്രമേ ഉണ്ടായിരുന്നുള്ളൂ. നേരിൽ കാണാൻ വേണ്ടി പാൻചക്കിയിലേയ്ക്കായിരുന്നു അടുത്ത യാത്ര. ഇന്നത്തെ അവസാന സന്ദർശനസ്ഥലവും അതു തന്നെ.പ്രവേശനഫീസ് 5 രൂപ മാത്രം.നഗരത്തിന്റെ ഏതാണ്ടു മദ്ധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ഈ മിൽ ഔറംഗാബദിലെത്തുന്ന ടൂറിസ്റ്റുകളുടെ ആകർഷണങ്ങളിലൊന്നു തന്നെയാണു.

വഴിയാത്രക്കാർക്കു വിശ്രമാർത്ഥം പണികഴിപ്പിയ്ക്കപ്പെട്ട  ബാബാ ഷാ മുസാഫിർ എന്ന സുഫി വിശുദ്ധന്റെ ദർഘയിലാണു പാഞ്ചക്കി സ്ഥിതി ചെയ്യുന്നതു. പതിനേഴാം നൂറ്റാണ്ടിലാണിതു പണികഴിയ്ക്കപ്പെട്ടതെന്നു വിശ്വസിയ്ക്കുന്നു. അതിനോടനുബന്ധിച്ചു  പള്ളിയും ഗാർഡനും കാണപ്പെട്ടു. 11 കിലോമീറ്റർ ദൂരെ നിന്നും കളിമൺ കുഴലുകളിൽ എത്തിച്ചേരുന്ന നദീജലം താഴെ റിസർവോയറുകളിൽ സംഭരിയ്ക്കപ്പെടുന്നു. പിന്നീട് സൈഫൺ സിസ്റ്റമുപയോഗിച്ചു ഇതിനെ വേണ്ടത്ര ശക്തിയിൽ താഴോട്ടു പതിപ്പിയ്ക്കുന്നു. വീഴ്ച്ചയുടെ ശക്തിയിൽ തിരിയുന്ന മില്ലിൽ ധാന്യങ്ങൾ പൊടിച്ചെടുക്കുന്നു. ഇത്രയും വർഷങ്ങൾക്കു മുൻപു മനുഷ്യൻ ബുദ്ധിശക്തിയുപയോഗിച്ചു മനുഷ്യന്റെ അദ്ധ്വാനം കുറയ്ക്കുന്നതിനായി ഇത്തരം വഴികൾ കണ്ടെത്തിയിരുന്നുവെന്നതു നമ്മളെ അത്ഭുതപരതന്ത്രരാക്കും. മിൽ ഇന്നും കേടുകൂടാതെ തന്നെ സ്ഥിതി ചെയ്യുന്നു. വെള്ളം വന്നു വീഴുന്ന ച ക്രം ഒരു ജനലിൽക്കൂടി ഭൂനിരപ്പിനു താഴെയായി കാണപ്പെട്ടു. പക്ഷേ അതു തിരിയുന്നുണ്ടായിരുന്നില്ല. ഉള്ളിലായി മറ്റൊരു വലയിട്ട വാതിലിലൂടെ ചക്രത്തിനു മുകളിലായി ഘടിപ്പിച്ചിരിയ്ക്കുന്ന കല്ലുകൊണ്ടുണ്ടാക്കിയ പൊടിയ്ക്കുന്നതിനുള്ള ഉരകല്ലും കാണാൻ സാധിച്ചു. താഴെ വെള്ളത്തിന്റെ മർദ്ദം കൊണ്ടു ചക്രം തിരിയുമ്പോൾ മുകളിലെ തിരികല്ലിലിട്ട ധാന്യവും കറങ്ങി പൊടിയായി മാറുന്നു. പണ്ടു വീടുകളിൽ കൈ കൊണ്ടു തിരിച്ചിരുന്ന തിരികല്ലിന്റെ വളരെ വലിയ ഒരു രൂപം തന്നെ. സൈഫണിലൂടെ മുകളിലേയ്ക്കുയരുന്ന വെള്ളം ഉയരത്തിൽ നിന്നും താഴെ ടാങ്കിൽ  വീഴുന്ന കാഴ്ച്ച അത്യന്തം മനോഹരമായിത്തോന്നി. ടാങ്കും പരിസരവും കുളുർമ്മ നിറഞ്ഞതായിരുന്നു. ഈ ടാങ്കിനടിയിലെ ഹാളിലാണു യാത്രക്കാർക്കു വിശ്രമസ്ഥലം ഒരുക്കിയിട്ടുള്ളതു. കുളുർമ്മയുള്ള ജലകണങ്ങൾ ദേഹത്തു സ്പർശിച്ചപ്പോൾ സുഖം തോന്നി.കുറെ തണുത്ത വെള്ളമെടുത്തു മുഖം കഴുകി.ഒരു വശത്തായി കണ്ട പടുകൂറ്റൻ ആൽമരംഎല്ലാവരുടേയും ശ്രദ്ധ പിടിച്ചൂപറിച്ചു.  കെട്ടുപിണഞ്ഞവേരുകളും പടർന്നു പന്തലിച്ച ശാഖകളും കൊണ്ടു മനോഹരമായ ആവൃക്ഷത്തിനു ഇരുനൂറിലധികം വർഷത്തെ പഴക്കമുണ്ടത്രെ! നയനമനോഹരമായ ആസ്ഥലം വിട്ടുപോരാൻ തോന്നിയില്ല.അ തിനരികിലായി ചുമരിൽ പാഞ്ചക്കിയുടെ പ്രവർത്തനം മുഴുവൻ വളരെ നന്നായി എഴുതി വച്ചിരിയ്ക്കുന്നു . ദൂരെ നിന്നും വെള്ളം കൊണ്ടുവരുന്നതും ജലസംഭരിണിയിൽ അവ ശേഖരിയ്ക്കപ്പെടുന്നതും സൈഫൺ സിസ്റ്റമുപയോഗിച്ചു അതിനെ ഉയർത്തി ടങ്കിലേയ്ക്കു വീഴ്ത്തുന്നതും വെള്ളത്തിന്റെ മർദ്ദത്തിൽ തിരിയുന്ന ചക്രം ധാന്യത്തെ പൊടിയാക്കുന്നതുമെല്ലാം ഇവിടെ വരകളിൽ കാണാനാകും പഴയകാല എങിനീറിംഗിന്റെ പാടവത്തിനു മുന്നിൽ ശിരസ്സു കുനിയ്ക്കാതിരിയ്ക്കാനായില്ല. പാഞ്ചക്കി മനസ്സിൽ ഒട്ടേറെ കൌതുകം വിടർത്തി..

Leave a Reply

Your email address will not be published. Required fields are marked *