മുംബൈയിലെ ഫുട്പാത്തുകളും തെരുവുവാണിഭക്കാരും

Posted by & filed under മുംബൈ ജാലകം.

 

 

 

                                                                                                                                                                                                                                                                                     ഇവിടം ഇവിടം സംഭവ വികാസങ്ങളുടെ കേന്ദ്രം.  ഇവിടെ ജനനങ്ങള്‍  നടക്കുന്നു, മരണങ്ങളും.   വിക്കലുകളും വാങ്ങലുകളും വിലപേശലുകളും ഇവിടെ  നടക്കുന്നു, പലതരത്തിലുളളവ ,  ജീവിതത്തിന്റെയും ശരീരത്തിന്റെയുമടക്കം.  ഇവിടെ സ്വപ്നങ്ങള്‍ പങ്കു വെക്കപ്പെടുകയും തകര്‍ക്കപ്പെടുകയും ചെയ്യുന്നു.  ഒരു ചാണ്‍വയറിന്റെ വിശപ്പുസഹിയ്ക്കാനാകാത്തവനു  ചുരുണ്ടു കൂടാന്‍ ഇവിടെ ഇടം ലഭിയ്ക്കുന്നു. കുടുംബത്തില്‍  നിന്നും നിഷ്ക്കാസിതരായവര്‍,  മനസ്സിന്റെ സമനിലതെറ്റിയവര്‍  എല്ലാം ഇവിടെ അഭയം തേടുന്നു.  വിശപ്പിന്റെ വിളി സഹിയ്ക്കാനകാതെ സ്വന്തം ശരീരത്തിലെ മാംസം കാമഭ്രാന്തന്മാര്‍ക്കു കാഴ്ച വെച്ചു ജീവിയ്ക്കുന്ന നഗര സന്തതികളെ ഇവിടെക്കാണാം.  യാചക മാഫിയ തന്നെ ഇവിടെയുണ്ടു. അവരെ ഭരിയ്ക്കാനെത്തുന്ന കിരീടം ചൂടാത്ത രാജാക്കന്മാരേയും ഇവിടെക്കാണാം.   ഇവിടെ ഭക്ഷണം പാകം ചെയ്യപ്പെടുന്നു, വില്‍ക്കപ്പെടുന്നു.  കൈ നിറയെ കാശില്ലാത്തതിനാല്‍  ഹോട്ടലില്‍  കേറാനാകാത്തവര്‍ക്കു ഇതൊരു പറുദീസ തന്നെ ഇവിടെ ഏറ്റവും പുതിയ തരം തുണിത്തരങ്ങള്‍ ചുരുങ്ങിയ വിലയില്‍  വില്‍ക്കപ്പെടുന്നു.  ചെരുപ്പുകള്‍,  ഷൂസുകള്‍ ഒക്കെ  തുച്ഛമായ വിലയ്ക്കു കിട്ടും.  പുസ്തകപ്രേമികളുടെ പ്രിയപ്പെട്ട സ്ഥലം.  ബാര്‍ബര്‍ ഷോപ്പുകള്‍ ഇവിടെയുണ്ടു.  തയ്യല്‍ക്കാരന്‍  ഇവിടെയുണ്ടു.  എന്തിനു പറയുന്നു,  മൊട്ടുസൂചിമുതല്‍  ഏറ്റവും പുതിയ ഇലക്ട്രോണിക് സാധനം വരെ ഇവിടെ ലഭ്യം.  ഇതാണു മുംബയിലെ ഫുട്പാത്തുകള്‍.. ഇവിടുത്തെ അനേകായിരങ്ങളുടെ വയറ്റുപിഴപ്പിനും രാത്രിതല ചായ്ക്കാനുമുള്ള അഭയകേന്ദ്രം.

 

 

            ജോലി ലഭിയ്ക്കാനിവിടെ വിഷമമില്ല. . പക്ഷേ തല ചായ്ക്കാന്‍ ഇടം കിട്ടാനാണുവിഷമം. കുടുംബ സഹിതമാണെങ്കില്‍  പറയാനുമില്ല . കിട്ടുന്നതിന്റെ വലിയൊരുഭാഗം കൊടുത്തു പലരും ഒരു കൂര സംഘടിപ്പിയ്ക്കുമ്പോള്‍  അതിനും കഴിയാത്തവര്‍ ഫുട്പാത്തില്‍   അഭയം തേടുന്നു.  പിന്നെ അതു അവരുടെ വീടായി മാറുന്നു.  വളരെക്കുറച്ചു സാധനസാമഗ്രികളുമായി ഫുട്പാത്തില്‍  തന്നെ ഭക്ഷണം വെച്ചുണ്ടാക്കി അവിടെത്തന്നെ കിടന്നുറങ്ങുന്നു.   യാചകരോ, മനസ്സിന്റെ സമനിലതെറ്റിയവരോ ഒക്കെ ഇവിടെയുണ്ടാകും.  തണുപ്പുകാലത്തും മഴക്കാലത്തും വളരെ ശോചനീയമാണു ഇവരുടെ സ്ഥിതി.   

 

 

       ഇനിയത്തെ കൂട്ടര്‍,  കച്ചവടക്കാര്‍.. പച്ചക്കറി മുതല്‍ വീട്ടാവശ്യത്തിനുള്ള എന്തും ഇവിടെ വിറ്റഴിയ്ക്കപ്പെടുന്നു.  ഷോപ്പു തുടങ്ങാനോ അതു കൊണ്ടു നടത്താനോ ചിലവു വേണ്ടാ.  മിക്കവാറും സ്വന്തമായി ഫുട്പാത്തില്‍  ഒരു പ്രത്യേകസ്ഥലം തിരഞ്ഞെടുത്തു സ്ഥിരം അവിടെത്തന്നെ ഇരുന്നു കച്ചവടം ചെയ്യുന്നവരാണധികം. മറ്റാരും ആ സ്ഥലം കയ്യേറാന്‍  വരില്ല., അഥവാ സമ്മതിയ്ക്കില്ല. വാങ്ങുകയും വില്ക്കുകയും ചെയ്യുന്നതിനിടയില്‍  മറ്റു ചിലവുകള്‍ ഇല്ലാത്തതിനാല്‍  ഇത്തരക്കാര്‍ക്കു നല്ലവണ്ണം സമ്പാദിയ്ക്കാനാകുന്നു.  ഭക്ഷണം വില്‍ക്കുന്ന കൊച്ചുതട്ടുകടകള്‍  ഇവിടെസുലഭം.  ഭക്ഷണം ഉണ്ടാക്കുന്നതും അതു കഴിയ്ക്കുന്നതും  ഒക്കെ ഫുട്പാത്തില്‍  തന്നെ.  സാധാരണക്കാരന്റെ വിശപ്പിനോടൊപ്പം കീശയുടെ തൂക്കം കൂടി നോക്കിയുള്ള കച്ചവടം.  സ്വാദിഷ്ടമായ ഭക്ഷണവിഭവങ്ങള് ഉണ്ടാക്കുന്ന പല കടകളും ഇക്കൂട്ടത്തിലുണ്ടു.

 

 

      രാത്രിയുടെ മറവില് ഇത്തരം സ്ഥലങ്ങളില്‍  പലതും അസാന്മാര്‍ഗ്ഗിക വൃത്തികള്‍ക്കായും ഉപയോഗിയ്ക്കപ്പെടുന്നു. അണിഞ്ഞൊരുങ്ങി ആണുങ്ങളുടെ ശ്രദ്ധയാകര്‍ഷിയ്ക്കാനായി  വേശ്യകള്‍  കാത്തുനില്‍ക്കുന്നതും ഇവിടെത്തന്നെ. രാത്രി തല ചായ്ക്കാന്‍, രാവിലത്തെ പ്രഭാതകര്‍മ്മങ്ങള്‍ക്കു, കുളിയ്ക്കാന്‍  എല്ലാം ഇവിടെയാകാം. ഒരു കൂസലുമില്ലാതെ ഒരല്പം നീങ്ങി നിന്നു കുളിയ്ക്കാനോ വസ്ത്രം മാറാനോ ഇവിടെ ജീവിയ്ക്കുന്നവര്‍ക്കു മടിയില്ല. വേറെ വഴിയില്ല തന്നെ.

 

     പേടി…അതു അവര്‍  മറന്നിരിയ്ക്കുന്നുവെന്നു തോന്നുന്നു.  കാരണം, ഓടിക്കൊണ്ടിരിയ്ക്കുന്ന വാഹനങ്ങളും, ഓടിച്ചിട്ടുപിടിയ്ക്കുന്ന പോലീസുകാരും പണം ചോദിച്ചെത്തുന്ന ഗുണ്ടകളും ഒക്കെ അവര്‍ക്കു സുപരിചിതരാണല്ലോ.  അപകടങ്ങള്‍ അവര്‍ക്കു പുത്തരിയുമല്ല. ജീവിതത്തിന്റെ അര്‍ത്ഥ ശൂന്യത ഇത്തരക്കാരെ കാണുമ്പോഴാണു ശരിയ്ക്കും മനസ്സിലാക്കാന്‍  കഴിയുന്നതു.

 

 

     നഗരത്തിന്റെ ഫുട്പാത്തുകള്‍ പലപ്പോഴും വളരെ അദ്ഭുതകരമായ ദൃശ്യങ്ങള്‍  കാണിച്ചുതരാറുണ്ടു.  പതിവുപോലെ രാവിലെ നടക്കാനിറങ്ങിയതായിരുന്നു. രാവിലത്തെ തിരക്കുള്ള സമയമായതിനാള്‍ ഫുട്പാത്തിലൂടെ നടക്കുകയായിരുന്നു.  ഫുട്പാത്തില്‍ അരികിലായി സുഖമായി കിടന്നുറണുന്ന ഒരു മനുഷ്യനെ കണ്ടു.  അയാളുടെ കയ്യിലിരുന്നിരുന്ന ഒരു മൊബൈല് ചാര്‍ജര് കണ്ടപ്പോള്  അല്പം വിരോധാഭാസമായിത്തോന്നി.  വൈകീട്ടു ഷണ്മുഖാനന്ദ ഹാളില്‍  ശങ്കര്‍  മഹാദേവനും ഉസ്താദഷീദ് ഖാനും ചേര്‍ന്നു കര്‍ണ്ണാടക-ഹിന്ദുസ്താനി ജുഗല്‍ബന്‍ദി കാണാന് പോയിരുന്നു.  സന്ധ്യാസമയത്തെ കച്ചവടത്തിരക്കുള്ള സമയം.  മിക്കവാരും റോഡരികുകളും ഫുട്പാത്തുകളും സാധനങ്ങളെക്കൊണ്ടും ആള്‍ക്കാരേക്കൊണ്ടും നിറഞ്ഞിരിയ്ക്കുന്നു.  വിവിധ സാമഗ്രികള്‍ കൊണ്ടു എല്ലായിടവും നിറഞ്ഞിട്ടുണ്ടു.   പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും വാങ്ങാന്‍ ഏറെ തിരക്കു.  ഈ കാഴ്ച്കകള്‍ കണ്ടാണു പോയതു.  തിരിച്ചു 10 മണിയ്ക്കു ശേഷം മടങ്ങുമ്പോള്‍  പലസ്ഥലത്തും കച്ചവടം നിര്‍ത്തി ആള്‍ക്കാറ് പോയതിനുശേഷമുള്ള ഫുട്പാത്തുകള്‍ കണ്ടു, അത്ഭുതം തോന്നി.  പോകുമ്പോള്‍  കണ്ട ഫുട്പാത്തേ  അല്ലെന്നു തോന്നി.  കച്ചവടമെല്ലാം നിര്‍ത്തി സാധനങ്ങളൊക്കെ  കെട്ടിപ്പൊതിഞ്ഞു വച്ചിരിയ്ക്കുന്നു.  പലരും പലസ്ഥലത്തും ചുരുണ്ടുകൂടിക്കിടക്കുന്നു. ഭക്ഷണം കഴിയ്ക്കുന്നു  ചിലര്, കുളിയ്ക്കുന്നു, ചിലര്.  മുടിവെട്ടല് –ഷേവിംഗ് അപ്പോഴും നടക്കുന്നുണ്ടു. എങ്കിലും തിരക്കുളള സമയത്തെ കാഴ്ച്ചകളും ഇതും തമ്മിലുള്ള അന്തരം വളരെയേറെ തന്നെയെന്നു തോന്നി.

 

 

             തണുപ്പുകാലങ്ങളിള്‍ പലരും ഇത്തരം തെരുവുനിവാസികള്‍ക്കു  സൌജന്യമായി കമ്പിളിപ്പുതപ്പുകള്‍  നല്‍കുന്നതു കണ്ടിട്ടുണ്ടു.  ഒരു സുഹൃത്തു, പഴയ പാ‍ന്റ്സും ഷര്‍ട്ടുകളുമെല്ലാം നന്നായി കേടുപാടുകള് തീര്‍ത്തു കഴുകി, ഇസ്തിരിയിട്ടു കാറില്‍  വെയ്ക്കും.  ആവശ്യക്കാരെന്നു തോന്നുന്നവര്‍ക്കു എടുത്തു വിതരണം ചെയ്യും. ഒരിയ്ക്കല്‍  ഇതു കാണാനിടയായ എനിയ്ക്കു അദ്ദേഹത്തോടു വളരെ ബഹുമാനം തോന്നുകയും  മനസ്സു കൊണ്ടു സ്വയം അങ്ങനെ  ചെയ്യണമെന്നു തീരുമാനിയ്ക്കുകയും ചെയ്തു.  ഇതിലേറെ അദ്ഭുതപ്പെട്റ്റ മറ്റൊരു സംഭവം പറയാം.. എന്റെ ജന്മദിനം പ്രമാണിച്ചു കുട്ടികളുടെ നിര്‍ബന്ധപ്രകാരം പുറത്തു  ഭക്ഷണത്തിനായി പോയി.  ഒരല്പം മുന്തിയ ഭക്ഷണശാല.  മക്കള്‍  തന്നെ  ഓര്‍ഡര്‍ ചെയ്തുകൊണ്ടിരുന്നതു ഒന്നിനു ശേഷം ഒന്നായി.  ഭക്ഷണം ആവശ്യാനുസരണം മാത്രം വാങ്ങാനും വേറുതെ ബാക്കിയാക്കി കളയരുതെന്നുമുള്ള എന്റെസ്ഥിരം പല്ലവി ചിരിച്ചുകൊണ്ടവര്‍  കേട്ടില്ലെന്നു നടിച്ചപ്പോള്‍  അടുത്തിരിയ്ക്കുന്ന ഭര്‍ത്താവിനോടു  ആവലാതി  പറയാനേ എനിയ്ക്കായുള്ളൂ.  പാത്രങ്ങളില്‍  പലതിലും കുറേയേറെ ബാക്കി. സങ്കടം  വന്നു. എച്ചില്‍ ആക്കിയിട്ടുപോലുമില്ല. ഇത്ര വലിയ ഹോട്ടലല്ലേ, എങ്ങിനെ പറയും ബാക്കിയുള്ളതു പായ്ക്കു ചെയ്തു തരാന്‍? പക്ഷേ ബില്ലു പേ  ചെയ്തു തിരിച്ചുവരുമ്പോള്‍  മകന്റെ കൈയില്‍ വൃത്തിയായി പാ‍യ്ക്കുചെയ്ത പൊതി.  എല്ലാം കൂടുതല്‍  ഓര്‍ഡര്‍ ചെയ്തതിന്റെ കാരണം അപ്പോഴാണു മനസ്സിലായതു.  സിഗ്നലിനടുത്തു ഫുട്പാത്തില്‍  നിന്നിരുന്ന ഒരു ബാലന്റെ  കൈയ്യില്‍  ആ പൊതി കൊടുത്തപ്പോള്‍  ആരുടെ മുഖത്താണു കൂടുതല്‍  സന്തോഷമെന്നു  മനസ്സിലാക്കാന്‍  കഴിഞ്ഞില്ല.  കൊടുക്കുന്നതിന്റെയും കിട്ടുന്നതിന്റേയും സന്തോഷം. പണ്ടു കൊച്ചുകുട്ടികളായിരുന്ന കാലത്തു ഞാന്‍  പഠിപ്പിച്ചശീലം. സ്വയം അഭിമാനം തോന്നി, ഒപ്പം പുതിയ തലമുറയെക്കുറിച്ചു അഭിമാനവും. ഇതാ ഈ ഫുട്പാത്തുകളിലെ മറ്റൊരു കൊടുക്കല്‍-വാങ്ങലിനു ഞാന്‍ സാക്ഷിയാകുന്നു. .

 

    അങ്ങിനെ വാങ്ങലുകളും വിക്കലുകളും, കൊടുക്കലും , വാങ്ങലുമൊക്കെ യായി മുംബൈ ഫുട്പാത്തുകള്‍ സജീവമായിത്തന്നേയിരിയ്ക്കുന്നു..ഇവരെ കുടിയിറക്കുകയെന്ന ഭഗീരഥപ്രയത്നവുമായി ഗവണ്മെന്റും. അതിനായി മഹാനഗരപാലിക പ്രത്യേകം ആള്‍ക്കാരെ നിയുക്തമാക്കുകയും ചെയ്തിട്ടൂണ്ടു. പലപ്പോഴും ഇവരെ ആട്ടിയോടിയ്ക്കുകയും ഇവരുടെ കച്ചവടസാധനങ്ങല്‍പെറുക്കിക്കൊണ്ടുപോകുകയും ചെയ്യാറുണ്ടു.  പിഴയൊടുക്കി ചിലപ്പോള്‍ സാധനങ്ങള്‍ തിരികെ കിട്ടും. വീണ്ടും പഴയ സ്ഥലത്തു തന്നെ അവര്‍ തിരിച്ചെത്തുന്നതാണു കാണാറു പതിവു.  കച്ചവടക്കാര്‍ക്കു വേണ്ടി പ്രത്യേകമായി  സ്ഥലമുണ്ടാക്കി അവരെ അങ്ങോട്ടു മാറ്റുകയെന്ന സര്‍ക്കാരിന്റെ ആശയവും സ്വീകാര്യ്മായിട്ടില്ല. ഒന്നു തീര്‍ച്ച,  ഫുട്പാത്ത്കളിലെ കച്ചവടക്കാരെ മാറ്റുന്നതു സാധാരണ മുംബൈ നിവാസികള്‍ക്കു തന്നെയാണു കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുക. മിനിറ്റു സൂചിയുടെ ചലനത്തിനൊത്തു ജീവിയ്ക്കുന്ന അവര്‍ക്കെവിടെ സമയം പ്രത്യേക സ്ഥലണ്‍ഗളില്‍ പോയി സാധനങ്ങള്‍ വാങ്ങാന്‍. അവര്‍ക്കു വഴിവക്കു തന്നെ എളുപ്പം. 2.25 ലക്ഷത്തോളം വരുന്ന വഴിവാണിഭക്കാരെയെല്ലാം  പുനരധിവസിപ്പിയ്ക്കുകയെന്നതും ചില്ലറ കാര്യമല്ല. എല്ലാവര്‍ക്കും വീടു എന്ന സ്വപ്നവുമായി തഴെക്കിടയിലുള്ളവര്‍ക്കായി പല പദ്ധതികളും സര്‍ക്കാര്‍ ചെയ്തു വരുന്നുണ്ടു. ഇവയൊക്കെ പ്രാവര്‍ത്തികമാകുമെന്നാരുകണ്ടു? അഥവാ ആകുകയാണേങ്കില്‍ തന്നെ എന്നു? ഉത്തരം കിട്ടാത്ത ചോദ്യങ്ങളായി ഇവ അവശേഷീയ്ക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *