അഗ്നിമീളേ…

Posted by & filed under കവിത.

അഗ്നിമീളേ…
സപ്തജിഹ്വനായിടുമഗ്നിയാണു ഞാൻ
ഭൂദേവീ ! നീ കരയരുത്
നിന്റെ ഭാരം തീർക്കാൻ
ഞാനെന്നും കൂടെയുണ്ടായിരുന്നല്ലോ?
മനുഷ്യൻ സ്വയം മറക്കുന്ന നാളുകളിൽ
ഇന്നിന്റെ തെറ്റുകളിൽ നിന്നും
അവനെ മുക്തനാക്കാൻ വേണ്ടി
നാളെയ്ക്കായി പരിശുദ്ധനാക്കാനായി
ഞാനെന്നുമെത്താറില്ലേ?
ദേവദേവന്റെ സന്ദേശവാഹകനാണല്ലോ ഞാൻ!
നിന്റെ ലോകത്തെ വാസം കഴിഞ്ഞുപോകുന്നവർക്കെന്നും
ഞാൻ വഴികാട്ടിയായിരുന്നല്ലോ?
ദ്വിമുഖനെങ്കിലും എന്റെ ഏഴു നാവുകൾ
ജ്വാലയായ്  രക്തവർണ്ണാഭയാർന്നു
പൂർവ്വ-പശ്ചിമങ്ങൾ അളക്കുമ്പോൾ
ഭൂദേവീ, നീന്നിലെ സർവ്വജീവജാലങ്ങളും
പരിശുദ്ധതയുടെ തീരം തേടാറില്ലേ?
എന്റെ തളർച്ചമാറ്റാനായി
എന്റെ കരുത്തിനെ ഉത്തേജിപ്പിയ്ക്കാനായി
ഇനിയുമൊരുഖാണ്ഡവദഹനത്തിനായി
സമയമാഗതമായെന്നു തോന്നുന്നു
അത്ഭുതപ്പെടാനൊന്നുമില്ല,
എന്നും ഏതു കർമ്മങ്ങൾക്കു മുൻപായും
എന്നെ പ്രാർത്ഥനാപൂർവ്വം വിളിച്ചുവരുത്താറില്ലേ?
അഗ്നിസാക്ഷിയെന്നോതാൻ,
ആധികാരികതയരുളാൻ.
സർവ്വ നാശത്തിന്റെ വക്കിൽ എത്തിച്ചേർന്നിട്ടും
സ്വന്തം മൂഢത മനസ്സിലാക്കാനാവാത്ത മനുഷ്യൻ
എന്നെയിതാ ക്ഷണിയ്ക്കുകയാണ്,
ഇനിയുമൊരു ഖാണ്ഡവദഹനത്തിനായി.
ഹേ ധരിത്രീ!നീ വിഷമിയ്ക്കാതിരിയ്ക്കുക
ധർമ്മ സംരക്ഷണാർത്ഥം ദേവദേവനയച്ച
സന്ദേഹവാഹകനായി മാത്രമെന്നെ കാണുക,
നീ പരിപൂർണ്ണയായും പരിശുദ്ധയാകുമല്ലോ!

Leave a Reply

Your email address will not be published. Required fields are marked *