വർണ്ണനൂലുകൾ-12

Posted by & filed under വർണ്ണ നൂലുകൾ.

യാത്രകൾ ആസ്വാദ്യകരമാകണമെങ്കിൽ സഹയാത്രികരുടെ നല്ല പെരുമാറ്റവും നമ്മുടെ സാമാന്യ മര്യാദയും മാത്രം മതിയെന്നു പലപ്പോഴും അനുഭവങ്ങൾ കാണിച്ചു തന്നിട്ടുണ്ട്. യാത്രകളെ ഭാരമാ‍യിക്കാണാതെ സഹയാത്രികർക്കായി അൽപ്പം വിട്ടുവീഴ്ച്ച യ്ക്കു തയ്യാറായി ഓരോ നിമിഷത്തിനെയും സ്വാഗതം ചെയ്യാനൊന്നു ശ്രമിച്ചു നോക്കൂ. ഒറ്റായ്ക്കാണെങ്കിൽക്കൂടി ഏകാന്തത അനുഭവപ്പെടില്ല. യാത്രയുടെ ദൈർഘ്യം തന്നെ അറിയില്ല. മറിച്ചാണെങ്കിലോ, പറയാതിരിയ്ക്കുകയാവും ഭേദം എന്നറിയാമല്ലോ?പിന്നെ പുസ്തകപ്പുഴുവായി ഒതുങ്ങിക്കൂടേണ്ടിവരും, യാത്ര കഴിയുവോളം.
നേത്രാവതി എക്സ്പ്രസ്സിൽ മുംബെയിൽ നിന്നു പലപ്പോഴും ഒറ്റയ്ക്കും അല്ലാതെയുമായി നാട്ടിലേയ്ക്കും തിരിച്ചുമുള്ള പതിവു യാത്രകൾ എന്നും എനിയ്ക്കു ഹൃദ്യമായിരുന്നു. ട്രെയിനിൽ കയറിയാൽ പിന്നെ മറ്റൊരു ലോകമാണു. പിന്നെയുള്ള 24 മണിക്കൂർ കടന്നു പോകുന്നതിനിടയിൽ ഒരു പാടുമുഖങ്ങൾ പരിചിതങ്ങളായി മാറുന്നു. കൂട്ടത്തിൽ കുട്ടികളുമുണ്ടെങ്കിൽ ഒരൽ‌പ്പം വാത്സല്യ പ്രകടനവും ഉണ്ടാവും. ഒപ്പം പല ഉപദേശങ്ങളും കേൾക്കാം . മറ്റേതോ ലോകത്തായിരിയ്ക്കും കുറെ നേരത്തേയ്ക്കു . ഇറങ്ങിപ്പോകുമ്പോഴൊരു നഷ്ടബോധവും പലപ്പോഴും അനുഭവപ്പെടാറുണ്ടു .വണ്ടിയിൽകയറുന്ന സമയത്തു പ്രത്യേകിച്ചും ഏ.സിയിൽ നമ്മുടെ തൊട്ടുമുന്നിലും അടുത്തും ഇരിയ്ക്കുന്നവർ അണിയുന്ന ഗൌരവത്തിന്റെ മുഖം മൂടി പലപ്പോഴും അവരറിയാതെ തന്നെ ഊർന്നു വീഴുന്നതു കാണുമ്പോൾ ചിരി വരാറുണ്ടു. യാത്രയ്ക്കിടയിൽ ജാഗരൂകരാകണമെന്ന വിചാരമാകാം കാരണം. അടുപ്പം നടിച്ചു കൂടി പലപ്പോഴും പറ്റിച്ചു കടന്നു കളയുന്നവരുടെ കഥകൾ പലപ്പോഴും നാം പത്രങ്ങളിലും മറ്റും വായിയ്ക്കുന്നതുമാണല്ലോ?.
യാത്രകൾ സമ്മാനിയ്ക്കുന്ന അനുഭവങ്ങൾ വ്യത്യസ്തങ്ങളാകാം. ചിലവ മനസ്സിൽ തങ്ങി നിൽക്കും .മറ്റു ചിലവ വിസ്മൃതിയിലാണ്ടു പോകുന്നു. ചില യാത്രകളിൽ വളരെ രസകരമായ ചർച്ചകളിൽ ഭാഗഭാക്കാകാനിടയായിട്ടുണ്ടു. പലരുടെയും ദു:ഖത്തിൽ സ്വാന്തനമേകാനായിട്ടുണ്ട്. കഴിഞ്ഞ ഒരു യാത്രയിൽ റംസാൻ സമയത്തു ദുബായിൽ നിന്നുംമുംബൈ വഴി വരുന്ന സമയം ഫ്ലൈറ്റിൽ ലഗ്ഗേജ് നഷ്ടപ്പെട്ട ഒരാളുടെ സങ്കടം കാണാനിടയായി . നാട്ടിൽനിന്നും പോയ ശേഷമുള്ള ആദ്യത്തെ വരവ്. വീട്ടിൽ ഉപ്പയുടെ പെട്ടി തുറക്കാനായി കാത്തിരിയ്ക്കുന്ന കുഞ്ഞുങ്ങൾ. ഭാര്യയെ കാര്യം പറഞ്ഞു മനസ്സിലാക്കാം, കുട്ടികളോടെന്തു പറയുമെന്നോർത്തു സങ്കടപ്പെടുന്ന അദ്ദേഹത്തിന്റെ മുഖം ഇപ്പോഴും ഓർമ്മ വരുന്നു.   നിഷ്ക്കളങ്കത തുടിച്ചു നിന്ന ആ മുഖം സഹയാത്രികരെ ഒന്നാകെ തുല്യ ദുഖിതരാക്കിയതു പോലെ. കൂടെയുണ്ടായിരുന്ന മറ്റൊരു സുഹൃത്തിനെ നിർബന്ധിച്ചു രാത്രി ഭക്ഷണം കഴിപ്പിയ്ക്കുന്നതും കണ്ടു. അടുത്ത ദിവസം അറിഞ്ഞു, ആ കൂട്ടുകാരനും കൊടുക്കാനുള്ള നല്ലൊരു തുക കൊടുക്കാതെ ഇദ്ദേഹത്തെ പറ്റിച്ചു ഏതോ സ്റ്റേഷനിൽ ഇറങ്ങിപ്പോയെന്ന്. കൂനിന്മേൽക്കുരു എന്നു പറയുന്നതുപോലായി. തനിയ്ക്കിറങ്ങേണ്ട സ്റ്റേഷനിൽ ഇറങ്ങുന്നതിനു മുൻപായി യാത്ര ചോദിച്ചപ്പോൾ ഫ്ലൈറ്റിൽ നഷ്ടപ്പെട്ട ലഗ്ഗേജ് തിരികെ കിട്ടാനായി പ്രാർത്ഥിയ്ക്കാമെന്നു മാത്രമേ എനിയ്ക്കു പറയാനായുള്ളൂ. അദ്ദേഹം വീട്ടിലെത്തുന്നതിനു ശേഷമുള്ള രംഗമോർത്തു ഏറെ നേരത്തേയ്ക്കു വിഷമം തോന്നി.എനിയ്ക്കു മാത്രമല്ല ഇതേ വികാരമെന്നു കമ്പാർട്ടുമെന്റിലെ സഹയാത്രികരുടെ സംഭാഷണത്തിൽ നിന്നും മനസ്സിലായി. സൌഹൃദം ചതിയ്ക്കപ്പെടുമ്പോഴും എവിടെയൊക്കെയോ സ്നേഹം കൂട്ടിനെത്തുന്നു, സഹയാത്രികരുടെ രൂപത്തിൽ, പുതിയ വർൺന നൂലുകൾ സൃഷ്ടിച്ചുകൊണ്ടു..
മുൻപൊരിയ്ക്കലുണ്ടായ മറ്റൊരനുഭവം അപ്പോൾ മനസ്സിലോടിയെത്തി. തൃശ്ശൂരിൽ നിന്നും നേത്രാവതിയിൽ തിരിച്ചു മുംബയിലേയ്ക്കു വരുന്ന സമയം. എന്റെ ഭർത്താവും കൂടെയുണ്ടു.  തേർഡ് ഏ.സി. യിലാണു.രണ്ടു  സൈഡ് വിൻഡോ സീറ്റ് മാസങ്ങൾക്കു മുൻപേ ബുക്കു ചെയ്തിട്ടിരുന്നതാണു. അതിൽ കിടന്നുറങ്ങുന്ന ദമ്പതികൾ എഴുന്നേൽക്കാൻ വിസമ്മതിച്ചു. അൽ‌പ്പ സ്ഥലം ഇരിയ്ക്കാൻ കിട്ടിയെങ്കിലും ഞങ്ങളുടെ വിൻഡോ സീറ്റ് തരാൻ തയ്യാറായില്ല, അവർ.  എന്തിനു പറയുന്നു,  ഒടുവിൽ വിൻഡൊ സീറ്റ് പിടിച്ചു വാങ്ങേണ്ടി വന്നു. താഴെ മുഴുവനും ലഗ്ഗേജ് നിറഞ്ഞിരിയ്ക്കുന്നു.   രണ്ടു ബാഗേ ഞങ്ങൾക്കുള്ളൂ. അതു വയ്ക്കാൻ പോലും സ്ഥലം തന്നില്ല. പിന്നെ ഉപദേശങ്ങൾ ആയി. ലഗ്ഗേജ് മറ്റെവിടെയെങ്കിലും വച്ചുകൂടേ, എവിടെ ഇരുന്നാലെന്താണു എന്നെല്ലാം പറഞ്ഞു ശബ്ദമുയർത്താൻ തുടങ്ങി. എത്ര നന്നായി പറഞ്ഞാലും ചാടുന്ന തരമാണെന്നു മനസ്സിലായപ്പോൾ ഞങ്ങൾ നിശ്ശബ്ദരായി. പക്ഷേ, ഞങ്ങളുടെ സ്വകാര്യ സംഭാഷണങ്ങളിൽക്കൂടി ഇടപെടാൻ തുടങ്ങിയപ്പോൾ സ്വന്തം കാര്യംനോക്കിയാൽ മതിയെന്നു പറയേണ്ടി വന്നു.എന്തിനു പറയുന്നു, യാത്രയുടനീളം ശത്രുക്കൾ പോലെയവർ പെരുമാറി. ആകപ്പാടെ ഒരു കനത്ത അന്തരീക്ഷം. പക്ഷേ ,ഇറങ്ങാൻ നിൽക്കുന്ന സമയത്തു അവർ സീറ്റിൽ മറന്നു വെച്ച പഴ്സ് ഞാൻ കൊണ്ടു ചെന്നു കയ്യിൽ കൊടുത്തപ്പോൾ അവരുടെ മുഖത്തു മിന്നി മറഞ്ഞ ജാള്യത ഇപ്പോഴും ഓർമ്മ വരുന്നു. ഇനിയൊരിയ്ക്കലുമവർ സഹയാത്രികരോടു അങ്ങിനെ പെരുമാറുകയില്ലെന്നു പ്രത്യാശിയ്ക്കാം. ആർക്ക് ആരെക്കൊണ്ട് എപ്പോൾ ഉപകാരമുണ്ടാവുമെന്നറിയില്ലെന്നു പറയാറില്ലെ, ഇതും ഒരനുഭവം.
പല പാഠങ്ങളും  ഇത്തരം ദീർഘദൂര യാത്രകൾ പഠിപ്പിയ്ക്കുമെന്നതു എത്ര ശരി തംന്നെ. പങ്കു വയ്ക്കാനും സഹിയ്ക്കാനും അഡ്ജസ്റ്റ് ചെയ്യാനും ഒക്കെ. പക്ഷേ ചിലപ്പോൾ അതിരു കവിഞ്ഞ സ്വാതന്ത്ര്യമെടുക്കുന്നവരെ ഒതുക്കേണ്ടി  വരിക തന്നെ ചെയ്യും.ശീട്ടു കളിയ്ക്കായി സ്ത്രീകളെയൊക്കെ നീക്കിയിരുത്തിയ ഒരു കൂട്ടം ചെറുപ്പക്കാർ എന്നോടും മറ്റൊരു സീറ്റിൽ ഇരിയ്ക്കാൻ പറഞ്ഞു.കുറച്ചു സമയത്തിനു ശേഷം അവരുടെ കളി കഴിഞ്ഞപ്പോൾ നീങ്ങാൻ  വിസമ്മതിച്ചപ്പോൾ അൽപ്പം ശബ്ദമുയർത്തേണ്ടി  വരുക തന്നെ ചെയ്തു. അതിനു ഭയപ്പെട്ടിരിയ്ക്കയായിരുന്നു  സഹയാത്രികരായ പല സ്ത്രീകളും.
അനുഭവങ്ങൾ എങ്ങിനെയാണു ഗുരുക്കന്മാരായി മാറുന്നതെന്നു ഇവിടെ കാണാനാകുന്നു. യാത്രകൾ എന്നും മനുഷ്യ മനസ്സിനു പക്വത കൂട്ടുന്നു. പലതരം വർണ്ണങ്ങൾ ചാലിച്ച ഇത്തരം അനുഭവങ്ങളാൽ നമ്മുടെയൊക്കെ ജീവിതനദിയുടെ ഒഴുക്കു ദിനം പ്രതി കൂടിക്കൊണ്ടേയിരിയ്ക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *