മകനേ…നിനക്കു വേണ്ടി

Posted by & filed under കവിത.

ജന്മനാളണയുന്നെൻ മകനേ ചാരത്തെത്താ-

നെന്മനം തുടിയ്ക്കവേ, യെത്തി നിൻ വിളി കാതിൽ

വരുന്നു പിറന്നാളിലമ്മ തൻ കയ്യാൽ വേണ-

മെനിക്കു നെയ് ച്ചോറെന്നു നീ ചൊൽകേ , കരഞ്ഞൂ ഞാൻ.

നിറഞ്ഞെൻ മനസ്സൊപ്പം, നിനച്ചു ,കഴിഞ്ഞെത്ര

പിറന്നാളുകളെന്നു മനസ്സിൽ കണക്കാക്കേ

അറിഞ്ഞൂ സത്യം കൈയ്യിൽ പിടിച്ചു നടത്തിപ്പി-

ച്ചറിവേകിയീ ലോകമൊന്നിതിലടരാടാൻ

കഴിവും സാമർത്ഥ്യവും നേടി നീ കൂടും തേടി

യലയും നേരം കൈകൾ വിട്ടുവോ സ്വതന്ത്രമായ്

മനമൊന്നിലാശങ്കയില്ലൊട്ടും മകനേ, യെൻ

ഹൃദയം തന്നിൽ പണ്ടേ നീ മുറുക്കിയ പിടി-

യയയുന്നില്ല, മതി, ധന്യീയായമ്മ യിതാ

പിറന്നാളാശംസകൾ നേരുന്നു,നന്നായ് വരാൻ.

One Response to “മകനേ…നിനക്കു വേണ്ടി”

  1. ജ്യോതിര്‍മയി ജൂനിയര്

    മകനുമമ്മയ്ക്കും നന്നായ് നുകരാന്‍ വേണ്ടിത്തന്ന
    പിറന്നാള്‍ മധുരമിക്കവിതയ്ക്കുമാശംസകള്‍!!!

Leave a Reply

Your email address will not be published. Required fields are marked *