ചെവി പിടിയ്ക്കാം …….

Posted by & filed under Uncategorized.

ഡിയര്‍ മുംബൈ, കുറെക്കാലമായി കരുതുന്നു , ഒരു കത്തെഴുതണമെന്ന്.  നീണ്ടുപോയതില്‍  ക്ഷമിയ്ക്കുക. കത്തെഴുതലൊക്കെ ഇപ്പോള്‍ പഴയ ഫാഷ ന്‍ ആണല്ലോ? പിന്നെ ഒന്നിനും സമയവുമില്ല. എല്ലാവരുടെയും ജീവിതരീതികള്‍ തന്നെ മാറിക്കൊണ്ടിരിയ്ക്കയല്ലേ? നിന്റെ ഹൃദയത്തുടിപ്പുകളുടെ വര്‍ദ്ധിച്ച താളം നിനക്കുതന്നെ അറിയാവുന്നതിനാല്‍  നിന്നിലെ മാറ്റങ്ങളെക്കുറിച്ചു  ഞാന്‍ പറഞ്ഞുതരേണ്ട ആവശ്യമേ വരുന്നില്ല.  വര്‍ഷങ്ങള്‍ക്കു മുന്‍പു നവവധുവായി തുടിയ്ക്കുന്ന ഹൃദയത്തോടെ തന്നെയാണു ഞാന്‍ നിന്നെ കാണാനെത്തിയത്. ഇവിടെക്കഴിഞ്ഞ നാളുകളുടെ കയ്പ്പും മധുരവും എന്നെത്തന്നെ മാറ്റാരൊ ആക്കി മാറ്റിയപോലെ ഇപ്പോഴെനിയ്ക്കു തോന്നുന്നു.. പക്ഷെ പറയാതിരിയ്ക്കാനാവില്ലല്ലോ,  ഇതൊക്കെയാണെങ്കിലും  മുംബൈ, നിന്റെ വിശാലമനസ്കത എന്നെ എന്നും അമ്പരപ്പിയ്ക്കുന്നു.  പലപ്പോഴായി നീയെനിയ്ക്കു കാണിച്ചു തന്ന നിന്റെ മുഖങ്ങള്‍ എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. നിന്റെ സന്തോഷവും സങ്കടവും ഭയവും വേവലാതിയും നിസ്സഹായാവസ്ഥയും നിര്‍വ്വികാരതയും നിറഞ്ഞ ജല്‍പനങ്ങള്‍ക്കു ഞാനെന്നും കാതോര്‍ത്തിരുന്നുവല്ലോ?   അറിയാന്‍ കഴിഞ്ഞ നിന്റെ മനസ്സിനെ പകര്‍ത്താമെന്നും മുംബൈറ്റിയുടെ മനസ്സിലേയ്ക്കെത്തിയ്ക്കാമെന്നും ഞാന്‍ അന്നേ വാക്കു തന്നിരുന്നതു മാണല്ലോ.   ഒരു പാട് നന്ദിയും അതിനൊപ്പം ഒട്ടേറെ ആവലാതികളും എനിയ്ക്കു നിന്നോടും പറയാനുണ്ട്. അതാണല്ലോ ഈ കത്തുകളെഴുതാനും കാരണം. നിന്റെ ഭാവിയെക്കുറിച്ചു  ഓര്‍ക്കുമ്പോള്‍  ആകുലതയാല്‍ കനം തൂങ്ങുന്ന എന്റെ മനസ്സിന്റെ ഭാരമൊന്നു കുറയ്ക്കാനും, നിന്നെക്കുറിച്ചു നീ തന്നെ ഒരുപക്ഷേ മനസ്സിലാക്കാത്ത പല സത്യങ്ങളും പറഞ്ഞുതരാനും  ഒരു പക്ഷേ എനിയ്ക്കായെന്നും വരാം. പക്ഷേ അതിനെല്ലാം മുമ്പായി പറയാന്‍ ഞാന്‍ ഒട്ടെറെ മോഹിച്ചെങ്കിലും ഇതുവരെയും പറയാത്ത ഒരു രഹസ്യം നിന്നോടു പറയട്ടേ? ഐ ലവ് യൂ മുംബൈ ………… ഐ ലവ് യൂ. നിന്റെ എല്ലാ നന്മകളും തിന്മകളോടും കൂടിത്തന്നെ നിന്നെ ഞാന്‍ സ്നേഹിയ്ക്കുന്നു.

നീയിത്തിരി സന്തോഷവതിയാണെന്നെനിയ്ക്കു മനസ്സിലാക്കാനാവുന്നു. കാരണവും മനസ്സിലായി. അമേരിക്കന്‍ പ്രസിഡണ്ട് ആദ്യമെത്തിയതു നിന്നെക്കാണാനാണല്ലോ. നിന്റെ സ്വാഗതവും ആതിഥേയത്വവും സംസ്കാരവും സല്‍ക്കാരവും അദ്ദേഹത്തേയും പത്നിയേയും അതിരറ്റു സന്തോഷിപ്പിച്ചെങ്കില്‍ തീര്‍ച്ചയായും നിനക്കും സന്തോഷത്തിനു വകയുണ്ടല്ലോ? അദ്ദേഹത്തിന്റെ വരവിനോടനുബന്ധിച്ചു വൃത്തിയാക്കപ്പെട്ട പലസ്ഥലങ്ങളും,  ഇത്തരം ഡിഗ്നിടറികള്‍ ഇടയ്ക്കിടെ വന്നോട്ടേയെന്ന വിചാരം നിന്റെ മനസ്സില്‍ വരുത്തിക്കാണും, ഇല്ലെ? അല്ലെങ്കിലും ഈ ദീപാവലി കഴിഞ്ഞ വർഷത്തേക്കാൾ നിനക്കു ഹൃദ്യമായിട്ടുണ്ടാവാം. കാരണം ഇത്തവണ ദീപാവലി സമയത്തു പടക്കങ്ങൾ വളരെ കുറവായിരുന്നതിനാൽ ശബ്ദവും പൊടിയും പുകയുമെല്ലാം കുറവായിരുന്നല്ലോ? നിന്റെ ഏറ്റവും വലിയ പരാതി ഇവിടത്തെ വർദ്ധിച്ചു വരുന്ന ശബ്ദ മലിനീകരണമാണല്ലോ?  അതു കുറയ്ക്കാൻ ഗ്ലോബൽ വാമിംഗിനെക്കുറിച്ചു മുംബൈറ്റിയെ കൂടുതൽ ബോധവാനാക്കണമെന്ന നിന്റെ മുറവിളി ബധിരന്റെ കാതിലെ മുഴക്കം മാത്രമായി അവസാനിച്ചപ്പോൾ നീയെത്രമാത്രം ദു:ഖിതയായെന്നു ഞാൻ മനസ്സിലാക്കിയിരുന്നു.  ഓരോ ദീപാവലിയുമടുക്കുമ്പോഴും നീ ദീർഘനിശ്വാസം വിടുന്നതും പിന്നീടേറെ ദിവസങ്ങൾ പ്രദൂഷിതമായ വായു പരത്തുന്ന പുകമറയ്ക്കുള്ളിൽ കുടുങ്ങി ശ്വാസം  നേരെ വിടാനാകാതെ കുഴങ്ങുന്നതും ഞാൻ പലപ്പോഴും കണ്ടിട്ടുള്ളതാണല്ലോ? നിനക്കു നന്നായറിയാം, കടലാസുകൾ പലതും ഇതിനേക്കുറിച്ചു എഴുതി നിറയ്ക്ക്പ്പെട്ടിട്ടുണ്ടെന്നു. പലതലകളും ഇതോർത്തു വിയർത്തിട്ടുണ്ടെന്നതുമറിയാം. എന്നിട്ടും ഒന്നും ഇവിടെ സംഭവിച്ചില്ലെന്നതാണല്ലോ നിന്നെ ദു:ഖിതയാക്കുന്നത്.

പ്രക്ഷുബ്ധമായ ചിത്തം മനുഷ്യന്റെ സമനിലതെറ്റിച്ചേയ്ക്കാം. സമാധാനപൂർവ്വമായ അന്തരീക്ഷം മനുഷ്യന്റെ ചിന്താശക്തിയേയും പ്രവർത്തിയേയും മേന്മയുള്ളതാക്കിത്തീർക്കുന്നു. കൊച്ചു കുഞ്ഞുങ്ങളോടു  പറയാറുണ്ട്, മുതിർന്നവരുടെ അടുത്തു ശബ്ദമുയർത്തി സംസാരിയ്ക്കരുതെന്ന്. അവരുടെ മനസ്സിനേയും കേൾക്കുന്നവരുടെ മനസ്സിനേയും ഈ സമീപനം ഒരേ പോലെ ശാന്തമാക്കുന്നു. ഇന്നോ? ഗൃഹാന്തരീക്ഷം എന്നും കലുഷിതം തന്നെ. ഒന്നിനും സമയമില്ലാത്ത ജീവിതം. പരസ്പരവിശ്വാസക്കുറവ്, മുൻ പന്തിയിലെത്താൻ ഉള്ള ത്വര എന്നിവയെല്ലാം മനസ്സിൽ  കുത്തിനിറച്ചു പുറത്തിറങ്ങുന്ന മുംബൈറ്റിയ്ക്കു കിട്ടുന്ന മറ്റൊരടിയാണീ ശബ്ദ മലിനീകരണം. കൂടിക്കൊണ്ടിരിയ്ക്കുന്ന ശബ്ദത്തിന്റെ ഡെസിബൽ  ഏതൊക്കെ തരത്തിൽ രോഗങ്ങളായി മനുഷ്യരെ ആക്രമിയ്ക്കുന്നു? നഷ്ടപ്പെടുന്ന ഉറക്കം, കൂടിയും കുറഞ്ഞുമുള്ള ബി.പി, മറ്റു ബന്ധപ്പെട്ട അസുഖങ്ങൾ എന്നിവയെല്ലാം പ്രവർത്തന ക്ഷമത കുറയ്ക്കുക മാത്രമല്ല, മനുഷ്യ ജീവിതത്തിന്റെ നിലനിൽ‌പ്പിനു നേരെ തന്നെയുള്ള വെല്ലുവിളിയാണെന്നു  മനസ്സിലാക്കേണ്ടതാണെന്നു നീ എന്നും പറഞ്ഞിരുന്നു. ആരു കേൾക്കാൻ ? ഇന്നും ഇതൊക്കെ ടീനേജ് പ്രായമെത്തിയ മക്കൾ അവഗണിയ്ക്കുന്ന അമ്മയുടെ ഉപദേശം മാത്രമായി തുടരുന്നുവെന്നു തോന്നിക്കാണും, അല്ലേ? . നിന്റെ സദുദ്ദേശത്തെ ഞങ്ങൾ  മനസ്സിലാക്കായ്കയല്ല. ശരിയ്ക്കും ബോധവാന്മാരാണു താനും . ഒരു ‘നോ ഹോംകിംഗ് ഡേ’ അഥവാ ഒരു ‘ഷെയർ എ വെഹിക്കിൾ” കൊണ്ടു ഒന്നും  നേടാനാകുമെന്നു കരുതിയതുമില്ല. പലതും ചെയ്യണമെന്നുണ്ട്, ആകുന്നില്ല. ഇത്തവണ ദീപാവലിയുടെ സമയത്തെ കുറഞ്ഞ ശബ്ദ നിരക്കു അതിന്റെ ലക്ഷണം തന്നെയാണല്ലോ?

മോഹമുണ്ട്, വരും തലമുറയെ ഇതേക്കുറിച്ചു കൂടുതൽ ബോധവാന്മാരാക്കാൻ. അതുകൊണ്ടാണല്ലോ ആവശ്യം കഴിഞ്ഞാലുടൻ ടിവി നിർത്താൻ ഞങ്ങൾ അവരോടു പറയുന്നത് . അവരുടെ മനസ്സിൽ അതു പതിയണം അനാവശ്യമായ എന്തു ശബ്ദവും നല്ലതല്ലെന്നു. ഇതവർ  വീട്ടിൽ നിന്നും പഠിയ്ക്കട്ടെ. ഇനിയത്തെ തമുറയ്ക്കു ഒരു നോ ഹോം കിംഗ് ഡെ യുടെ ആവശ്യം വരരുത്. അവർ മറ്റുള്ളവരുടെ ബുദ്ധിമുട്ടുകളെക്കുറിച്ചു ബോധവാന്മാരാകട്ടേ! ആഘോഷങ്ങളുടെ സമയത്തു അൽ‌പ്പം കൂടി നിയന്ത്രണം ആവശ്യമെന്നറിയുന്നു. പക്ഷേ ഡിയർ മുംബൈ, ഞങ്ങൾ പലപ്പോഴും നിസ്സഹായരായിപ്പോകുകയാണ്. ഹരം കൂടുതലാകുമ്പോൾ പരിസരബോധം മറക്കുന്ന കൊച്ചു കുട്ടികളായിപ്പോകുന്നല്ലോ ഞങ്ങൾ. ‘ചെവിയ്ക്കു പിടിയ്ക്കാനുള്ള‘ സമയമായി എന്നു മനസ്സിലാക്കുന്നു. കാരണം ഞങ്ങൾക്കു  തന്നെ ഭയം തോന്നുന്നുണ്ട്.,ഞങ്ങളൊരുക്കുന്ന ശബ്ദപീഢനം ഞങ്ങൾക്കു തന്നെ വിനയായിത്തീരുമെന്ന്.  റെസിഡൻഷിയൽ ഏരിയയിൽ 55, കമ്മേർസ്യൽ ഏരിയയിൽ 65, ഇൻഡസ്ട്രിയൽ  ഏരിയയിൽ 75 വരെയേ ശബ്ദ ഡെസിബൽ സ് ആകാവൂ എന്ന നിയമത്തെ കൃത്യമായി പാലിയ്ക്കാനാകില്ലെങ്കിലും, കർക്കശമാക്കുകയും പിഴയിടുകയും ചെയ്താൽ ഒരു പക്ഷേ നിനക്കും ഞങ്ങൾ മുംബൈറ്റികൾക്കും അൽ‌പ്പം ആശ്വാസം കിട്ടിയെന്നു വരാം.

(Published in www.mumbaimalayali.com)

Leave a Reply

Your email address will not be published. Required fields are marked *