വർണ്ണ നൂലുകൾ-6

Posted by & filed under വർണ്ണ നൂലുകൾ.

ഓഫീസിൽ പോകുമ്പോൾ എന്നും സായിബാബയുടെ അമ്പലത്തിൽ പോകുന്നതു ഒരു ശീലമായി മാറിക്കഴിഞ്ഞിരുന്നു.  ആദ്യമെല്ലാം എല്ലാ വ്യാഴാഴ്ച്ചകളിൽ മാത്രമായിരുന്നു. പിന്നീടെന്നോ അതൊരു ദിനചര്യയായി മാറി.  കൂടിക്കൂടി വന്നിരുന്ന ഓഫീസ് റ്റെൻഷനായിരിയ്ക്കാം കാരണം. അന്നു ഞാനൊരു ഷെയർ ബ്രോക്കറുടെ മുംബൈ ബ്രാഞ്ച് മാനേജരായിരുന്നു. ദൈവ വിശ്വാസം ഏറ്റവും വേണ്ട ഒരു ഫീൽഡ് തന്നെയാണല്ലൊ?  രാവിലെ ഒന്നു  പ്രാർത്ഥിച്ചാലൊരു ആത്മവിശ്വാസം തോന്നും, അത്ര തന്നെ!
മനസ്സിൽ പോസിറ്റീവ് ചിന്താതരംഗമുണർത്തൽ എന്തിനും ആവശ്യം തന്നെ! രാവിലെ എഴുന്നേറ്റാൽ തന്നെ ശുഭമായ ചിന്തകളെ മനസ്സിലേയ്ക്കൊന്നാവാഹിച്ചു നോക്കൂ!  വിടർന്നു വരുന്ന ദിവസത്തിനെ നിങ്ങൾ അത്യധികം ആകാക്ഷയോടെ തന്നെ എതിരേൽക്കും.  ഒരു പക്ഷേ ദിവസത്തിന്റെ തുടക്കം നിങ്ങളുടെ അന്നത്തെ മറ്റു പ്രവൃത്തികളേയും ബാധിച്ചെന്നും വരാം. കുട്ടികളോടെന്നും പറയാറില്ലേ, രാവിലെ ഗുരുവായൂരപ്പനെ മനസ്സിൽ വിചാരിച്ചു എഴുന്നേറ്റു വരാൻ? അതേ പോലെ തന്നെ ദിവസത്തിനു പ്രകാശം പരത്തുന്ന പ്രതീകമാണു രാവിലത്തെ വിളക്കു വെയ്ക്കലും എന്നു പലപ്പോഴും തോന്നാറുണ്ടു. എന്തിനും തുടക്കം നല്ലതാവണമല്ലോ, പ്രതീക്ഷകൾക്കു വഴികാട്ടിയായി. കടന്നു പോയ ദിവസത്തിനായി നന്ദി പറയുന്നതും രാത്രിയുറക്കത്തിനു നല്ലതാണെന്നനുഭവപ്പെട്ടിട്ടുണ്ടു. ഒരു ദിവസത്തിലെ ഏതാനും മിനിറ്റുകള്‍ ദൈവത്തിനു നന്ദി പറയാനായി വയ്ക്കുന്നതു ഒരു ശീലമാക്കാന്‍ കുട്ടികളെ നിർബന്ധിച്ചിരുന്നു, കുട്ടിക്കാലത്തു.  ഇന്നും അവരതു തുടരുന്നു, നിർബന്ധിയ്ക്കാതെ തന്നെ.  പ്രാർത്ഥനയുടെ ആഴവും പരപ്പും എസ്സെമ്മെസ്സും ലെറ്ററും പോലെ വിഭിന്നമായിട്ടുണ്ടെങ്കിൽക്കൂടി.  വിശ്വാസമാണല്ലോ മുഖ്യം.
ഓഫീസിലേയ്ക്കുള്ള ബസ്സ്റ്റോപ്പിലാണു ആ വലിയ സായിബാബ മന്ദിർ സ്ഥിതി ചെയ്തിരുന്നതു.   മുൻപു പലപ്പോഴും മുന്നിൽക്കൂടി പോയിട്ടുണ്ടെങ്കിലും ഉള്ളിൽ‌പ്പോയിട്ടുണ്ടായിരുന്നില്ല. സിർദ്ദി സായിബാബാ മന്ദിരം പോലെ തന്നെ പണികഴിപ്പിച്ചതാണെന്നു തോന്നുന്നു. വ്യാഴാഴ്ച്ചയാണിവിടെ മുഖ്യം. അന്നു നല്ല ക്യൂവാണിവിടെ . പൂജാസാമഗ്രികളുടെ വിപണനവും അന്നു കൂടും.  നീണ്ട ക്യൂവിനെ മുറിച്ചാണു പലപ്പോഴും ഓഫീസിലെത്താറു.  അധികം ശ്രദ്ധിയ്ക്കാൻ സമയം കിട്ടാറുമില്ല.  മകന്റെ എഞ്ചിനീറിംഗ് അഡ്മിഷനെപ്പറ്റി വേവലാതിപ്പെട്ടിരിയ്ക്കുന്ന സമയം ഒരു സുഹൃത്തു പറഞ്ഞതനുസരിച്ചു വ്യാഴാഴ്ച്ച സായിബാബയുടെ വ്രതം തുടങ്ങി. അങ്ങീനെ വ്യാഴാഴ്ച്ചകളിൽ ആ അമ്പലത്തിൽ പോകാനും തുടങ്ങി. ദർശനത്തിൽ നിന്നും കിട്ടിയ അവാച്യമായ ശാന്തി  എന്റ്റെ കാലടികളെ എന്നും ബസ്സിറങ്ങിയാലുടൻ അമ്പലത്തിലേയ്ക്കു നയിയ്ക്കാൻ അധിക നാളുകൾ വേണ്ടി വന്നില്ല.  പോയില്ലെങ്കിൽ വിഷമവും.  എത്രയോ വർഷങ്ങൾ ഇങ്ങനെ കടന്നുപോയി.  ഒടുവിൽ ആ ഓഫീസ് ചില കാരണങ്ങളാൽ വിടുന്നതിനു ഒരു ദിവസം മുൻപായി ഞാൻ ആ അമ്പലത്തിലെത്തി. ഇനി മുതൽ അവിടെ  ദിവസവും വന്നു തൊഴാനാകില്ലെന്ന  ദു:ഖം എന്നെ കാർന്നു തിന്നാൻ തുടങ്ങിയിരുന്നു. അമ്പലത്തിന്റെ നടയിൽ നിന്നു കുറച്ചേറെ പ്രാർത്ഥിച്ചു, സങ്കടം സായിബാബ ഭഗവാനുമായി പങ്കുവച്ചു പുറത്തു കടക്കമ്പോൾ  എന്റെ കണ്ണുകളിൽ കണ്ണീർ നിറഞ്ഞിരുന്നു.  കുറച്ചു മുന്നോട്ടു നീങ്ങുമ്പോഴേയ്ക്കും ആരോ എന്നെ പിന്നിൽ നിന്നും കൈ കൊട്ടി വിളിച്ചു.  അമ്പലവാതിലിനരികെ നിന്ന മഞ്ഞവസ്ത്രമണിഞ്ഞ സന്യാസി എന്റെ കയ്യിൽ അൽ‌പ്പം പ്രസാദവും ഒരു സായിബാബയുടെ ഫോട്ടോയും തന്നു.  എന്തെല്ലാം വികാരങ്ങളാണു എനിയ്ക്കപ്പോൾ തോന്നിയതെന്നറിഞ്ഞില്ല. വളരെ ഭക്തി പൂർവ്വം അതു വാങ്ങി മുന്നോട്ടു നടന്ന ഞാൻ പെട്ടെന്നോർത്തു തിരിഞ്ഞു നോക്കിയപ്പോൾ വാതിലിനരികിൽ ആരെയും കണ്ടില്ല. കയ്യിലിരുന്ന സായിബാബയുടെ ഫോട്ടോ എന്നെ നോക്കി കരുണാപൂർവ്വം മന്ദഹസിച്ചു.  വീണ്ടും ഞാൻ ചിന്താക്കുഴപ്പത്തിലായി. ആരാണ് ആ ഫോട്ടൊയും പ്രസാദവും എനിയ്ക്കു തന്നതു? എന്തിനു? ഇതിനു മുൻപു ഇങ്ങിനെ ഒരിയ്ക്കലും സംഭവിച്ചിട്ടില്ലല്ലോ? ആരായാലും എന്റെ വിഷമം മനസ്സിലാക്കിയിട്ടാണൊ അതെനിയ്ക്കു തന്നതു?  അറിയില്ല.  അതിനുത്തരം വേണ്ടെന്നു കരുതി ഞാൻ തിരിച്ചു അമ്പലത്തിൽ പോയില്ല. ഇന്നും ആ ഫോട്ടോ ഭദ്രമായിത്തന്നെ എന്റെ പേഴ്സിലുണ്ടു. അല്പം പഴയതായെന്നു മാത്രം. എന്റെ എല്ലാ സന്തോഷങ്ങൾക്കും സങ്കടങ്ങൾക്കും പരാതികൾക്കും സാക്ഷിയായി. അതെടുത്തു നോക്കുമ്പോഴൊക്കെ എന്തൊക്കെയോ വികാരത്തിന്നടിമപെടാറുണ്ടു.  മറ്റൊന്നു കൂടി, അതിൽ‌പ്പിന്നീടു പല വട്ടം ആ അമ്പലത്തിനു മുന്നിൽക്കൂടി പോയിട്ടുണ്ടൂ. തൊഴാറുണ്ടെങ്കിലും ഉള്ളിൽ പോകാൻ കഴിഞ്ഞിട്ടില്ല. കുറ്റബോധവുമില്ല അതിൽ, കാരണം മനസ്സു പറയുന്നു, അതിന്റെ ആവശ്യമില്ലെന്നു.
അന്നെനിയ്ക്കു ഫോട്ടോ തന്നതു സാക്ഷാൽ ബാബ തന്നെയെന്നു വ്യാഖ്യാനിയ്ക്കുന്നവരുണ്ടു. ആരുമായിക്കോട്ടെ ,  എന്റെ വിശ്വസത്തിനെ അരക്കിട്ടുറപ്പിയ്ക്കാൻ അതിനു കഴിഞ്ഞെന്നതു സത്യം.  ഞാനയച്ചതു എസെമ്മസ്സായലും മെയിൽ ആയാലും കിട്ടിയ റെസീറ്റ്. എന്നിൽ ആത്മവിശ്വാസം ഉണർത്തിയ ആ നന്മയുടെ വർണ്ണ നൂലുകൾക്കു ഇത്രയും വർഷങ്ങൾക്കു ശേഷവും ഇന്നും ആഭ കുറഞ്ഞിട്ടില്ല. ഒന്നു കണ്ണടച്ചാൽ എനിയ്ക്കു ആ അമ്പലനടയിലെത്തി ദർശനം ചെയ്യാനാകുന്നു. മനസ്സിൽ സന്തോഷവും അലയടിച്ചെത്തുന്നു.  ഈ ദർശനസുഖത്തിൽ ഞാൻ ഒന്നു പ്രണമിച്ചോട്ടെ!

Leave a Reply

Your email address will not be published. Required fields are marked *