വർണ്ണനൂലുകൾ -16

Posted by & filed under വർണ്ണ നൂലുകൾ.

വർണ്ണനൂലുകൾ -16

ബബൻ ജാധവ്….എനിയ്ക്കെന്നും അയാൾ ഒരു അത്ഭുതമായിരുന്നു.  അങ്ങിനെ പ്രത്യേകിച്ചു കഴിവുകളൊന്നും അയാൾക്കുണ്ടായിട്ടല്ല, പിന്നെ?  മഹാനഗരിയുടെ ഹൃദയഭാഗത്തായുള്ള ഞങ്ങളുടെ ഹൌസിംഗ് സൊസൈറ്റിയിലെ ഓഫീസിലെ ഒരു സാധാരണ ജോലിക്കാരൻ. മാനേജർ മുതൽ പ്യൂൺ വരെ ചെയ്യുന്ന ജോലികൾ ചെയ്യും. തുച്ഛശമ്പളം മാത്രമാവാം  മാസാവസാനം  കൈയിൽ കിട്ടുന്നതു.   അധികം വിദ്യാഭ്യാസവും ഉണ്ടെന്നു തോന്നുന്നില്ല. ഏതാണ്ട് 20 കെട്ടിടങ്ങൾ ഉള്ള ഈ വലിയ  സൊസൈറ്റിയിൽ ബബനു സന്തോഷത്തിന് ഒട്ടും കുറവില്ല എന്നു തീർച്ച. പൊതുവെ സംതൃപ്തനാണു.  അല്ലറ ചില്ലറ നമ്മിൽ നിന്നും പ്രതീക്ഷിയ്ക്കുന്നില്ലെന്നുമില്ല.

കഴിഞ്ഞ 10 വർഷങ്ങളായി ഞാൻ ദിവസവും കാണുന്ന മുഖം. സംസാരപ്രിയനായതിനാൽ  ആരെക്കണ്ടാലുംമിണ്ടാതിരിയ്ക്കാനാവില്ല. ആജാനബാഹു എന്നു പറയാം. ഏതു നേരവും ഫ്രെഷ് ആണു. തൂങ്ങിപ്പിടിച്ച്  ആലസ്യരൂപത്തിൽ ഇയാളെ ഇന്നേ വരെ കണ്ടിട്ടില്ല.   നെറ്റിയിലൊരു ചെറിയ കുംകുമപ്പൊട്ട്. . ഇളം നിറങ്ങളിലുള്ള അയഞ്ഞ മുറിക്കൈയ്യൻ ഷർട്ടും അതിലെ വലിയ പോക്കറ്റിൽ നിറയെ കടലാസുകളും കണ്ണടയും. കണ്ടാലുടൻ രാം ..രാം എന്നോ മറ്റോ പറഞ്ഞൊരു അഭിവാദനം ചെയ്യൽ . വായിൽ സദാ കിടക്കുന്ന തമ്പാക്കുവിനെ ഒരു വശത്താക്കി പറയുന്ന കാര്യങ്ങളെ    മഹാകാര്യങ്ങൾ പോലെ പ്രാധാന്യം കൊടുത്തു പറയുന്ന സംഭാഷണരീതി. എത്ര തിരക്കിലായാലും സംഭാഷണത്തിന്നിടയിലായാലും  പരിചയക്കാരെക്കണ്ടാൽ ഒന്നു  ചെറുതായി  തലകുനിച്ചുള്ള നമസ്ക്കാരം. സൊസൈറ്റിയിലെ എല്ലാവരും തന്നെ പരിചയക്കാരായതിനാൽ  എപ്പോഴും ഇതിനേ  സമയമുള്ളൂ താനും. എല്ലാവർക്കും എന്തെങ്കിലുമൊക്കെ പറയാനും കാണും ബബനോട്. ബില്ലടയ്ക്കുന്ന കാര്യമോ, സൊസൈറ്റി ഡ്യ്യൂവിനെക്കുറിച്ചോ, ടാപ്പിൽ വെള്ളം കലങ്ങി വരുന്നതിനെക്കുറിച്ചോ, മുകളിലെ ഫ്ലാറ്റിൽ നിന്നുള്ള ലീക്കേജിനെക്കുറിച്ചോ, സ്റ്റെയർ കേസിലെ കത്താത്ത റ്റ്യൂബിനെക്കുറിച്ചോ, മുൻഭാഗത്തായി പാർക്കുചെയ്ത് വാഹനത്തെക്കുറിച്ചോ, കച്ചട കളയുന്നതിനെത്തുന്നവർ വൈകുന്നതിനെക്കുറിച്ചോ, പുതിയൊരു സെർവന്റിനെ ആവശ്യമുണ്ടെന്ന കാര്യമോ  അങ്ങിനെയെന്തെങ്കിലുമെന്തെങ്കിലും. ‘ബബനോടൊന്നു പറയാം’ സാധാരണ ഇങ്ങനെ എന്തെങ്കിലും പ്രശ്നം വന്നാലാദ്യം പറയുന്ന വാക്കുകളാണിവ. ചിലപ്പോൾ പേർസണൽ കാര്യങ്ങളുമാവാം. ഒരിയ്ക്കൽ ബബനെ കാര്യമേൽ‌പ്പിച്ചാൽ പിന്നെ അതു ചെയ്തു തീർക്കുന്നതു വരെ ബബൻ നമുക്കു സ്വൈര്യം തരില്ലെന്ന മട്ടാകും. അതു തന്റെ ഡ്യ്യൂട്ടിയായി കണ്ടു പണി മുഴുവനാക്കിത്തന്നാലേ ബബനു സമാധാനമാവുകയുള്ളൂ.  അതിനായി എന്തെങ്കിലും കൊടുക്കുന്നതു  വാങ്ങാറുമുണ്ട്. സാധാരണ വാച്ചു നോക്കി പണിചെയ്തു കൂലി കണക്കു പറഞ്ഞു വാങ്ങി സ്ഥലം വിടുന്ന  ജോലിക്കാർക്കൊരു അപവാദമാണു ബബൻ. രാവിലെ എല്ലാവരും ഓഫീസിൽ പോകുന്ന സമയത്തു ഫ്രെഷ് ആയി നിൽക്കുന്ന ബബനെ കാണാം. വൈകീട്ടു അവർ തിരിച്ചു വരുമ്പോഴും ബബനവിടെയുണ്ടാകും. രാത്രി ഭക്ഷണം കഴിഞ്ഞു ഒന്നു നടന്നു വരാമെന്നു കരുതി താഴെയിറങ്ങുമ്പോഴും ബബനെ ബിസിയായിത്തന്നെ കാണുന്നു. ഞങ്ങൾ ചിന്തിയ്ക്കാറുണ്ടു. ഇയാൾക്കു വീടും കുടുംബവുമൊന്നും കാണില്ലെ? ജീവിതത്തിന്റെ ഏറ്റവും വലിയ പങ്കു ഇയാൾ ഈ സൊസൈറ്റിയ്ക്കകത്തു തന്നെയോ ചിലവഴിച്ചതു?

ചിലർ എന്നും അങ്ങിനെയാണു, പ്രതിഫലേച്ഛ കൂടാതെയോ അല്ലാതെയോ മറ്റുള്ളവർക്കായി ജീവിയ്ക്കുന്നു., അഥവാ അവരുടെ സേവനത്തിൽ സംതൃപ്തി നേടുന്നു. തനിയ്ക്കതു ചെയ്യാനാവുമെന്ന അവരുടെ വിശ്വാസത്തിന്റെ പ്രതിഫലനമാവാം മറ്റുള്ളവർക്കു അയാളിൽ വിശ്വാസം വളർത്തുന്നതു. സ്വയമുരുകിത്തീരുന്ന മെഴുകുതിരി പ്രകാശം പരത്തുകയാണല്ലോ ചെയ്യുന്നത്? ഇതു ഒരു ബബൻ മാത്രം. ചുറ്റുമൊന്നു കണ്ണോടിച്ചാൽ ഇത്തരം അനേകം ബബന്മാരെ ജീവിതത്തിലെ പലതുറകളിലും നിങ്ങൾക്കു കണ്ടു മുട്ടാനായേയ്ക്കാം. എന്തിനൊക്കെയോ പരക്കം പായുന്ന നഗരവാസികൾക്കു ഇത്തരം  ബബന്മാർ എന്നും ഒരത്ഭുതം തന്നെ!

എഴുതുന്നതിനിടയിൽ ഒന്നു ബാങ്കിൽ പോകാനായി താഴെ ഇറങ്ങിയതായിരുന്നു. ലിഫ്റ്റിൽ നിന്നും പുറത്തു കടന്നതും മുന്നിൽത്തന്നെ  നിൽക്കുന്നു, ബബൻ!  കോമ്പൊണ്ട്  വൃത്തിയാക്കുന്ന സ്ത്രീകളോടു എന്തോക്കെയോ പണിചെയ്യാനായി പറയുന്നുണ്ടു. കണ്ടതും തലകുനിച്ചു ഒരു നമസ്തെ കിട്ടി. ബബൻ യാധവ്…നിനക്കു ശരിയ്ക്കും നൂറായുസ്സുണ്ടെന്നു പറയാൻ തോന്നി. മനസ്സു പറഞ്ഞു: ശരിയാണ്, സമൂഹത്തിനു എന്നും  ഇത്തരം ബബന്മാരുടെ സേവനം  ഒഴിച്ചു കൂടാനാവാത്തതു തന്നെ! അവർ ദീർഘായുസ്സോടെ തന്നെയിരിയ്ക്കട്ടേ! ദീർഘായുഷ്മാൻ ഭവ, ബബൻ!

Leave a Reply

Your email address will not be published. Required fields are marked *