മുംബൈ ഭീകരരുടെ പിടിയില്‍ നടുങ്ങിയപ്പോള്‍

Posted by & filed under മുംബൈ ജാലകം.

 

 

“എനിയ്ക്കു ജീവിയ്ക്കണം…..എന്നെ രക്ഷിയ്ക്കൂ…എനിയ്ക്കു സലൈന്‍ തരൂ….“

                 ഹൃദയഭേദകമായ ഈ അഭ്യര്‍ത്ഥന ഒരു 21 കാരന്റെയാണു. ഭീകരരുടെ വെടിവെയ്പ്പില്‍ മുറിവേറ്റ ആളാണെന്നു കരുതിയെങ്കില്‍ തെറ്റി.  48 മണിക്കൂറിലേറെ മുംബൈ നഗരത്തെ കിടുകിടാവിറപ്പിച്ച , നഗരത്തിനെ സ്തംഭിപ്പിച്ച, കരയിപ്പിച്ച, അനേകം ജീവനുകളെ കുരുതികൊടുത്ത , നാശനഷ്ടങ്ങള്‍ വാരിവിതറിയ ഭീകരരില്‍ പിടിയ്ക്കപ്പെട്ട ഒരേയൊരാളായ ആസം ആമിര്‍ കസവയുടേതാണീ വാക്കുകള്‍. എന്തു തോന്നുന്നു, കേട്ടിട്ടു.?  വെടി വെച്ചു കൊല്ലാനാവില്ലല്ലോ?  എല്ലാ രഹസ്യങ്ങളും ചോര്‍ത്താനുള്ള ഏക കണ്ണി.  രക്ഷപ്പെടുത്തിയേ തീരൂ…മുംബൈ ഭീകരരുടെ പിടിയിലും  ഭീകരന്‍ മുംബെയുടെ പിടിയിലുമായപ്പോളാണിതുണ്ടായതു. പിന്നീടു അയാളില്‍ നിന്നും ചോര്‍ത്തിയെടുത്ത വിവരങ്ങളാണു ആക്രമണത്തിന്റെ ശരിയായ ഉത്ഭവത്തിലേയ്ക്കു വെളിച്ചം കാണിച്ചതും.

                എന്താണിവിടെ സംഭവിച്ചതു?  നിങ്ങളെല്ലാം കണ്ടതുപോലെ തന്നെ ഞങ്ങളും ടീ.വി.യ്ക്കു മുന്നില്‍ തന്നെയായിരുന്നു, കഴിഞ്ഞ മൂന്നു നാലു ദിവസങ്ങളായിട്ടു.  ലോകം മുഴുവനും കണ്ടു, ഏറ്റുമുട്ടലുകളും സുരക്ഷാപ്രവര്‍ത്തനങ്ങളും.  നടന്ന സംഭവങ്ങളും നടന്ന രീതിയും കണ്ടു. പ്രതികരിച്ചു, പരിതപിച്ചു . അതല്ലേ കഴിയൂ, അകലെയിരുന്നു?  ഭീകരര്‍  പാകിസ്ഥാനില് നിന്നും പരിശീലനം നേടിയവര്‍,  പ്ലാന്‍ ചെയ്ത ആക്രമണം.  സി.എസ്.ടി. സ്റ്റേഷനില്‍  ഭീകരര്‍ അബു ഇസ്മൈയിലും അജ്മല്‍ കസ്ബും കൂടി 48 പേരെ വെടിവെച്ചു കൊന്നു., രാത്രി 9.45നു. അറിയാമോ നിറഞ്ഞു വഴിഞ്ഞൊഴുകുന്ന സി.എസ്.ടി. സ്റ്റേഷന് 7 മണിയോടെ ആക്രമിയ്ക്കാനുളള അവരുടെ ശരിയായ പ്ലാന്‍  നടന്നിരുന്നുവെങ്കില്‍, മരണ സംഖ്യ ആയിരങ്ങളായേനേ!  കഫ് പരേഡില്‍  വഞ്ചി വഴിയെത്താന്‍ വൈകിയത്  മുംബാദേവിയുടെ അനുഗ്രഹമാകാം.  മുംബെയ്ക്കു നഷ്ടമയ ജീവിതങ്ങളില്‍ ആന്റി ടെററിസം സ്ക്ക്വാഡ്  ചീഫ്  ആയ ഹേമന്ത് കര്‍കരെ,  അഡീഷണല്‍  പോലീസ്  കമ്മീഷണര്‍ അശോക് കാംതേ, ഏറ്റുമുട്ടല്‍  വിദഗ്ദ്ധന്‍  വിജയ് സലസ്കര്‍ എന്നിവരും പെടുന്നു . മൊത്തം മരിച്ചവരുടെ എണ്ണം 171 ഇതുവരെ. പരിക്കേറ്റവര്‍ നൂറു കണക്കിനു വേറെയും.  സി.എസ്.ടി സ്റ്റേഷന്‍, റ്റാജ് ഹോട്ടല്‍, ഒബെറോയ് ഹോട്ടല്‍, നരിമാന്‍ ഹവ്സ് എന്ന്വയായിരുന്നു പ്രധാന മായി ആക്രമിയ്ക്കപ്പെട്ടവ. മൊത്തം നാശനഷ്ടം 50,000 കോടി രൂപയോളമെന്നാണു കണക്കുകൂട്ടല്‍. ജീവ നഷ്ടം വില പറയാനാവില്ലല്ലോ?.

48 മണിക്കൂര്‍ നേരം  മുംബൈ ശ്വാസം പിടിച്ചടക്കി ഇരുന്നു.  എല്ലാവരും വീട്ടില്‍തന്നെയുള്ളവര്‍  ഭീകരരുടെ പിടിയിലായവരെ ഓര്‍ത്തു
ദു:ഖിച്ചു.. രണ്ടാമത്തെ ദിവസം എല്ലാവരും പേടിയുണ്ടെങ്കിലും ഓഫീസുകളില്‍  പോയി.  അവര്‍ക്കു പേടി മാത്രമല്ല,  ദേഷ്യം, സങ്കടം, നിസ്സഹായാവസ്ഥ, മരവിപ്പു, ഒക്കെക്കൂടിയ ഒരു വികാരമായിരുന്നു. പലര്‍ക്കും വിശ്വസിയ്ക്കാന്‍  പോലും വിഷമം. മുംബൈ ഇത്രയും നിസ്സഹായയോ? ആവരേജ് മുംബൈറ്റിയുടെ ജീവനെത്തന്നെ മാറ്റി മറിച്ച മൂന്നു നാലു ദിവസങ്ങള്‍!   60 മണിക്കൂറോളം താണ്ഡവമാടിയ ഭീകരര്‍  മുംബൈയെക്കുറിച്ചു ഞാന്‍  മുന്‍പേ പറഞ്ഞിട്ടുണ്ടല്ലോ, ഇതു ഉറക്കമില്ലാത്ത നഗരമാണെന്നു.. ഇവിടത്തെ ഉന്നതരില്‍  പലരും രാത്രിയില്‍  നക്ഷ്ത്രഹോട്ടലുകളില്‍  പാര്‍ട്ടി ചെയ്യുന്നവരാണു. ഉറക്കത്തിനെ മാറ്റാനും പരസ്പരം കാണുന്നതിനും ആശയ്ങ്ങള്‍ കൈമാറുന്നതിനും ബന്ധങ്ങള്‍ പുതുക്കുന്നതിനും ഈ സമയം ഉപയോഗപ്പെടുന്നു.  ബിസിനസ്സുകാരും, ബോളിവുഡ് താരങ്ങളും നിര്‍മ്മാതാക്കളുമെല്ലാം ഇതില്‍ക്കാണും. ഇത്തരത്തിലുള്ളവരും, ടൂറിസ്റ്റുകളായ വിദേശീയരും തന്നെയായിരുന്നു, ഭീകരരുടെ ലക്ഷ്യം.താജും, ഒബെറോയും അതു അനുഭവിയ്ക്കാന്‍  കാരണവും ഇതു തന്നെ. അവിടെ വെന്തു മരിച്ചവരുടെ കുറ്റവും അതു തന്നെ. 500 ജീവനുകളായിരുന്നത്രേ ലക്ഷ്യം.
                   കീര്‍ത്തിയ്ക്കപ്പെടേണ്ട ഒട്ടനവധി കാര്യങ്ങള്‍ , പിന്നീടറിഞ്ഞു. മറ്റുള്ളവരുടെ രക്ഷ്യ്ക്കായി സ്വന്തം ജീവന്‍  പോലും നഷ്ടപ്പെടുത്താന്‍ തയ്യാറായവരുടെ കഥകള്‍  കേട്ടു. അബദ്ധങ്ങള്‍, അനാസ്ഥ, നേതാക്കന്മാരുടെ തെറ്റുകള്‍ …ഒക്കെ വിശകലനം ചെയ്യപ്പെട്ടു. സാധാരണക്കാരനു ചോദിയ്ക്കാനായി ഒന്നും പത്തുമല്ല, നൂറു കണക്കിനാണു ചോദ്യങ്ങള്‍. ഗവണ്മെന്റിനു മറുപടി പറയാനാവില്ല. ഭീകരരുടെ വരവിനെക്കുറിച്ചും, റ്റാജിനെ ആക്രമിയ്ക്കാനുള്ള സാധ്യതയെക്കുറിച്ചും അറിഞ്ഞിട്ടും ഒന്നും ചെയ്തില്ലെന്ന സത്യം വളരെ ദു:ഖകരം തന്നെ.. എന്തു കാര്യം നേതാക്കളും മന്ത്രിമാരും  രാജി വച്ചിട്ടു?  ജനങ്ങള്‍ ഇളകുകയാണിവിടെ വേണ്ടതു.  ഒറ്റക്കെട്ടായി, ജാതി മത ഭേദമില്ലാതെ  ഒറ്റ ഇന്ത്യയെന്ന സങ്കല്‍പ്പത്തില്‍ . പുരകത്തുമ്പോള്‍  വാഴ വെട്ടുന്ന നേതാക്കളാണിവിടെ. വീരമൃത്യു വരിച്ച സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ പിതാവിന്റെ വ്യസനം ഒരു പൊട്ടിത്തെറിയായി മാറിയതില്‍  അദ്ഭുതപ്പെടാനില്ല. ബോളിവുഡ് ഡയറക്റ്റര്‍ രാം ഗോപാലവര്‍മ്മയെയും നടനായ മകനേയും കത്തിക്കരിഞ്ഞ റ്റാജിന്റെ ഉള്‍വശം കാട്ടാനായി കൂടെക്കൂട്ടിയ മുഖ്യമന്ത്രിയുടെ ഉദ്ദേശം ഏതു  സാധാരണക്കാരനും മനസ്സിലാക്കാവുന്നതേയുള്ളൂ ..കഷ്ടം! നമ്മുടെ രാജ്യം ഇത്രയും അധ:പതിച്ചുപോയല്ലോ!

                          ലൈവ് ആയ ടി.വി. ഷോകള്‍ , സെമിനാറുകള്‍ , സമാധാനത്തിനായി നടത്തം- പീസ് മാര്‍ച്ച് , കൂട്ടപ്രാര്‍ത്ഥന തുടങ്ങി  മുംബൈറ്റി പലതും ചെയ്തു നോക്കുന്നു,  ആശ്വാസം കിട്ടാന്‍ . നമ്മുടെ ഏറ്റവും വലിയ പ്രശ്നം ശരിയായ വഴി ചൂണ്ടിക്കാട്ടാന്‍ ആളില്ലായ്കയാണു. എല്ലാ രംഗത്തും. ഭീകരര്‍  തലവന്റെ വാക്കിനെ ചോദ്യം ചെയ്തില്ല.  അക്രമം നടത്തിയ ശേഷം തിരിച്ചു പോകാനാകുമെന്ന വിശ്വാസവും അവര്‍ക്കുണ്ടായിരുന്നു.  വേണ്ട സമയത്തു ശരിയായ തീരുമാനമെടുക്കാന്‍   കഴിഞ്ഞിരുന്നെങ്കില്‍  റ്റാജിലെയും ഒബെറോയിലേയും നരിമാന്‍  ഹൌസിലേയും മരണ സംഖ്യയും, ആക്രമണസമയവും കുറയ്ക്കാനാകുമായിരുന്നെന്നു പലര്‍ക്കും അഭിപ്രായമുണ്ടു.  എന്തായാലും, മുംബൈറ്റി ഉണര്‍ന്നേ പറ്റൂ…ഇത്തരം അവസ്ഥകളെ ഇനിയും നേരിടാനുള്ള ചങ്കൂറ്റം ഉണ്ടായേ തീരൂ…പട്ടാള പരിശീലനം നിര്‍ബന്ധമാകിയാല്ല്‍പ്പോലും. കൈകള്‍ കോര്‍ത്തുപിടിയ്ക്കാനും നീട്ടിക്കൊടുക്കാനും പഠിച്ചാലേ രക്ഷപ്പെടാനാകൂ….അതു പുതിയ തലമുറ്യ്ക്കു മനസ്സിലാകുന്നുണ്ടു. അവര്‍ രോഷാകുലരാണു. അതില്‍ നിന്നുയരുന്ന അലയൊലികളെ ഒന്നു ശരിയായി തിരിച്ചു വിടലാണു ഇനി ഇവിടെ ആവശ്യം. എസ്.എം.എസ് കളോ, മെയിലുകളൊ, ടി.വി. ഷോകളൊ , മാര്‍ച്ചുകളൊ ഒന്നും ശാശ്വതമല്ല. ഏതാനും ദിവസങ്ങള്‍ക്കകം തന്നെ എല്ലാം വിസ്മൃതിയിലാണ്ടു പോകും. പിന്നെ ഓരോ വര്‍ഷവും ഓര്‍മ്മിയ്ക്കാനായി മാത്രമുള്ള ഒരു ദിവസമായി ഇതും മാറും. അതിനനുവദിച്ചു കൂടാ.
          മരിച്ചവരുടെ കുടുംബത്തിനും, പരിക്കേറ്റവര്‍ക്കുമായി പലരും സഹായഹസ്തങ്ങള്‍ നീട്ടിയിട്ടുണ്ടു. വളരെയേറെ പ്രകീര്‍ത്തിയ്ക്കപ്പെടേണ്ട കാര്യം തന്നെ. അതില്‍ ജാതി മതഭേദമില്ല, മരിച്ചവരിലെന്നപോലെ തന്നെ . സാധാരണക്കാരനില്‍ നിന്നും പിഴിഞ്ഞെടുക്കുന്ന നികുതി വി.ഐ.പി. കളുടെ മാത്രമല്ല, സാധാരണക്കാരന്റെ കൂടി സുരക്ഷയ്ക്കായി ഉപയോഗിയ്ക്കേണ്ടകാലം അതിക്രമിച്ചിരിയ്ക്കുന്നു. സ്കോട് ലാന്‍ഡ് യാര്‍ഡിനു തൊട്ടു പുറകില്‍ വരുമെന്നു ഊറ്റം പറയുന്ന മുംബൈ പോലീസിനും നല്ലൊരു തലവന്‍ ആവശ്യം  തന്നെ. ഇനിയും ഡിസംബര്‍ ആറിനു ബാബ് റി മസ്ജിദിന്റെ തകര്‍ച്ചയുടെ ആനിവേര്‍സറി ദിനത്തില്‍ ആക്രമണമുണ്ടായേയ്ക്കാമെന്ന സൂചനയുണ്ടു. മുംബൈ  പുറമേയ്ക്കു കാണിയ്ക്കുന്നില്ലെങ്കിലും ഉള്ളില്‍ ഭീതിതയാണു. പക്ഷേ…ഗ്ലോബല്‍ രിസഷനും, ഷെയര്‍ മാര്‍ക്കറ്റ് തകര്‍ച്ചയും അനുഭവിച്ചു കൊണ്ടിരിയ്ക്കുന്ന ഈ സമയത്തു ഇത്തിരി പോസിറ്റീവ് ആവുക തന്നെയാണല്ലൊ നല്ലതു. വിങ്ങലുകള്‍ മനസ്സിനുള്ളില്‍ തന്നെ അടക്കാനും ചിന്തകള്‍ക്കു കടിഞ്ഞാണിടാനും മുംബൈറ്റി പഠിച്ചു വരികയാണു.

One Response to “മുംബൈ ഭീകരരുടെ പിടിയില്‍ നടുങ്ങിയപ്പോള്‍”

  1. ചിത്രകാരന്‍

    അനുഭവസാക്ഷ്യം ഹൃദയസ്പൃക്കായി എഴുതിയിരിക്കുന്നു.
    കരുതിയിരിക്കാം.

Leave a Reply

Your email address will not be published. Required fields are marked *