വർണ്ണനൂലുകൾ -14

Posted by & filed under വർണ്ണ നൂലുകൾ.

പോസിറ്റീവ് ചിന്താതരംഗങ്ങൾ ഉതിർക്കുന്ന വ്യക്തികളെ ആരുമിഷ്ടപ്പെട്ടു പോകും. പൊതുവേ അവർ വളരെ പോപ്പുലറാകാനും ഇതു കാരണമാകുന്നു. സന്തോഷദായകമായ എന്തിനോടുമുള്ള മനുഷ്യന്റെ ആകർഷണം തന്നെയാവാം ഇതിനു കാരണം. സുഖത്തിൽ ആൾക്കാർ ധാരാളം കൂട്ടിനായെത്തുമെന്നുംമെന്നും ദു:ഖം പങ്കു വെയ്ക്കാൻ വളരെക്കുറച്ചുപേരേ കൂടെ കാണൂ എന്നതും നാമെല്ലാം അനുഭവിച്ചറിയുന്ന സത്യങ്ങൾ മാത്രം. സുഖദായകമായതെന്തുമുളവാക്കുന്ന പോസിറ്റീവ് ചിന്തകൾ നമ്മളെ കർമ്മോന്മുഖരാക്കുന്നു. അതിനാൽ നാം സ്വയം മറ്റുള്ളവരുമായി അടുക്കാനും ഇടപഴകാനും തയ്യാറാകുന്നു. ദു:ഖം ഉണർത്തുന്ന നെഗ്ഗറ്റീവ് തരംഗങ്ങൾ അതിനു പകരം നമ്മെ കർമ്മ വിമുഖരാക്കുകയാണ് ചെയ്യുന്നതു. അതു കൊണ്ടു തന്നെ ആളുകളുമായുള്ള നമ്മുടെ ഇടപെടലുകളിൽ ഒരുഭാഗത്തു മാത്രമേ ചലനം കാണാനാകുന്നുള്ളൂ. ഒന്നു തീർച്ച, സുഖ ദു:ഖ സമ്മിശ്രമായ നമ്മുടെ ജീവിതത്തിൽ പലപ്പോഴും ഇത്തരം പോസിറ്റീവ് വൈബ്രേഷൻസ് കൊണ്ടു നമ്മെ പിന്താങ്ങുന്ന ഒരു പാടു സുഹൃത്തുക്കൾ കണ്ടേയ്ക്കാം. ഒന്നു തിരിഞ്ഞു നോക്കിയാൽ അവരെ  കണ്ടെത്താനാ

യെന്നുമാകാം.

ഒരു അടുത്ത കുടുംബ സുഹൃത്ത് പറഞ്ഞ വാക്കുകൾ പലപ്പോഴും മനസ്സിലോടിയെത്ത്‍ാറുണ്ട്. “എന്റ്റെ മനസ്സിൽ നെഗറ്റീവ് ചിന്തകൾ വളരെ അപൂർവ്വമായേ കടന്നു വരൂ” എന്ന്. അത്ഭുതം തോന്നി. അതെങ്ങനെ? സധാരണ സ്കൂൾ ,കോളേജ്, ഓഫീസൊക്കെ പോയവർ വരുന്ന സമയത്തിൽ 10 മിനിറ്റു പോലും അധികം വൈകിയാൽ ടെൻഷനെടുക്കുന്നവരാണധികം. അങ്ങിനെയല്ലാതെ ചിന്തിയ്ക്കാനാണ് വിഷമം. അത്ഭുതപ്പെടാനില്ല, ഈ വ്യക്തിയെ സാധാരണ ചിരിച്ചല്ലാതെ കാണാറില്ല. വളരെ ഊർജ്ജസ്വല. സീനിയർ സിറ്റിസൺ ആണെങ്കിലും മനസ്സിന് നല്ല ചെറുപ്പം. അങ്ങനെ വേണമെന്നാണവരുടെ മതം. നിങ്ങൾ എനിയ്ക്കു പ്രായമായി, എനിയ്ക്കതിനു കഴിവില്ല, എന്നെക്കൊണ്ടു പറ്റുമോ ആവോ എന്നിങ്ങനെ കരുതുന്നതേ തെറ്റ്. ഒരിയ്ക്കൽ അടിയറവ് പറഞ്ഞാൽ പിന്നീട് നിയന്ത്രണം കിട്ടാൻ ബുദ്ധിമുട്ടാകും. അത്ഭുതം തോന്നാറുണ്ട് അവരുടെ വാക്കുകളിലെ സത്യത്തെ തിരിച്ചറിയുമ്പോൾ. അൽ‌പ്പനേരം അവരുമായി സംസാരിച്ചിരുന്നാൽ സ്വയം ഉണർവു തോന്നാറുമുണ്ട്.

ശർമ്മാജി കുടുംബ സുഹൃത്താണ്, പക്ഷെ അധികമടുപ്പിച്ചാൽ തലവേദനയാണ് താനും. ഏതു സമയത്തും ഏതു കാര്യത്തിനും കൂടെ വരാൻ തയ്യാർ. നിങ്ങളേക്കാൾ കൂടുതൽ അദ്ദേഹത്തിനാണു അതു നടക്കാഞ്ഞാൽ വിഷമ്മെന്നു തോന്നും. അതിരുകവിഞ്ഞ സിൻസിയറിറ്റി എന്നോ അത്യധികമായ ഊർജ്ജസ്വലതയുടെ തകരാറെന്നോ ഇതിനെ പറയേണ്ടതെന്നറിയില്ല. നിങ്ങളുടെ ആവശ്യം എന്തുമാകട്ടെ, ഫ്ലാറ്റ് വാങ്ങാനായാലും, വാടകയ്ക്കു കൊടുക്കാനായാലും വാഷിംഗ് മെഷീൻ വാങ്ങാനായാലും കൂടെക്കാണും. അഥവാ നിങ്ങൾക്കു പ്രത്യേകിച്ച് ആവശ്യങ്ങളൊന്നുമില്ലെങ്കിൽത്തന്നെ അവ സൃഷ്ടിച്ച് അതിനു പരിഹാരമുണ്ടാക്കിത്തരാനും ശർമ്മാജിയ്ക്കു സന്തോഷമേയുള്ളൂ. സെക്കൻഡ് ഹാൻഡ് സാധനങ്ങൾ വിലപേശി വാങ്ങൽ മൂപ്പർക്കൊരു ഹരമാണ്.  വാഷിംഗ് മെഷീന്റെ കാര്യം പറയുമ്പോൾ രസകരമായ ഒരു സംഭവം ഓർമ്മ വന്നു.പഴയ വാഷിംഗ് മെഷീൻ  എക്സ്ചേഞ്ച് ചെയ്താൽ 1500 രൂപ പുതിയതിന്റെ വിലയിൽ കിഴിവു കിട്ടുമെന്നറിഞ്ഞ ഇദ്ദേഹം മറ്റൊന്നുമാലോചിയ്ക്കാതെ 500 രൂപയ്ക്ക്    ഒരു പഴയതും പ്രവർത്തിയ്ക്കാത്തതുമായ മെഷീൻ സംഘടിപ്പിച്ച് കടയിലെത്തി. പ്രവർത്തിയ്ക്കുന്ന മെഷീനെ എടുക്കൂ എന്നു കടക്കാരൻ. പോരേ തലവേദന?. പിന്നീട് കേടു വന്ന ആ മെഷീൻ നിർമ്മിച്ച കമ്പനിയിലെ ഒരു എഞ്ചിനീയറെ കണ്ടെത്തി മെഷീൻ പ്രവർത്തനക്ഷമമാക്കിയെടുത്തു നമ്മുടെ പുള്ളി. ഞങ്ങൾക്കെല്ലം പറഞ്ഞു ചിരിയ്ക്കാനിതൊരു കഥയുമായി. മാത്രമല്ല, ഇത്തരത്തിൽ ഒന്നു വാങ്ങാൻ എന്നോടും പറയാതിരുന്നില്ല .ഇത്തരം ശർമ്മാജിമാർ പലപ്പോഴും സമൂഹത്തിനു മുന്നിൽ തലവേദനയായോ കോമാളികളായോ കണ്ടേയ്ക്കാമെങ്കിലും സമൂഹത്തിനു ഇത്തരക്കാരുടെ സേവനം ആവശ്യം തന്നെ. അറിയാതെയോ അറിഞ്ഞോ അവർ തരുന്ന പ്രചോദനം പലപ്പോഴും ചെയ്യുന്ന കാര്യങ്ങളെ ഒരുപടി കൂടി നല്ല രീതിയിൽ ചെയ്യാനേ നമ്മെ പ്രേരിപ്പിയ്ക്കയുള്ളൂ. സ്വയം നമ്മെ വിലയിരുത്താനും നാം തന്നെ തയ്യാറാകുന്നു.

ചേതമില്ലാത്ത കൊച്ചു കൊച്ചു സഹായങ്ങൾ ചെയ്തു നമുക്കൊപ്പം നിൽക്കാനും പോസിറ്റീവ് തരംഗങ്ങളുണർത്താനും കഴിയുന്ന ഇവരും നമുക്കിടയിലെ വർണ്ണനൂലുകൾ തന്നെ, സംശയമില്ല.


Leave a Reply

Your email address will not be published. Required fields are marked *