മുംബൈയിലെ പ്രധാന ആരാധനാലയങ്ങള്‍-1

Posted by & filed under മുംബൈ ജാലകം.

മുംബാദേവി മന്ദിര്‍

http://bhabha.org/_wsn/page4.html

നാനാജാതിമതസ്ഥര്‍ ഒരുമിച്ചു താമസിയ്ക്കുമ്പോള്‍ അവരുടെയൊക്കെ ആരാധനാലയങ്ങളും അവിടെ കാണാതെ വരില്ലല്ലോ? മുംബയിലെ സ്ഥിതിയും മറിച്ചല്ല. ഇവിടെ എല്ലാ തരത്തില്‍ പെട്ടവരുടേയും ആരാധനലയങ്ങളുണ്ടു. നഗരത്തിന്റെ തിക്കിലും തിരക്കിലും ജീവിത വിജയത്തിനായുള്ള നെട്ടൊട്ടത്തിന്നിടയില്‍ മനസ്സമാധാനം കണ്ടെത്താന്‍ നാമെല്ലാം എത്തിച്ചേരുന്നതു ഇഷ്ടദൈവങ്ങളുടെ മുന്‍പിലാണല്ലോ?

ഇവിടുത്തെ പ്രധാന ആരാധനാലയങ്ങളെക്കുറിച്ചു പറയുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നതു മുംബാദേവി മന്ദിര്‍ ആണു. പണ്ടു നാം മുംബൈ എന്ന ഈ നഗരത്തിനെ ബോംബേ എന്നാണല്ലോ വിളിച്ചിരുന്നതു. പോര്‍ച്ചുഗീസുകാരുടെ വരവിനു മുന്‍പത്തെ നാമധേയമായ മുംബൈയിലേക്കു തന്നെ പിന്നീടതു മാറ്റപ്പെടുകയാണുണ്ടായതു.( 1534ല്‍ അവര്‍ ഇവിടെ കോളനി സ്ഥാപിച്ചപ്പോള്‍ ‘‘ഗുഡ് ബേ‘ എന്നര്‍ത്ഥം വരുന്ന ബോം ബേ എന്നിതിനെ വിളിച്ചു.) മുംബൈ എന്ന നാമം, ഇവിടുത്തെ സകല ഐശ്വര്യങ്ങള്‍ക്കും കാരണഭൂതയായി ഇവിടുത്തുകാര്‍ കാണുന്ന മുംബാദേവിയില്‍ നിന്നുമാണു കിട്ടിയതു. മുംബാ എന്നു വച്ചാല്‍ മഹാ അംബ. അല്ലെങ്കില്‍ ആയി( അമ്മ എന്നതിന്റെ മാറാഠി വാക്കു) സര്‍വ്വശക്തയായ ദേവി. ഇവിടത്തെ അഗ്രികളുടേയും (കടലിനു സമീപദേശങ്ങളിലെ കണ്ടങ്ങളില്‍ വെള്ളം വറ്റിച്ചു ഉപ്പുണ്ടാക്കി വിറ്റു ഉപജീവനം നടത്തുന്നവര്‍), കോളികളുടേയും (മുക്കുവര്‍) വിളിപ്പുറത്തെത്തുന്ന ശക്തിരൂപിണി. പത്തഞ്ഞൂറു കൊല്ലത്തെയെങ്കിലും പഴക്കം കാണും ഈ അമ്പലത്തിനു. തെക്കന്‍ മുംബൈയില്‍ സ്വര്‍ണ്ണത്തിന്റേയും ഇരുമ്പിന്റേയും തുണികളുടെയും വ്യാപരകേന്ദ്രമായ ബുലേശ്വര എന്ന സ്ഥലത്താണിതു സ്ഥിതി ചെയ്യുന്നതു. ഈ ദേവിയുടെ സാന്നിധ്യമാണു മുംബയെ സമ്പന്നമാക്കിയതെന്നു പറയപ്പെടുന്നു. (മുംബ എന്ന ഒരു സ്ത്രീയാല്‍ പ്രതിഷ്ഠിയ്ക്കപ്പെട്ടതിനാല്‍ മുംബയുടെ ദേവി എന്ന അര്‍ത്ഥത്തില്‍ മുംബാദേവി ആയതാണെന്നും കേട്ടിട്ടുണ്ടു.)

ബോംബയുടെ ഉല്‍പ്പത്തിയെക്കുറിച്ചു കേട്ടുകാണുമല്ലോ? 7 ദ്വീപുകള്‍ കൂട്ടിച്ചേര്‍ത്താണു ഇതു ഉണ്ടാക്കിയിട്ടുള്ളതു. കൊളാബ, മസഗോണ്‍, ഓള്‍ഡ് വുമണ്‍സ് ഐലണ്ടു, വഡാല, മാഹിം, പരേല്‍, മാട്ടുംഗ-സയണ്‍ എന്നിവയാണവ. അതു പഴയ ബോംബെ. പിന്നീടു ഗ്രേറ്റര്‍ ബോംബേ ഉണ്ടാക്കിയപ്പോള്‍ വീണ്ടും കൂട്ടിച്ചേര്‍ക്കലുകളുണ്ടായി. കടലില്‍ നിന്നും മണ്ണിട്ടുനികത്തി ഭൂമിയാക്കിമാറ്റിയ നരിമാന്‍ പോയന്റ് പോലെയുള്ള സ്ഥലങ്ങളുമുണ്ടായി. ടൂറിസ്റ്റുകള്‍ക്കായി കാണാന്‍ അത്ര അധികം സ്ഥലങ്ങളൊനഗരത്തിലില്ല. എങ്കിലും തീര്‍ത്ഥാടനക്കാരും ദൈവവിശ്വാസികളും എന്നല്ല ഒരുവിധം മുംബൈദര്‍ശനത്തിനെത്തുന്ന എല്ലാവരുംതന്നെ മുംബാദേവി അമ്പലത്തില്‍ വന്നു ദര്‍ശനം നടത്തിപോകുന്നതു പതിവാണു.

ബുലേശ്വരിലാണു ഈ അമ്പലമെന്നു പറഞ്ഞല്ലോ. എന്നാല്‍ 1737 ല്‍ ഈ അമ്പലം ആദ്യമായി നിര്‍മ്മിയ്ക്കപ്പെട്ടതു ബോറിബുന്ദര്‍ എന്ന സ്ഥലത്താണു. ഇന്നു വി.ടി, അഥവാ ഛത്രപതി ശിവജി ടെര്‍മിനസ് സ്ഥിതിചെയ്യുന്ന സ്ഥലത്തു. പിന്നീടാണു ബൂലേശ്വറിലേയ്ക്കു മാറ്റപ്പെട്ടതു. കാഴ്ച്ചയിലോ, വലുപ്പത്തിലോ മറ്റു സവിശേഷതകളാലോ ഈ അമ്പലത്തിനു കേമത്തം അവകാശപ്പെടാനായി ഒന്നുമില്ല, ഇവിടത്തെ മറ്റു പല ആരാധനാലയങ്ങളുമായി താരതമ്യം ചെയ്യപ്പെടുമ്പോള്‍. ഒരുപക്ഷേ ആശ്രയിച്ചാല്‍ മുംബദേവി കൈവിടില്ലെന്ന ഇവിടുത്തുകാരുടെ കറയറ്റ വിശ്വാസമായിരിയ്ക്കാം ഈ അമ്പലത്തിനെ ഇത്രയും പ്രസിദ്ധമാക്കുന്നതു. അതിന്റെ പിന്നിലൊരു ഐതിഹ്യവുമുണ്ടു. തലമുറകളായി കൈമാറിക്കൊണ്ടിരിയ്ക്കുന്ന മുംബര്‍ക്ക എന്ന രാക്ഷസന്റെ കഥ.. രാക്ഷസന്റെ നിരന്തരമായ പീഡനം കൊണ്ടു പൊറുതിമുട്ടിയ ജനങ്ങളുടെ പ്രാര്‍ത്ഥനകേട്ടു ബ്രഹ്മാവിനാല്‍ സൃഷ്ടിതയായ ദേവി രാക്ഷസനെ തോല്‍പ്പിച്ചു ഭക്തരെ രക്ഷിച്ചു. അടിയറവു പറഞ്ഞ രാക്ഷസന്റെ അപേക്ഷാനുസരണം ദേവി ആ പേരില്‍ അറിയപ്പെടുന്നു. ആ രാക്ഷസനാല്‍ നിര്‍മ്മിതമായിരുന്നത്രേ ആദ്യത്തെ ക്ഷേത്രം. എട്ടുകൈകളും, ചുവന്ന മുഖവുമുള്ള ശക്തിയുടെ മൂര്‍ത്തീമദ്ഭാവമായ ഇവിടുത്തെ വിഗ്രഹത്തെ ഭൂമീദേവിയുടെ പ്രതീകമായാണു ഇവിടുത്തുകാര്‍ കാണുന്നതു. വിഗ്രഹത്തിന്റെ മറ്റൊരു പ്രത്യേകത വായയുടെ അഭാവമാണു. വാഹനം പുലി. പക്ഷേ തൊട്ടുതന്നെ പ്രതിഷ്ഠിച്ചിട്ടുണ്ടു മയിലിന്റെ പുറത്തു അന്നപൂര്‍ണ്ണാദേവിയെ..എന്തായാലും മുംബൈയുടെ മുഴുവനും സമ്പത്സ്മൃദ്ദ്ധിയുടെ കാരണഭൂതയായാണു ഈ കുലദേവതയെ ഇവിടുത്തുകാര്‍ കാണുന്നതു .സ്വര്‍ണ്ണക്കച്ചവടത്തിന്റെ കേന്ദ്രമായ സാവേരീബസാര്‍, പ്രിന്‍സെസ് സ്റ്റ്രീറ്റ്, ബുലേശ്വര്‍ മാര്‍ക്കറ്റ്എന്നിവയും കച്ചവടസിരാകേന്ദ്രങ്ങളായ സി.പി ടാങ്ക് മാര്‍ക്കറ്റ്, ക്രാഫോര്‍ഡ് മാര്‍ക്കറ്റ് എന്നിവയും അടുത്തുതന്നെയാണു. കച്ചവടങ്ങളിലൂടെ നഗരത്തിനെ സമ്പന്നമാക്കുന്നതിനാലാണല്ലൊ മുംബയെ രാജ്യത്തിന്റെ കമ്മേഴ്സിയല്‍ കാപിറ്റല്‍ എന്നു വിളിയ്ക്കുന്നതും..

പ്രസിദ്ധമായ മറ്റുപല അമ്പലങ്ങളും ഇവിടെയുണ്ടു. എന്നാലും എപ്പോഴെങ്കിലും മുംബൈ സന്ദര്‍ശിയ്ക്കുമ്പോള്‍ ഐശ്വര്യദായികയായ മുംബാദേവിയുടെ ദര്‍ശനവും ചെയ്യുമല്ലോ? നാളികേരം, പൂക്കള്‍, ചന്ദനത്തിരി, മധുരം ഒക്കെ സമര്‍പ്പിയ്ക്കാം, കൂട്ടത്തില്‍ മുംബൈ മാര്‍ക്കറ്റിന്റെ തിരക്കും കാണാം..

One Response to “മുംബൈയിലെ പ്രധാന ആരാധനാലയങ്ങള്‍-1”

 1. jp

  മുംബെയിലെ ആരാധനാലയങ്ങളെ കുറിച്ച് വായിച്ചു…
  മനോഹരമായിരിക്കുന്നു…
  ഈ ആരാധനാലയങ്ങളെ പ്രതിപാദിക്കുന്ന devotional video CD കള്‍ ലഭിക്കാനെന്താ എളുപ്പമാര്‍ഗ്ഗം…
  ഹിന്ദിയിലുള്ള ഹനുമാനെ പ്രകീര്‍ത്തിക്കുന്ന ഒന്ന് എന്റെ കൈവശം ഉണ്ട്….
  ഓര്‍ഡര്‍ ചെയ്യുവാനുള്ള വിലാസം കിട്ടിയാലും മതി…

Leave a Reply

Your email address will not be published. Required fields are marked *