വാ ടാജ് !…. ഓ ടാജ് !

Posted by & filed under മുംബൈ ജാലകം.

 

 

 

 

 

 

 

              ഒരു നല്ല യാത്ര പോയി വന്നതിന്റെ സുഖത്തിലായിരുന്നു, ഞാന്‍.  ദെല്‍ഹിയ്ക്കുള്ള ആദ്യയാത്ര. എത്ര കാലമായി  ആഗ്രഹിച്ച ശേഷം ഒന്നു ഒത്തുവന്നതാണു. ആഗ്രയ്ക്കു പോയി താജ് കാണാനായിരുന്നു ഏറെ മോഹം.  പെട്ടെന്നു എല്ലാം ഒത്തു വരുകയും ദെല്‍ഹി, ആഗ്ര, മധുര, ജയ്പ്പൂര്‍, റിഷീകേഷ്, ഹരിദ്വാര്‍ ഒക്കെ പോയി തിരിച്ചെത്തുകയും ചെയ്തതേയുള്ളൂ, മുംബൈയില്‍ . മനസ്സില്‍  ഏറ്റവുമധികം തങ്ങി നിന്നതു താജ് മഹല്‍ തന്നെ.“ വാ താജ് !”എന്നു പറയാതെ വയ്യ,   അത്രയ്ക്കും ആകര്‍ഷകം. ഓര്‍മ്മ വച്ച നാള്‍ മുതല്‍  കേട്ടിട്ടുള്ള എല്ലാ സങ്കല്‍പ്പങ്ങള്‍ക്കും അതീതം. എത്ര ഫോട്ടോ എടുത്തിട്ടും മതി വന്നില്ല.  എത്ര കണ്ടിട്ടും കൊതി തീര്‍ന്നില്ല.…“വാ താജ്!” എന്നു തന്നെ പറഞ്ഞ് തിരികെ മുംബൈയിലെത്തി  “ഓ താജ് ! “എന്ന് പറയേണ്ടി വരുമെന്നു സ്വപ്നത്തില്‍പോലും ഓര്‍ത്തില്ല.

   ഭീകരരുടെ ആക്രമണത്തില്‍ കത്തിക്കരിഞ്ഞ  താജ് ഹോട്ടല്‍ കണ്ടപ്പോള്‍ വല്ലാത്ത സങ്കടം തോന്നി. പലപ്പോഴും ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍  പോകുമ്പോള്‍ ഞാന്‍ നോക്കിനില്‍ക്കാറുള്ളതാണു,  ഈ കെട്ടിടത്തെ.  ഉള്ളില്‍  ഇതുവരെ പോയിട്ടില്ലെങ്കിലും അതിന്റെ പുറംഭാഗം വളരെ പരിചിതമായിരുന്നു. ടൂറിസ്റ്റുകളുടെ പ്രിയപ്പെട്ട ഹോട്ടല്‍. മുംബൈയുടെ ആകര്‍ഷകമായ മുഖമുദ്രകളില്‍  ഒന്നു. ഗേറ്റ് വേയില്‍ പോകുന്ന ആരെയും ആകര്‍ഷിയ്ക്കുന്ന രൂപഭംഗി. അതാണു ഇങ്ങനെ കത്തിക്കരിഞ്ഞു നില്‍ക്കുന്നതു. എങ്ങിനെ“ ഓ..താജ് !!”പറയാതിരിയ്ക്കും?

 

മുംബൈ പരീക്ഷണങ്ങളുടെ നടുവിലാണു. ഇത് ഞാനറിയുന്ന, തുടിയ്ക്കുന്ന, ഹരം പിടിപ്പിയ്ക്കുന്ന, ഉറങ്ങാത്ത സിറ്റിയില്‍നിന്നും ഒട്ടേറെ മാറിപ്പോയിരിയ്ക്കുന്നു. ആംചിമുംബൈ എന്നു എല്ലാരും സ്നേഹാധിക്യത്തോടെ പറയുന്ന മുംബൈയുടെ ഹൃദയ വേദന കണ്ടില്ലെന്നെങ്ങിനെ നടിയ്ക്കും? എവിടെയും പ്രശ്നങ്ങള്‍ !  തുടങ്ങിയിട്ടു കുറച്ചു കാലമായി. മറ്റു മെട്രോകളെ അപേക്ഷിച്ചു ഇവിടെ സുരക്ഷിതത്വം കൂടുതലാണ്, ഇവിടെ ജീവിയ്ക്കാന്‍  , പണികിട്ടാന്‍  ഒക്കെ സുഖമാണു എന്നൊക്കെയുള്ള വാദമുഖങ്ങള്‍ക്കാണു ഇപ്പോള്‍  അടി കിട്ടിയിരിയ്ക്കുന്നതു. ഒട്ടും സുരക്ഷിതരല്ല എന്ന തോന്നല്‍  ദിനം പ്രതി രൂഢമൂലമായിക്കൊണ്ടിരിയ്ക്കുന്നു.  ഇവിടെ റിസഷന്‍  എല്ലാ തുറയിലുള്ളവരേയും ഒരേ പോലെ ബാധിച്ചിരിയ്ക്കുന്നു. എല്ലാ സെക്ടറിലും ഇതിന്റെ പ്രതിഫലനം വ്യക്തമായി കാണാം. സാമ്പത്തികമായി ഭയം അരിച്ചെത്തുന്ന സമയം നോക്കിത്തന്നെയാണല്ലോ  ഭീകരരുടെ അടി വീണിരിയ്ക്കുന്നതു. അപ്പോള്‍  മോങ്ങാനിരുന്നവന്റെ തലയില്‍  തേങ്ങാ വീണ കണക്കായി. പേടീ എവിടെ നിന്നോ അരിച്ചെത്തുന്നു.

            നീണ്ട ഒരു സമരത്തിനു ശേഷം സിനിമ-ടി.വി. ഷൂട്ടിംഗുകള്‍ തുടങ്ങിയിരുന്നേ ഉള്ളൂ.  നഷ്ടങ്ങളുടെ നികത്തലുകള്‍ക്കായി ആസൂത്രണം നടത്തിയിരുന്ന നിര്‍മ്മാതാക്കളെല്ലാം മാനം നോക്കിയിരുപ്പാണു.  മുംബൈറ്റി സിനിമ കാണുന്നതിനുള്ള മൂഡിലല്ല, ഇപ്പോള്‍ . സിനിമാ തീയറ്ററൂകളും ഷോപ്പിംഗ് മാളുകളും  സന്ദര്‍ശിയ്ക്കാന്‍ പലരും  വൈമുഖ്യം കാണിയ്ക്കുന്നു. . കാരണം പലതുമാണു.  ഇപ്പോളിതാ മന്ത്രിസഭയും താഴെ. പുതിയ മന്ത്രി സഭ എന്തു ചെയ്യുമെന്നു കണ്ടറിയണം. അവര്‍ക്കു നല്ലൊരു പരീക്ഷണത്തെ  തന്നെ അതിജീവിയ്ക്കണം.  പൊതു ജനത്തിന്റെ കണ്ണുകള്‍ അവരില്‍  തന്നെ.

            ജനങ്ങള്‍  തികച്ചും ജാഗരൂകരാണു. ഒന്നാണെന്ന് പറയാനും തെളിയിയ്ക്കാനും അവര്‍  തത്രപ്പെടുന്നു.  ജാതി –മത- രാഷ്ട്രീയങ്ങള്‍ക്കതീതമായി മനുഷ്യത്വത്തിനു വിലയുണ്ടെന്ന സത്യം ചികഞ്ഞു പുറത്തേയ്ക്കെടുക്കാനും  ഇത്തരം ഭീഷണികളെ എങ്ങനെ അതിജീവിയ്ക്കണമെന്നുമുള്ള  നിര്‍ദ്ദേശങ്ങള്‍  തരാനും ഇവിടെ മുംബൈറ്റി മുന്നിലുണ്ടു.  “ഇനഫ്  ഈസ്  ഇനഫ് “ എന്നാണു മുദ്രാവാക്യം. ഇതില്‍ക്കൂടുതല്‍  താങ്ങാനാവില്ലെന്നതും സത്യം. എന്താണിവിടെ നടക്കുന്നതു?  ഇതെങ്ങിനെ നേരിടാം? . അരച്ചാണ്‍ വയറിനായി കഷ്ടപ്പെടുന്നവനും കോടീശ്വരനും ഒരേ പോലെ പേടിസ്വപ്നമായിരിയ്ക്കുന്നു ഭീകരര്‍ . മുംബൈ കരയുകയാണു. ഏറ്റ മുറിവിന്റെ ആഴം അത്രയ്ക്കധികമാണു.

         ഇന്നലെ ബക്രീദ് ആയിരുന്നല്ലോ?  കറുത്ത റിബണും സമാധാന സന്ദേശത്തിന്റെ പ്ലാക്കാര്‍ഡും,  ഭീകരരുടെ ആക്രമണത്തിന്നിരയായവര്‍ക്കായി പള്ളീകളില്‍  പ്രാര്‍ഥനയും, ഒരുമയുടെ സ്ഫുരണങ്ങളുതിര്‍ക്കുന്ന മെയില്‍ –എസ്.എം.എസ്. കൈമാറലുമായി ഒരു പുതിയ മാനം കണ്ടെത്തി ഈ ദിവസം ഇവിടെ.  ഭീകരരോടുള്ള പ്രതിഷേധപ്രകടനം. യാതൊരുവിധ ആഡംബരമോ ധാടിയോ ഇല്ലാത്ത ഒരു ബക്രീദ്. പല ഉന്നത വ്യക്തികള്‍ പോലും ഈദ്  ആഘോഷിച്ചില്ല, ആചരിച്ചെന്നു മാത്രം.പലരും പുതിയ വസ്ത്രങ്ങള്‍  പോലും വാങ്ങിയില്ല. മുംബൈ ഖാറിലുള്ള ജുമ മസ്ജിദ് ട്രസ്റ്റി സഫര്‍ ഇക്ബാല്‍   ഇസ്ലാം മതത്തിന്റെ സമാധാനതത്വം കാണിയ്ക്കുന്ന 500 സന്ദേശങ്ങള്‍  ഇ-മെയില്‍  വഴിയും 250 സന്ദേശങ്ങള്‍  എസ്.എം.എസ് വഴിയും അയച്ചെന്നു പത്രത്തില്‍  കണ്ടു. എല്ലാവരും സമാധാനം കാംക്ഷിയ്ക്കുന്നു, ഇവിടെ.  ജാതിയും, മതവും ഒന്നുമിവിടെ പ്രശ്നമല്ല. എത്ര ഭീകരര്‍  വന്നാലും നമ്മളെ അകറ്റാനാവില്ലെന്നു തെളിയിയ്ക്കുകയാണിവിടെ.

              ടാജ് ടവറിലെ മെഡിറ്ററേനിയന്‍  റസ്റ്റോറന്റ് ആയ ‘സൌക്’“, പ്രൈവറ്റ് ക്ലബ് ആയ ‘ചേംബേര്‍സ്” എന്നിവ ക്രിസ്റ്റുമസ്സിനു പ്രവര്‍ത്തനം തുടങ്ങാനുള്ള ഒരുക്കത്തിലാണു.  ഈ ഭാഗത്തു നാശനഷ്ടങ്ങള്‍  പൊതുവേ കുറവാണു. പഴയ ഭാഗമായ ഹെറിറ്റേജ്  വിംഗ് നേരെയാക്കാന്‍  സമയമെടുക്കും.. മൊത്തം 500 കോടിയുടെ നഷ്ടം താജില്‍ത്തന്നെ കണക്കാക്കപ്പെട്ടിരിയ്ക്കുന്നു. നമുക്കു ടാജിനെ വീണ്ടും പഴയ രൂപത്തില്‍  തന്നെ കാണാനാകും.  കാരണം ഹെറിറ്റേജ്  നിയമം  അനുസരിച്ചു,  പുതുക്കുമ്പോള്‍  ഉള്‍വശത്തു  മാറ്റം വരുത്താമെങ്കിലും പുറമേ മാറ്റം വരുത്തുവാന്‍  പാടില്ല.  കഴിയുന്നത്ര വേഗം അറ്റകുറ്റപ്പണികള്‍  ചെയ്തു നഷ്ടപ്പെട്ട മുഖവും ബിസിനസ്സും തിരിച്ചെടുക്കാനുള്ള  ശ്രമത്തിലാണു ടാജ്.  “വാ ടാജ് ബോലിയേ!“
    

  

           ഒബെറോയിലെ  ട്രിഡെന്റും ഡിസംബര്‍  21നോടു  കൂടി പ്രവര്‍ത്തനം തുടങ്ങാനുദ്ദേശിയ്ക്കുന്നു.  ആരും പേടിച്ചു പിന്മാറാന്‍  തയ്യാറല്ല. സുരക്ഷാസംവിധാനം കഴിയുന്നത്ര ഉറപ്പാക്കാനുള്ള  ശ്രമത്തിലാണു എല്ലാവരും.  പുതിയ മന്ത്രിസഭ 100 കോടി രൂപയാണു മുംബെയുടെ  സുരക്ഷാസംവിധാനത്തിനായി  നീക്കി വച്ചിരിയ്ക്കുന്നതു.  അത്യാധുനികതരം  ആയുധങ്ങളും, സ്പീഡുബോട്ടുകളും, പട്രോളിംഗും മറ്റു സുരക്ഷാപ്രവര്‍ത്തനങ്ങളും ത്വരിതഗതിയില്‍ സംഘടിപ്പിയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍  നടന്നു വരുന്നു. ഇനിയെങ്കിലും ബന്ധപ്പെട്ടവര്‍ വേണ്ടതുപോലെ  വേണ്ടസമയത്തു തന്നെ പ്രവര്‍ത്തിയ്ക്കുമെന്നു നമുക്കു പ്രത്യാശിയ്ക്കാം.

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *