കണ്ണു തുറക്കൂ…..(മുംബൈ-400069)

Posted by & filed under Uncategorized.

ഡിയര്‍ മുംബൈ, ശബ്ദ മലിനീകരണത്തെ കുറിച്ചു നിനക്കായി കത്തെഴുതുമ്പോള്‍ പലരും എത്തിയല്ലോ വായിയ്ക്കുവാനും മനസ്സുതുറക്കാനും. നിനക്കു സന്തോഷിയ്ക്കാം, മുംബൈ നിവാസികള്‍ നിന്നെക്കുറിച്ചു ശരിയ്ക്കും വേവലാതിപ്പെടുന്നുണ്ട്. പിന്നെ ഇന്നു നീ നേരിടുന്ന ഇതിലും സീരിയസ്സായ പ്രശ്നങ്ങളെ നീക്കി നിര്‍ത്തി ആദ്യമേ തന്നെ ഞാന്‍ ശബ്ദ മലിനീകരണത്തെക്കുറിച്ചു പറഞ്ഞതിലാണു ചിലര്‍ക്ക് പരിഭവം. അതിനു പ്രത്യേകിച്ചു കാരണമൊന്നുമുണ്ടായിട്ടല്ല. എന്തെങ്കിലും ഒരു കാര്യത്തിലിത്തിരി ശ്രദ്ധ പതിപ്പിയ്ക്കണമെന്നുണ്ടെങ്കില്‍ ശബ്ദ കോലാഹലത്തിന്നിടയില്‍ ബുദ്ധിമുട്ടാണെന്നറിയാമല്ലോ? അതാണതിനെക്കുറിച്ചു പറയാനും കാരണം. എന്റെ ലേഖനത്തോടൊപ്പം പ്രസിദ്ധീകരിക്കപ്പെട്ട ജന്മാഷ്ടമി ആഘോഷത്തിന്റെ ഫോട്ടോ ഞാനെന്റെ ബാല്‍ക്കണിയില്‍ നിന്നുമെടുത്തതാണ്. യൂണിഫോം അണിഞ്ഞ ഗോപാലന്മാരുടെ കൂട്ടത്തിന്റെ ഭംഗിയ്ക്കൊപ്പം അകമ്പടി സേവിച്ചിരുന്ന വാദ്യഘോഷങ്ങളും സംഗീതവും കെട്ടിടത്തിനെ പ്രകമ്പനം കൊള്ളിച്ചിരുന്നു. ഈ പഴയ കെട്ടിടം തകര്‍ന്നു വീഴുമെന്നു തോന്നിപ്പോയി. ചെവി കൊട്ടിയടച്ചു മണിക്കൂറുകളോളം ഇരിയ്ക്കേണ്ടി വരുന്ന അവസ്ഥ. പോട്ടെ, ആഘോഷവേളയെന്നു കരുതാം. തൊട്ടു മുന്നിലെ ഹാളില്‍ ഒരു വിവാഹമായാലും മതി, കുറെ നേരത്തേയ്ക്കു കൊട്ടും പാട്ടും ചെവിയടപ്പിയ്ക്കുന്ന പടക്കവും പുകയും. ഒന്നുംവേണ്ട സാധാരണ ദിവസത്തെ കഥയെടുക്കാം. മുന്നിലെ റോഡില്‍ നിന്നുമുള്ള അനുസ്യൂതമായ ട്രാഫിക് ഉയര്‍ത്തുന്ന ശബ്ദവും ഹോണടികളും ടയര്‍ സ്ക്രീച് ചെയ്യുന്ന ശബ്ദവും അടുക്കളയില്‍ നില്‍ക്കുന്ന എനിയ്ക്കു തൊട്ട മുറിയില്‍ അടിയ്ക്കുന്ന ഫോണ്‍ ശബ്ദം പോലും കേള്‍ക്കാനാകാത്ത വിധം ഉയര്‍ന്ന തരത്തിലാണെന്നത് ഒരു സത്യം മാത്രം. പലപ്പോഴും അതിനാല്‍ ജനാലകള്‍ അടച്ചിടേണ്ടി വരികയും ചെയ്യുന്നു.
മറ്റൊന്നു കൂടിയുണ്ട്, ഒരു ദിവസമെങ്കിൽ ഒരു ദിവസം നേരത്തേ പ്രതികരിയ്ക്കാൻ മുംബൈറ്റിയ്ക്കു കഴിഞ്ഞെങ്കിൽ അത്രയും നല്ലത് എന്ന ചിന്ത കൂടി ഇതിനു പിറകിലായുണ്ടെന്നു നിനക്കറിയാമല്ലോ? നിന്റെ ദുഃഖം പങ്കിടുന്നവർക്കേ നിന്നെ രക്ഷിയ്ക്കാനാകൂ. ഇതു കൊണ്ടു തന്നെ ആയിരിയ്ക്കാം കഴിഞ്ഞൊരു ദിവസം അന്ധേരി വെസ്റ്റിൽ നിന്നും ഈസ്റ്റിലേയ്ക്കു വരാനായി വിളിച്ച ഓട്ടോയുടെ ഡ്രൈവർ സ്ഥാനത്തും അസ്ഥാനത്തും താളാത്മകമായി  ഹോൺ നീട്ടി വിളിച്ചപ്പോൾ എനിയ്ക്കു അയാളോടു തട്ടിക്കേറാനും ഹോൺ ആവശ്യത്തിനു മാത്രം ഉപയോഗിയ്ക്കാൻ പറയാനും കഴിഞ്ഞത്. പാവം പയ്യൻ, പേടിച്ചെന്നു തോന്നുന്നു. ഇവിടെയെത്തുന്നതു വരെ പിന്നെ ആവശ്യത്തിനു കൂടി ഹോൺ അടിച്ചില്ല. ഇറങ്ങുമ്പോൾ ചിരിച്ചു നന്ദി പറഞ്ഞു  ബാക്കി ചില്ലറ തിരിച്ചു വാങ്ങാതെ വീട്ടിലെത്തുമ്പോൾ എന്തോ നല്ല കാര്യം ചെയ്തെന്ന ബോധം എന്റെ അന്നത്തെ ദിനത്തെ കൂടുതൽ മധുരമാക്കിയെന്നതു നിന്നോടു സ്വകാര്യമായി പറയാൻ എനിയ്ക്കു സന്തോഷം തോന്നുന്നു. നിന്നെ മനസ്സിലാക്കുന്നവർക്കു നിനക്കായി ചെയ്യാവുന്ന ഇത്തരം കാര്യങ്ങൾ  തന്നെയല്ലേ സത്യത്തിൽ നിന്റെ പ്രശ്ന പരിഹാരങ്ങൾക്കു വഴിതെളിയിയ്ക്കുന്നത്? നിനക്കിത്തിരി സന്തോഷത്തിനും. നേതാക്കൾക്കൊപ്പം തന്നെ, അഥവാ അവരേക്കാളൊരു  പടി മുന്നിലായിത്തന്നെ ഇവിടത്തെ നിവാസികൾ ശബ്ദ മലിനീകരണത്തിന്നെതിരായി പ്രതികരിയ്ക്കേണ്ട കാലം അതിക്രമിച്ചിരിയ്ക്കുന്നു. നഗരം വളരുന്നതിനനുസരിച്ചെന്തിനു ഇവിടത്തെ നോയ്സ് ലെവൽ കൂടണം?

ഇന്ത്യയിലെ മറ്റു നഗരങ്ങളോട്  താരതമ്യപ്പെടുത്തുമ്പോൾ   മനസ്സിലാക്കാനാകുന്നു, ഇവിടത്തെ ശബ്ദമലിനീകരണം എത്രയേറെ രൂക്ഷമാണെന്ന്. ഇന്ത്യയിലെ മാത്രമല്ല, ഏഷ്യയിലെ അഥവാ ലോകത്തെ തന്നെ ‘ഏറ്റവുമധികം ശബ്ദായമാനമായ സിറ്റി’ എന്ന പദവി നിനക്കു നൽക്കുന്ന ഘടകങ്ങൾ ഏറെയാണ്. കൺ മിഴിച്ചു ചുറ്റും നോക്കുന്നവർക്കു അവയെ കണ്ടെത്താനുമാകും . രാവു പകലെന്നില്ലാതെ ഓടുന്ന കാറുകൾ, ഓട്ടോറിക്ഷകൾ, ട്രെയിനുകൾ, 24 മണിക്കൂറും പ്രവർത്തിയ്ക്കുന്ന ഫാക്ടറി മെഷീനുകൾ,   കെട്ടിട നിരമ്മാണത്തിന്റെ ഭാഗമായി ഉയരുന്ന കാതടപ്പിയ്ക്കുന്ന ഒച്ചകൾ…എത്ര വേണമെങ്കിലുമുണ്ട്. മീറ്റർ റീഡിംഗ് കൂടാനായി സൈലൻസറില്ലാതെ ഓടിയ്ക്കുന്ന ഓട്ടോകൾ, രാത്രിയുടെ നിശ്ശബ്തതയെ കുത്തിത്തുളച്ചു കാറ്റു വേഗത്തിൽ ബൈക്കോടിച്ചു  മത്സരം നടത്തുന്നതിൽ രസിയ്ക്കുന്ന  മോട്ടോർ സൈക്കിൾ വാഹകർ എന്നിവർ ഈ ശബ്ദ കോലാഹലങ്ങൾക്കു മാറ്റ് കൂട്ടുന്നു. ഇതിനൊക്കെ പുറമേയാണു ആഘോഷാവസരങ്ങളിലെ ശബ്ദകോലാഹലങ്ങൾ- പടക്കങ്ങൾ, വാദ്യഘോഷങ്ങൾ, സംഗീതം, ഉച്ചഭാഷിണികൾ എന്നിവ. സമീപത്തു ആശുപത്രികൾ  കണ്ടേയ്ക്കാം, അവിടെ അസുഖമുള്ളവർ അസ്വസ്ഥരായി വേദന തിന്നുന്നുണ്ടായിരിയ്ക്കാം, ആർക്കും അതോർക്കാനാവില്ലേ? ശബ്ദ മലിനീകരണത്തിന്റെ  ശക്തി കൂടുന്നതിനു പലതരം മാർക്കറ്റിംഗ്  രീതികളും കാരണമായിക്കാണുന്നുണ്ട്. എന്തെങ്കിലും ആകർഷകമായ സമ്മാനങ്ങൾ പങ്കെടുക്കുന്നവർക്കായി ഓഫർ ചെയ്തു തിരക്കേറിയ  സെന്ററുകൾ, നാൽക്കവലകൾ, ഹൌസിംഗ് കോമ്പ്ലക്സുകളുടെ ഗെയ്റ്റ് തുടങ്ങി ആൾക്കാർ കൂടുന്ന സ്ഥലങ്ങളിൽ വാഹനത്തിൽ ഉച്ചഭാഷിണിയുമായി വന്നെത്തുന്ന പ്രശസ്ത കമ്പനിക്കാരുടെ പ്രതിനിധികൾ പോലും ഇത്തരത്തിലുള്ളവയാണ് . റോഡ്-റേജ് സൃഷ്ടിയ്ക്കുന്ന അനാവശ്യമായ പ്രകോപനങ്ങളും അതിന്റെ അനന്തര ഫലങ്ങളും ഇവിടെ പുതുമയല്ലാതായിത്തുടങ്ങിയിരിയ്ക്കുന്നു.  എല്ലാഭാഗത്തുനിന്നുമായി ഉയരുന്ന ശബ്ദകോലാഹലം ഉറക്കത്തെ നഷ്ടപ്പെടുത്തുന്നതും  നഗരവാസി കൂടുതൽ സ്ട്രെസ്സിനു അടിമപ്പെടുന്നതും ആരോഗ്യപരമായ  ആകാക്ഷയായി നിൽക്കെത്തന്നെ അവന്റെ കർമ്മരംഗത്തെ കഴിവുകളെ നെഗറ്റീവ് ആയി ബാധിയ്ക്കുകയും ചെയ്യുന്നു. ആരും  പ്രതിഷേധം കാണിയ്ക്കാത്തതെന്താണ്? മുംബൈവാസികൾ ഇത്രയും സഹനശീലരോ? അതോ കുഴി മടിയരോ?

ബഹളം നിറഞ്ഞ ആഘോഷരീതികൾ നമ്മുടെ പ്രത്യേകതയാണ്. ഇത്രയേറെ ബഹളം കൂട്ടാൻ നമുക്കാവുമെങ്കിൽ അതു കുറയ്ക്കാനുള്ള വഴികളും നമ്മൾ തന്നെ കണ്ടു പിടിച്ചേ തീരൂ. ശബ്ദകോലാഹലത്തോടു കൂടിയല്ലതെ ആഘോഷിയ്ക്കാനും നമ്മൾ പഠിയ്ക്കണം. ഒറ്റ എളുപ്പവഴി പുതു തലമുറയേയും കുട്ടികളെയും ബോധവാന്മാരാക്കുകയെന്നതാണ്. ഏറ്റവും കൂടുതൽ അനുഭവിയ്ക്കുന്ന ഈ തലമുറ തന്നെ അതിനു മുൻ കയ്യെടുക്കണം. കാരണം നമുക്കു മുൻപു ജീവിച്ചിരുന്നവർക്കാർക്കും  ഇതു നേരിടേണ്ടി വന്നിട്ടില്ല. ഇനി വരും തലമുറയ്ക്കായി അതു സമ്മാനിച്ചു പോകാതിരിയ്ക്കാനായി ഈ തലമുറ മുൻ കൈ എടുത്തേ പറ്റൂ…കണ്ണു തുറക്കൂ…മുംബൈവാസികളേ…  ശാന്തമായ അന്തരീക്ഷം ഇന്നിവിടെ സ്വപ്നം മാത്രമായി മാറിയിരിയ്ക്കുന്നു. പലതരം യന്ത്ര സാമഗ്രികൾ തീർക്കുന്ന  ശബ്ദകോലാഹലങ്ങൾ വീടുകളിൽ നിന്നു പോലും ഉയരുന്നു.അവിടെ നിന്നാകട്ടേ തുടക്കം. അനാവശ്യ ശബ്ദങ്ങൾ ഒഴിവാക്കലിലൂടെ…


നിന്റെ ഈ ദുഃഖത്തിനെ എന്നു ഞങ്ങൾ സ്വയം ഉൾക്കൊണ്ടു പ്രതികരിയ്ക്കുമോ അന്നു നിനക്കു സമാശ്വസിയ്ക്കാം. നമുക്കു പ്രത്യാശയോടെ കാത്തിരിയ്ക്കാം..

(Published in www.mumbaimalayali.com)

Leave a Reply

Your email address will not be published. Required fields are marked *