വർണ്ണനൂലുകൾ-8

Posted by & filed under വർണ്ണ നൂലുകൾ.

വർണ്ണനൂലുകൾ-8
ആകസ്മികതയുടെ പാരമ്യമെന്നു പറയുന്നതു ഇതിനെയാണോ എന്നു തോന്നുന്ന തരം സംഭവങ്ങൾ നമ്മളില്‍ പലരുടെയും ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടാവും. ജീവിതക്കടലിലെ കാലത്തിന്റെ ചുഴികള്‍ പലപ്പോഴും അടിത്തട്ടില്‍ നിന്നും ഇവയെ മുങ്ങിത്തപ്പിയെടുത്തു  നമ്മുടെ ഓർമ്മത്തട്ടുകളില്‍ ഒരു മാത്രനേരത്തേയ്ക്കായെങ്കിലും നിക്ഷേപിച്ചു പോകുന്നതു കാണാറുണ്ടു. എന്തേ അവയിങ്ങനെ വീണ്ടും വീണ്ടും പൊങ്ങി വരാൻ കാരണമെന്നു നിങ്ങൾ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? അവയിലെ അവിശ്വസനീയതയുടെ ആധിക്യം തന്നെയാവം, അല്ലേ? എന്തു തോന്നുന്നു?
എനിയ്ക്കുമുണ്ടു പറയാനായി ഇത്തരം ചില അവിശ്വസനീയമായ അനുഭവങ്ങൾ.വിവാഹശേഷം മുംബൈ മഹാനഗരിയിലെത്തിയതിനു ശേഷം നഗരത്തിന്റെ മുഖങ്ങളിൽക്കണ്ട വൈചിത്ര്യങ്ങളെ  മനസ്സിലുൾക്കൊള്ളാൻ സമയം പോലും കിട്ടുന്നതിനു മുൻപായിരുന്നു അതിലൊന്നു. പക്ഷേ അന്നതിനെ  അത്ര പ്രാധാന്യമേറിയ ഒന്നായി തോന്നിയില്ല. വർഷങ്ങൾക്കു ശേഷമുള്ള തിരിഞ്ഞു നോട്ടത്തിലാണു അവിശ്വസനീയതയുടെ ആഴം മനസ്സിലാക്കാനായതു . വിവാഹത്തിനു മുൻപു ബാംഗളൂരിൽ ജോലി ചെയ്തിരുന്നു. ഇവിടെയെത്തിയപ്പോഴും ജോലി വേണമെന്ന എന്റെ അദമ്യമായ മോഹത്തിനു അർദ്ധസമ്മതം മൂളിയെങ്കിലും എല്ലാ ഇന്റർവ്യൂ-ടെസ്റ്റുകൾക്കും കൂട്ടുവരാൻ തന്നെക്കിട്ടില്ലെന്ന കാര്യം പതിദേവൻ ആദ്യമേ വ്യക്തമാക്കിയിരുന്നതിനാൽ അറിയാത്ത ഭാഷയൊന്നുമല്ല ഹിന്ദിയെന്ന  ആത്മ വിശ്വാസത്തിൽ  ഞാൻ തനിയെ മഹാനഗരിയെ കീഴടക്കാനായി ധൈര്യം സംഭരിച്ചു.കഴിയുന്നതും ബസ്സുകളെ ആശ്രയിച്ചുവെങ്കിലും നഗരത്തിന്റെ നാഡിയായ റെയിൽ വേ സ്റ്റേഷനുകൾ എന്നെ സാമാന്യത്തിലധികം പരിഭ്രമിപ്പിച്ചു. തലങ്ങും വിലങ്ങും കിടക്കുന്ന                 ട്രെയിനുകൾ പോകുന്ന ദിശ പോലും കണ്ടെത്താനാകാതെ പരിഭ്രമിച്ചിട്ടുണ്ടു.
എന്തായാലും അധികം വൈകാതെ തന്നെ എനിയ്ക്കു ഒരു ലിമിറ്റഡ് കമ്പനിയിൽ ജോലി ശരിയായി. ആദ്യ ദിവസത്തിന്റെ പരിഭ്രമം പുതിയ ഓഫീസ് കണ്ടതോടെ ഇരട്ടിച്ചു. രണ്ടു നിലകളിലായാണു ഓഫീസ് സ്ഥിതിചെയ്യുന്നതു. അതും മഹാനഗരിയുടെ പ്രമുഖമായ ബിസിനസ് ഏരിയയിൽ. പരിചിത  മുഖങ്ങളുടെ കുറവു മാത്രമല്ല, ഓഫീസിന്റെ വലുപ്പവും ജോലിക്കാരുടെ ബാഹുല്യവും ബഹളവുമൊക്കെ എന്നെ ഏറെഅമ്പരപ്പിച്ചു.  പതുക്കെ നിശ്ശബ്ദയായി ജോലി തുടർന്നു. സ്റ്റേഷനിൽ നിന്നും ഓഫീസിലേയ്ക്കും തിരിച്ചും കമ്പനി വക ചാർട്ടേർഡ് ബസ് ഉണ്ടു. അതിനായി കാത്തു നിൽക്കുമ്പോൾ ഇതിനകം പരിചിതരായ സ്ത്രീകളിൽ സാന്ദ്രയാണെന്നു തോന്നുന്നു, പറഞ്ഞു, ഒരു സൌത്തിന്ത്യൻ ഉണ്ടു ഓഫീസിലെന്നു. ഇത്രയും ജോലിക്കാർക്കിടയിൽ ഒന്നു മാത്രം, അത്ഭുതം തോന്നി. ബസ്സിൽ കയറുന്നതിനു മുൻപു തന്നെ അവർ അദ്ദേഹത്തെ പരിചയപ്പെടുത്തിത്തരുകയും ചെയ്തു.  അൽ‌പ്പം ഗൌരവപ്രകൃതിയോടുകൂടിയ മദ്ധ്യവയസ്ക്കനായ ശ്രീമാൻ  കമ്പനിയിൽ ചേർന്നതിൽ അഭിനന്ദിച്ചുവെന്നല്ലാതെ കൂടുതൽ സംഭാഷണത്തിനും താൽ‌പ്പര്യം കാണിച്ചില്ല. മലയാളത്തിൽ ചോദിച്ചാൽ കുഴപ്പമാകുമോ എന്ന ഭയം. ചോദിയ്ക്കാതിരിയ്ക്കാനുമായില്ല.
“സർ, ആർ യൂ ഫ്രം കേരള?”
“യെസ്”
ഇംഗ്ലീഷിൽ തന്നെ. രക്ഷയില്ല..
“വിച്ച് പാർട്ട് ഓഫ് കേരള, സർ?”
“ട്രിച്ചൂർ”
താൽ‌പ്പര്യമില്ലാത്തവിധം ഹ്രസ്വമായ മറുപടി. ഇനിയിപ്പോൾ നാടും നാട്ടുകാരേയുമൊക്കെ തീരെ ഇഷ്ടമില്ലാത്ത വ്യക്തിയോ മറ്റോ ആവുമോ?  എന്നാൽ നോക്കിയിട്ടു കാര്യമില്ല, തീർച്ച. പക്ഷേ  തൃശ്ശൂരെന്ന വാക്കു കേട്ട ഞാനുണ്ടോ വിടാൻ പോകുന്നു?
“വിച്ച് പാർട്ട് ഓഫ് ട്രിച്ചൂർ , സർ?”
“വടക്കാഞ്ചേരി”
അലോസരപ്പെടുത്തുന്നതിലെ അസന്തുഷ്ടി ആ മറുപടിയിലുണ്ടായിരുന്നോ എന്നു ചിന്തിയ്ക്കാനുള്ള മനസ്സാന്നിദ്ധ്യമൊന്നും ‘വടക്കാഞ്ചേരി” എന്ന വാക്കു കേട്ട എനിയ്ക്കുണ്ടായില്ലെന്നതാണു സത്യം. പിന്നെ മലയാളം തന്നെ പുറത്തു ചാടി, നിയന്ത്രണാതീതമായി.
“വടക്കാഞ്ചേരിയിൽ എവിടെയാ സർ?”
“കുറച്ചു ഉള്ളിലായിട്ടാണു…” അൽ‌പ്പം അത്ഭുതത്തോടെ മറുപടി വേഗമെത്തി.
“കൃത്യമായ സ്ഥലം..”
“മുണ്ടത്തിക്കോട്”
ഇത്തവണ അത്ഭുതം എന്റെ മറുപടിയിലായിരുന്നു. മലയാളം ഇംഗ്ലീഷായി മാറിയതുമറിഞ്ഞില്ല.
“സർ, ആം ടൂ ഫ്രം മുണ്ടത്തിക്കോട്………..”
അൽപ്പനേരം പകച്ചു നിന്ന ശേഷം ഞങ്ങൾ രണ്ടുപേരും പൊട്ടിച്ചിരിച്ചപ്പോൾ ചുറ്റും നിൽക്കുന്ന എല്ലാവരും ഞങ്ങളെ നോക്കി. വിവരമറിഞ്ഞപ്പോൾ എല്ലാവർക്കും വിസ്മയം. നാടിനെക്കുറിച്ചു സംസാരിയ്ക്കാൻ തുടങ്ങിയാൽ   പ്രവാസിയ്ക്കു നിർത്താനാവില്ലെന്ന സത്യം ഞാൻ അന്നാണറിഞ്ഞതു. സ്കൂളും ടീച്ചർമാരും, അമ്പലവും, വേലയും തുടങ്ങി എന്തെല്ലമെന്തെല്ലാം സംഭാഷണവിഷയങ്ങളാകുന്നു? അന്നു വീട്ടിലെത്തി എല്ലാവരോടും വിവരം പറഞ്ഞപ്പോൾ അതിലെ നാടകീയത അവരെയൊക്കെ രസിപ്പിച്ചു. ഇന്നും ഈ കൊച്ചു സംഭവം മഹാനഗരിയിലെ ആദ്യകാല അനുഭവങ്ങളിലെ ഒരു വർണ്ണ നൂലായി എന്നെത്തേടിയെത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *