ഉടഞ്ഞ കണ്ണാടി

Posted by & filed under കവിത.

ഉടയുന്ന കണ്ണാടിയുടെ ശബ്ദം
ഒരു നിമിഷത്തിന്റെ മൌനത്തിനെ
നിര്‍ദ്ദയം കീറിമുറിച്ചപ്പോള്‍
കരയാനെനിയ്ക്കായില്ലല്ലോ?

കണ്ണാടിയ്ക്കെന്തു വേദന?
കണ്ണാടിയ്ക്കെന്തു വികാരം?
ഉടഞ്ഞെങ്കില്‍ ചേതമാര്‍ക്കു?
ഉടമയ്ക്കു മാത്രം തന്നെ.

ഉടമയ്ക്കണിഞ്ഞൊരുങ്ങണ്ടേ?
ഉടയാടയുടെ ഭംഗി നോക്കണ്ടേ?
കരയാനെവിടെ നേരം?
കരഞ്ഞാല്‍ പോവില്ലേ ഭംഗി?

ഉയരങ്ങളിലെത്താനെന്നും
പലതും കളയേണ്ടിവരും
കളയാമീ ചില്ലുകളെല്ലാം
കയറട്ടെയതിന്‍പുറമേറി.

നിറമേറിയ സ്വപ്നങ്ങളുമാ-
യൊരുപുതുപുത്തന്‍ കണ്ണാടി
അതു നല്‍കാനാളുമനേകം
മറവിയ്ക്കു മനസ്സു കൊടുക്കാം.

 

 

ഉടയും കണ്ണാടിതൻ ശബ്ദമൊന്നറിയാതെ-
യൊരു മൌനത്തെക്കീറിമുറിയ്ക്കേ, മനസ്സിലും
കരയാനെനിയ്ക്കൊട്ടും കഴിഞ്ഞില്ലല്ലോ, എന്റെ
വ്യഥയാ കണ്ണാടിയ്ക്കിന്നളന്നീടുവാനാമോ?

അറിയില്ലനുകമ്പ, യാർദ്രത ഞാനിത്രയും
ദിനമെത്രയോ നേരം നിനക്കൊത്തിരുന്നിട്ടും
പറഞ്ഞ പരിഭവം, നടിച്ച വികാരങ്ങ-
ളിവയൊന്നുമേ നിനക്കറിയാൻ കഴിഞ്ഞില്ലേ?

ഉടമ ഞാനേറ്റവുമഹങ്കാരത്താലെന്നു-
മളന്നെന്നെത്തന്നെയും, നിന്നിലെ വിശ്വാസത്താൽ
നിറഞ്ഞ പ്രതീക്ഷകളീവിധം തകരുമെ-
ന്നറിഞ്ഞില്ലല്ലോ, ചേതമെനിയ്ക്കേയുള്ളെന്നാണോ?

ഒരുങ്ങാൻ, ഉടയാട തൻ ഭംഗി നോക്കീടാനും
നിനക്കു മുന്നിൽ നിന്നു, ചിരിയ്ക്കാൻ പഠിച്ചൂ ഞാൻ
കരച്ചിൽ മറന്നോ ഞാൻ, നേരമില്ലല്ലോ, ഭംഗി
കരഞ്ഞാൽ കുറഞ്ഞീടുമെന്ന പേടിയാലാകാം.

കളയട്ടെയീ ചില്ലിൻ കഷണങ്ങൾ ഞാൻ ദൂരെ
ഇവയെൻ സ്വപ്നത്തിൽ ചീളുകളാണെങ്കിലും
ഉയരം താണ്ടാനായി പലതുമിതുപോലെ
കളയേണ്ടതായ് വരും, പൊട്ടിയില്ലെന്നാകിലും.

ഇനിയുമൊരു പുത്തൻ കണ്ണാടി തരുമത്രേ
നിറമേറിയ പലേ സ്വപ്നങ്ങളെനിയ്ക്കായി?
മറവിയ്ക്കേകാം മനം ചില വേള,യെന്നാലും
ഉടയാത്തതായെന്തു കണ്ടെത്താൻ കഴിഞ്ഞീടും?

 

Leave a Reply

Your email address will not be published. Required fields are marked *