വർണ്ണനൂലുകൾ-13

Posted by & filed under വർണ്ണ നൂലുകൾ.

|

വർണ്ണ നൂലുകൾ-13

കാലയവനികയ്ക്കുള്ളിൽ അനവസരത്തിൽ മറഞ്ഞു പോയ ചില സുഹൃത്തുക്കൾ കൂടെക്കൂടെ ഓർമ്മകളിൽ വന്നെത്തി നോക്കുന്നു. വിസ്മൃതിയുടെ തിരശ്ശീലയ്ക്കുള്ളിൽ അവർ മറയുന്നില്ല, അഥവാ അതിനു നമ്മൾ സമ്മതിയ്ക്കുന്നില്ല. എന്താണാവോ കാരണം? മറ്റൊന്നുമാകാനിടയില്ല, മനുഷ്യനെന്നും അറിയാം എത്രയൊക്കെ അജയ്യനാണെങ്കിലും പ്രകൃതിയുടെയും കാലത്തിന്റെ കളികളൂടെയും മുന്നിൽ താനെന്നും നിസ്സഹായനാണെന്ന സത്യം. ഈ സത്യം ഒരു ഭയമായി  മനസ്സിൽ സൂക്ഷിയ്ക്കുമ്പോൾ ഓർക്കാപ്പുറത്തു കിട്ടിയ അടികൾ ആയിരിയ്ക്കും ആദ്യം ഓർമ്മ വരിക.   ഒരുതരംഅവിശ്വസനീയതയിൽ പൊതിഞ്ഞ ഇത്തരം സംഭവവികാസങ്ങളെ ഇനിയും നാം മനസ്സാലെ സത്യമായിക്കരുതാൻ മടിയ്ക്കുന്നുണ്ടാവാം.

ഒരു കുടുംബ സുഹൃത്തിനെക്കുറിച്ചാണു ഇന്നു പറയുന്നതു. വിവാഹത്തിനു മുൻപ് അത്യന്തം താന്തോന്നിയായിരുന്നെങ്കിലും പിന്നീടു വളരെയേറെ മാറിക്കഴിഞ്ഞിരുന്നു അദ്ദേഹം. സഹധർമ്മിണിയുടെ സ്നേഹത്തിനു മുൻപിലെ കീഴടങ്ങൽ ആയിത്തന്നെ അതിനെ കാണാൻ കഴിഞ്ഞിരുന്നു. ജീവിതം ആസ്വദിയ്ക്കുന്ന തരക്കാരിൽ‌പ്പെടും. അണിഞ്ഞൊരുങ്ങാനും സിനിമയ്ക്കും   ഹോട്ടലിലുമൊക്കെ പോകാനും ഏറെ ഇഷ്ടം. ജീവിതം നന്നായിത്തന്നെ മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു. സന്തോഷവും സങ്കടവും ഒരേ പോലെ ഞങ്ങൾക്കൊത്തു പങ്കു വെച്ചിരുന്നു. എന്തു സങ്കടം വന്നാലും അതു ഞങ്ങളോടു വന്നു പറഞ്ഞാൽ പിന്നെ ഭാരമിറക്കിയ അനുഭവമാണു തനിയ്ക്കെന്നു ഇദ്ദേഹം പലപ്പോഴും പറയറുള്ളതു ഓർമ്മ വന്നു. അപ്രതീക്ഷിതമായി വന്നെത്തിയ ഒട്ടൊരുപാടു സംഭവവികാസങ്ങൾ ജീവിതത്തിന്റെ ബാലൻസു തെറ്റിച്ചിട്ടും, ജോലി തന്നെ നഷ്ടപ്പെട്ടിട്ടും സുസ്മേരവദനനായിത്തന്നെയേ കണ്ടിരുന്നുള്ളൂ. പുതിയ ജോലിയും ജോലിസ്ഥലവും കൊടുത്ത മാനസികസമ്മർദ്ദം ഭാരമിറക്കാൻ അത്താണിയില്ലാതെ സ്വയമമമർത്തിപ്പിടിച്ചുതിനാലാകാം,അകാലത്തിൽ വിട്ടുപിരിയാൻ കാരണമായതും.ഒരു കുറ്റബോധം എന്നും മനസ്സിൽ തങ്ങി നിന്നു.

സമൂഹജീവിയാണെങ്കിലും മനുഷ്യൻ എന്നും ഒറ്റപ്പെട്ടവനാണു. പക്ഷേ അവനു സമൂഹമില്ലാതെ ജീവിയ്ക്കാനുമാവില്ല.അവനെ വളർത്തുന്നതും തളർത്തുന്നതും സമൂഹം തന്നെ, അല്ലേ? ഭാരമിറക്കാനുള്ള അത്താണികൾ നമുക്കെല്ലാവർക്കുംകാണും.. പക്ഷേ പലപ്പോഴും അവ കണ്ടെത്താൻ പലരും മിനക്കെടാറില്ലെന്നതാണു സത്യം. അഥവാ അതിന്റെ ആവശ്യമില്ലെന്ന തോന്നൽ. മറ്റു ചിലപ്പോൾ അതിനു കഴിയാതെയും വന്നെന്നു വരാം.സുഹൃത്തുക്കൾ നമുക്കെത്രമാത്രം അത്യന്താപേക്ഷിതമാണെന്നു യഥാർത്ഥത്തിൽ നാമറിയുന്നില്ല. അവരുടെ അഭാവത്തിൽ പലതിനേയും നേരിട്ണ്ടെ വരുമ്പോഴേ നമുക്കതറിയാനാകൂ. സുഹൃത്തുക്കൾ തന്നെ പലതരത്തിലാകാം. 18 വയസ്സു കഴിഞ്ഞാൽ‌പ്പിന്നെ സ്വന്തം മകനെപ്പോലും സുഹൃത്തായേ കാണാൻ പാടൂ എന്നു പഴമക്കാർ പറയാറില്ലെ? സങ്കീർണ്ണമായ ജീവിതത്തിൽ എത്തിച്ചേരുന്ന നാൽക്കവലകളിൽ ശരിയായ വഴി തിരഞ്ഞെടുത്തു മുന്നേറാൻ പലപ്പോഴും വഴികാട്ടികളായെത്തുന്നതു ബന്ധുക്കളെക്കാളേറെ സുഹൃത്തുക്കളായിരിയ്ക്കും.കൊള്ളേണ്ടതിനെ കൊള്ളാനും തള്ളേണ്ടതിനെ തള്ളാനും അവർ ധൈര്യം പകർന്നു കാണും.നിരാശകളേയും പരാജയങ്ങളേയും,പശ്ചാത്താപത്തേയും ദേഷ്യത്തേയും നേരിടാനും കൈകാര്യം ചെയ്യാനും അവർ നീങ്ങൾക്കു ധൈര്യം പകർന്നു കാണും. പോസിറ്റീവ് ആറ്റിട്ട്യൂഡ് എന്തെന്നു നിങ്ങൾക്കു മനസ്സിലാക്കിത്തന്നു കാണും. അറിയാതെ തന്നെ അവരിൽനിന്നും പകർന്നു കിട്ടിയവ മറ്റൊരു സുഹൃത്തിനായി കൈമാറാനും നിങ്ങൾക്കു കഴിഞ്ഞിട്ടുണ്ടായിരിയ്ക്കാം. ജീവിതത്തിലെ പ്രാഥമിക പാഠങ്ങൾ അച്ഛനമ്മമാരിൽനിന്നും പഠിയ്ക്കുന്നെങ്കിലും പലപ്പോഴും, അഡോളസെന്റ് ഏജിൽ പ്രത്യേകിച്ചും, പീർപ്രഷറിനാണു കുട്ടികൾ മുന്തൂക്കം കൊടുക്കുന്നതു. ഒന്നാലോചിച്ചു നോക്കൂ കുട്ടിക്കാലം മുതൽ ഇത്തരം എത്രയേറെ സുഹൃത്തുക്കൾ എത്രയെത്ര സന്ദിഗ്ധഘട്ടങ്ങളിൽ നിങ്ങൾക്കു ധൈര്യം പകർന്നു കാണുമെന്നു? അറിഞ്ഞും അറിയാതെയും നിങ്ങൾ നെയ്തെടുത്ത  ആ വർണ്ണ നൂലുകൾ ഒരു പക്ഷേ നിങ്ങളുടെ ജീവിത ഗതിയെത്തന്നെ മാറ്റിമറിച്ചിട്ടുമുണ്ടായിരിയ്ക്കാം.

നിങ്ങളുടെ ജീവിതത്തിലെ പലപല  നിർണ്ണായകമായ വഴിത്തിരിവുകളിൽ അങ്ങിനെ നിങ്ങളെ സഹായിച്ച ഒട്ടനവധി പേരെക്കുറിച്ചു ഇപ്പോൾ നിങ്ങൾ ഓർക്കുകയായിരിയ്ക്കും, അല്ലെ? ഒരു പക്ഷേ അവരിൽ വിട്ടു പിരിഞ്ഞുപോയവരോ അകന്നു പോയവരോ കണ്ടേയ്ക്കാം. പക്ഷേ അതു അവരുടെ പ്രവൃത്തിയുടെ ഫലത്തിനെ ബാധിയ്ക്കില്ലല്ലോ? ജീവിതത്തിലെ അത്യന്തം സുഖകരവും അതേപോലെ തന്നെ ദു:ഖകരവും ആയ സാഹചര്യങ്ങളിൽ നിങ്ങൾക്കു ചായ്ക്കാൻ തോളു കാണിച്ചു തന്ന ആ സുഹൃത്തുക്കൾ നിങ്ങൾ കടന്നുപോന്ന വഴിത്താരയിലെ വർണ്ണനൂലുകളായിത്തന്നെ നിലനിൽക്കും.

Leave a Reply

Your email address will not be published. Required fields are marked *