ഓണർ കില്ലിംഗ് ( അഞ്ചാംഭാവം -3)

Posted by & filed under അഞ്ചാംഭാവം.


അപ്രതീക്ഷിതമായാണു ഈ ലേഖനപരമ്പര തുടങ്ങിയതെന്നു പറഞ്ഞല്ലോ? വായിച്ചവരിൽ പലരും ഓർത്തു കാണുമെന്നറിയാം, അഞ്ചാംഭാവമെന്ന ഈ പേരിനു കാരണമെന്തായിരിയ്ക്കാമെന്നു. ഒട്ടനവധി സുഹൃത്തുക്കൾ ചോദിയ്ക്കയുമുണ്ടായി. അഞ്ചാംഭാവത്തെക്കുറിച്ചു  നിങ്ങളിൽ പലരും  കേട്ടുകാണും. നക്ഷത്രങ്ങളുടേയും ഗ്രഹങ്ങളുടെയും സ്ഥിതി നോക്കി ഒരു വ്യക്തിയുടെ ഭാവി പ്രവചിയ്ക്കുന്ന ജ്യോത്സ്യത്തിൽ വിവേകബുദ്ധി,പുത്രൻ,മേധാ,പ്രജ്ഞ,പ്രതിഭ, സൌമനസ്യം, ക്ഷമാശീലം എന്നിവയെക്കുറിയ്ക്കുന്നതാണു അഞ്ചാം ഭാവം എന്നു കാണാം.  അഞ്ചാം ഭാവത്തെ അടിസ്ഥാനമാക്കിയാണു ഒരു മനുഷ്യന്റെ സ്വഭാവനിർണ്ണയം നടത്തുന്നതെന്നു ചുരുക്കം.ഇവയുടെ ഏറ്റക്കുറച്ചിലുകൾക്കനുസരിച്ചിരിയ്ക്കും ഒരാളുടെ വ്യക്തിഗത സ്വഭാവം രൂപീകരിയ്ക്കപ്പെടുന്നതു എന്നു വിശ്വസിയ്ക്കപ്പെടുന്നു. വിവാഹം തുടങ്ങിയ കാര്യങ്ങളിൽ അപ്പോൾ ഇതിന്റെ പ്രസക്തി ഊഹിയ്ക്കാവുന്നതാണല്ലോ?. (പരിപൂർണ്ണമനുഷ്യായുസ്സിനെ 120 കൊല്ലമായി കണക്കിലെടുത്തു അതിനെ നവഗ്രഹങ്ങൾക്കായി പലതരത്തിൽ വിഭജിച്ചു ദശാകാലഫലങ്ങളും നിർണ്ണയിയ്ക്കപ്പെടുന്നു).അഞ്ചാം ഭാവത്തിന്റെ ഗുണാധിക്യം സ്ത്രീയെ എത്രമാത്രം അഭികാമ്യയാക്കുന്നുവെന്ന ചിന്ത പലപ്പോഴും മനസ്സിലോടിയെത്താറുണ്ട്. ഫോർത് എസ്റ്റേറ്റ് എന്നു കേട്ടുകാണുമല്ലോ?.  ഫിഫ്ത് എസ്റ്റേറ്റ്  എന്നു പറഞ്ഞാൽ എന്താണെന്നറിയാമോ? ഫോർത് എസ്റ്റേറ്റ് ആയ മീഡിയയോടു വളരെ തൊട്ടു സ്ഥിതി ചെയ്യുന്ന ഒന്നു തന്നെയാണു ഫിഫ്ത് എസ്റ്റേറ്റ്. ഇന്റെർനെറ്റിനാൽ പരസ്പ്പരം ബന്ധിയ്ക്കപ്പെട്ട വ്യക്തികൾ, ബ്ലോഗ്ഗേർസ് എന്നിവരടങ്ങിയതാണു ഫിഫ്ത് എസ്റ്റേറ്റ്. എന്റെ അഞ്ചാംഭാവം എന്താണെന്നിപ്പോൾ വ്യക്തമായിക്കാണുമല്ലോ?

ഇന്നു രാവിലെപത്രത്തിൽ കണ്ട ഒരു വാർത്ത മനസ്സിനെ വല്ലാതെ ഉലച്ചു. ഈയിടെ ധാരാളമായി ഇത്തരം വാർത്തകൾ വായിയ്ക്കുന്നുണ്ടെങ്കിൽക്കൂടി. ഓണർ കില്ലിംഗ്-  അഭിമാനം കാത്തു രക്ഷിയ്ക്കുന്നതിനായി സ്വന്തം മക്കളെ കൊല്ലുന്നവരുടെ സംഖ്യ  കൂടിക്കൊണ്ടേയിരിയ്ക്കുന്നു. കലർപ്പില്ലാത്ത രക്തത്തിന്നായി ജാതിയുടെയും കുലത്തിന്റെയും കാവൽക്കാരായി മാറുന്ന അച്ഛനമ്മമാരും സഹോദരങ്ങളും കാട്ടിക്കൂട്ടുന്ന കൊടുംക്രൂരതകൾ നമ്മുടെ സംസ്കാരത്തിനു തന്നെ വെല്ലുവിളിയായി ഉയരാൻ തുടങ്ങിയിരിയ്ക്കുന്നു.

എന്താണീ രാജ്യത്തിനുസംഭവിയ്ക്കുന്നതു? ഇവിടെ മനുഷ്യൻ ജാതിയുടേയും സംസ്കാരത്തിന്റെയും പേരിൽ നടത്തുന്ന ഇത്തരം കുരുതികളുടെ പിന്നിൽ മറ്റെന്തൊക്കെയോ നിഗൂഢതകളും ഒളിച്ചിരിയ്ക്കുന്നുണ്ടാവുമോ? സ്ത്രീപീഢനത്തിന്റെ തന്നെ ഇനിയുമൊരുവശമാണെന്നു തോന്നാമെങ്കിലും പലപ്പോഴും ഒപ്പം തന്നെ കുരുതി കൊടുക്കപ്പെടുന്ന പുരുഷൻ വ്യക്തിവൈരാഗ്യങ്ങളുടെ കൂടി ഇരയാണോ? പുരുഷനും സ്ത്രീയും ജാതിമതങ്ങൾക്കതീതമായ പ്രേമബന്ധങ്ങളിൽ കുരുങ്ങുന്നതും ഒളിച്ചോടുന്നതും വിവാഹം കഴിയ്ക്കുന്നതുമെല്ലാം ഈ രാജ്യത്തെ പുതിയ സംഭവവികാസങ്ങളൊന്നുമല്ലല്ലോ? എന്നിരിയ്ക്കേ പുരോഗമനത്തിന്റെ പാതയിൽ, ആഗോളവൽക്കരണത്തിന്റെ നിറവിൽ ,യാതാസ്ഥിതികത്വത്തിനെ വീണ്ടും മുറുക്കിപ്പിടിയ്ക്കാനുള്ള ഇത്തരം ക്രൂരകൃത്യങ്ങളെ സമൂഹം എന്തേ ഉയർത്തിക്കാട്ടാൻ തുനിയുന്നതു? മാദ്ധ്യമങ്ങൾക്കിനിയുമൊരു സദ്യയൊരുക്കാനവസരം കൊടുക്കുമ്പോൾ സമൂഹത്തിനൊട്ടും മനസ്സാക്ഷിക്കുത്തു തോന്നാത്തതെന്തേ?

തങ്ങൾ ഓമനിച്ചു താരാട്ടുപാടി വളർത്തി വലുതാക്കിയ കുഞ്ഞാണു ജാതിയുടേയും അതിരു  കവിഞ്ഞ മതാന്ധവിശ്വാസങ്ങളുടേയും ബലിയാടാകുന്നതെന്ന സത്യം ഇവരെന്തേ മറക്കുന്നതു ആവോ? അച്ഛനമ്മമാരെ ധിക്കരിയ്ക്കുന്ന പെൺ കുട്ടിയുടെ പ്രവൃത്തിയെ ന്യായീകരിയ്ക്കുകയല്ല ഞാനിവിടെ. ഓർത്തു പോവുകയാണു, സ്വന്തം മക്കളുടെ സുഖത്തിനായി മാത്രം മോഹിയ്ക്കുന്നവർ ഏതോ നിമിഷത്തിന്റെ വിഹ്വലതയിൽ സ്വയം മറന്നുപോകുന്നതിനെ അപലപിയ്ക്കുകയാണു. കൊന്നാൽ അവൾക്കു സുഖമായോ? അതോ നിങ്ങൾക്കോ? എന്തു നേടി? നഷ്ടക്കണക്കുകളൊന്നു താരതമ്യം ചെയ്തോളൂ. അവസാനം പൊട്ടിക്കരയരുതെന്നു മാത്രം. കണ്ണീരിനു വിലയുണ്ട്.

ഒന്നു ചുഴിഞ്ഞാലോചിച്ചാൽ പലതും മനസ്സിലാക്കാനാകുന്നു. ദുരഭിമാനത്തിന്റെ പിടിയിലമരുന്ന പലരും അന്ധമായി ജാതിഭ്രാന്തന്മാരാകുന്ന അവസ്ഥ. വിശ്വസിയ്ക്കാൻ പ്രയാസം തോന്നും, അഭ്യസ്തവിദ്യർ പോലും ഇതിനു കൂട്ടു നിൽക്കുന്നതു കാണുമ്പോൾ. എവിടെയാണു തെറ്റു പറ്റിയത്? കുട്ടിക്കുരങ്ങനെക്കൊണ്ടു ചുടുചോറു മാന്തിയ്ക്കുന്ന പ്രവൃത്തികൾ നമുക്കു പുത്തരിയൊന്നുമല്ല. പക്ഷേ സ്വയം കുഴിച്ച കുഴികളിൽ വീണു പിടയുന്ന നിസ്സഹായരെക്കുറിച്ചുള്ള സഹതാപം മാത്രം ബാക്കി. രാഷ്ട്രീയതാൽ‌പ്പര്യങ്ങൾക്കു വശംവദരായി സ്വന്തം ചോരയുടെ മൂല്യം മറന്നു അവരുടെ പാവകളായി മാറുന്നവരും സാഹചര്യം സൃഷ്ടിയ്ക്കന്ന മതഭ്രാന്തന്മാരും ചേർന്നൊരുക്കുന്ന നാടകങ്ങളെ മാദ്ധ്യമ കഴുകന്മാർ കൊത്തി വലിച്ചു കീറുമ്പോൾ നഷ്ടപ്പെട്ട സ്വന്തം കുഞ്ഞിന്റെ ഓർമ്മയിൽ പിടയുന്ന മാതൃഹൃദയത്തെ ആരു കാണാൻ? കൂട്ടു നിന്ന കുറ്റവും പേറി ചത്തതിനൊക്കുമേ ജീവിച്ചിരിയ്ക്കുന്ന അമ്മയെങ്കിലും അറിയതെയെങ്കിലും മനസ്സിൽ ചിന്തിച്ചുകാണുകയില്ലേ, ചെയ്തതു തെറ്റായെന്നും അവരെ ജീവിയ്ക്കാൻ അനുവദിയ്ക്കാമായിരുന്നുവെന്നും? തെറ്റിദ്ധാരണ കാരണം മകളെത്തച്ചുകൊന്ന ഇത്തരം കൊക്രിത്തത്തകളായി ശിഷ്ടജീവിതം തള്ളി നീ ക്കുന്ന ഇവർക്കിനി വേറെയെന്തു ശിക്ഷ നൽകാൻ? പോയതു മകനായാലും മകളായാലും എന്തു വ്യത്യാസം? .   ഇവിടെയിതാ സഹിയ്ക്കാൻ പഠിയ്ക്കുന്നു സ്ത്രീ, കണ്ണീർ തൂവിയും അല്ലാതെയും.

3 Responses to “ഓണർ കില്ലിംഗ് ( അഞ്ചാംഭാവം -3)”

  1. Anil Aickara

    ഇന്റെർനെറ്റിനാൽ പരസ്പ്പരം ബന്ധിയ്ക്കപ്പെട്ട വ്യക്തികൾ, ബ്ലോഗ്ഗേർസ് എന്നിവരടങ്ങിയതാണു ഫിഫ്ത് എസ്റ്റേറ്റ്.

  2. Ramanunni,Sujanika
  3. Jyothi

    no i saw it now only. But my article was written atleast 6 months before they started it i think.thank you sir…

Leave a Reply

Your email address will not be published. Required fields are marked *