പാടാതെ പോയ ഈണം

Posted by & filed under കവിത.

വെറുതെയിരുന്നൊരു സന്ധ്യയിലോര്‍ത്തുപോ-
യൊരു കൊച്ചു പാട്ടിന്റെയീണം
അറിയാതെയെന്നോ മനസ്സു തന്റെ-
യറയൊന്നില്‍ സൂക്ഷിച്ചൊരീണം.

വരികള്‍ മറന്നതു സത്യം ,ചില-
വരകള്‍ മനസ്സിലുണ്ടെന്നാല്‍
അറിയാതെ മൂളിയതെന്തേ-
യെനിയ്ക്കറിയില്ലതിന്‍ വരിയൊന്നും

ഗതകാല സ്വപ്നങ്ങളൊന്നില്‍പ്പോലു –
മൊരുവേളയും വരാത്തീണം
ഒരു മിന്നല്‍ പോലെന്‍ മനസ്സില്‍ വന്നി-
തൊരു നിമിഷം ഞാന്‍ പകച്ചു.

എവിടെയിരുന്നിത്ര നാളും ? എനി-
യ്ക്കറിയില്ല യെന്റെ മനസ്സും!
മനമേ നീയെത്ര സങ്കീര്‍ണ്ണം! മര്‍ത്ത്യ-
നറിവുള്ളവനാരു ചൊല്‍വൂ?

Leave a Reply

Your email address will not be published. Required fields are marked *