വർണ്ണനൂലുകൾ-17

Posted by & filed under വർണ്ണ നൂലുകൾ.

ഇക്കൊല്ലത്തെ  പ്രോവിഡന്റ് ഫണ്ടിന്റെ പലിശ കൂട്ടിയതിന്റെ സന്തോഷത്തിലാണു അദ്ധ്വാനിയ്ക്കുന്ന ജനവിഭാഗം.  8.5 ൽ നിന്നും 9.5 ആയി ഉയർത്തിയ ഈ പലിശ വർദ്ധനവു 4-5 കോടി ആളുകൾക്കാണു സന്തോഷത്തിന്നിടനൽകിയിരിയ്ക്കുന്നതു. അതും കഴിഞ്ഞ 5 വർഷത്തിന്നിടയിലെ റെക്കോർഡ് വർദ്ധനവ്. എങ്ങിനെ ജനങ്ങൾ സന്തോഷിയ്ക്കാതിരിയ്ക്കും?  ഈ വർദ്ധനവിന്റെ പിറകിലെ കാരണമാരാഞ്ഞപ്പോൾ പല രസകരമായ സംഭവങ്ങളും  എന്റെയൊരു സുഹൃത്തു പറയുകയുണ്ടായി. അവയാണിന്നു നിങ്ങളുമായി പങ്കിടുന്നതു . ഒട്ടനവധി ആൾക്കാരുടെ ജീവിതത്തിൽ അറിയാതെ വർണ്ണനൂലുകൾ പാകി കടന്നുപോകുന്നവരുടെ കഥ.
അവകാശപ്പെടാതെ പോകുന്ന പ്രോവിഡണ്ട് തുക സസ്പെൻസ് അക്കൌണ്ടിലേയ്ക്കു  പോകുന്നു. അങ്ങിനെ 1700 കോടി രൂപയിലധികം സസ്പെൻഡ് അക്കൌണ്ടിൽ ഉണ്ടായതാണ് പലിശ നിരക്കു കൂട്ടാൻ കാരണമായത്. പല പബ്ലിക് ഡെപ്പോസിറ്റ് സ്കീമിലും  പൈസ നിക്ഷേപിച്ചവർ തുക ക്ലെയിം ചെയ്യാതെ വരുമ്പോഴും അവ സസ്പെൻസ് അക്കൌണ്ടുകളിലേയ്ക്കും പിന്നീട് സർക്കാർ ഖജാനാവിലേയ്ക്കും എത്തിച്ചേരപ്പെടുന്നു. ഇവയ്ക്കു അവകാശികളില്ലാതെ വരാൻ കാരണങ്ങൾ പലതുമായേയ്ക്കാം . അതെന്തോ ആകട്ടെ, സർക്കാർ ഖജാനാവിലേയ്ക്കു സമ്പന്നരിൽനിന്നുമായി ഒഴുകുന്ന ഇത്തരം സംഖ്യകൾ ഭീമമാണെന്നിരിയ്ക്കിലും അതിനെ ന്യായീകരിയ്ക്കാനാകുന്നു. അവ മറ്റു പലരുടെയും ജീവിതത്തെ കൂടുതൽ പ്രകാശമാനമാക്കാനുതകുമെന്നതും സന്തോഷത്തിനു വക നൽകുന്നു. എന്നാൽ ദാരിദ്ര്യരേഖയുടെ ഏറ്റവും താഴ്ന്നപടിയിൽ മാത്രം നിൽക്കുന്ന ചിലരും ഇതേ വിധത്തിൽ സർക്കാറിലേയ്ക്കു മുതൽ കൂട്ടാൻ  സഹായകമായേയ്ക്കാമെന്ന സത്യം എന്നെ ശരിയ്ക്കും അമ്പരപ്പിച്ചു.  നിങ്ങൾക്കും അതു തോന്നിയേയ്ക്കാം, അത്ഭുതവും തോന്നിയേയ്ക്കാം .
ഒരു ദേശസാൽക്കൃത ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥനാണെന്നോടിതു പറഞ്ഞത്. കഥയല്ല, നടന്ന സംഭവം.മുംബൈനഗരിയുടെ ഹൃദയഭാഗത്തുള്ള ഒരു ദേശസാൽക്കൃത ബാങ്കിന്റെ  ഗെയിറ്റിനടുത്തു എന്നും ഭിക്ഷയ്ക്കായിരിയ്ക്കുന്ന ഒരു മദ്ധ്യവയസ്ക്കനായ ഭിക്ഷക്കാരൻ എങ്ങിനെ രാജ്യസേവകനായെന്നു നമുക്കു കാണാം. തൊട്ടടുത്തു ഒരു വലിയ ഹോട്ടലാണു. പതിവായി ഭക്ഷണം ആരെങ്കിലുമൊക്കെ കൊടുക്കൂം. ഹോട്ടലിൽ വന്നു പോകുന്നവർക്കു അനുകമ്പ തോന്നിയാൽ മതിയല്ലോ? കൂടാതെ   വർഷങ്ങളുടെ പാച്ചിലിൽ പലർക്കും സുപരിചിതനും.അതു കൊണ്ടു  തന്നെ പാത്രത്തിൽ വന്നു വീഴുന്ന നാണയത്തുട്ടുകൾ അധികം ചിലവാക്കേണ്ടി വരുന്നുമില്ല. എന്തിനു പറയുന്നു, ഏറെ വർഷങ്ങൾക്കു ശേഷം അയാൾ മരിച്ചപ്പോൾ ബാങ്കിലെ അയാളുടേ അക്കൌണ്ടിൽ ലക്ഷങ്ങളുടെ ബാലൻസ്. ബാങ്ക് ഉദ്യോഗസ്ഥർക്കു തന്നെ വിശ്വസിയ്ക്കാനാകുന്നില്ല. പണം എന്തു ചെയ്യണമെന്നുമറിയില്ല. അറിയുന്നവരായോ അവകാശികളായോ ആരും മുന്നോട്ടു വന്നില്ല. ഇത്തരുണത്തിൽ നിശ്ചി തകാലം സസ്പെൻസ് അക്കൌണ്ടിലേയ്ക്കും പിന്നീടു സർക്കാർ ഖജാനാവിലെയ്ക്കും തന്നെ അതെത്തിച്ചേരും. ചിരിയ്ക്കാതിരിയ്ക്കാനായില്ല. ഇതാ ഒരു രാജ്യസ്നേഹി. ഭിക്ഷാടനം തൊഴിലായി സ്വീകരിച്ചു, സുഖമായി ജീവിച്ചു രാജ്യത്തിനുള്ള തന്റെ വിഹിതം കൂടി കൊടുത്തു തിരിച്ചു പോയ ഒരാൾ.  ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ രാജ്യത്തിന്റെ പലഭാഗങ്ങളിലും കണ്ടെത്താനായെന്നു വരാം. മരിച്ചു കിടക്കുന്ന ഭിക്ഷക്കാരന്റെ കിടയ്ക്കയുടെ അടിയിൽ നിന്നും ലക്ഷക്കനക്കിനു രൂപയും പുതിയ വസ്ത്രങ്ങളുമൊക്കെ കിട്ടിയ വിവരം പേപ്പറിൽ വായിച്ചിട്ടുണ്ടു.
ജീവിതത്തിലെ വിരോധാഭാസം എന്നല്ലതെ മറ്റെന്തു പറയാൻ? അന്നന്നത്തെ ജീവിതം കഴിയ്ക്കാൻ  ഒരു പിടി അന്നത്തിന്നയി യാചിയ്ക്കേണ്ടി വരുന്നവർ കടന്നുപോകുമ്പോൾ ഒരു വലിയ ജനതതിയ്ക്കു തന്നെ സന്തോഷത്തിനു കാരണമേകുന്നു. തനിയ്ക്കു കിട്ടിയതിനു പകരമായി  എന്തെങ്കിലും തിരിച്ചു നൽകി പോകാൻ കഴിയുന്ന ഇവർ ശരിയ്ക്കും സമൂഹത്തിലെ വർണ്ണ നൂലുകൾ തന്നെ. ഒരു പക്ഷേ അവർ പോലും അറിയാതെ അവർ ചെയ്യുന്ന നല്ല കാര്യം.ബാങ്കു മാനേജർ പറഞ്ഞ വാക്കുകൾ മനസ്സിൽ കിടന്നു മുഴങ്ങി, “ തന്നാലാവുന്നവിധം രാജ്യത്തിനോടുള്ള തന്റെ കർത്തവ്യം നിറവേറ്റാൻ അയാൾക്കു കഴിഞ്ഞു’.എത്ര ശരി, അല്ലേ?

Leave a Reply

Your email address will not be published. Required fields are marked *