കണ്ണനെയും കാത്തു….

Posted by & filed under കവിത.

ഇന്നു നീയെത്തുന്നേരമുണ്ണീ ഞാനായീടട്ടേ

നിൻമേനി കരങ്ങളിലേന്തിടും യശോദ താൻ

എന്നിലെ വാത്സല്യത്തിൻഭാവവും പുനർജ്ജനി-

ച്ചെന്നിൽ ഞാൻ നിന്നെത്തന്നെക്കാണുവാൻ ശ്രമിയ്ക്കട്ടേ

നാളെ നീ വരുന്നേരം വെണ്ണയും തൈരും തരാൻ

ഗോകുല ഗോപാലികയായി ഞാനെത്തിച്ചേരാം

ചോരണം നിനക്കെന്നും മോദത്തെത്തരുമെന്റെ

മാനസമതെന്തിനായ് മോഷ്ടിപ്പൂ , ദയാവായ്പ്പോ?

പകുത്തുതിന്നും നേരമെത്തിടാമൊരു കൊച്ചു-

വെളുത്ത പൂച്ചക്കുട്ടിയായി ഞാൻ മുന്നിൽ കണ്ണാ

പകലിൻ വെട്ടത്തിൽ നീ പകുത്തേകിടും, കൂടെ

സമഭാവത്തിൻ വിത്തു പാകുവാൻ ഞാനെത്തിടാം

കുസൃതിക്കുരുന്നേ നീയുടയ്ക്കും പാത്രങ്ങൾക്കു-

പകരം യശോദ ഞാൻ നൽകിടാം പുതുപാത്രം

അറിയുന്നല്ലോ ദാനം കൊടുക്കാൻ കഴിവുള്ളോ-

രറിഞ്ഞു കൊടുക്കണം, ഭക്തിഭാവത്തിൻ മന്ത്രം.

Janmashtami

രാധയായ് മാറട്ടെ ഞാൻ രാഗലോലുപയായി-

മാധവാ, രാസക്രീഡയ്ക്കണയുമൊരു വേള

മധുരോദാരം ഭക്തിഭാവമീ യനുഭൂതി-

യതുമാത്രമേ വേണ്ടൂ ജീവിതം കഴിയ്ക്കുവാൻ


കരുണാമൂർത്തേ യിഹലോകത്തിൻ സുഖ ചിന്ത-

യവിടുന്നഹോ മാറ്റി, വസ്ത്രചോരണം പോലും

ഒരുവേള നീ ചൂണ്ടിക്കാട്ടി നശ്വരം ദേഹ-

മറിയുന്നല്ലോ ഭക്തിയൊന്നു മാത്രമേ നല്ലൂ

മുകുന്ദാ വനമാലിയാണു നീ യെന്നാൽ‌പ്പോലും

സമസ്തലോകത്തിന്നും തുണയാ, ണെത്തൂ വേഗം

അധർമ്മം വിതച്ചിടുമസുരർ നിറയുന്നു

കലികാലത്തിൻ ഖഡ്ഗിയെത്തിടാൻ സമയമായ്.

Leave a Reply

Your email address will not be published. Required fields are marked *