അഞ്ചാംഭാവം-2

Posted by & filed under അഞ്ചാംഭാവം.

ദൈവത്തിന്റെ പ്രത്യേക സമ്മാനമായ കണ്ണുനീരിനെ സ്ത്രീ എന്നും സ്വന്തം കാര്യ സിദ്ധിയ്ക്കായി ഉപയോഗിച്ചുവോ? അതോ ആ കണ്ണുനീർ അവൾക്കു തന്നെ ശാപമായി മാറിയോ? ചരിത്രത്തിന്റെ താളുകൾ സ്ത്രീയെ അബലയായി മാത്രം കണ്ടെത്തിയില്ലെന്നതു സത്യം മാത്രം. നൂറുപുത്രരുടെ അമ്മയായിട്ടും ഗാന്ധാരിയുടെ അടച്ചുമൂടപ്പെട്ട കണ്ണുകൾക്കു നഷ്ടമായ   ഒരമ്മയുടെ സൌഭഗങ്ങൾ,  കൌരവരുടെ സ്വഭാവരൂപീകരണത്തിലും എത്രത്തോളം സ്വാധീനം ചെലുത്താൻ ഉതകുന്നതായിരുന്നേനേയെന്നു നമുക്കു ഊഹിയ്ക്കാൻ പോലുമാകുന്നില്ല. ചുറ്റും നടക്കുന്ന കാര്യങ്ങളെല്ലാം പരോക്ഷമായി മാത്രമറിഞ്ഞ ഗാന്ധാരിയും ദുര്യോധനാദികളുടെ അതിക്രമത്തിനെല്ലാം ഒരു പരിധി വരെ കാരണക്കാരിയായിരുന്നില്ലേയെന്നു പലപ്പോഴും തോന്നിയിട്ടുണ്ടു. പത്തമ്മ ചമഞ്ഞാലും പെറ്റമ്മയാകില്ലല്ലോ?.

സ്ത്രീയെ അബലയും ചപലയുമായി ചിത്രീകരിയ്ക്കുവാനെളുപ്പമാണു. സമൂഹത്തിനു അങ്ങനെയേ കാണാനാകൂ എന്നു പറയുന്നതാവും ശരി. എന്തേ അവൾ അബലയും ചപലയുമായതു? ശാരീരികമായ അവളുടെ പ്രത്യേകതയ്ക്കൊപ്പം ഈ കണ്ണീരുംഅതിനൊരു കാരണമായി മാറുന്നുണ്ടോ? കണ്ണുനീരിനെ എന്നും എന്തേ ബലഹീനതയായിക്കാണുന്നതു? ഇവിടെ കണ്ണീർ അവളുടെ ആയുധമല്ല, മറിച്ചു അവൾക്കു നേരെ തൊടുത്തു വിടുന്ന ആയുധമായാണു ചിത്രീകരിയ്ക്കപ്പെടുന്നതു. ഇതേ സമൂഹത്തിനു സ്ത്രീയെ ശക്തിയായും കാണാനാകുന്നു. എന്തൊരു വിരോധാഭാസം, അല്ലെ? സ്ത്രീ പ്രകൃതിയാണ്, ശക്തിയാണ്, സർവ്വം സഹയാണു . അർദ്ധനാരീശ്വര സങ്കൽ‌പ്പം പുരുഷ-പ്രകൃതിയുടെ സംഗമമാണു. ദുർഗ്ഗയുടെ ശക്തിയിൽ സന്തുഷ്ട്നായ ദേവൻ അവൾക്കു കൊടുത്ത അംഗീകാരം. ഇവിടെയവൾക്കു സമാനതയല്ലേ കിട്ടുന്നതു?.

വൈകാരികത മനസ്സിനെ കൂടുതലായി കീഴടക്കുമ്പോൾ ബുദ്ധിയുടെ പ്രവർത്തനക്ഷമത മന്ദീഭവിയ്ക്കുന്നുവെന്നും അവിടെയാണു സ്ത്രീ ബലഹീനതയാകുന്നുവെന്നതും മറ്റൊരു കണ്ടുപിടുത്തം. അതേസമയം ഓരോ പുരുഷന്റെയും വിജയത്തിനു പിന്നിൽ ഒരു സ്ത്രീയുണ്ടാകുമെന്നതും സമൂഹത്തിനു പറയാനുണ്ടു. സ്ത്രീയുടെ സംഭാവനയെ കുറച്ചൊന്നു  താഴ്ത്തിക്കാട്ടാനുള്ള അഭിനിവേശം മാത്രമോ ഇതു? വൈകാരികത ബലഹീനതയാണെന്ന്, കണ്ണീർ വൈകാരികതയുടെ ലക്ഷണമാണെന്നു  കരുതുന്നവരാണിവർ. സ്വാർത്ഥലാഭത്തിന്നായി കണ്ണീരൊഴുക്കുന്നവർ കാര്യസിദ്ധി നേടിയെന്നുവരാം, പക്ഷേ നേട്ടത്തിന്റെ പാതയിൽ അവയെന്നും വിഘ്നമാകാനേ തരമുള്ളൂ. ‘അവളുടെ കണ്ണുനീരിൽ അലിഞ്ഞുപോയെ“ന്നും മറ്റുമുള്ള പദപ്രയോഗങ്ങൾ  , ഇഷമില്ലാത്തതു ചെയ്യേണ്ടി വരുന്നതിലെ അസന്തുഷ്ടിയെ പ്രകടിയ്ക്കുമ്പോൾ ‘ മുതലക്കണ്ണീർ” തുടങ്ങിയ പദപ്രയോഗങ്ങൾ പ്രവൃത്തിയിലെ സ്വാർത്ഥമോഹത്തെ ചൂണ്ടിക്കാട്ടുന്നു. ‘പെൺ ബുദ്ധി, പിൻ ബുദ്ധി”യെന്നും മുദ്ര കുത്തപ്പെടുന്നു. ഒക്കെ ദൈവം തന്ന പ്രത്യേകസമ്മാനത്തിന്റെ പേരിലോ? ശരിയാണു, സൃഷ്ടിയുടെ സമയത്തു ദൈവം നിനച്ചപോലെ തന്നെ ഇന്നും അവൾ പ്രത്യേകസൃഷ്ടിയായിത്തന്നെ നിലകൊള്ളുന്നു .

ചരിത്രത്തിന്റെ താളുകളിൽ കനത്ത സുവർണ്ണലിപികളിൽഎഴുതപ്പെട്ട എത്രയോ ബുദ്ധിമതികളായ സ്ത്രീകളുണ്ടു. പുരുഷമേധാവിത്വത്തിന്റെ അടിച്ചമർത്തലിൽ പിന്നിലോട്ടു തള്ളപ്പെട്ടു വിസ്മൃതയായ സ്ത്രീകളുമുണ്ടു. സമൂഹം എന്നും സ്ത്രീയ്ക്കു പുരുഷനു പുറകിലായേ സ്ഥാനം കൊടുത്തിട്ടുള്ളൂവെന്നു കാണാം. പുരുഷ മേധാവിത്വത്തിനു മുന്തൂക്കം നൽകാൻ മതങ്ങളും കൂട്ടു നിന്നു. സ്വന്തം കഴിവിനെക്കുറിച്ചുറിയാനും അതു വേണ്ട പോൽ ഉപയോഗിയ്ക്കുവാനും സ്ത്രീയ്ക്കു അവസരങ്ങൾ വിരളമായി. സ്വന്തം കഴിവിനെ സാധൂകരിയ്ക്കാൻ അവസരങ്ങൾ ഇന്നും തേടിക്കൊണ്ടിരിയ്ക്കുന്ന സ്ത്രീ പല രംഗത്തെയും കീഴടക്കിയെങ്കിലും പുരുഷമേധാവിത്വം ഇന്നും അവൾക്കൊരു തീരാശാപമാണു. കാരണം അവളെ  ബുദ്ധിപരമായി താഴ്ത്തിക്കാണിയ്ക്കുന്നതിനു പകരം അവൾക്കും തുല്യ അവസരം നൽകിയാലേ അവൾക്കതിനനുയോജ്യയാകാൻ ശ്രമിയ്ക്കാനാകൂ.തീയിൽ കുരുത്താലല്ലേ വെയിലത്തു വാടാതിരിയ്ക്കൂ. സമൂഹം അവൾക്കായി നീക്കിവയ്ക്കുന്ന വേഷം അവളണിയുന്നുവെന്നു മാത്രം.പുരാണങ്ങളിലേയ്ക്കൊന്നു കണ്ണോടിയ്ക്കൂ. മഹാഭാരതത്തിലെ ശക്തിയാർന്ന സ്ത്രീ വേഷങ്ങൾ ഓരോന്നും  ആധുനിക സ്ത്രീയ്ക്കും ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഇന്നും മാതൃക തന്നെ

ശരിയ്ക്കു പറയുകയാണെങ്കിൽ സ്ത്രീയുടെ ബുദ്ധിശക്തിയെക്കുറിച്ചു, കഴിവിനെക്കുറിച്ചു മനസ്സിലാക്കുകയെന്നതു  അത്യധികം ദുഷ്ക്കരമായ ഒരു കാര്യം തന്നെ. എവിടെയും അവളുടെ സ്വാധീനം പ്രകടമാണു, നിറകണ്ണുകളോടെയും അല്ലാതെയും. അവൾ കുടുംബത്തിന്റെ ശക്തിയാണു, സ്നേഹമാണു, സ്വാന്തനമാണു. നന്മയുടെ നിറകുടമാണു. ബന്ധങ്ങൾ വിളക്കിച്ചേർക്കുന്ന കണ്ണിയാണു . അവൾ  കുഞ്ഞായും, ഭാര്യയായും, അമ്മയായും , സുഹൃത്തായും ഒഴുക്കുന്ന കണ്ണീർ സ്നേഹദീപത്തിന്റെ ജ്വാലയെ എന്നും കൂടുതൽ ഉജ്ജ്വലമാക്കിയിട്ടേയുള്ളൂ. അവളുടെ മനസ്സിനെ ഒരു കടംകഥയായി  നിർത്തിക്കൊണ്ടു തന്നെ..

To read OctOber issue,clik on the link below:

Honor Killing  അഞ്ചാംഭാവം 3

http://www.malayalamemagazine.com/LIVEStyle/October%202010/

One Response to “അഞ്ചാംഭാവം-2”

  1. Sureshkumar Punjhayi

    Good one. Best wishes…!!!

Leave a Reply

Your email address will not be published. Required fields are marked *