ഗണപതി ബപ്പാ മോര്യ…

Posted by & filed under മുംബൈ ജാലകം.

            

   http://nayna.in/blog/divine-grace/anant-chaturdashi-visarjan-biding-farewell-to-lord-ganesh/

 

 

 

മഹാരാഷ്ട്രയിലെ എന്നു വേണ്ട ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായി വിനായകചതുര്‍ത്ഥിയെ കണക്കാക്കാം.  1893 ല്‍ പുനെയിലാണു ആദ്യമായി പ്രസിദ്ധ രാജ്യസ്നേഹിയും സ്വാതന്ത്ര്യസമരസേനാനിയുമായ ശ്രീ ബാലഗംഗാധര തിലകിന്റെ നേത്രുത്വത്തിലാണു ഇത്രയും വിപുലമായ രീതിയില്‍ ഈ ആഘോഷം തുടങ്ങി വച്ചതു. ജനങ്ങളിലേയ്ക്കു ഇറങ്ങിച്ചെല്ലുന്നതിന്നും അവരെ പ്രബുദ്ധരാക്കുന്നതിനും രാജ്യസ്നേഹം വര്‍ദ്ധിപ്പിയ്ക്കുന്നതിനും ഇതു ഒരു നല്ല മാധ്യമമായിത്തീരുമെന്ന പ്രത്യാശയിലായിരുന്നു ഈ ആഘോഷത്തിനു തുടക്കമിട്ടതു. .വിജയത്തിന്റെ ദേവതയുടെ, വിഘ്നഹര്‍ത്താവിന്റെ പിറന്നാളാഘോഷം. ഇതിനെ ചുറ്റിപ്പറ്റി ഒട്ടേറെ കഥകളുമുണ്ടു പുരാണങ്ങളില്‍.

 

 

        എന്തു പൂജയായാലും, കര്‍മ്മമായാലും വിഘ്നശാന്തിയ്ക്കായി നമ്മള്‍ ആദ്യം പൂജിയ്ക്കുന്നതു ഗണപതിയെയാണല്ലോ? അതിനാല്‍ മഹാരാഷ്ട്രീയര്‍ക്കു മാത്രമല്ല, നമുക്കെല്ലാവര്‍ക്കും തന്നെ പ്രിയങ്കരനായ ഒരു ദൈവമാണു ഗണപതി. സ്വാതന്ത്ര്യ സമരക്കാലത്തിന്റെ ചൂടില്‍ ഒത്തൊരുമയുടെ ആഹ്വാനവുമായി തുടക്കം കുറിച്ചെങ്കിലും മഹാരാഷ്ട്രക്കാരോടൊപ്പം മുംബൈയിലെ നിവാസികള്‍ക്കെല്ലാം തന്നെ ഏറ്റവും പ്രിയപ്പെട്ട ഉത്സവമായി ഇതു മാറുവാന്‍ അധികകാലം വേണ്ടി വന്നില്ല. ഗണപതിയെ കൊണ്ടുവരല്‍, പ്രതിഷ്ഠ, ദിവസപൂജകള്‍, ആരതി, അതിനോടനുബന്ധിച്ചുള്ള കലാ-കായിക മത്സരങ്ങള്‍, അവസാനദിവസത്തെ പൂജ, വളരെ ആഘോഷപൂര്‍വമായി സമുദ്രതീരത്തേയ്ക്കുള്ള ഘോഷയാത്ര, നിമജ്ഞനം…എല്ലം ഒരേപോലെ സംഭവബഹുലമാണു. മിത്രമണ്ഡലങ്ങളും സൊസൈറ്റികളിലെ കുട്ടികളുടെ സംഘടനകളുമൊക്കെ അതാതു ഏരിയകളിലുള്ള വീടു വീടാന്തരം കയറിയിറങ്ങി സംഭാവനകള്‍ പിരിയ്ക്കും. മാസങ്ങള്‍ക്കുമുന്‍പേ തന്നെ വിഗ്രഹത്തിനായുള്ള ഓര്‍ഡര്‍ കൊടുത്തീയ്ക്കും. അലങ്കാരഭൂഷണങ്ങള്‍, പന്തല്‍ഡേകോറേഷന്‍, ലൈറ്റിംഗ്, കൊട്ടു പാട്ടു..തുടങ്ങി  ഒരുക്കങ്ങള്‍ ഏറെയുണ്ടു. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ വിഗ്രഹം കൊണ്ടുവന്നു അലംകൃതമായ പന്തലില്‍ സ്ഥാപനം ചെയ്തു പൂജയും ആരതിയും ചെയ്യുന്നു. 3 മുതല്‍ 11 ദിവസം വരെ ഇതു  നീണ്ടുനില്‍ക്കുന്നു ആഘോഷങ്ങള്‍ക്കു ശേഷം ഭക്തിസാന്ദ്രമായ ഘോഷയാത്രയ്ക്കുശേഷം ആചാരാനുഷ്ഠാനങ്ങളോടെ വിഗ്രഹം കടലില്‍ നിമന്‍ജനം ചെയ്യുന്നു. കൊട്ടും പാട്ടും ഡാന്‍സും ഒക്കെയായി വഴിനീളെ കുങ്കുമധൂളിയില്‍ മുങ്ങി പടക്കമെല്ലാം പൊട്ടിച്ചുള്ള ഈ യാത്ര ഒന്നു കാണേണ്ടതു തന്നെ. നഗരവും സമുദ്രതീരവും ജനങ്ങളാല്‍ നിറയുന്നു.

 

          8000ത്തിലധികം റെജിസ്റ്റര്‍ ചെയ്യപ്പെട്ടതായ ഗണേശമണ്ടലങ്ങള്‍ മുംബൈയിലുണ്ടു. അവയില്‍ പലകാര്യങ്ങള്‍ കൊണ്ടും ശ്രദ്ധേയങ്ങളായ ചിലവയാണു ചിഞ്ചുപൊക്ലി, ഫോര്‍ട്ട്, ഗണേഷ് ഗല്ലി ലാല്‍ബാഗ്, മാട്ടുംഗ, കാലാചൌക്കി,ഗിര്‍ഗാവ്, ഖേത് വാഡി, ലാല്‍ബാഗ്ചാ രാജാ, സഹ്യാദ്രി ചെംബൂര്‍ എന്നിവ. ഇവയില്‍ ഏറ്റവും പഴയതു ഗിര്‍ഗാവില്‍ 1893 ല്‍ ബാലഗംഗാധര്‍ തിലക്, കേശവ്ജി ചാളില്‍ തുടങ്ങിവച്ച ആഘോഷമാണു. ഇന്നും പഴമയുടെ വഴി പിന്തുടരുന്ന ഇവര്‍ വളരെ ലളിതമായും രാജ്യസ്നേഹം ഉണര്‍ത്താനുതകുന്നരീതിയിലും ഈ ആഘോഷം കൊണ്ടാടുന്നു. ചിഞ്ചുപൊക്ലിയില്‍ 89 വര്‍ഷം പഴക്കമുണ്ടു ഈ ഉത്സവത്തിനു. വൈവിധ്യമേറിയ വിഗ്രഹങ്ങളും അലങ്കാരങ്ങളും ഇവിടെ പതിവുണ്ടു. ഏറ്റവും നല്ല മണ്ടലിനു സമ്മാനം നേടിയിട്ടുള്ള ഫോര്‍ട്ടു മണ്ടല്‍, ഏറ്റവും ഉയരത്തിലുള്ള മനോഹരമായവിഗ്രഹം പ്രതിഷ്ഠിച്ച ലാല്‍ബാഗു, കൃത്രിമഗുഹയിലൂടെ ദര്‍ശനം കൊടുത്ത കാലചൌക്കി മണ്ടല്‍, ഒക്കെ സുവര്‍ണ്ണജൂബിലിയാഘോഷിച്ചവരാണു. പക്ഷേ ഏറ്റവും സമ്പന്നമായതു ഗൌഡസാരസ്വതരുടെ മാട്ടുംഗയിലെ ഗണപതിയാവാം. സ്വര്‍ണ്ണവും വെള്ളിയുമായി ആഭരണങ്ങള്‍ തന്നെ 3 കോടിയിലേറെയുണ്ടാവും .30,000 മുതല്‍ 50,000 ഭക്തര്‍ ദിവസവും ഈ സമയത്തു ദര്‍ശനത്തിനായിവിടെയെത്തുന്നു. പക്ഷെ മണിക്കൂറുകളോളം  ദര്‍ശനത്തിനായി കാത്തു നില്‍ക്കേണ്ടി വരുമെങ്കിലും ലാല്‍ബഗ്ച രാജായാണു ഏറ്റവും കൂടുതല്‍ ഭക്തരെ ആകര്‍ഷിയ്ക്കുന്നതു. ഇതിനു 74 വര്‍ഷം പഴക്കമുണ്ടു. പടുകൂറ്റന്‍ കൊട്ടാരങ്ങളുടേയും അമ്പലങ്ങളുടേയുമൊക്കെ മാതൃകയില്‍ പന്തലുണ്ടാക്കാന്‍ മിടുക്കരായ ചെംബൂരിലെ സഹ്യാദ്രിക്കാര്‍ കഴിഞ്ഞവര്‍ഷം ജോധ്പൂര്‍ പാലസ് ആയിരുന്നു നിര്‍മ്മിച്ചതു. മഹാലക്ഷിയിലെ ഒരു കൂട്ടര്‍ ഇത്തവണ 25 അടിയില്‍ ഡബ്ബാവാലകളുടെ ലഞ്ചുബോക്സിന്റെ ആകൃതിയിലാണു അവരുടെ പന്തല്‍ ഉണ്ടാക്കിയിരിയ്ക്കുന്നതു. വൈവിധ്യം ആഗ്രഹിയ്ക്കുന്ന ഇത്തരം ഭക്തസംഘങ്ങള്‍ക്കു പണം പ്രശ്നമേയല്ല…തിളക്കം കൂട്ടാനായി ബോളീവുഡ് താരങ്ങളും വ്യവസായികളും മറ്റുരാഷ്ട്രീയനേതാക്കളും ഉണ്ടുതാനും. ഏറ്റവും നല്ല വിഗ്രഹം, ഏറ്റവും നല്ല പന്തല്‍ എന്നിവയ്ക്കൊക്കെപ്പുറമെ ഭീകരരെന്ന ഡെമോക്ലീസിന്റെ വാളിനെപ്പേടിച്ചു  ജീവിയ്ക്കുന്ന നഗരവാസികളുടെ സുരക്ഷിതാര്‍ത്ഥം ഏറ്റവും സുരക്ഷിതത്വം ഉള്ള പന്തലിനും ഇത്തവണ അവാര്‍ഡ് കിട്ടുന്നതാണു.

പല മണ്ടലങ്ങളും ദര്‍ശകരെകൂടി ഇന്‍ഷൂര്‍ ചെയ്തു കഴിഞ്ഞിരിയ്ക്കുന്നു. ഗര്‍ഭിണികള്‍ക്കും പ്രായമായവര്‍ക്കും വേണ്ടി പ്രത്യേക ക്യൂ ചില പന്തലുകള്‍ ഇത്തവണ ഏര്‍പ്പാടാക്കുന്നുണ്ടു.

 

 

           എല്ലാവര്‍ക്കും പ്രിയങ്കരമായ ഈ ഉതസവത്തിന്റെ ചില ദൂഷ്യവശങ്ങള്‍ കൂടി പറയാതെവയ്യ. ശബ്ദമലിനീകരണം, അന്തരീക്ഷമലിനീകരണം എന്നിവയെയൊക്കെക്കുറിച്ചു ജനങ്ങള്‍ ബോധവാന്മാരായിത്തുടങ്ങിയിട്ടുണ്ടെന്നു പറയാം. ദിസങ്ങളോളം തുടര്‍ച്ചയായി കേള്‍ക്കുന്ന ഉച്ചഭാഷിണി, കൊട്ടു, പാട്ടു തുടങ്ങി പല തരത്തിലുള്ള ശബ്ദകോലാഹലങ്ങള്‍ ജനജീവിതത്തെ ബാധിയ്ക്കുന്നു, പടക്കം, കുങ്കുമധൂളി എന്നിവ അന്തരീക്ഷത്തെ മലീമസമാക്കുന്നു, ജനസമുദ്രം വിഗ്രഹങ്ങളുമേന്തി സമുദ്രതീരത്തേയ്ക്കു ഘോഷയാത്ര നടത്തുമ്പോള്‍ ഇവിടത്തെ വാഹനഗതാഗതം സ്തംഭിയ്ക്കുന്നു. ഇതെല്ലാം ഒരുപക്ഷേ ഇതെല്ലാം നിസ്സാരമായിക്കാണാം, ശരിയായ പ്രശ്നം എന്താണെന്നറിയുമ്പോള്‍. നമ്മുടെ തൃക്കാക്കരപ്പനെപ്പോലെ പലരും വീടുകളില്‍ ചെറിയ ഗണപതി വിഗ്രഹം കൊണ്ടുവന്നുവച്ചു  പൂജിയ്ക്കുന്നു..കെട്ടിടങ്ങളില്‍ വേറെ വേറെ…നാല്‍ക്കവലകളില്‍ മണ്ടലങ്ങളുടെ വക…എന്തിനു പറയുന്നു, ആയിരക്കണക്കിനു വരുന്ന പ്ലാസ്റ്റര്‍ ഓഫ് പാരീസിലും സിന്തറ്റിക് ചായത്തിലും മുങ്ങിയ വിഗ്രഹങ്ങള്‍, ആരാധന ചെയ്യപ്പെട്ട പൂക്കള്‍ തുടങ്ങിയ സാമഗ്രികള്‍ ഒക്കെ പോകുന്നതു കടലിലേയ്ക്കും മറ്റു ജലാശയങ്ങളിലേയ്ക്കുമാണു. പ്ലാസ്റ്റ്ര് ഓഫ് പാരീസ് പെട്ടെന്നലിയില്ല. വിഗ്രഹങ്ങളുടെ കഷ്ണങ്ങളും പൂക്കളും  മറ്റും തീരത്തുവന്നടിഞ്ഞു കെട്ടിക്കിടക്കാനും ചീയാനും ഇടവരുന്നു. വെള്ളം  മലിനമാവാനും ഇതു ഇടവരുത്തുന്നു..ഇതു തടയാന്‍ “ഇകൊ-ഫ്രന്‍ഡ് ലി“ വിഗ്രഹങ്ങള്‍ പ്രചാരത്തില്‍ വന്നു തുടങ്ങിയിട്ടുണ്ടു., പ്ലാസ്റ്റിക്കിനു  പകരം കളിമണ്ണുകൊണ്ടു നിര്‍മ്മിച്ചു പ്രകൃതിദത്തമായ നിറങ്ങളുപയോഗിയ്ക്കല്‍, നിമന്‍ജനസമയത്തിന്നായി പ്രത്യേകം സന്നദ്ധഭടരെ വെച്ചു വിഗ്രഹങ്ങള്‍ തീരത്തുനിന്നും കഴിയുന്നത്ര അകലെ ഒഴുക്കല്‍, പൂജിച്ച പുഷ്പങ്ങളും മറ്റും പ്രത്യേകമായി ശേഖരിയ്ക്കല്‍, പ്രത്യേകമായി വലിയ ടാങ്കുകള്‍ തീര്‍ത്തു വെള്ളം നിറച്ചു ചെറിയ വിഗ്രഹങ്ങള്‍ ഒക്കെ അതില്‍ നിമന്‍ജനം ചെയ്യാന്‍ ജനങ്ങളെ പ്രേരിപ്പിയ്ക്കല്‍ തുടങ്ങി പലതും ഈ ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി ഒരുക്കി വരുന്നു.

 

 

ചിലപ്പോള്‍ തോന്നും, നമ്മുടെ ത്രിക്കാക്കര അപ്പനെ ഉണ്ടാക്കുന്നതുപോലെ സ്വയം മണ്ണു കൊണ്ടു നിര്‍മ്മിച്ചു, ഭാവനാനുസാരം അലങ്കരിച്ചു കൊച്ചു വിഗ്രഹങ്ങള്‍ പൂജയ്ക്കു വെച്ചാലെത്ര നന്നായിരിയ്ക്കുമെന്നു. പൂജ  കഴിഞ്ഞാല്‍ വെള്ളത്തിലൊഴുക്കാനും പ്രശന്മുണ്ടാകില്ല, ചെറുതായാല്‍. ഘോഷയാത്രാ സമയത്തെ പൊലിമ ഇത്തിരി കുറയുമെന്നു മാത്രം…അന്തരീക്ഷമലിനീകരണം കുറയുമല്ലൊ? അല്ലെങ്കില്‍ പിന്നെ ഒരു ലോഹവിഗ്രഹം പ്രതിഷ്ഠിച്ചു പിന്നീടു ആവാഹനം ചെയ്തു ഒഴുക്കാം..പക്ഷെ ഇതെല്ലാം ഇത്രയും  സുന്ദരമായ മൂര്‍ത്തികളുണ്ടാക്കി ഉപജീവനം  തേടുന്ന ആയിരക്കണക്കിനു കലാകാരന്മാരായ തൊഴിലാളികളുടെ  വയറ്റത്തടിയ്ക്കലാവും, അതു..

 

 

എന്തായാലും മുംബൈ ഒരുങ്ങിക്കഴിഞ്ഞു, സെപ്തംബര്‍ മൂന്നിന്റെ വിനായകചതുര്‍ത്ഥിയ്ക്കായി, സുരക്ഷയുടെ പ്രാധമിക പാഠങ്ങളുമായി.,  നൈവേദ്യത്തിന്നായി ഗണപതിയ്ക്കു പ്രിയംകരമായ മധുരമുള്ള മോദകവും  മറ്റു വിശിഷ്ട്യഭോജ്യങ്ങളും തയ്യാറാക്കുന്ന തിരക്കിലാണെല്ലാവരും. വരുന്നോ, ഭഗവാനെ കണ്ടു വണന്ങ്ങാന്‍? ഇതൊന്നു നോക്കു!  ആരുടേയോ ഭാവനയില്‍ നിന്നും ഉരുത്തിരിഞ്ഞ ഒരു രേഖാചിത്രം! ഇത്രയും പ്രതീകാത്മകമായ മറ്റൊരു ഭഗവാന്‍ വേറെയില്ലെന്നു തോന്നിപ്പോവും, ഇതു കണ്ടാല്‍. വെറുതെയല്ല വിഘ്നേശ്വരനെന്നു പറയുന്നതു, അല്ലേ? ഭഗവാന്റെ ദേഹത്തിലെ ഓരോ വ്യത്യസ്ത അംഗവും ഓരോ സന്ദേശമാണു നമുക്കു തരുന്നതു.എല്ലാം കൂടിയാലോ…ഒരു പരിപൂര്‍ണ്ണ മനുഷ്യനാകുന്നതിനു വേണ്ടതെല്ലാം തന്നെ.. വളരെ അര്‍ത്ഥവത്തായ ഒരു ചിത്രീകരണം, അല്ലേ?

 

 

‘ഗണപതി ബപ്പ…മോര് യാ

പുട്ച്യാ വര്‍ഷാ…ലൌകര്‍ യാ

 

 

പോയാലും അടുത്തവര്‍ഷം വീണ്ടും വേഗം എത്തണേയെന്ന പ്രാര്‍ത്ഥനയോടെയാണു ഇഷ്ടദൈവത്തിനെ ഇവിടുത്തുകാര്‍ പറഞ്ഞയയ്ക്കുന്നതു. ക്ഷിപ്രപ്രസാദിയും സര്‍വാ‍ഭീഷ്ടദായകനുമായ ഭഗവാന്‍ ഒരു വര്‍ഷത്തെ ഇടവേളക്കുശേഷം തിരിച്ചു വരുമെന്ന പ്രത്യാശയോടെ അവര്‍ കാത്തിരിയ്ക്കുന്നു….

2 Responses to “ഗണപതി ബപ്പാ മോര്യ…”

 1. sree

  nalla vivaranam…

 2. Aneesh

  Truly informative.
  I did not know all this.
  “ വിനായകചതുര്‍ത്ഥി “ meant just another typical bollywood song.
  I saw it in Bachan`s -Don for the first time. Sharooke`s Don must be the last.
  Often thought why people make a lot of fuzz about this.
  Now understood. 🙂

Leave a Reply

Your email address will not be published. Required fields are marked *