ഗോവിന്ദ ആലാ രേ…ആലാ…

Posted by & filed under മുംബൈ ജാലകം.

http://en.wikipedia.org/wiki/Marathi_people

പൊന്നിന് ചിങ്ങം വന്നെത്തി, കള്ളക്കര്‍കിടകം വഴിമാറി…ഇനിയിവിടെ ഉത്സവങ്ങളുടെ വരവായി. ആദ്യം തന്നെ എത്തുന്നതു ശ്രീകൃഷ്ണജയന്തി. ഭഗവാന്റെ പിറന്നാള്. ചിങ്ങമാസത്തിലെ അഷ്ടമിയും രോഹിണിയും കൂടിവരുന്ന ദിവസം. അഷ്ടമിരോഹിണി, ജന്മാഷ്ടമി, ഗോകുലാഷ്ടമി, കൃഷ്ണാഷ്ടമി..എന്നൊക്കെയും ഇതിനു പേരുണ്ടു .രാജ്യമൊട്ടാകെ കൊണ്ടാടുന്ന ഉത്സവവദിനം. ശ്രാവണമാസത്തിന്റെ രണ്ടാം പകുതിയിലെ അഷ്ടമി. ഈ ദിവസങ്ങളില് വിശേഷപൂജകളും, ഭജനകളും നടത്തുന്നു. ഛപ്പന് ഭോജ്…..ഭഗവാനു 56 തരം നിവേദ്യങ്ങള് ഭക്തിപൂര്‍വ്വം ഈ ദിവസങ്ങളില് സമര്‍പ്പിയ്ക്കുന്നവരുണ്ടു. .. രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളാണു ഇവിടെ…ശ്രീകൃഷ്ണന്റെ ജനനദിവസവും പിറ്റെന്നു ബാലഗോപാലന് തെരുവുകള് തോറും നടന്നു വെണ്ണയും തൈരും കട്ടുഭുജിയ്ക്കുന്നതിന്റെ പ്രതീകാത്മകമായ അവതരണവും…വളരെയേറെ ഭക്തിരസപ്രാധാന്യമുള്ള ഇതിനെ ദഹി-ഹണ്ടി എന്നാണു വിളിയ്ക്കുന്നതു. ഇത്രയധികം ഉത്സാഹത്തിമര്‍പ്പോടെ നടത്തുന്ന ഒരു ആഘോഷം വേറെയില്ലെന്നുതോന്നും, ഇതു കണ്ടാല്. നഗരത്തിനെ മുക്കിലും മൂലയിലും ചുറ്റിസ്സഞ്ചരിച്ചു കഴിയാവുന്നത്ര ദഹി-ഹുണ്ടികള് പൊട്ടിയ്ക്കുന്നതില് ഓരോ സംഘങ്ങളും പരസ്പരം മത്സരിയ്ക്കുന്നു. (ഇങ്ങനെ പൊട്ടിയ്ക്കുന്ന കലങ്ങളുടെ കഷ്ണം വീട്ടില് വയ്ക്കുന്നതു ഐശ്വര്യത്തിനു നല്ലതായും ചീത്ത ശക്തികളെ മാറ്റി നിര്‍ത്തുമെന്നും വിശ്വസിക്കുന്നവരുണ്ടു)

ശ്രീകൃഷ്ണന്റെ ജന്മവും ബാലലീലകളും ഏവര്‍ക്കും ഹൃദ്യമായ ഒന്നാണല്ലൊ? അതിന്റെ ഓര്‍മ്മകള് ഉണര്‍ത്തുന്നതോടൊപ്പം ദഹി-ഹണ്ടി ഒരുകൂട്ടായ്മയുടെ കൂടി കഥ പറയുന്നു. .ഭഗവാന്റെ ജന്മം ആഘോഷിയ്ക്കുന്നതു അര്‍ദ്ധരാത്രിയിലാണു. ചില സുഹൃത്തുക്കളുടെ വീട്ടില് വളരെയധികം തന്മയത്വമായ രീതിയി
ല് ജന്മംആഘോഷിയ്ക്കുന്നതില് എനിയ്ക്കു പങ്കെടുക്കാനായിട്ടുണ്ടു.. പൂജാമുറിയില് ഭംഗിയായ അലങ്കാരങ്ങള്ക്കിടയില് ഒരു കൊച്ചു വെള്ളരിക്കയുടെ ഉള്ളില് ബാലഗോപാല വിഗ്രഹം ഒളിപ്പിച്ചുവെയ്ക്കും, .പാതിരാത്രിയ്ക്കു അതു അത്യധികം ഭക്തിയോടെ പുറത്തെടുത്തു എല്ലാവിധ ത്തിലുമുള്ള വീശിഷ്ടമായ പാലു, എണ്ണ, തേന്, നെയ്യു മുതലായവയാല് അഭിഷേകം ചെയ്തു, സുഗന്ധലേപനങ്ങള് പൂശി,പട്ടുവസ്ത്രങ്ങളണിയിച്ചു വിശിഷ്ടഭോജ്യങ്ങള് നേദിച്ചു പ്രത്യേകം തയ്യാറാക്കിയ തൊട്ടിലില് കിടത്തി പാട്ടുകള് പാടി തൊട്ടിലാട്ടുന്ന ഭക്തിസാന്ദ്രമായ അന്തരീക്ഷം തികച്ചും അനിര്‍വചനീയം തന്നെ.

നേരം പുലര്‍ന്നാല് പിന്നെ ഗോവിന്ദന്മാരുടെ വരവായി. ഉണ്ണിക്കണ്ണന്റെ വെണ്ണ-തയിര് മോഷണത്തിന്റെ പ്രതീകാത്മകമായ ഈ സംരംഭം ഇപ്പോള് പല മിത്ര-മണ്ടലങ്ങളുടെയും അഭിമാനപ്രശ്നമായിത്തീര്‍ന്നിട്ടുണ്ടു. 20 മുതല് 40 അടി ഉയരത്തിലായി മിക്കവാറും രണ്ടുകെട്ടിടങ്ങള്‍ക്കു നടുവിലായി ആകാശത്തില് കെട്ടിത്തൂകിയിരിയ്ക്കുന്ന മണ്‍കലത്തില്, പാലും തയിരും, തേനും, പഴങ്ങളും പണവും ഒക്കെക്കാണും. കൊച്ചു ഗ്രൂപ്പുകള് അല്പം താഴ്ത്തിക്കെട്ടിയ ദഹി-ഹണ്ടികളെ തകര്‍ത്തു ആരവം മുഴക്കുമ്പോള് വളരെ ഉയരത്തില് തൂക്കിയ കലങ്ങള് തകര്‍ക്കാന് ആരവം മുഴക്കിക്കൊണ്ടും ‘ഗോവിന്ദ ആലാ രേ ആലാ… പാടിക്കൊണ്ടും ടെമ്പോയിലും ലോറികളിലുമായി ഗോപാലന്മാരെത്തിക്കൊണ്ടേയിരിയ്ക്കും. ഓരോ ഗ്രൂപ്പിനും അവരുടെ മിത്രമണ്ടലങ്ങളുടെ പേരെഴുതിയ കടും നിറത്തിലുള്ള ബനിയനും മറ്റു വേഷ ഭൂഷകളും ഉണ്ടാകും. അവര്‍ക്കു ആകര്‍ഷണമായി ഓരോ ദഹി-ഹണ്ടിയുടെയും സംഘാടകര് വലിയതുക സമ്മാനവും ട്രോഫിയുമൊക്കെ വിളംബരം ചെയ്തിട്ടുണ്ടാകും. കഴിഞ്ഞവര്‍ഷം 25,111/- രൂപയും ഒരു കൃഷന്റെ രൂപമുള്ള ട്രോഫിയുമാണു ഞങ്ങളുടെ ഏരിയയില് കൊടുത്തതു. പക്ഷേ വലിയ പ്രമുഖരൊക്കെ സ്പോണ്‍സര് ചെയ്യുന്ന സ്ഥലങ്ങളില് ഇതു ലക്ഷങ്ങളാണു. ജാതിമദഭേദമെന്യേ എല്ലാവരും ഈ ആഘോഷത്തില് പങ്കു ചേരുന്നു. നിമിഷങ്ങള്‍ക്കകം പാട്ടുകളുടെയും നൃത്തത്തിന്റേയും അകമ്പടിയോടെ മനുഷ്യഗോപുരങ്ങള് നിര്‍മ്മിച്ചു അതിനു മുകളില് കയറുന്ന ബാലകൃഷ്ണവേഷമണിഞ്ഞ കുട്ടിയായിരിയ്ക്കും കലം പൊട്ടിയ്ക്കുന്നതു. വളരെ ശാസ്ത്രീയമായവിധത്തില് ഇവര് നിര്‍മ്മിയ്ക്കുന്ന ഈ ഗോപുരം വിദേശികള്‍ക്കു പോലും കൌതുകമുണര്‍ത്തുന്നവയാണു. ആഴ്ച്ചകള്‍ക്കുമുന്‍പേ ഇതിനുള്ള പരിശീലനം തുടങ്ങും.ഓരോ തട്ടിലും തിരഞ്ഞെടുക്കപ്പെടുവാനുള്ള മാനദണ്ഡങ്ങള് പലതാണു. മനുഷ്യഗോപുരം തകര്‍ന്നു അപകടമുണ്ടാകാതിരിയ്ക്കാനും, മുകളിലോട്ടു പോകുംതോറും ശക്തിമത്താക്കാനുമൊക്കെ വിദഗ്ദ്ധ പരിശീലകരുണ്ടു ഇവിടെ. സ്കൂളുകളിലെ ഡ്രില്ലിന്റെ മാസ്റ്ററെയും കുട്ടികളേയുമാണു ഓര്‍മ്മ വരിക. ഇത്രയൊക്കെ ശ്രദ്ധിച്ചാലും ചിലപ്പോല് അപകടം സംഭവിയ്ക്കാറുമുണ്ടു. കയ്യും കാലുമൊടിയലോ അതിലധികമോ ഉണ്ടാവാറുണ്ടു. പക്ഷെ അതൊരിയ്ക്കലും ഇവരുടെ ഉത്സാഹത്തള്ളിച്ചയ്ക്കു കുറവു വരുത്തുന്നില്ല..

പലപ്പോഴും കലങ്ങള് വളരെ ഉയരത്തിലാകയാല് തകര്‍ക്കാനാവാതെ നിരാശരായി ഒരുകൂട്ടം ഗോപാലന്മാര് ശബ്ദമുണ്ടാക്കി മടങ്ങുമ്പോഴേയ്ക്കും പുതിയ കൂട്ടര് എത്തുന്നു… പിന്നെ അവരെ പ്രോത്സ്സാഹിപ്പിയ്ക്കലാണു ജനക്കൂട്ടത്തിനു പണി…ഇങ്ങനെ വന്നും പോയും കൊണ്ടിരിയ്ക്കുന്ന യുവ ഗോവിന്ദന്മാരാലും അവരുടെ ശബ്ദകോലാഹലങ്ങളാലും അന്നത്തെ ദിവസം നഗരത്തിന്റെ ഓരോ മുക്കും മൂലയും ഉണരുന്നു. അവസാനം ദഹി-ഹണ്ടി തകര്‍ത്താല് വിജയഭേരിയോടെ നൃത്തം ചെയ്തു സമ്മാനച്ചെക്കും ട്രോഫിയുമുയര്‍ത്തിപ്പിടിച്ചു അവര് നീങ്ങുന്ന കാഴ്ച്ച കാണേണ്ടതു തന്നെ!

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായിട്ടു ചെറിയതോതില് പെണ്‍കുട്ടികളും ഈ രംഗത്തിറങ്ങിയിട്ടുണ്ടു. അവരുടെ ഏരിയയില് പ്രോത്സാഹനാര്‍ത്ഥം താരതമ്യേന ഉയരം കുറച്ചു കെട്ടിത്തൂക്കുന്ന കലങ്ങള് മനുഷ്യഗോപുരങ്ങള്‍ക്കു മുകളിളായി കയറി നിന്നു അവര് പൊട്ടിയ്ക്കുമ്പോള് ജനം ആരവം മുഴക്കി അവരെ അംഗീകരിയ്ക്കുകയും സ്പെഷ്യലായി സമ്മാനങ്ങള് കൊടുക്കുകയും പതിവുണ്ടു. മുംബയിലെ ഈ മനുഷ്യപ്പിരമിഡ് കണ്ടു അദ്ഭുതം കൂറിയ ചില വിദേശരീയരും ഇവിടെയെത്തി ഈ ആഘോഷങ്ങളില് പങ്കെടുക്കുന്നതായി കണ്ടു വരുന്നു. മുംബൈയില് ഈ ആഘോഷത്തിനു ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങള് ദാദര്, മസഗോണ്, ലാല് ബാഗു, താനെ എന്നിവയാണു.,

അതാ…..ആരവം കേള്‍ക്കാനുണ്ടു ‘ഗോവിന്ദ ആലാ രേ…ആലാ….ജരാ മട്ക സംഭാല് ബ്രിജ്ബാല….കണ്ണന് വെണ്ണയും തയിരും കട്ടുഭുജിയ്ക്കാനായി എത്തിക്കഴിഞ്ഞെന്നു തോന്നുന്നു…….

Leave a Reply

Your email address will not be published. Required fields are marked *