വർണ്ണനൂലുകൾ-11(രക്ഷാബന്ധൻ/ഫ്രൻഡ്ഷിപ് ഡേ സ്പെഷ്യൽ)

Posted by & filed under വർണ്ണ നൂലുകൾ.

വർണ്ണനൂലുകൾ-11(രക്ഷാബന്ധൻ/ഫ്രൻഡ്ഷിപ് ഡേ സ്പെഷ്യൽ)
ചിലപ്പോഴൊക്കെ തോന്നും പലതും വിധി നമുക്കായി കരുതി വച്ചവ തന്നെയെന്നു . മുജ്ജന്മബന്ധങ്ങളിൽ വിശ്വാസം കൂടാനുമിവ കാരണമാകുന്നു. ആകസ്മികമായി പരിചയപ്പെട്ടവർ യാതൊരു കാരണവും കൂടാതെങ്ങിനെ ആത്മമിത്രങ്ങളായി മാറുന്നു? ഒരു പരിധി വരെയൊക്കെ നമുക്കു പറയാനാകും സ്വഭാവങ്ങളിലെ ഒരുമയോ അല്ലെങ്കിൽ സാഹചര്യമോ ഒക്കെയാകാം അതിനു കാരണമെന്നു. പക്ഷേ അതിനുമെത്രയോ അപ്പുറം പടർന്നു പന്തലിച്ച ഒരു സുഹൃദ്ബന്ധത്തിന്റെ മനോഹാരിത നിങ്ങളെ അത്ഭുതപ്പെടുത്തിയേയ്ക്കാം. ഈ വർണ്ണനൂലുകളുടെ തിളക്കം ദിനം പ്രതി കൂടിക്കൊണ്ടേയിരിയ്ക്കുന്നു.
എന്റെ കോളെജ് ജീവിതത്തിനിടയിൽ സമ്പാദിയ്ക്കാൻ കഴിഞ്ഞ കൂട്ടുകാരിയെക്കുറിച്ചാണു ഇന്നു പറയുന്നതു. 3 വർഷം കലാലയത്തിലെ എന്റെ എല്ലാവിധ കുസൃതിത്തരങ്ങൾക്കും കൂട്ടു നിന്ന 5 സുഹൃത്തുക്കളിൽ ഒരാൾ. ഇരിയ്ക്കുന്നതും നടക്കുന്നതും, ഭക്ഷണം കഴിയ്ക്കുന്നതും, ക്ലാസ് കട്ട് ചെയ്തു സിനിമയ്ക്കു പോകുന്നതായാലും ഒന്നിച്ചു. ‘ദ ഫൈവ്‘  എന്ന ഞങ്ങളുടെ ഗ്രൂപ്, ഇലക്ഷനും സമരവും പഠനവുമൊക്കെയായി നീണ്ട മൂന്നു വർഷങ്ങൾ അടുത്ത സുഹൃത്തക്കളായി ചിലവഴിച്ചു. ഒരാൾ വിവാഹിതയായി മുംബെയിലെത്തി., ഒരാൾ മുംബൈയിലെത്തി പിന്നീടു വിവാഹിതയായി, ഒരാൾ ദെൽഹിയിൽ, പിന്നീടു വിവാഹിതയായി ബാംഗളൂരിൽ, ഒരാൾക്കു നാട്ടിൽ ജോലി കിട്ടി, വിവാഹിതയായി , എനിയ്ക്കു ബാംഗളൂരിലും ജോലിയായി പിന്നീടു വിവാഹം കഴിഞ്ഞു മുംബെയിലുമെത്തി.
മുംബേയിലെത്തി വിവാഹം കഴിഞ്ഞു ഇവിടെത്തന്നെ സെറ്റിൽ ആയ എന്റെ കൂട്ടുകാരിയുടെ ഒന്നാം വാർഷികത്തിൽ ഞാനും വിവാഹിതയായി. വന്നതോ, മുംബെയിലേയ്ക്കു തന്നെ. വിവാഹവാർഷികത്തിൽ പരസ്പ്പരം ഇനി വിഷ് ചെയ്യാം. മുംബെയിലായതിനാൽ വിവാഹവാർഷികം ഒന്നിച്ചു ആഘോഷിയ്ക്കാം.( ഇതും ഞങ്ങൾ പലപ്പോഴും ചെയ്തിട്ടുണ്ടു.) ഇതു തുടക്കം മാത്രമാണു, കേട്ടോ. ഇനിയങ്ങോട്ടല്ലേ രസം വരുന്നതു.  രണ്ടുപേർക്കും ആദ്യത്തെ ആൺകുട്ടിയാണു. ഏതാണ്ട് ഒരേ  പ്രായം.ഒരേ പേരും. അറിഞ്ഞുകൊണ്ടു  ഇട്ടതല്ല. കൂട്ടുകാരിയുടേ മകന്റെ ചോറൂണിനെത്തിയപ്പോഴാണു പരസ്പ്പരം ഇക്കാര്യം അറിയാനിടവന്നതു. നല്ല കൂട്ടുകാർ തന്നെ, എല്ലാവരും പറയുന്നതു കേട്ടു. കഴിഞ്ഞില്ല. രണ്ടാമത്തെ കുട്ടികളും ഏതാണ്ട് സമപ്രായം. എനിയ്ക്കു ആൺകുട്ടിയും കൂട്ടുകാരിയ്ക്കു പെൺകുട്ടിയും. അതിനാൽ ഇത്തവണ ഒരേ പേർ എന്ന പ്രശ്നമേ വരുന്നില്ല. കൂട്ടുകാരിയുടെ വീട്ടുകാരിൽ  പലരിൽ നിന്നും മകൾക്കുള്ള പേരിനു സജഷൻ വന്നതിനാൽ അവർ പേരുകൾ എല്ലാം എഴുതി അവയിൽ നിന്നും 10 എണ്ണം തിരഞ്ഞെടുത്തു. അവസാനം അതിൽ നിന്നും വീണ്ടു രണ്ടെണ്ണം നറുക്കിട്ടെടുത്തു. അതിൽ നിന്നു വീണ്ടും അവസാന നറുക്കും ഇട്ടു. അത്ഭുതപ്പെട്ടു പോകും നിങ്ങളൊരു പക്ഷേ അതിന്റെ അവസാനമറിഞ്ഞാൽ. നറുക്കിട്ടു കിട്ടിയ രണ്ടു പേരുകൾ ഒന്നു എന്റെയും ഒന്ന് എന്റെ അനുജത്തിയുടെയും. അവസാനം മകൾക്കു നറുക്കെടുത്തു കിട്ടിയത് എന്റെ പേരും.
ഇനിയും ഒരുപാടെഴുതാനുണ്ടാകും ഇത്തരം സദൃശതകൾ. ഞങ്ങളുടെ പിറന്നാളും ഒരേ മാസത്തിൽ വരുന്നു. ചിന്തകളും ഇഷ്ടങ്ങളും തമ്മിൽ ഒട്ടേറെ സമാനതയുണ്ടു. എന്തിനു പറയുന്നു, എന്റെ അമ്മ എന്നെ ഗർഭത്തിലായിരിയ്ക്കുന്ന സമയത്തു എന്റെ കൂട്ടുകാരിയുടെ മുത്തശ്ശനായിരുന്നു അമ്മയുടെ ഡോക്ടർ. അക്ഷേ ബാഹ്യമായോ ആകസ്മികമായോ കാണുന്ന ഇത്തരം സമാനതകളായിരുന്നില്ല ഞങ്ങളുടെ സ്നേഹബന്ധത്തിനെ അരക്കിട്ടുറപ്പിച്ചതു. അവ അതിനു തിളക്കം കൂട്ടിയെന്നു മാത്രം. ആത്മാർത്ഥതയും പരസ്പ്പരം എന്തും തുറന്നു പറയാൻ സാധിയ്ക്കുന്ന സ്വാതന്ത്ര്യവും ഞങ്ങൾക്കുണ്ടായിരുന്നു. എവിടെയിരുന്നാലും പരസ്പ്പരബന്ധം  നിലനിർത്താനും വിവരങ്ങളറിയാനും സമയം കണ്ടെത്തിയിരുന്നു. ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളേയും സങ്കടങ്ങളേയും അറിയിയ്ക്കാനും പങ്കിടാനും തയ്യാറായിരുന്നു. ഒരു പക്ഷേ ഇതിന്റെ മുഴുവൻ ക്രെഡിറ്റും എന്റെ കൂട്ടുകാരിയ്ക്കു നൽകുന്നതിൽ എനിയ്ക്കു സന്തോഷമേയുള്ളൂ. കാരണം ഒരു  എന്റെ കൂട്ടുകാരിയെ അപേക്ഷിച്ചു ഞാൻ ഒട്ടും ഓർഗനൈസ്ഡ് അല്ല എന്നതു തന്നെ. ഇപ്പോഴും ഓർമ്മ വരുന്നു, മുംബൈ വിട്ടു കൽക്കത്തയിൽ കഴിഞ്ഞ രണ്ടു വർഷക്കാലം പലപ്പോഴും മടി കാരണം എന്റെ സുഹൃത്തിന്റെ കത്തുകൾക്കു മറുപടിയെഴുതാതിരിയ്ക്കുന്നതിനു എന്റെ ഭർത്താവു എന്നെ കുറ്റപ്പെടുത്താറുള്ളതു. പലപ്പോഴും 3 കത്തുകൾ കിട്ടിയ ശേഷമാകും മറുപടി. അവരൊക്കെ  പറയാറുള്ള വാക്കുകൾ ഞാൻ ഓർക്കുന്ന: ‘യൂ ആർ ബ്ലെസ്സ്ഡ് ടു ഗെറ്റ് എ ഫ്രൻഡ് ലൈക് ഹേർ”
കോളേജിൽ പഠിയ്ക്കുന്ന സമയം ഞാനെഴുതിയിരുന്ന കവിതകളും ലേഖനങ്ങളുമെല്ലാം വായിച്ചിട്ടുള്ളതിനാൽ എന്നെ എഴുതുന്നതിൽ  എന്നും പ്രോത്സാഹിപ്പിയ്ക്കാൻ എന്റെ സുഹൃത്ത് സമയം കണ്ടെത്തിയിരുന്നു. പലപ്പോഴായി എഴുതിയിരുന്ന  കത്തുകളിലെ സാഹിത്യം ഇഷ്ടപ്പെട്ടു അവയെല്ലാം ശേഖരിച്ചു വച്ചിരുന്നു. കഴിഞ്ഞ രണ്ടു മൂന്നു വർഷമായി ഞാൻ എഴുതിയവയെല്ലാം തന്നെ വായിയ്ക്കുകയും അഭിപ്രായം രേഖപ്പെടുത്തുകയും പ്രോത്സാഹിപ്പിയ്ക്കുകയും ചെയ്തിട്ടുണ്ടു. ഇന്നും ചെയ്തു വരുന്നു. എന്റെ സുഹൃത്തിന്റെ മറ്റൊരു  ശ്രദ്ധേയമായ ഗുണം ആർക്കും എന്തും കൊടുക്കുവാനുള്ള സന്മനസ്സാണ്.  ഇതു അവരെ എത്ര മാത്രം സന്തോഷിപ്പിയ്ക്കുന്നുവെന്നതു  പലപ്പോഴായി ഞാൻ അനുഭവിച്ചുമറിഞ്ഞിട്ടുണ്ട്. ഞങ്ങളുടെ രണ്ടു പേരുടെയും കുടുംബങ്ങൾ കഴിഞ്ഞ 29 വർഷക്കാലമായി വളരെ അടുപ്പത്തിലാണെങ്കിലും അവ കുട്ടികളുടെ മേൽ ഒരിയ്ക്കലും ഞങ്ങൾ അടിച്ചേൽ‌പ്പിച്ചിട്ടില്ല. അവരുടെ വളർച്ചയുടെ ഏതോഘട്ടത്തിൽ ഈ സ്നേഹബന്ധത്തിന്റെ ആഴത്തെ അവർ മനസ്സിലാക്കുകയും അതിനെ പൂർണ്ണമായും ഉൾക്കൊള്ളുകയും ചെയ്തുവെന്നതാണു സത്യം.രണ്ടു പേരുടെയും ഭർത്താക്കന്മാർക്കും അതിനു കഴിഞ്ഞിട്ടുണ്ടു.
ഇതിവിടെയെഴുതാൻ കാരണം രക്ഷാബന്ധൻ ദിനത്തിനു തലേന്നാൾ കൂട്ടുകാരിയുടെ മകൾ രാവിലെ  രാഖി കെട്ടാനായി എത്തുമെന്നു എന്റെ മക്കൾക്കയച്ച സന്ദേശമാണു.മൂത്തമകൻ ഓണം പ്രമാണിച്ചു ദെൽഹിയിൽ നിന്നും വന്ന സമയം . രാഖി മറക്കാതെ ദെൽഹിയിലേയ്ക്കു അയച്ചിരുന്നതു കൂടാതെ അന്നു രാവിലെ ഓഫീസിൽ പോകുന്നതിനു മുൻപായി വന്നു രണ്ടു പേരുടെ കയ്യിലും രാഖിയണിച്ചു , തിലകക്കുറി ചാർത്തിയപ്പോൾ എന്റെ മനസ്സു അഭിമാനം കൊണ്ടു. എത്രയൊക്കെ സ്വന്തം കൂട്ടുകാരും ജോലിയുമെല്ലാമായി ജീവിതയാത്രയിൽ പായുന്നവരാണെങ്കിലും വ്യക്തിഗതബന്ധങ്ങൾക്കായി അവർ സമയം കണ്ടെത്തുന്നുണ്ടല്ലോ? മതി, ഞാൻ ധന്യയായി. അഥവാ ഞാനും പറഞ്ഞോട്ടേ, ഇവരൊക്കെ പറയുന്നതു പോലെ..’ആം ബ്ലെസ്സ്ഡ് ടു ഗെറ്റ് എ ഫ്രൻഡ് ലൈക് ഹേർ” . വൈകീട്ടു വെയ്ക്കേണ്ട കൂട്ടാനെക്കുറിച്ചായാലും, നാളെയൊരു വിശേഷാവസരത്തിൽ പങ്കെടുക്കുമ്പോൾ ധരിയ്ക്കേണ്ട സാരിയെക്കുറിച്ചായാലും, മനസ്സിനെ അലട്ടുന്ന പ്രശ്നങ്ങളെക്കുറിച്ചായാലും “ഷീ ഈസ് ജസ്റ്റ് അ ഫോൺ കാൾ എവെ“. ഇവിടെ വർണ്ണനൂലുകളുടെ കാലപ്പഴക്കം അതിനെ ശിഥിലമാക്കുന്നില്ല, മറിച്ച്   ദാർഢ്യം കൂട്ടിക്കൊണ്ടേയിരിയ്ക്കുന്നു. ‘നന്ദിയാരോടു ഞാൻ ചൊല്ലേണ്ടൂ……

Leave a Reply

Your email address will not be published. Required fields are marked *