കലിയുഗകൃഷ്ണൻ

Posted by & filed under കവിത.

കലിയുഗകൃഷ്ണൻ

അല്ലയോ  കാളിയാ!

ഇതു ഞാൻ, കൃഷ്ണൻ, കലിയുഗകൃഷ്ണൻ

നിന്നെത്തിരഞ്ഞു വന്നു

കാളകൂടവിഷപ്പുക ഭൂമിയെക്കീഴടക്കെ

ഞാനിതാ അവതരിച്ചു ,വീണ്ടും

നീ പരത്തുന്ന വിഷം നിന്നെ ഞാനയച്ച

രമണകദ്വീപിനെ ഇങ്ങനെയാക്കുമെന്നോര്ത്തില്ല.

ഹേ ഫണീന്ദ്രാ! ഞാൻ നർത്തനമാടിയ

നിന്റെ ഫണജാലങ്ങളും ശരീരവും

നീയൂതിയ വിഷാധിക്യത്താൽ

സ്വയം നശിപ്പിയ്ക്കപ്പെട്ടുവോ?

വിണ്ടു കീറി വരണ്ട നിന്റെ ശരീരം

എന്നെ വിസ്മയപ്പെടുത്തുന്നില്ല

വിഷം തുപ്പുന്ന മനുഷ്യന്റെ പുത്രനായി ജനിച്ച

എന്നെയുമൊന്നു  നോക്കൂ

അവതാരപുരുഷനാണു ഞാൻ,

അറിയില്ലേ, കലിയുഗ വരദൻ.

പകയും വിദ്വേഷവും ഫണമുയർത്തി

വിഷം തുപ്പിയുണങ്ങിപ്പോയ

എന്റെ ദരിദ്രനാരായണമുഖം

നിനക്കും അരോചകമോ?

അറിയായ്കയല്ല,

നിന്നേക്കാൾ  വലിയ കാളിയന്മാരുടെ

വിളനിലമാണിവിടമെന്നു.

ഫണങ്ങളിൽ ചാടിക്കയറാനും നൃത്തം ചെയ്യാനും

എനിയ്ക്കു കഴിയാതെ പോകുന്നു

ഞാൻ കലിയുഗകൃഷ്ണനാണു

അറിയുന്നതു വിശപ്പുമാത്രം!

Leave a Reply

Your email address will not be published. Required fields are marked *