വർണ്ണനൂലുകൾ-9

Posted by & filed under വർണ്ണ നൂലുകൾ.

വർണ്ണനൂലുകൾ-9
നമ്മുടെ ഉറ്റസുഹൃത്തുക്കൾ നമ്മുടെ സ്വഭാവരൂപീകരണത്തിൽ ഒട്ടേറെ പങ്കു വഹിയ്ക്കുന്നുവെന്നു കാണാം. പുതിയതലമുറയെക്കുറിച്ചു പറയുകയാണെങ്കിൽ ഇതു വളരെയേറെ ശരിയാണു. അവർ എല്ലാ കാര്യത്തിലും കൂട്ടുകാരുടെ അഭിപ്രായത്തിനേ വില കൊടുക്കുകയുള്ളൂ. നല്ലതായാലും ചീത്തയായാലും പലതും പഠിയ്ക്കുന്നതും ഇങ്ങനെ തന്നെ.പീർ ഗ്രൂപ് സമ്മർദ്ദം പല പ്രശ്നങ്ങൾക്കും വഴിയാകാറുണ്ടു. മാതാപിതാക്കളുടെ ചിന്താഗതികളെ എന്നും പഴഞ്ചനായേ അവർക്കു കാണാനാകൂ എന്നതാണു കാര്യം.
ഒരു ഉറ്റ കൂട്ടുകാരിയുടെ അമ്മയെക്കുറിച്ചു ഓർമ്മ വന്നു.    പോസിറ്റീവ് ആയി മാത്രം ചിന്തിയ്ക്കാനറിയാവുന്ന സ്ത്രീ. ഓർമ്മ വച്ച നാൾ മുതൽ കാണുന്നതാണു. മാമി എന്നു വിളിയ്ക്കാം. ഭർത്താവു മുബെയിലോ മറ്റോ ആണു. മൂന്നുകുട്ടികളും ഭർത്താവിന്റെ അമ്മയുമടങ്ങുന്ന  കുടുംബത്തെ ഭർത്താവയച്ചു കൊടുക്കുന്ന പണം കൊണ്ടു സുഖമായി നോക്കുന്നു. പെൺകുട്ടികൾ രണ്ടുപേരും എന്റെ കൂട്ടുകാരായതിനാൽ ഞാൻ അവരുടെ വീട്ടിൽ നിത്യയാണു. എന്തു പലഹാരമുണ്ടാക്കിയാലും എന്റെ പങ്കവിടെ കാണും. സ്കൂളിൽ പോകുന്നതും അമ്പലത്തിൽ പോകുന്നതും മറ്റെന്തു കാര്യത്തിനു പോകുന്നതും ഒന്നിച്ചായിരുന്നു.എന്റെ കുട്ടിക്കാലത്തിന്റെ നല്ലൊരു ഭാഗം രണ്ടു കുടുംബങ്ങളും വളരെ നല്ലൊരു സുഹൃദ്ബന്ധം നിലനിർത്തിയിരുന്നതിനാൽ ഇവരുടെ പലപല ഗുണങ്ങളും എന്നിലേയ്ക്കും പകർന്നിട്ടുണ്ടായിരിയ്ക്കാം.
ഒന്നിനുമുന്നിലും പതറാത്ത ഒരു സ്ത്രീ ആയിരുന്നു മാമി.നല്ല ഒത്ത ആൾ വലുപ്പം. അസാമാന്യമായ തന്റേടം. ആരെയും കേറി സംബോധന ചെയ്യാനോ തനിയ്ക്കു പറയാനുള്ളതു പറയാനോ മടിയില്ല. അവരെത്തുന്നതിനു മുൻപെത്തും അവരുടെ ശബ്ദം. നിഷേധിയ്ക്കാനാവാത്ത ഒരു തരം ആജ്ഞാശക്തി സ്ഫുരിയ്ക്കുന്ന വാക്കുകൾ.പിന്നീടു ഞാൻ വിചാരിയ്ക്കാറുണ്ടു, ഇവരെങ്ങാനും വല്ല അഡ്മിനിസ്റ്റ്രേറ്റീവ് തലത്തിൽ എത്തിയിരുന്നെങ്കിൽ എത്ര നന്നായി ഭരിച്ചേനെ എന്നു. പലപ്പോഴും പല കാര്യങ്ങളിലുംഎനിയ്ക്കും അവരുടെ മക്കൾക്കൊപ്പം ഉപദേശങ്ങൾ കിട്ടുമായിരുന്നു. അതോടൊപ്പം പ്രോത്സാഹിപ്പിയ്ക്കാനുംഅവർ മടിച്ചിരുന്നില്ല.മറ്റൊരു പ്രത്യേകത ഞാൻ കണ്ടിരുന്നതു അവരുടെ പ്രസരിപ്പായിരുന്നു. എന്തുകാര്യത്തിനും ഏതു സമയത്തായാലും അവർ സന്നദ്ധയായിരുന്നു.. സിനിമാകാണാനായാലും, അമ്പലത്തിൽ പോകാനായാലും കഥകളി കാണാനായാലും അസുഖമായി കിടക്കുന്ന ഒരാളെ കാണാനായാലുംഎന്തിനും റെഡി.തന്നാൽ പറ്റാവുന്ന ഏതു സഹായത്തിനും അവർ തയ്യാറായിരുന്നു. ആരെയും സഹായിയ്ക്കുന്നതിനാൽ എല്ലാവർക്കും അവരെ ഇഷ്ടവുമായിരുന്നു. കൊടുക്കുവാൻ തീരെ മടിയില്ല, ഭക്ഷണസാധനമായാലും പണമായാലും. കുട്ടികളെ തനിച്ചാക്കി അത്യാവശ്യമായി മദ്രാസിൽ പോയ  അയൽ വാസിയ്ക്കു ടെൻഷനേ ഇല്ല. അസുഖമായി ഹോസ്പിറ്റലിൽ കിടക്കുന്ന മറ്റൊരു അയൽ വാസിയ്ക്കു  പണത്തെക്കുറിച്ചു വേവലാതി വേണ്ട. അവരെയെല്ലാം സംബന്ധിച്ചിടത്തോലം ഒരു ഗോഡ് മദർ തന്നെയായിരുന്നു മാമി.
പിൽക്കാലത്തു ഭർത്താവു മരിച്ചപ്പോഴും ഭർത്താവിന്റെ അമ്മ മരിച്ചപ്പോഴും അവർ പതറിയില്ല.തന്റെ കർത്തവ്യങ്ങളെല്ലാം അവർ യഥാവിധി യാതൊരു ആവലാതിയും കൂടാതെ ചെയ്തു തീർത്തു. മക്കളെയെല്ലാം വിവാഹം കഴിപ്പിച്ചു. പിന്നീടെന്നോ അവരും നാടുവിട്ടു അവർക്കൊപ്പം താമസമായപ്പോൾ പലരും ദു:ഖിച്ചു.അപ്പോഴേയ്ക്കും ഞാനും ജോലി കിട്ടി നാടു വിട്ടിരുന്നു. വിവാഹശേഷം മുംബെയിലെത്തിയ ഞാൻ അവർ മുംബെയിൽ വന്നതറിഞ്ഞു കാണാനായി പോയിരുന്നു. അന്നാണു ഞാനവരെ അവസാനമായി കണ്ടതു. അപ്പോഴും അൽ‌പ്പം പ്രായം തോന്നിച്ചിരുന്നുവെന്നല്ലാതെ അവരുടെ സ്വതസ്സിദ്ധമായ ഊർജ്ജ്വസ്വലത അവരെ വിട്ടുപിരിഞ്ഞിരുന്നില്ല. ഇന്നും ഓർക്കുന്നു, വീടു ചെറുതാണെന്നും , ഒരുമുറിയും ഹാളുമേ ഉള്ളൂവെന്നും ആവലാതി പറഞ്ഞ എന്നോടു നീ റെയിൽ വേ സ്റ്റേഷനിൽ ഒന്നുമല്ലല്ലോ കിടക്കുന്നതു എന്നായിരുന്നു മറുപടി. ശരിയാണു എന്തിലും പോസിറ്റീവ് മാത്രം കാണാനേ അവർക്കറിയുമായിരുന്നുള്ളൂ. അവരുടെ ഈ മറുപടി എന്റെ ഭർത്താവിനു വളരെ പിടിച്ചു. എന്നെയും അതൊന്നു ഇരുത്തിച്ചിന്തിപ്പിച്ചു. നമ്മേക്കാളും കുറവു സൌഭാഗ്യമുള്ളവരെക്കുറിച്ചു ചിന്തിയ്ക്കാനും  ഇല്ലാത്ത സൌഭാഗ്യത്തെക്കുറിച്ചോർത്തു മാഴ്കാതിരിയ്ക്കാനും അതെന്നെ പഠിപ്പിച്ചു.  അതിന്റെ ഫലമായി മറ്റാരുടെ വളർച്ചയിലും അസൂയാലുവകാതിരിയ്ക്കാനും എനിയ്ക്കായി. സജ്ജനസന്മാർഗ്ഗത്തിന്റെ  ചിലപ്രത്യക്ഷ ഉദാഹരണങ്ങൾ.
ഇതൊക്കെ മനസ്സിലാക്കാൻ ഇത്രകാലമെടുത്തെങ്കിലും ഇപ്പോൾ നന്നായി മനസ്സിലാക്കാനാകുന്നു. നന്ദി മാമീ നന്ദി. ആ ഊർജ്ജസ്വലതയ്ക്കുമുന്നിൽ, നല്ല മനസ്സിനു മുൻപിൽ പ്രണമിയ്ക്കുന്നു.  എന്തിനേയും പോസിറ്റീവ് ആ‍യി കാണാൻ പഠിപ്പിച്ചു തന്നതിനു നന്ദി.  ആ സേവനസന്നദ്ധതയും പ്രസരിപ്പും ഇന്നും എനിയ്ക്കൊരു കടംകഥതന്നെ. ഓർമ്മകളിൽ ഒരു മിന്നൽ‌പ്പിണരായെങ്കിലും വന്നു പോയതിനും നന്ദി

Leave a Reply

Your email address will not be published. Required fields are marked *