മുംബൈ-400 069

Posted by & filed under മുംബൈ 400069.

രണ്ടുവാക്ക്……………….
ഇതാ നമ്മുടെ പ്രിയപ്പെട്ട മുംബൈയെക്കുറിച്ചു തന്നെ ഞാൻ വീണ്ടും എഴുതുകയാണു. പറഞ്ഞാലും പറഞ്ഞാലും മതിവരാത്തത്ര കാര്യങ്ങൾ  ഈ നഗരിയെക്കുറിച്ചു പറയാനുണ്ടെനിയ്ക്കു. കഷിച്ച് മുപ്പതു വർഷക്കാലത്തെ അനുഭവങ്ങൾ ! ഇന്നും ഈ നഗരം എന്നെ വിസ്മയഭരിതയാക്കുന്നു, ആദ്യ നോട്ടത്തിലെന്നപോലെ തന്നെ. നന്മയും തിന്മയും ആശയും നിരാശയും സന്തോഷവും സങ്കടവും ചതിയും സ്നേഹവും ഒക്കെ ഞാനിവിടെക്കണ്ടു. മുംബൈ നഗരത്തിന്റെ വിശാലമനസ്ക്കതയും ദയയും അനുഭവിച്ചറിഞ്ഞു. നഗരത്തിലെ തിരക്കും തിക്കും ഉൾക്കൊണ്ടു. ഒഴുക്കിന്റെ ഭാഗമായി. കൊടുത്തും കൊണ്ടും വളരുന്നവ കണ്ടു. ഒക്കെ മനസ്സിലൊപ്പിയെടുക്കവേ ഒന്നു മനസ്സിലായി, മുംബൈ മറ്റു നഗരങ്ങളെപ്പോലെയല്ലെന്ന്. മുംബൈയ്ക്കു തുല്യമായി മുംബൈ മാത്രം!
നഗരമാകെ മാറിപ്പോയെന്നും പണ്ടത്തെപ്പോലെ സുരക്ഷിതമല്ലെന്നും നിങ്ങൾ പറഞ്ഞേയ്ക്കാം. നഗരത്തിലെ ജനങ്ങളുടെ മാറുന്ന ജീവിതരീതി നിങ്ങളെ അലോസരപ്പെടുത്തുന്നുണ്ടാകാം. വർദ്ധിയ്ക്കുന്ന അക്രമങ്ങൾ നിങ്ങൾക്ക് പേടിസ്വപ്നമായി മാറിയിട്ടുണ്ടായിരിയ്ക്കാം. ഉയരുന്ന മണിമാളികകളും കുറയുന്ന ജീവിതസൌകര്യങ്ങളും നിങ്ങളെ ഭ്രാന്തു പിടിപ്പിയ്ക്കുന്നുണ്ടായിരിയ്ക്കാം. നിങ്ങളെ കുറ്റം പറയുന്നില്ല. പക്ഷെ ഒന്നു മാത്രം. മുംബൈ മരിയ്ക്കുകയാണെ ന്നും നല്ലകാലം അവസാനിച്ചെന്നും നിങ്ങൾ പറയുമ്പോഴും എല്ലാത്തിനും നഗരത്തെ കുറ്റപ്പെടുത്തുമ്പോഴുംഎനിയ്ക്കതിനോടു യോജിയ്ക്കാനാകുന്നില്ല. കാരണം മുംബൈയുടെ വളർച്ചയ്ക്കും തകർച്ചയ്ക്കും എങ്ങിനെ മുംബൈ കാരണക്കാരിയല്ല തന്നെ! പറ്റാവുന്ന വിധം ഈ നഗരത്തെ ഉപയോഗപ്പെടുത്തുന്ന നമ്മൾ തന്നെയല്ലെ അതിനെല്ലാംയഥാർത്ഥ കാരണക്കാർ? ആരും  ഉത്തരവാദിത്വമേറ്റെടുക്കാൻ തയ്യാറാവാതെ പരസ്പ്പരം കുറ്റം ചൂണ്ടിക്കാട്ടാൻ മാത്രം മുന്നിട്ടു വരുമ്പോഴും പാവം മുംബൈ വിനാശത്തിലേയ്ക്കു കൂപ്പുകുത്തിക്കൊണ്ടെയിരിയ്ക്കുകയാണ്.സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ ഇവിടത്തെ മാറ്റങ്ങൾ നഗരത്തിന്റെ മുഖത്തിനെ മാത്രമല്ല,ഹൃദയത്തിനെക്കൂടി കുത്തിനോവിയ്ക്കുന്നില്ലേ? ആരു ചിന്തിയ്ക്കാൻ ഇതെല്ലാം? ആർക്കാണതിനുള്ള ക്ഷമയും സമയവും? മുംബൈയുടെ ഈ അനാഥത്വമാണെന്നെ ഇവിടെ  എഴുതാൻ പ്രേരിപ്പിയ്ക്കുന്നതു. ആരെയും വലുപ്പച്ചെറുപ്പമില്ലാതെ രണ്ടു കൈയ്യുംനീട്ടി സ്വാഗതം ചെയ്യുന്ന മുംബൈ. നിങ്ങളെ നിങ്ങളാക്കി മാറ്റുന്നമുംബൈ. തിരിച്ചു നിങ്ങൾ എന്തു ചെയ്തു മുംബൈയ്ക്കായി? നിങ്ങൾക്കു ഒറ്റയ്ക്കു ഒന്നും ചെയ്യാനാവില്ലെന്നു പറഞ്ഞു കൈയ്യൊഴിയണ്ടാ..
മാറ്റങ്ങൾ വളർച്ചയുടെ ഭാഗങ്ങളാണെന്നിരിയ്ക്കെ,  സ്വാഗതമോതാനേ നമുക്കാവൂ. ലോകം കൈക്കുമ്പിളിലൊതുക്കുന്ന ടെക് യുഗത്തിൽ ഓട്ടമത്സരമാണ് നടക്കുന്നതു. നമുക്കു പുറകിലാവാനാകില്ലല്ലോ. കൂട്ടത്തിൽ കൂടുമ്പോൾ, ലക്ഷ്യപ്രാപ്തി മാത്രം മനസ്സിൽ കാണുമ്പോൾ, നമ്മൾ മറ്റു പലതും മറന്നു പോകുകയാണു. ദിനംതോറും കൂടി വരുന്ന ജനസംഖ്യാപെരുപ്പത്തിനു കടിഞ്ഞാണിടാൻ നമുക്കാവുന്നില്ല. ജീവിതത്തിന്റെ ഓരോ തുറയിലും സ്വന്തം നിലനിൽ‌പ്പിനായുള്ള  കരുതലോടെയുള്ള ചുവടു വയ്പ്പുകൾ മാത്രം. ഇവിടെ താളം പിഴയ്ക്കാം, അപശ്രുതിയുയരാം, ഉയരങ്ങളിലെത്താം, എന്തും ആവാം. പ്രതീക്ഷ മാത്രം കൈമുതലായി അവസരങ്ങളും തേടി പുറപ്പെടുന്നവർ ദൂരെക്കാണുന്ന വെട്ടമായി മുംബൈ നഗരത്തെ കാണാൻ തുടങ്ങിയത് ഇന്നല്ലല്ലോ? തേടി, നേടി, വലിയവരായവർ കൂടുതൽ ആൾക്കാരെ അങ്ങോട്ടാകർഷിയ്ക്കാൻ കാരണമായി. വർദ്ധിയ്ക്കുന്ന ജനസാന്ദ്രതയ്ക്കൊത്തു  ജീവിതരീതിയും സങ്കീർണ്ണമാകാൻ തുടങ്ങി. ഏതു പാത്രത്തിലായാലും നിറയ്ക്കുമ്പോൾ അതിന്റെ കപ്പാസിറ്റി നോക്കാതിരിയ്ക്കുന്നതെങ്ങനെ?. നഗരത്തെ വലിച്ചും നീട്ടിയും കുഴിച്ചും നികത്തിയും എത്ര നാം വികൃതമ്മക്കി? ഈയാമ്പാറ്റകൾപോലെ പൊന്തിയുയരുന്ന ബഹുനിലക്കെട്ടിടങ്ങളും തലങ്ങും വിലങ്ങും വളഞ്ഞു പുളഞ്ഞു കിടക്കുന്ന ഫ്ലൈ ഓവറുകളും ബ്രിഡ്ജുകളും റോഡുകളും നിരന്തരമായ ശബ്ദമലിനീകരണവും എങ്ങിനെയൊക്കെയോ ജീവിച്ചു പോകുന്ന മനുഷ്യരും….എന്തൊക്കെ ഇവിടെ കാണാനാകുന്നു. എങ്ങോട്ടാണീ പോക്കു? നഗരത്തെ സുന്ദരമാക്കാൻ പ്ലാനുകളെത്ര കടലാസ്സുകളിൽ വന്നു? ഒന്നറിയാം ,ആരും മുംബൈയുടെ ഹൃദയവേദന മനസ്സിലാക്കുന്നില്ല. മുംബൈ വിലപിയ്ക്കുകയാണു, പലതുമോർത്തു,നിസ്സഹായയായി. ഒന്നു കാതോർത്താൽ നിങ്ങൾക്കും പലതും കേൾക്കാനായേയ്ക്കും. മുംബൈറ്റിയുടെ ധൃതി പിടിച്ച ഓട്ടത്തിന്നിടയിലെ ഒരു സെക്കന്റെങ്കിലും അതിനായി നീക്കിവെയ്ക്കാനാവില്ലെ?
ഇതൊരു ചെറിയ ശ്രമമാണു,മുംബൈയുടെ ഹൃദയവികാരങ്ങൾ  പകർത്താനായി, സന്തോഷവും ,സങ്കടവും ,ആധിയും , ആകാംക്ഷയുമെല്ലാം തന്നെ.നിങ്ങളറിയുന്ന മുംബൈ എത്ര വ്യത്യസ്തമാണെന്നു ഒരു പക്ഷേ തോന്നിയേയ്ക്കാം .പക്ഷെ മുംബൈയുടെ കണ്ണിലൂടെ  ഒന്നു കാണാൻ നിങ്ങൾ ശ്രമിച്ചിട്ടില്ലല്ലോ?അതിനാണു നിങ്ങളെ ക്ഷണിയ്ക്കുന്നതു…. ഫ്രം മുംബൈ -400069
(Published in www.mumbaimalayali.com)

Leave a Reply

Your email address will not be published. Required fields are marked *