മുംബൈയിലെ ചേരികള്‍

Posted by & filed under മുംബൈ ജാലകം.

 

          മറ്റു നഗരങ്ങളെപ്പോലെതന്നെ ഏറ്റവുംധികം ഇവിടുത്തെ നിവാസികളെ അലട്ടുന്ന പ്രശ്നം തലയ്ക്കു മുകളിലൊരു കൂര തന്നെ എന്നു പറഞ്ഞല്ലൊ?  കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇവിടെ പൊങ്ങി വന്നുകൊണ്ടിരിയ്ക്കുന്ന പടുകൂറ്റന്‍ സൌധങ്ങള്‍ കുറച്ചൊന്നുമല്ല. നഗരത്തിന്റെ മുഖഛായ തന്നെ മാറിയതായി തോന്നുകയാണു. പരിചിതമായ വഴികള്‍ പോലും അപരിചിതമാക്കുന്ന തരത്തിലാണു പലതും.. അതിനു മാറ്റുകൂട്ടാനായി തലങ്ങും വിലങ്ങും പൊങ്ങി വരുന്ന  ഫ്ലൈ ഓവറുകളും ബ്രിഡ്ജുകളും. പണ്ടു മുംബൈയുടെ മുഖമുദ്ര ചാളുകളെന്നറിയപ്പെടുന്ന ഇത്തരം കൂരകളായിരുന്നു. ചാളുകള്‍ എന്നുവച്ചാല്‍ മണ്ണില്‍ ടിന്നും തകരവുമൊക്കെ കെട്ടിമറച്ചുണ്ടാക്കിയ കൊച്ചുകൂരകള്‍. ഇവ ചേരികള്‍ സൃഷ്ടിച്ചു. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരായിരിയ്ക്കും ഇവിടുത്തെ അന്തേവാസികളില്‍ പലരും. അല്ലാത്തവരും കാണും. മുംബൈയുടെ ജനസംഖ്യയുടെ ഒരു നല്ല ശതമാനം, ഒരു പക്ഷേ പകുതിയിലേറെ ആള്‍ക്കാര്‍,  ഇതില്‍ പെടുന്നു. ആകെയൂള്ള ഭൂവിഭാഗത്തിന്റെ 5 ശതമാനത്തോളം സ്ഥലത്താണു ഇത്രയുമേറെപ്പേര്‍ താമസിയ്ക്കുന്നതെന്നോര്‍ക്കുമ്പോള്‍ ജനസാന്ദ്രത ആലോചിയ്ക്കാവുന്നതേയുള്ളൂ. (ലോകജനതയുടെ ആറിലൊന്നു താമസിയ്ക്കുന്നതു ചേരികളിലാണു. അപ്പോള്‍ ഇതൊരു അദ്ഭുതമേയല്ല. ഇതിനിയും കൂടാനേ സാദ്ധ്യതയുമുള്ളൂ)

 

       

       മുംബൈയിലെ  ധാരാവി  ഏഷ്യയിലെ ഏറ്റവും വലിയ ചേരി ആയി അറിയപ്പെടുന്നു. ഇവിടെ പലതരത്തിലുള്ള ചെറുതും വലുതുമായ വ്യവസായശാലകള്‍ ഉണ്ടു. കുടില്‍ വ്യവസായങ്ങള്‍ ഉണ്ടു. തോല്‍ക്കച്ചവടത്തിന്റെ കേന്ദ്രമാണിവിടം. അതുകൊണ്ടു തന്നെ തുകല്‍ സാധനങ്ങള്‍  ഉണ്ടാക്കി കയറ്റുമതി ചെയ്യല്‍ തന്നെ മുഖ്യ ബിസിനസ്സു. ഇവിടെ ഇല്ലാത്ത ബിസിനസ്സുകള്‍ ചുരുക്കമെന്നു വേണമെങ്കില്‍ പറയാം. മുതല്‍ മുടക്കിന്റെ കുറവും, തൊഴിലാളികളുടേയും അസംസ്കൃത വസ്തുക്കളുടേയും  ലഭ്യതയുമൊക്കെ ഇതിനു കാരണമാകാം..നഗരത്തിനു ഇവര്‍ ചെയ്യുന്ന സേവനം കുറച്ചൊന്നുമല്ല. ലോകത്തിന്റെ കണ്ണില്‍ അദ്ഭുതം വിടര്‍ത്തുന്ന ഒരു സത്യമാണു മുംബൈയിലെ ഇത്തരം  സ്ഥലങ്ങള്‍.. ഇതുപോലെ പല സ്ഥലങ്ങളും മുംബൈയില്‍ ഉണ്ടു.

 

 

        എന്താണു മുംബൈയില്‍ ഇത്രയുമധികം ചേരികള്‍ വരാന്‍ കാരണം? ഒരു കാന്തം പോലെ വ്യത്യസ്തമായ മേഖലയിലെ ആള്‍ക്കാരെ ആകര്‍ഷിച്ചുവലിച്ചെടുക്കുന്നു ഈ  മഹാനഗരി. രാജ്യത്തിന്റെ കച്ചവടകേന്ദ്രം, ബോളിവുഡ് സിനിമയുടെ സാന്നിദ്ധ്യം എന്നിവയൊക്കെത്തന്നെയാവാം കാരണം. തൊഴില്‍ കിട്ടാന്‍ ഒരു വിഷമവും ഇല്ല. തൊഴില്‍ സ്വന്തമായി ചെയ്യുന്നവര്‍ക്കും ആവാം. സ്വന്തക്കാരേയും കൂട്ടുകാരെയും നാട്ടുകാരേയുമെല്ലാം സഹായിയ്ക്കുകയെന്ന സാമൂഹിക സേവനം കൂടിയായപ്പോള്‍ പ്രവാഹം നിലയ്ക്കാത്തതായി. ചേരികള്‍ പെരുകി വന്നു.  നഗരം തിരക്കേറിയതായി.  ഇതിന്റെയെല്ലാം ഫലം സാധാരണക്കാരനേയും ബാധിയ്ക്കാതിരിയ്ക്കില്ലല്ലോ? ജീവിതച്ചിലവിന്റെ ആധിക്യം വീടു ഒരു സ്വപ്നമാക്കി മാറ്റിയപ്പോള്‍ ഇടത്തരക്കാരനും ഇത്തരം ചാളുകളെത്തന്നെ ആശ്രയിക്കേണ്ടി വന്നു. നമുക്കു ചുറ്റും എന്നപോലെ ഏതു സ്ഥലത്തും ചാളുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. പടുകൂറ്റന്‍ സൌധങ്ങള്‍ക്കു തൊട്ടു തന്നെ ചാളുകളും എന്ന വിരോധാഭാസം ഒരു പക്ഷേ ഇവിടെ മാത്രമേ കാണാന്‍ കഴിഞ്ഞെന്നു വരൂ. അത്തരം സൌധങ്ങളില്‍ താമസിയ്ക്കുന്നവരെ ആശ്രയിച്ചു കഴിയുന്നവരായ ഒരുകൂട്ടം ആള്‍ക്കാര്‍ ഉണ്ടായി. അവരുടെ വീട്ടുജോലിക്കാരികള്‍, ധോബി, ഡ്രൈവര്‍, പാല്‍ക്കാരന്‍, പ്ത്രക്കാരന്‍, പച്ചക്കറിക്കാരന്‍….നീണ്ട ലിസ്റ്റു തന്നെ കാണും. താമസ പ്രശ്നം രൂക്ഷ്മായതോടെ ഫാക്ടറിത്തൊഴിലാളികള്‍, ഓഫീസുജോലിക്കാര്‍ തുടങ്ങിയവരും ഇവിടെത്തന്നെ ചേക്കേറി. എന്തിന് പറയുന്നു, ആര്‍ക്കും അവിടെ താമസിയ്ക്കാമെന്നായി, ചേരിയുടെതായ അന്തരീക്ഷം സഹിയ്ക്കാമെങ്കില്‍. ഏതു തരക്കാരേയും അവിടെ കണ്ടാല്‍ അദ്ഭുതം തോന്നാതായി.

 

 

      സര്‍ക്കാരിനു കണ്ടില്ലെന്നു നടിയ്ക്കാനാകാത്ത വിധം ചേരികള്‍ വളര്‍ന്നപ്പോള്‍ വോട്ടര്‍പ്പട്ടിക ലക് ഷ്യമാക്കിയാണെങ്കിലും പല പദ്ധതികളും നിലവില്‍ വന്നു,.അവയില്‍ പലതും പരാജയപ്പെട്ടു അത്ര രൂക്ഷമായിരുന്നു കുടിവെള്ളം, വൈദ്യുതി, ടോയ് ലറ്റുകള്‍ എന്നിവയുടെ അഭാവം. 2001ല്‍ ബില്‍ഡറ്മാരുമായി സഹകരിച്ചു 1995നു മുന്‍പു വോട്ടര്‍പ്പട്ടികയില്‍ പേരുള്ള എല്ലാ ചേരി നിവാസികള്‍ക്കും അവരുടെ സ്ഥലത്തിനു പകരമായി  പുതിയ ഫ്ലാറ്റുകള്‍ നല്‍കുവാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തു. ഇതാണിപ്പോള്‍ ഇവിടെ നടന്നുകൊണ്ടിരിയ്ക്കുന്നതു. പുനരധിവാസം. ബില്‍ഡര്‍മാര്‍ സന്തോഷത്തില്‍ തന്നെ. പരന്നു കിടക്കുന്ന വിസ്തൃതമായ സ്ഥലം മുഴുവനും ചിലവില്ലാതെ ചുളുവില്‍  കിട്ടും. ഒന്നോ രണ്ടോ കെട്ടിടങ്ങളിലായി എല്ലാവരേയും അധിവസിപ്പിച്ചാല്‍ ബാക്കി ഫ്ലാറ്റുകല്‍ മുഴുവനും മാര്‍ക്കറ്റ് വിലയ്ക്കു പുറത്തുള്ളവര്‍ക്കു വില്‍ക്കാം. കെട്ടിടനിര്‍മ്മാണത്തിനു ഭൂമി കുറഞ്ഞുകൊണ്ടെയിരിയ്ക്കുകയും ഭൂമി പൊന്‍ വിലയ്ക്കു വില്‍ക്കപ്പെടുകയും ചെയ്യുന്ന സമയത്തു അവര്‍ക്കു ഇതില്‍ക്കൂടുതലായി എന്തു വേണം? സര്‍ക്കാരിനും സന്തോഷം. ചേരികള്‍ മാഞ്ഞുപോകുന്നു, നഗരത്തില്‍ നിന്നും. നഗരത്തിന്റെ മുഖച്ചായ സുന്ദരമാകുന്നു.

 

   

     പറഞ്ഞില്ലല്ലോ, ഇപ്പോള്‍ എന്റെ വീട്ടുവേലക്കാരിയും, എന്റെ ധോബിയും, പാല്‍ക്കാരനും, പത്രക്കാരനും പച്ചക്കറിക്കാരനും ഒക്കെ ഫ്ലാറ്റുകളില്‍ താമസിയ്ക്കുന്നു. അവര്‍ക്കു വെളളവും വെളിച്ചവും മറ്റു പ്രാഥമിക ആവശ്യങ്ങള്‍ക്കൊന്നിനും തന്നെ കുറവില്ല. പക്ഷേ അവരുടെ ജീവിത നിലവാരം ഉയര്‍ന്നു. ഒപ്പം അവരുടെ ജീവിതച്ചിലവും. അതു പ്രതിഫലിച്ചതെവിടെയാണെന്നറിയേണ്ടേ? വേലക്കാരിയുടെ ശമ്പളം, ധോബിയുടെ ബില്‍, പത്രക്കാരന്റെ ബില്‍, പച്ചക്കറിയുടെ വില, പാലിന്റെ വില എന്നിവയൊക്കെ അവരോടൊപ്പം തന്നെ ഉയര്‍ന്നു. സര്‍ക്കാര്‍ ചെയ്ത നല്ല കാര്യം. മറ്റൊന്നും കൂടി, ജന സാന്ദ്രത. പുനരധിവാസകേന്ദ്രങ്ങള്‍ക്കു സമീപം തന്നെ പണിതുയര്‍ത്തുന്ന മാളുകള്‍, പുതിയ കെട്ടിടങ്ങള്‍ എന്നിവ അതാതു പ്രദേശങ്ങളിലെ തിക്കും തിരക്കും കൂടുതലാവാനും കാരണമായി.  ശരിയാണു, മുംബൈയുടെ മുഖച്ഛായ  മാറിക്കൊണ്ടേയിരിയ്ക്കുന്നു…….

 

 

 

 

 

 

 
 
 

 

 

 

Leave a Reply

Your email address will not be published. Required fields are marked *