വർണ്ണനൂലുകൾ-10 (ഓണം സ്പെഷ്യൽ)

Posted by & filed under വർണ്ണ നൂലുകൾ.

വർണ്ണനൂലുകൾ-10 (ഓണം സ്പെഷ്യൽ)
ഓർമ്മയിൽ എന്നും മങ്ങാതെ നിൽക്കുന്ന ചില ദിനങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകുമല്ലോ? പിറന്നാളുകളും വിവാഹവും ജനനവുമൊക്കെപ്പോലെത്തന്നെ കുട്ടിക്കാലത്തെ ഓണം, വിഷു തുടങ്ങിയ വിശേഷദിവസങ്ങളും ഇന്നു തിരിഞ്ഞു നോക്കുമ്പോൾ വർണ്ണശബളിമയാർന്നതായി നമുക്കു തോന്നുന്നു. ഓണം അന്നും ഇന്നും മനസ്സിൽ ആഹ്ലാദം നിറയ്ക്കുന്നില്ലെന്നല്ല., പക്ഷേ  ഒരൽ‌പ്പം നഷ്ടബോധത്തിന്റെ വേദന പുരണ്ട ഈ തിരിഞ്ഞു നോട്ടത്തിൽ  നാം കണ്ടെത്തുന്ന വർണ്ണ നൂലുകൾ നമ്മുടെ മനസ്സിനെ സന്തോഷത്തിന്റെ മറ്റൊരു തലത്തിലേയ്ക്കുയർത്തിയെന്നു വരാം.
ഓണക്കോടിയെടുക്കലും തുന്നാൻ കൊടുക്കലും എന്നും ഹൃദ്യമായ ഓർമ്മതന്നെ. അച്ഛന്റെ പിന്നാലെ നടക്കും അതിനായി. സ്വയം തിരഞ്ഞെടുത്താലേ തൃപ്തിയാവൂ. അച്ഛനതറിയാം താനും. പിന്നെ തുന്നിക്കിട്ടില്ലേ ഓണമാകുമ്പോഴേയ്ക്കെന്ന പേടിയാണു. ശാരദ എന്ന കൂട്ടുകാരിയെ ഓർമ്മ വരുന്നു. എന്നും ശാരദയുടെ ചേച്ചി എന്റെ ഡ്രെസ്സ് കഴിയുന്നത്ര വേഗം തുന്നിത്തരാറുണ്ടു , പറഞ്ഞ ഫാഷനിൽ തന്നെ. പുതുവസ്ത്രത്തിന്റെ മണം എന്നും ഹരം പിടിപ്പിയ്ക്കുന്നതാണു. ഇന്നും അതോർമ്മയിൽ വരുന്നു, ഓണത്തെക്കുറിച്ചോർക്കുമ്പോഴെല്ലാം.ഓണമെത്താനായി തിടുക്കമാവും, പുതിയ ഉടുപ്പു ഇടാനായി.ഒരു വക ആകാക്ഷകളും മനസ്സിലില്ലാതെ ഓണത്തുമ്പികളെപ്പോലെത്തന്നെ പാറി നടക്കുന്ന കാലം.
ഓണത്തിന്റെ ശരിയായ സന്തോഷം അത്തമെത്തിയാലായി. പൂക്കളം, മാവേലിയെ ഉണ്ടാക്കൽ ഒക്കെ രസകരമായ അനുഭവങ്ങളാണു. മുതിർന്നവർ മണ്ണുകൊണ്ടൂ മഹാബലിയെ ഉണ്ടാക്കി മിനുക്കുന്ന സമയം ബാക്കി വരുന്ന മണ്ണെടുത്തു സ്വയം കൊച്ചു മാബലിമാരെ ഉണ്ടാക്കാറുണ്ടു. അരിമാവു കൊണ്ടു അണിഞ്ഞു നിറുകയിൽ മുക്കുറ്റിയും തുമ്പയും കിരീടമായി വെച്ച ഓണത്തപ്പൻ ഇന്ന് മനസ്സിൽ മാത്രം. അതോടൊപ്പം തന്നെ മണ്മറഞ്ഞു പോയ മുതിർന്നവരും. പൂക്കളത്തിനായുള്ള പൂവു തേടിയുള്ള യാത്രകൾ ഒരിയ്ക്കലും മറക്കാനാവില്ല.ഒറ്റയ്ക്കും കൂട്ടായും പാട്ടു പാടിയും ഒളിച്ചും ശേഖരിയ്ക്കുന്നപൂക്കൾ രാത്രി ഇലകളിൽ വെള്ളം തളിച്ചു അടച്ചു വെയ്ക്കും. രാവിലെ കളം മെഴുകി പൂക്കളൊക്കെ പുറത്തെടുത്താൽ പിന്നെ ഡിസൈൻ ഉണ്ടാക്കലാണു ആദ്യം. പിന്നീടാണു പൂക്കൾ നിറവും തരവുമനുസരിച്ചൂതിൽ നിരത്തുന്നതു. നല്ല പൂക്കളം നിർമ്മിയ്ക്കുമ്പോൾ ഏറെ അഭിമാനം തോന്നും. കൂട്ടുകാരുടെ പൂക്കളങ്ങളുമായി താരതമ്യം ചെയ്യലാണു  അടുത്തപടി. ശരിയ്ക്കും ഉല്ലാസത്തിന്റെ നല്ല നാളുകളായിരുന്നു അവ. ഊഞ്ഞാൽ കെട്ടലും മത്സരിച്ചു ആടലും തുമ്പിതുള്ളലും കൈകൊട്ടിക്കളിയുമൊക്കെ ഓണക്കാലത്തിന്റെ മാറ്റുകൂട്ടിയിരുന്നു. മേലാകെ പുല്ലുകൊണ്ടു പൊതിഞ്ഞു മുഖമ്മൂടിയുമണിഞ്ഞെത്തുന്ന കുമ്മാട്ടികൾ, നഗരത്തിൽ വിലസുന്ന പുലിവേഷക്കാർ ഒക്കെ ഓണക്കാലത്തെ ഹൃദ്യമാക്കിയിരുന്നു .ഓർക്കാൻ തന്നെ എന്തു രസം!.
ഓണക്കാഴ്ച്ചയുമായെത്തുന്നവർ കൌതുകമുണർത്തിയിരുന്നു. ഓണസ്സാമാനങ്ങൾ അവർക്കെല്ലാം കൊടുക്കുന്നതു എനിയ്ക്കേറെയിഷ്ടമായിരുന്നു. പ്രത്യേകമായി തരുന്ന മടിശ്ശീല, കൊച്ചു കുട്ടിക്കലങ്ങൾ എന്നിവ കുട്ടികളെ എത്രമാത്രം സന്തോഷിപ്പിച്ചിരുന്നെന്നോ? അടുക്കളയിൽ നിന്നുയരുന്ന ഹൃദ്യമായ ഗന്ധങ്ങൾ ഓണമിങ്ങെത്തിയെന്നു ഉറക്കെ വിളിച്ചു പറയുന്നവിധമായിരുന്നു.
പുതുവസ്ത്രമിടുക മാത്രമല്ല, കൈ നിറയെ പുതിയ വള വാങ്ങിയിടാനും ഓണക്കാലത്തിനെ കാത്തിരിയ്ക്കാറുണ്ടു. ഇന്നും ഒന്നു കണ്ണടച്ചാൽ നാട്ടിലെ കടകളും വളകളും കടക്കാരുമൊക്കെ മനസ്സിൽ തെളിഞ്ഞു വരുന്നു. സ്കൂൾ ഒഴിവുകാലം, ഓണം , കളികൾ, പുതിയവസ്ത്രം ഒക്കെക്കൂടി ശരിയ്ക്കും കുട്ടിക്കാലത്തു ഏറ്റവുമേരെ ആഹ്ലാദിയ്ക്കുന്ന സമയമായിരുന്നു അതു. സ്കൂൾ തുറന്നാൽ സങ്കടമാണു പിന്നെ.
കൃത്രിമത്വത്തിന്റെ   ലാഞ്ച്ഛന തെല്ലുമേശാത്ത സാധാരണ മലയാളിയുടെ സന്തോഷപ്രകടനം മാത്രമായിരുന്നു പണ്ടത്തെ ഓണം. വിളവെടുപ്പു കഴിഞ്ഞ, പുറംപണികൾ അധികം  ഒന്നുമില്ലാത്ത സമയത്തെ  സന്തോഷിയ്ക്കാനും അതു മറ്റുള്ളവരിലേയ്ക്കു പകർന്നുകൊടുക്കാനുമായി വിനിയോഗിച്ചിരുന്നതായിരിയ്ക്കാം. പഞ്ഞക്കർക്കിടകം കഴിഞ്ഞു വിളവെടുപ്പിന്റെ പൊലിയിൽ ദാരിദ്ര്യവും അകന്നു നിൽക്കുന്ന കാലം. മാവേലിമന്നന്റെ അപദാനങ്ങൾ പാടി ഒരുമയുടെ സംഗീതവും സന്തുഷ്ടിയും അലയടിയ്ക്കുന്ന ആനാളുകൾ ഇന്നു ഓർമ്മയിലെ വർണ്ണനൂലുകൾ മാത്രം.  ഇന്നത്തെ ആഘോഷത്തിൽ കൃത്രിമത്വവും പ്രദർശനതത്പരതയും മാത്രം. ഓർമ്മയിലെങ്കിലും യഥാർത്ഥസങ്കൽ‌പ്പങ്ങളെ താലോലിയ്ക്കാനാവുന്നതിൽ സന്തോഷം തോന്നുന്നു എന്നു മാത്രം.
എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!!

Leave a Reply

Your email address will not be published. Required fields are marked *