നവരാത്രങ്ങളിലൂടെ….

Posted by & filed under എന്റെ ശ്ലോകങ്ങൾ.

ശ്രീദുർഗ്ഗേ കാത്തിടേണം മനമതിൽ നിറയും രാഗവിദ്വേഷമെല്ലാം-

ശ്രീത്വത്താൽ നീക്കിടേണം, നിറയണമവിടം സത്വമാം ചിന്തയൊന്നാൽ

ശ്രീതേടിക്കണ്ണനുംപോൽ പ്രകൃതിയെയറിവെന്നോതി പൂജിച്ച നാളിൽ

ശ്രീദേവീനീക്കിടേണം, അലസത,വിജയം നന്മ തിന്മയ്ക്കു മേലേ.

ഹേ ദേവീ, ഞാനിതല്ലോ കൊതി,മടി,യതിയായുള്ളഹങ്കാരമൊന്നാൽ

ഭൂഭാരം കൂട്ടിടുന്നോ, പലതരമഴലാം മായയാൽ മൂടിടുന്നു

നീദേവീ, വാണിമാതേ,മമമനമറിവിൻ ജ്യോതിയാൽ ശുദ്ധമാക്കി-

ശ്രീയൊപ്പം ശാന്തി,തന്നാലിനിമതി,യതിനായ് പ്രാർത്ഥനയ്ക്കെത്തിടുന്നു.

ഹേയംബേ! ഗൌരി മാതേ! കനിയുക,മനമൊന്നിങ്കലേ നല്ല ചിന്ത-

യ്ക്കായ്മാത്രം തന്നിടേണം വരമതു, മൊഴിമാധുര്യമങ്ങേറുമൊപ്പം

മാറട്ടേ തിന്മയെല്ലാം, ഭഗവതി യവിടുത്തെക്കടാക്ഷങ്ങളാലേ

നേടട്ടേ മുക്തി യെങ്ങും കുടിലതനിറയുന്നോരുലോകം വെടിഞ്ഞാൽ

(സ്രഗ്ദ്ധര)

ഏതോ മാസ്മരലോകമാണിവിടമെന്നോതുന്നൊരീ രാത്രികൾ

ചേതോഹാരിതയേകിടും സ്വരലയത്താളത്തിൽ മുങ്ങുന്നിതോ

ചേലോടാരതി നേരമായ് ജനനിയാപാദാരവിന്ദങ്ങളിൽ

ഞാനീമാനസമായിടും നറുമലർത്താലംസമർപ്പിപ്പിതാ.

കൊണ്ടാടുന്നു മഹോത്സവം, നഗരിതന്നുൾപ്രാന്തമെന്നാകിലും

കണ്ടീടുന്നു ജനങ്ങളെ,പ്പലവിധം വേഷങ്ങളാൽ ഭൂഷിതം

മണ്ടീടുന്നു കളിയ്ക്കുവാൻ, ചടുലമാം ശൈലിയ്ക്കതൊപ്പം, ഹരം

തന്നീടുന്നു നമിപ്പുഞാൻ ഭഗവതീ ദുർഗ്ഗേ,കടാക്ഷിയ്ക്കണം.

ഞാനൊട്ടു വാക്കാലൊരു മാലതീർത്തെൻ

ദേവിയ്ക്കു ചാർത്താനിഹ കൊണ്ടുവന്നു

നീയെന്നെവാഗ്ദേവിയനുഗ്രഹിയ്ക്കൂ

ചേലോടെയെന്നും മനതാരിലെത്തൂ.

മൂകാംബിവാഴുമമലേ ജയവാണിമാതേ!

മൂകാംബികേ കരുണകാട്ടണമെന്നിലെന്നും

നീയെന്റെയുള്ളിലിഹ വന്നുവസിച്ചിടേണം

തേനൊത്തവാക്കിൻ വരമൊന്നതു തന്നിടേണം

അറിഞ്ഞിടുന്നു നിന്നെ ഞാനിതാനമിപ്പു ദേവി നിൻ-
കരങ്ങളീശിരസ്സിൽ വച്ചനുഗ്രഹിയ്ക്കയില്ലയോ?
നിറഞ്ഞപൂക്കളുള്ള വാടിയായ് സുഗന്ധവും നിറം-
കലർന്ന ഭംഗിയുള്ള വാക്കുമിന്നെനിയ്ക്കിതേകണം

Leave a Reply

Your email address will not be published. Required fields are marked *