ധർമ്മക്ഷേത്രേ കുരുക്ഷേത്രേ…

Posted by & filed under കവിത.

Yudhishthira seeks permission from Bhishma

എന്തു നാം മുന്നിൽക്കാണ്മതെല്ലാമേ സത്യം താനോ?

ചിന്തിയ്ക്കാൻ വയ്യാത്തതീ ധർമ്മപുത്രർ ചെയ്യുന്നോ?

പടയ്ക്കു തയ്യാറായി നിന്നൊരാ കുരുക്ഷേത്രം

പരക്കെ നിസ്തബ്ധമായ് നിന്നുപോയിതോ കഷ്ടം!

വിറയ്ക്കും പാദങ്ങളാൽ പിന്നിലർജ്ജുനൻ ചെന്നി-

ട്ടുരയ്ക്കുന്നെന്തോ,ശബ്ദമൊതുക്കിട്ടാകാംക്ഷയാൽ

നിറച്ചും പട യുദ്ധകാഹളം മുഴക്കവേ

പറിച്ചങ്ങെറിയുന്നിതായുധം പടച്ചട്ട?

തനിച്ചായ് ഗമിയ്ക്കുന്നതെന്തിനീവിധം ശത്രു-

നിരയ്ക്കായ് നേരേ യിവൻ മനസ്സു തിരിഞ്ഞതോ?

പരക്കെ നിറഞ്ഞോരീ ജനത്തിൽ മുന്നിൽ ത്തന്നെ

ക്ഷമിയ്ക്കാൻ പറയുമോ, സന്ധിയ്ക്കായ് തുനിയുമോ?

ശരിയ്ക്കും സ്വശക്തിയിൽ വിശ്വാസം കുറഞ്ഞിട്ടോ-

ഇരക്കാൻ പോകുന്നതീ ശാന്തിപർവ്വവും തേടി?

വരുത്തും കുലത്തിനു  മാനഹാനിയുമെന്നാൽ

പിറക്കാനെന്തേയിവൻ കുലത്തിൻ കളങ്കമായ്?

പരക്കേ നിറഞ്ഞിടും ജനത്തിൻ മനസ്സിലായ്

മുളയ്ക്കും ചിന്തയ്ക്കാരു വേലി കെട്ടുവാൻ വരും

ഒരുത്തന്നാവും, മനസ്സൊക്കെ കണ്ടീടുന്നവൻ

ചിരിയ്ക്കുന്നല്ലോ,യതിൻ കാരണമെന്തായിടും?

പുറത്തു പറയുന്നതില്ലവനെന്നാകിലും

മനസ്സിൽക്കരുതുന്നതോർക്കിലിപ്രകാരമോ?

കരത്തിൽ പിടിയ്ക്കുവാനായുധം, പഠിപ്പിച്ച

ഗുരുക്കൾ, പിതാമഹനായ ഭീഷ്മരെന്നിവർ

കൊടുക്കുമനുഗ്രഹമൊന്നുവേണമീ യുദ്ധം

ജയിയ്ക്കാൻ , യുധിഷ്ഠിരനറിയുന്നിതു നൂനം

ഗുരുത്വക്കേടൊന്നവൻ വരുത്തീടുകയില്ല

മറിച്ചു  ലഭിച്ചിടും ജയിയ്ക്കാനനുഗ്രഹം

പഠിപ്പിച്ചോരാവിദ്യ പയറ്റുന്നേരം കാണും

ഗുരുക്കൾക്കായീടുമോ മറിച്ചായ്ചിന്തിയ്ക്കുവാൻ?

ശരിയ്ക്കുമിവൻ ധർമ്മയോദ്ധാവാണിതു കാൺകെ

കുളിർക്കും മനസ്സുകളായിരം രണഭൂവിൽ…

One Response to “ധർമ്മക്ഷേത്രേ കുരുക്ഷേത്രേ…”

  1. mohan c nair

    നന്നായിരിക്കുന്നു മാഡം.
    ഗുരുത്വം കാട്ടിയവനീ യുധിഷ്ടരന്‍ എങ്കിലും,
    ഗുരുവിന്‍ തല വീഴാന്‍ പൊളിയൊന്നു പറഞ്ഞുവല്ലോ

Leave a Reply

Your email address will not be published. Required fields are marked *