മുംബൈ അശാന്തിയുടെ നിഴലില്‍

Posted by & filed under മുംബൈ ജാലകം.

മുംബൈ  അശാന്തിയുടെ നിഴലില്‍

 

             മഹാനഗരത്തിനു ഉറക്കമില്ലെങ്കിലും ഉറക്കം
നഷ്ടപ്പെടുന്നെന്നു പറയാന്‍  കാരണങ്ങള്‍ പൊതുവേ കുറവായിരുന്നു അടുത്തകാലം
വരേയും.. സുരക്ഷിതത്വത്തിനെന്നും  രാജ്യത്തു ഒന്നാം സ്ഥാനമുണ്ടായിരുന്നു.
 സ്ത്രീകള്‍ക്കു ഏതുസമയവും തനിയെ എവിടെയും പേടിയ്ക്കാതെ പോവാനൊക്കുമെന്ന
വിശ്വാസമുണ്ടായിരുന്നു. സ്ത്രീകള്‍ എവിടെയും ബഹുമാനിയ്ക്കപ്പെട്ടിരുന്നു.
 സാധാരണ മുംബൈറ്റിയുടെ ഏറ്റവും വലിയ ഈ വിശ്വാസങ്ങളാണു ഇപ്പോള്‍
തകര്‍ന്നുകൊണ്ടിരിയ്ക്കുന്നതു. കുറ്റം പറയാനാവില്ല, വളര്‍ച്ചയുടെ
ലക്ഷണമാണിതു. പലതരത്തിലുള്ള വിശ്വാസങ്ങളോടുകൂടിയ  പല മതക്കാരും
സംസ്ഥാനക്കാരും ഇവിടം സ്ഥിരതാമസത്തിനായി തിരഞ്ഞെടുത്തപ്പോള്ള്‍ ഇവിടുത്തെ
സംസ്കാരം മാറാതിരിയ്ക്കുന്നതെങ്ങനെ?  ആ മാറ്റം പല കാര്യങ്ങളിലും
പ്രതിഫലിച്ചു, നല്ലതായും ചീത്തയായും. നല്ല വശങ്ങള്‍ ജീവിത നിലവാരത്തിനെ
ഉയര്‍ത്തിയപ്പോള്‍ ചീത്ത വശങ്ങള്‍ ആശങ്കകളുടെവിത്തുകളാണു മനസ്സില്‍
പാകിയതു.  സാധാരണ മുംബൈറ്റിയുടെ മനസ്സമാധാനം നഷ്ടപ്പെട്ടപ്പോള്‍
മഹാനഗരത്തിനും അശാന്തി തോന്നിത്തുടങ്ങി.

     ഇന്നലെ രാത്രി ഊണും കഴിഞ്ഞു ഒരു നല്ല സിനിമയും കണ്ടു സ്വസ്ഥമായി
ഉറങ്ങിയതാണു. അതിരാവിലെ ഒരു കുടുംബസുഹൃത്തിന്റെ ഫോണ്‍.

   ”ഒന്നു പുറത്തേയ്ക്കു നോക്കൂ, ഓട്ടോയും ബസ്സുമൊക്കെ ഓടുന്നുണ്ടോ?”

   ‘എന്തു പറ്റി? സമരമാണോ?”

 ജനാലയുടെ പാളികള്‍ തള്ളിനീക്കുന്നതിനിടയില്‍  ഞാന്
ചോദിച്ചു.തൊട്ടുമുന്നില്‍ റോഡാണു.  സുഹൃത്തിന്റെ വീടു അല്പം
ഉള്ളിലായതിനാല്‍ റോഡുകാണാനാകില്ല.: പുറത്തു ഒറ്റയും തെറ്റയുമായി
ഓട്ടോകളും ബസ്സുകളും ഓടുന്നുണ്ടു. വിവരം പറഞ്ഞപ്പോഴാണു സുഹൃത്ത് കാര്യം
പറഞ്ഞതു.

  “ഇന്നു അതി രാവിലെ രാജ് താക്കറെയെ അറസ്റ്റു ചെയ്തു”

    മനസ്സു ഒന്നു നടുങ്ങി. ഈശ്വരാ…ഇനി എന്തൊക്കെ പൊല്ലാപ്പാണാവോ
ഉണ്ടാവാന്‍ പോകുന്നതു? ഓഫീസില്‍ പോകുന്നവര്‍ക്കെല്ലം പ്രശ്നം..
പൊതുജനത്തിന്റെ പ്രതികരണത്തിന്റെ ശക്തി പലവട്ടം, അനുഭവിച്ചിട്ടുള്ളവരാണു
പലരും. സമൂഹവിരുദ്ധര്‍ക്കു വിളയാടാനാവുന്ന ഒരു അവസരം കൂടി. എന്തായാലും
അതിരാവിലെയായതു നന്നായി. ലീവ് എടുക്കാവുന്നവര്‍ക്കു ആവാമല്ലോ?
ദീപാവലിയ്ക്കായി കരുതി വച്ച ഒരു ലീവു പോയിക്കിട്ടി.  പൊതുവെ എല്ലാവരും
ഒരു കരുതലില്‍ ആണു ഈയിടെയായി.  ഇന്നു കാറുകളും വളരെക്കുറച്ചേ പുറത്തു
കണ്ടിരുന്നുള്ളൂ.  ബസ്സുകളിലാണെങ്കിലോ, വളരെക്കുറച്ചുപേര്‍ മാത്രം.
ഓഫീസുകളില് ഹാജര് വളരെ കുറവു.  കടകളെല്ലാം അടഞ്ഞുകിടന്നു.  അധികം
പേരുംവീടിനകത്തു തന്നെ സമയം കഴിച്ചുകൂട്ടി.
            മണ്ണിന്റെ മക്കള്‍ക്കുവേണ്ടിയുള്ള വാദവും,
ഉത്തരേന്ത്യക്കാരോടുള്ള പ്രതിഷേധവുമായി മഹാരാഷ്ട്ര നവനിര്‍മ്മാണസഭ.
അതിന്റെ തലവനായി രാജ് താക്കറേ.  ശിവസേനയുടെ പുതിയ നായകനായി
ബാല്‍താക്കറെയുടെ മകന് ഉദ്ധവ് താക്കറെ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍
പുറത്തായ രാജ് ഉണ്ടാക്കിയ പാര്‍ട്ടി ജനപിന്തുണ നേടാനായി കാട്ടിക്കൂട്ടിയ
കാര്യങ്ങളാണു ഇപ്പോള്‍ അറസ്റ്റില് എത്തിയിരിയ്ക്കുന്നതു.  അതും
പബ്ലിസിറ്റിയുടെ മറ്റൊരു മുഖം.  ആകെ 3 കേസുകളാണു രാജിന്റെ പേരില്‍.
ഉത്തരേന്ത്യക്കാര്‍ക്കെതിരെ പ്രകോപനമുണര്‍ത്തുന്നരീതിയില്‍
സംസാരിച്ചതിനും,റെയില് വേ പരീക്ഷ എഴുതാന്‍ വന്ന അന്യ സംസ്ഥാനക്കാരെ അതിനു
സമ്മതിയ്ക്കാതെ ദേഹോപദ്രവം ചെയ്തതിനുമായി. ഒരു ഉദ്യോഗാര്‍ത്ഥി
മരിയ്ക്കുകയും ചെയ്തു.  തന്നെ അറസ്റ്റുചെയ്താല്‍  തിരിച്ചടി കിട്ടുമെന്ന
ഭീഷണിയും.  എന്തായാലും അറസ്റ്റും ചെയ്തു, ജാമ്യവും കിട്ടിയില്ല.  നാളെ
വീണ്ടും കല്യാണില്‍ കോര്‍ട്ടില്‍ ഹാജരാക്കും. എല്ലാവരും വളരെ
ആശങ്കയിലാണു.  നാളെ എന്താവും ഇനി കഥ?  ഇനി ഒരു ലീവും കൂടിയോ?  ഇതാണു
സാധാരണക്കാരന്റെ പ്രതികരണം.

          മുംബൈയില് അരക്ഷിതത്വത്തിന്റെ അലകള്‍
വീശിത്തുടങ്ങിയിട്ടുണ്ടു.  പല തരത്തില്‍.  ഷെയര് മാര്‍ക്കറ്റിന്റെ
പൊട്ടിത്തകര്‍ച്ച പല കുടുംബങ്ങളേയും കടുംകയ്യിലേയ്ക്കുപോലും
നയിയ്ക്കുന്നു.   ഉള്ള നിക്ഷേപം മുഴുവനും നഷ്ടപ്പെട്ടവര്‍ , കടമെടുത്തു
വീടു വാങ്ങി തിരിച്ചടയ്ക്കാനാവാതെ വിഷമിയ്ക്കുന്നവര്‍ ഒക്കെ
കൂടിക്കൊണ്ടിരിയ്ക്കുന്നു.  ഇന്നത്തെ പേപ്പറിലും ഉണ്ടു ഒരു കുടുംബം
ആത്മഹത്യ ചെയ്ത കാര്യം.  കഴിഞ്ഞയാഴ്ച ഒരു മലയാളി കുടുംബമാണു  ആത്മഹത്യ
ചെയ്തതു.  എല്ലാത്തിനും സാമ്പത്തികം തന്നെ കാരണം.  ഗ്ലോബല് റിസഷന്‍
എല്ലാമേഖലയിലും പ്രതിഫലിച്ചു കാണാന്‍ തുടങ്ങിയിട്ടുണ്ടു.  ബി.പി.ഓ. കള്‍
പലതും പൂട്ടിക്കഴിഞ്ഞു.  പ്രസിദ്ധകമ്പനികള്‍ പലതും പുതിയ ആള്‍ക്കാരെ
എടുക്കുന്നില്ലെന്നു മാത്രമല്ല, പലരേയും പിരിച്ചു വിടുകയും ചെയ്തു.
ജെറ്റ്-കിംഗ് ഫിഷര്‍ വിമാനക്കമ്പനികള്‍ ഒന്നായപ്പോള്‍ അതു ഏറ്റവുമധികം
ബാധിച്ചതു ജോലിക്കാരെ തന്നെ.  വലിയതുക കടമെടുത്തു കൊടുത്തു ഏവിയേഷന്‍
രംഗത്തെ കനത്ത ശമ്പളമുള്ള ജോലിയ്ക്കായി പരിശീലനം നേടുന്ന വലിയൊരു വിഭാഗം
മുഴുവന്‍ മറ്റേതെങ്കിലും ജോലി നേടാനുള്ള ശ്രമത്തിലാണു. അവരെല്ലാം തന്നെ
ആശങ്കാഭരിതരാണു .  മഹാനഗരം അശാന്തമാണു.  എല്ലാം പ്രശ്നങ്ങള്‍ തന്നെ!
ഭീകരപ്രവര്‍ത്തനങ്ങളും ബോംബുമൊക്കെ തല്‍ക്കാലം മറന്നാല്‍ക്കൂടി.
ആരേയുംവിശ്വസ്യ്ക്കാനാവില്ല.   ഒന്നിനും സ്ഥിരതയില്ല.   അക്രമങ്ങളും കൂടി
വരുന്നു.

  മുംബൈ മാറിക്കഴിഞ്ഞു. മഹാനഗരത്തിനെ നന്മകള്‍ക്കൊപ്പം ശാപങ്ങളും
പേറിക്കൊണ്ടു.   മനസ്സമാധാനം മുംബൈറ്റിക്കു
നഷ്ടമായിക്കൊണ്ടിരിയ്ക്കുന്നു.  ഇന്നിനും നാളെയ്ക്കുമപ്പുറം
ചിന്തിയ്ക്കാനാകുന്നില്ല.  ഒരു പൊരി വീണാലിവിടെ ആളിപ്പിടിയ്ക്കും, അതു
ഇവിടെ എല്ലാവര്‍ക്കും നന്നായറിയാം.  അതാണല്ലോ എല്ലാവരും ഇത്രയേറെ
കരുതലോടെയിരിയ്ക്കാനും കാരണം.  അവസാനം കിട്ടിയ വാര്‍ത്തയനുസരിച്ചു
നാലുപേര്‍  കൊല്ലപ്പെട്ടിട്ടുണ്ടു. ആയിരക്കണക്കിനുപേര്‍  അറസ്റ്റു
ചെയ്യപ്പെട്ടിട്ടുണ്ടു. ബസ്സുകള്‍ , ഓട്ടോകളെല്ലാം
കത്തിയ്ക്കപ്പെട്ടിട്ടുണ്ടു.  കല്യാണ്‍ പോലെയുള്ള പല സ്ഥലങ്ങളിലും
കര്‍ഫ്യൂ പ്രഖ്യാപിയ്ക്കപ്പെട്ടിട്ടുണ്ടു.  മുംബൈ ഊന്നുവിരലുകളില്‍
നിന്നു പ്രാര്‍ത്ഥിയ്ക്കുകതന്നെയാണു

One Response to “മുംബൈ അശാന്തിയുടെ നിഴലില്‍”

  1. vijayaraghavan panan

    not only mumbay,,, my calicut is also changing… i’m in love with hre since 1974, but she changed a lot…
    it is quiet natural,, everything have to change..

Leave a Reply

Your email address will not be published. Required fields are marked *