നീ വന്നില്ല…

Posted by & filed under കവിത.

രാവിന്റെ അന്ത്യ യാമം കഴിഞ്ഞിട്ടും

അകന്നു മാറാൻ മടിയ്ക്കുന്ന ഉറക്കത്തിന്റെ

അലസമായ വിടപറയലിനായി

ഒരിയ്ക്കൽക്കൂടി പുതപ്പിന്നടിയിലേയ്ക്കു ചുരുണ്ടു കൂടവേ

അമ്മ പറയുന്നതു കേട്ടു

നീ ഇന്നു വരുമെന്നു

പാദസരത്തിന്റെ നേർത്ത ശബ്ദത്തിന്റെ

അകമ്പടിയോടെയെത്തുന്ന പാൽക്കാരിപ്പെണ്ണും

കുട്ടയിൽ പച്ചക്കറി വിൽക്കാനെത്തിയ

കറുത്തു തടിച്ച  ജാനുവും

നീയിങ്ങെത്താറായെന്നു പറഞ്ഞു

ധൃതി വയ്ക്കുന്നതു കേട്ടു .

പ്രഭാതപത്രവുമായെത്തിയ പയ്യൻ

സാധാരണ കുശലപ്രശ്നങ്ങൾക്കൊന്നും നിൽക്കാതെ

മണിയടിച്ചു പാഞ്ഞതും നീ കാരണംതന്നെ.

മുറ്റത്തിറങ്ങി പല്ലു തേച്ചു മുഖം കഴുകുമ്പോൾ

കിഴക്കിന്റെ ദുർമ്മുഖം കറുത്തു കണ്ടു

മനസ്സിൽ ഞാനും കരുതി

നീയിപ്പോഴിങ്ങെത്തുമെന്നു..

പക്ഷേ എന്തേ നീ വന്നില്ല?

കിഴക്കൻ മലകളുടെ ചുരത്തിലൂടെ

ഒഴുകി വന്ന കാറ്റിന്റെ ഗതി

നിന്നെ ദൂരേയ്ക്കു കൂട്ടിക്കൊണ്ടുപോയോ ?

മഴേ..നീയെന്തേ വന്നില്ല?

എന്റെ സ്വപ്നങ്ങളെ ഉണർത്താനും

എന്നെത്തന്നെ മറക്കാനും

നിന്റെ കരസ്പർശത്തിൽ കുളിരണിയാനും

ഞാൻ കൊതിച്ചു പോയല്ലോ?

One Response to “നീ വന്നില്ല…”

  1. vayady

    മതീ ഉറങ്ങീത്. ദേ, ,a href=”http://www.youtube.com/watch?v=rvngZLF7dUs”>ഞാന്‍ വന്നു…..എന്നെ ഇവിടെ ആരൊക്കെയോ അന്വേഷിക്കുന്നുണ്ടായിരുന്നല്ലോ? അമ്മയാണോ? അതോ പാല്‍‌ക്കാരിപ്പെണ്ണാണോ? അല്ലെങ്കില്‍ ചിലപ്പോ ആ പച്ചക്കറിക്കാരി ജാനുവാകും.

Leave a Reply

Your email address will not be published. Required fields are marked *