വർണ്ണനൂലുകൾ-15

Posted by & filed under വർണ്ണ നൂലുകൾ.

ഇന്നലെ ഒരു സുഹൃത്തിന്റെ വീട്ടിലിരിയ്ക്കവേയാണ് വിവരമറിഞ്ഞത്, മിസ്റ്റർ അഹൂജ ഇഹലോകവസം വെടിഞ്ഞെന്നു. പെട്ടെന്നു ഒരു വല്ലാത്ത അസ്വസ്ഥത. ഒരു ബെർത്ത് ഡെ പാർട്ടി അറ്റെൻഡ് ചെയ്യാൻ വന്നതായിരുന്നു. മൂഡെല്ലാം പോയി, വീട്ടിൽ തിരിച്ചെത്താൻ തിടുക്കമായി. ക്യാൻസറായിരുന്നുവെന്നും കുറച്ചു ദിവസങ്ങളായി തീരെ സുഖമില്ലാത്തതിനാൽ  ബാംഗളൂരിൽ മകന്റെ കൂടെയായിരുന്നുവെന്നും അധികം നരകിയ്ക്കാതെ കടന്നു പോയതു നന്നായെന്നും പറഞ്ഞു പലരും ആ‍ശ്വസിച്ചപ്പോഴും മനസ്സിന്റെ വേദന കുറഞ്ഞില്ല. വളരെ അടുപ്പമുള്ള ആരോ മരിച്ചാലുണ്ടാകുന്ന ഒരു നഷ്ടബോധം.

അഹൂജ  കുടുംബം ഞങ്ങളുടെ അയൽ വാസികളായിരുന്നു, നീണ്ട എട്ടുവർഷത്തോളം. കൽക്കത്തയിൽ നിന്നും മുംബേയ്ക്കു ട്രാൻസ്ഫറായി വന്നു കമ്പനി ക്വാർടേർസിൽ താമസം തുടങ്ങിയപ്പോൾ ആദ്യമായി വന്നു പരിചയപ്പെട്ടതും ഇവർ തന്നെ. സദാസുസ്മേരവദനനായ മിസ്റ്റർ അഹൂജയും. പരുക്കനും സ്നേഹമസൃണവുമായ ശബ്ദത്തിൽ ആരെയും വീട്ടിലേയ്ക്കു ക്ഷണിയ്ക്കുന്ന മിസിസ്സ് അഹൂജയും വളരെ നല്ല അയൽക്കാരായിരുന്നു., ഒന്നൊഴിച്ചാൽ. ആരുടെയൊക്കെ വീട്ടിൽ ആരെല്ലാം വരുന്നു, പോകുന്നു തുടങ്ങി പലതും അവർക്കു നേരം പോകാനായി ഉള്ള ഉപാധികളായിരുന്നു.പരസ്പ്പരം കുറ്റം പറയാനായുളള കിറ്റി പാർട്ടികൾക്കായി ഉടുത്തൊരുങ്ങി പോകുന്നതു കാണാറുണ്ട്. പലപ്പോഴും കൂട്ടത്തിൽ കൂടാൻ ക്ഷണിച്ചിരുന്നുവെങ്കിലും കിറ്റിപ്പാർട്ടികൾ എനിയ്ക്കിഷ്ടമല്ലായിരുന്നതിനാൽ ഒഴിഞ്ഞു മാറി. അതിനെ എന്റെ അഹങ്കാരമായും അവർ വ്യാഖ്യാനിച്ചിരുന്നെവെന്നു തോന്നു. പക്ഷേ ഞങ്ങൾ വളരെ നല്ല അയൽ വാസികളായിത്തന്നെ കഴിഞ്ഞു. സന്തോഷങ്ങളും ആഘോഷങ്ങളും പങ്കു വെച്ചു.ഇടയ്ക്കിടെ ഒത്തുചേരലുകൾ, ഡിന്നർ പാർട്ടികൾ എന്നിവ സംഘടിപ്പിയ്ക്കാൻ അവർ ഏറെ തൽ‌പ്പരയായിരുന്നു. ദീപാവലി, ഹോളി, നവരാത്രി എന്നിവ ഒന്നിച്ചാഘോഷിച്ചു.അവരുടെ ആഥിതേയത്വം ഞങ്ങളൊക്കെ ധാരാളം അനുഭവിച്ചറിഞ്ഞിട്ടുള്ളതാണല്ലോ ,എന്റെ കുട്ടികൾ പ്രത്യേകിച്ചും.മിസിസ്സ് അഹൂജ അവിടെയുണ്ടെന്കിൽ എന്റെ കുട്ടികൾ വിശന്നു ഇരിയ്ക്കില്ല എന്നൊരു വിചാരം തന്നെ എനിയ്ക്കുണ്ടായിരുന്നു..മറ്റുള്ളവരെ വിളിച്ചു വരുത്താനും സൽക്കരിയ്ക്കാനും സംസാരിയ്ക്കാനും അവർ കാണിച്ചിരുന്ന ഔത്സുക്യം എന്നെഅത്ഭുതപ്പെടുത്തിയിരുന്നു. മിസ്റ്റർ അഹൂജയും രസികനായിരുന്നു. ഹൌസി കളിയ്ക്കുമ്പോൾ  വളരെ തന്മയത്വമായി, എടുക്കുന്ന നമ്പറുകൾ  വിളിച്ചു  പറഞ്ഞിരുന്നതെല്ലാം ഇന്നുമോർക്കുന്നു.മാത്രമല്ല, അദ്ദേഹത്തിനു എന്റെ കുട്ടികളേയും വളരെ ഇഷ്ടമായിരുന്നു. പിക്നിക്കുകൾ, ന്യൂ ഇയർ പാർട്ടികൾ തുടങ്ങി ഒട്ടേറെ നല്ല സമയം ഇവരൊത്തു ചിലവഴിയ്ക്കാനായിട്ടുണ്ടു. ഇവരുടെ മക്കളും ഇതേ പോലെ തന്നെ കൂട്ടത്തിൽകൂടുന്നവർ തന്നെ.

അവസാനമായി അവരെ രണ്ടു പേരെയും കണ്ടതു നാലഞ്ചു മാസങ്ങൾക്കു മുൻപായി ഒരു വിവാഹ സ്വീകരണസ്ഥലത്തു വെച്ചായിരുന്നു. ഒരൽ‌പ്പം ക്ഷീണിച്ചിട്ടുണ്ടെങ്കിലും മിസ്റ്റർ അഹൂജ പ്രസന്ന വദനനായിത്തന്നെയായിരുന്നു. പതിവുപോലെ വീട്ടിലേയ്ക്കു ക്ഷണിയ്ക്കാൻ മിസിസ്സ് അഹൂജയും മറന്നില്ല. തീർച്ചയായും മറ്റൊരിയ്ക്കൽ ചെല്ലാമെന്നു ഞാൻ വാക്കും കൊടുത്തിരുന്നു.പഴയ കാലത്തെക്കുറിച്ചും സുഹൃ ത്തുക്കളെപ്പറ്റിയുമൊക്കെ സംസാരിച്ചു ഒട്ടനവധി നേരം ഞങ്ങൾ ഒന്നിച്ചു ചിലവഴിച്ചു. ഇതു അവസാന കൂടിക്കാഴ്ച്ചയാകുമെന്നൊരിയ്ക്കലും കരുതിയിരുന്നില്ല.

ജീവിതം ഇങ്ങനെയൊക്കെ തന്നെ. കഴിഞ്ഞ നല്ല നിമിഷങ്ങളുടെ ഓർമ്മകൾ മനസ്സിലവശേഷിപ്പിച്ചു കടന്നു പോകുന്നവരെ ഓർക്കുമ്പോൾ ഒന്നു മനസ്സിലാകുന്നു, ഓരോ നിമിഷവും ആസ്വദിയ്ക്കാൻ നാം ശ്രമിയ്ക്കണം. എത്ര ക്ഷണികമാണീ ജീവിതം! ഇന്നിനെ മാറന്നു നാളെയ്ക്കായി സ്വരുക്കൂട്ടിവയ്ക്കാൻ മത്സരപ്പാച്ചിലുകൾ നടത്തുന്നവർക്കു ഇന്നിനെ സ്നേഹിച്ച ഈ ദമ്പതികൾ ഒരു മാതൃക തന്നെ! കൊച്ചു കൊച്ചു കുറ്റങ്ങൾ കാണാനായേയ്ക്കാമെങ്കിലും അപൂർവമായി മാത്രം, നഗര ജീവിതത്തിൽ പ്രത്യേകിച്ചും, കണ്ടെത്താൻ കഴിഞ്ഞ ഈ സൌഹൃദം മനസ്സിലെന്നും നിറമാർന്നു നിൽക്കും, തീർച്ച. ഈ ദു:ഖത്തെ എന്റേതു കൂടിയാക്കാൻ അതിനാലാണല്ലോ എനിയ്ക്കു കഴിഞ്ഞതും

Leave a Reply

Your email address will not be published. Required fields are marked *