മുംബൈ കണ്ട നവരാത്രി

Posted by & filed under മുംബൈ ജാലകം.

മുംബൈ കണ്ട  നവരാത്രി

 http://onlybombay.blogspot.com/2007/10/navratri-in-mumbai.html

നവരാത്രിയുടെ തിരക്കിലായിരുന്നു, ഞാന്‍. അതാ ഇവിടെ പതിവുപോലെയെത്താന്‍ ഇത്തിരി വൈകിയതു, കേട്ടൊ. പിന്നെ വരുമ്പോള്‍ നിങ്ങള്‍ക്കൊക്കെ പറഞ്ഞു തരികയും വേണമല്ലോ, മുംബൈയിലെ നവരാത്രി ആഘോഷങ്ങളെക്കുറിച്ചു. എല്ലാം മറന്നു മുംബെയ്നിവാസികള്‍ പാടി ആടി നൃത്തഗാനങ്ങളിലലിഞ്ഞു മുഴുകുന്ന ദിനങ്ങളെക്കുറിച്ചു. എന്താണു നവരാത്രിയെന്നും അതിന്റെ പ്രസക്തിയെന്തെന്നുമൊക്കെ.

 

  കന്നി മാസത്തിലെ വെളുത്തപക്ഷത്തിലെ പ്രതിപദം മുതല്‍ നവമി വരെ ഒമ്പതു ദിവസങ്ങളാണു നവരാത്രി…ഒമ്പതു രാത്രങ്ങള്‍, അജ്ഞതയുടെ തമസ്സിനെ മനസ്സില്‍ നിന്നും ദൂരീകരിയ്ക്കാനായി ശക്തിയുടെ മൂര്‍ത്തീമദ്ഭാവമായ പ്രകൃതിയെ സന്തോഷിപ്പിച്ചു ആരാധിയ്ക്കുന്ന ഒമ്പതു നാളുകള്‍. ആദ്യത്തെ മൂന്നു ദിവസങ്ങളില്‍ കര്‍മ്മത്തിന്റെയും ഓജസ്സിന്റേയും പ്രതിരൂപിണിയായ പാര്‍വതിയേയും, പിന്നീടുള്ള മൂന്നു ദിവസങ്ങളില്‍ ഐശ്വര്യത്തിന്റെയും സമ്പത്തിന്റേയും പ്രതിനിധിയായ ലക്ഷ്മീദേവിയേയും അവസാനത്തെ മൂന്നുനാളുകളില്‍ വിദ്യയുടെയും അറിവിന്റേയും നാഥയായ സരസ്വതിയേയുമാണു ആരാധിയ്ക്കുന്നതു. ഇവര്‍ മൂന്നുപേരും ചേര്‍ന്ന രൂപമാണു പ്രകൃതി അഥവാ ശക്തി. ശക്തിയുടെ 9 ഭാവങ്ങളുടെ ദേവിമാരായ ഭദ്രകാളി, അംബ, അന്നപൂര്‍ണ്ണ, സര്‍വമംഗള, ഭൈരവി, ചണ്ഡിക, ലളിത, ഭവാനി, മൂകാംബിക എന്നീ രൂപങ്ങളില്‍ ഓരോരോ ദിവസങ്ങളിലായി ആരാധിയ്ക്കുന്നവരുമുണ്ടു. ശക്തിസ്വരൂപിണിയാണു ദുര്‍ഗ്ഗയെങ്കില്‍ , പ്രാണസ്വരൂപിണിയാണു ലക്ഷ്മി, സരസ്വതി വാഗ് ദേവതയും. ഈ ദിവസങ്ങളില്‍ മൂന്നുപേരും ആരാധിയ്ക്കപ്പെടുന്നു.

 

  http://onlybombay.blogspot.com/2007/10/mumbai-bargirls-and-navratri.html മുംബൈ എന്ന മഹാനഗരം ഗുജരാത്തിലെ ഗര്‍ബയും ദാണ്ട്യരാസും, ഉത്തരേന്ത്യയിലെ രാമലീലയും, കര്‍ണ്ണാടകയിലെ ദസറയും, ബംഗാളിലെ ദുര്‍ഗ്ഗാപൂജയും മലയാളിയുടെ സരസ്വതീപൂജയും വിദ്യാരംഭവും ഒക്കെ ആഘോഷിയ്ക്കുന്നു. പക്ഷേ മഹാനഗരത്തിനെ മുഖരിതമാക്കുന്നതു ഗര്‍ബയും ദാണ്ട്യാ‍രാസും തന്നെ. ഗുജറാത്തിന്റെ തനതായ നൃത്തശൈലി  മഹാരാഷ്ട്രക്കാര്‍ക്കും  പ്രിയങ്കരം തന്നെ. കളിയ്ക്കുന്നവരില്‍ എല്ലാവരും കാണും. ഹരം പിടിപ്പിയ്ക്കുന്ന പാട്ടും അതിനൊത്ത താളച്ചുവടുകളും മിന്നിത്തിളങ്ങുന്ന മനോഹരമായ വേഷവിധാനങ്ങളും, പങ്കെടുക്കുന്ന യുവതീയുവാക്കളുടെ പ്രസരിപ്പുമൊക്കെ കണ്ടാല്‍ കളിയ്ക്കാനറിയാത്തവര്‍ പോലും അറിയാതെ ചുവടുവച്ചുപോകും. ദേവിയുടെ മനോഹരമായ വിഗ്രഹമോ പടമോ വച്ചു പൂജിച്ചു അതിനു മുന്‍പിലായാണു നൃത്തം ചെയ്യുന്നതു. നഗരത്തിന്റെ വിവിധഭാഗങ്ങളിലായി മുക്കിലും മൂലയിലുമായി ഇത്തരം പൂജപ്പന്തലുകള്‍ ഉയരുന്നു. പ്രത്യേകമായി ലൈറ്റും, പാട്ടും കൊട്ടും ഒക്കെക്കാണും. വളരെ വിപുലമായ രീതിയില്‍ ടിക്കറ്റുവെച്ചു പ്രവേശനം നടത്തുന്ന സ്ഥലങ്ങളില്‍ പാടാനായി വളരെ പ്രസിദ്ധരായ പാട്ടുകാര്‍ വരുന്നു. ബോളിവുഡ്ഡിലെ പാട്ടുകാരെക്കൂടാതെ ഗര്‍ബ പാടാന്‍ മാത്രം പ്രത്യേകം പേരുകേട്ട ഫാല്‍ഗുനി പഥക്, പിങ്കി-പ്രീതി എന്നിവരെയൊക്കെയാണു എറ്റവും പ്രധാനമായ രംഗങ്ങളിലെത്തുന്നതു. കൊട്ടിന്റെയും പാട്ടിന്റെയും താളത്തിനൊത്തുള്ള അതിമനോഹരമായ ചലനമേറിയ നൃത്തശൈലി നമ്മെ മറ്റൊരു മാസ്മരിക ലോകത്തേത്തെത്തിയ്ക്കുന്നു. ഒന്നു കൂട്ടത്തില്‍ കൂടിയാലോ എന്നുവരെ തോന്നിപ്പോകു ന്ന നിമിഷങ്ങള്‍. താളാത്മകമായ പാട്ടിനൊത്തുള്ള പരമ്പരാഗത ശൈലിയിലെ ചുവടുകള്‍ വെച്ചുള്ള നൃത്തത്തിനു കൊടുക്കുന്നതിനുമൊപ്പം  പ്രാധാന്യം വേഷവിധാനത്തിനുമുണ്ടു.  നിറങ്ങളുടെയും അലങ്കാരങ്ങളുടെയും ഒര്‍ വര്‍ണ്ണപ്രപഞ്ചമാണിവിടെ സൃഷ്ടിയ്ക്കപ്പെടുന്നതു. മാസങ്ങള്‍ക്കുമുന്‍പുതന്നെ വേഷവിധാനങ്ങളും തയ്യാറാക്കി നര്‍ത്തകര്‍ കാത്തിരിയ്ക്കുമെങ്കില്‍  പാട്ടുകാരും, കൊട്ടുകാരും എല്ലാം തയ്യാറെടുപ്പില്‍ തന്നെ. പാട്ടിനൊത്തുള്ള ദൃതതാളചലനങ്ങള്‍ക്കും ദിവസങ്ങളോളം റിഹേര്‍സല്‍ വേണ്ടി വരുന്നു .നൃത്തസ്നേഹികളുടെ ഏറ്റവും പ്രിയങ്കരമായ ദിനങ്ങളാണിവ.

 

 ഹൌസിങ് സൊസൈറ്റികളിലെ കോമ്പൌണ്ടുകളും , മൈതാനങ്ങളുമെല്ലാം ഇത്തരം പൂജകള്‍ക്കും നൃത്തവേദികള്‍ക്കുമായി ഇവിടെ ഉപയോഗപ്പെടുത്തുന്നു. പല സ്ഥലങ്ങളിലും, ഏറ്റവും നല്ല നര്‍ത്തകര്‍ക്കും, വേഷത്തിനും സമ്മാനങ്ങള്‍ കൊടുക്കുക പതിവുണ്ടു. പരമ്പരാഗതമായ രീതിയും ചുവടും താളവും നിലനിര്‍ത്താനുള്ള ശ്രമം കണ്ടുവരുന്നു.പഴയ രീതിയിലെ ദാണ്ടിയ (കോല്‍) ഉപയോഗിച്ചുള്ള കളി സ്ഥലപരിമിതിയും അപകടസാദ്ധ്യതയും പരിഗണിച്ചു കുറഞ്ഞിട്ടുണ്ടെങ്കിലും പുതിയ ചുവടുകളും ശൈലികളും ഓരോ വര്‍ഷവും  ഉണ്ടായി വരുന്നുണ്ടു. തിക്കും തിരക്കും മറ്റു അപകടസാധ്യതകളും പരിഗണിച്ചു ഈ വര്‍ഷം പ്രമുഖര്‍ പങ്കെടുക്കുന്ന ഒരു നൃത്തവേദി ഒന്നരക്കോടി രൂപ്യ്ക്കാണു ഇന്‍ഷുര്‍ ചെയ്തിരുന്നതു. മുംബൈ ഒന്നടങ്കം ഈ ദിവസങ്ങള്‍ക്കായി കാത്തിരിയ്ക്കുന്നു. എല്ലാം മറന്നു ഒന്നാടിത്തിമര്‍ക്കാന്‍, കൂട്ടത്തില്‍ കര്‍മ്മരംഗത്തു വിളങ്ങാനും, സമ്പത്തു വര്‍ദ്ധിയ്ക്കാനും, വിദ്യനേടാനുമായി ദേവിയുടെ  അനുഗ്രഹം നേടാനും.

2 Responses to “മുംബൈ കണ്ട നവരാത്രി”

  1. ശ്രീ

    ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടതിനു നന്ദി.
    🙂

  2. narikkunnan

    നന്ദി. മുംബൈ വിശേഷങ്ങൾ ഇനിയും കുറിക്കൂ..

Leave a Reply

Your email address will not be published. Required fields are marked *