മണ്ണിന്റെ മക്കള്‍

Posted by & filed under കവിത.

മണ്ണിന്റെ മക്കള്‍

മഹാനഗരി തന്‍ ഞെട്ട-
ലഹോ കാരണമോതിടാം
പരക്കെപ്രാണഭീതിയ്ക്കും
ധരിയ്ക്കൂ സത്യമുണ്ടെടോ!

മണ്ണിന്റെ മക്കള്‍ തന്‍ വാദം
വിണ്ണോര്‍ക്കും പുതുതല്ല കേള്‍!
പണ്ടു പാണ്ടവപുത്രര്‍ക്കാ-
യുണ്ടായ് ദൂതു പുരത്തിനായ്.

കണ്ടവര് വന്നു തന്‍ ഗേഹം
സ്വന്തമാക്കിടുമെങ്കിലോ,
മിണ്ടിടുന്നതു തെറ്റാണോ,
ഇണ്ടലിന്നതിനല്ലെടോ!

താനിരിയ്ക്കേണ്ട ദിക്കൊന്നില്‍
താന്‍ തന്നെയിരിയ്ക്കണം
താനിരുന്നില്ലയെങ്കില്‍ കേള്‍
നായയും വന്നിരുന്നിടും.

ഭഗവാന്‍ കൃഷ്ണനും പണ്ടു
ചോദിച്ചു, പാതി രാജ്യവും
ഇല്ലെങ്കില്‍ പഞ്ചദേശങ്ങള്‍,
ഒന്നെങ്കില്‍ ഒന്നു മാത്രവും.

ഇല്ലയെന്നുള്ളതൊന്നല്ലേ,
നല്ലതിന്നായതെങ്കിലും,
അന്നു യുദ്ധത്തിലെത്തിച്ചു
ഇന്നും തുടരുന്നു, ഹാ!

ഇവിടെപ്പക്ഷെയിന്നെല്ലാം
പൊടി കണ്ണില്‍പ്പറത്തലായ്
ലക് ഷ്യമൊന്നൊന്നതേ മാത്രം
കിട്ടണം വോട്ടു, കേട്ടിടൂ.

വരേണ്ടേയിവിടെയാരും?
വരാറില്ലേ വിരുന്നുകാര്?
മഹാനഗരിയെത്തീര്‍ത്ത
മഹാരഥര്‍,മറന്നുവോ?

കൂട്ടായ്മക്കൊരു നേരായി
ക്കാ‍ട്ടാനേറെയതില്ലയോ?
കാട്ടീടാനാകുമോയെങ്കില്‍
നാട്ടിന്‍ നേട്ടമതൊറ്റയായ്.

വിരലഞ്ചുമതൊന്നിച്ചാല്‍
വിരളം വാ‘ക്കസാധ്യ‘വും
വിരലൊറ്റയ്ക്കു നിന്നീടില്‍
കഴിയില്ലൊരു കാര്യവും

അയല്‍ക്കാരനു നിന്നൊപ്പം
വളരാന്‍ വഴിയേകിടൂ
അവര്‍ നിന് സോദരര്‍, കേള്‍ക്കൂ
അതല്ലേ നന്മയോതുക.

മണ്ണും വിണ്ണുമതൊന്നൊന്നു,
ഒന്നുമല്ലിഹ മര്‍ത്ത്യനും,
ഒന്നാ‍മോ കുന്നി തന്നൊപ്പം
കൂട്ടിടാനോ, കുറയ്ക്കുവാന്‍?

(മുംബൈയില്‍ അശാന്തി പരത്താനിടയാക്കിയ സന്ദര്‍ഭങ്ങളെക്കുറിച്ചോര്‍ത്തപ്പോള്‍ എഴുതിയതാണു. കൂടുതല്‍ വിവരങ്ങള്‍ക്കു കണിക്കൊന്ന മഗസിനിലെ ‘മുംബൈ അശാന്തിയുടെ നിഴലില്‍” എന്ന എന്റെ ലേഖനം വായിയ്ക്കുക.www.kanikkonna.com (മുംബൈജാലകം….വീക്കിലി കോളം)

Leave a Reply

Your email address will not be published. Required fields are marked *