മേടക്കാറ്റിനോട്………….

Posted by & filed under കവിത.

ഒരുകുലമഞ്ഞപ്പൂക്കൾ തേടി

അരിച്ചെത്തുന്ന മേടക്കാറ്റേ…

നിനക്ക് മഞ്ഞിൽമണം നഷ്ടമായോ?

ചിരിയ്ക്കാനും മറന്നതെന്തേ?

ആർക്കോവേണ്ടിയെന്നോണം

വസന്തമെത്തിയെന്ന് പാടുമ്പോൾ

കുയിലുകൾക്കെന്തേ ദു:ഖം?

മഞ്ഞപ്പൂക്കളെ കാണാഞ്ഞോ?

പ്രകൃതിയുടെ പുഴുക്കുത്തേറ്റ മുഖം

ഇനിയുമൊരു നരകാസുരനെത്തേടുന്നോ?

നന്മകൾ നഷ്ടപ്പെട്ട ആസുരതാണ്ഡവം,

കാലം മറക്കാത്ത യുദ്ധങ്ങൾ,

ഉഗ്രതപത്താൽ വിജയക്കൊടി പാറിയ

രാവണന്റെ ലങ്കയിലെ അശോകവനിയിൽ

ഇരുട്ടിൽ വിടരുന്ന മഞ്ഞപ്പൂക്കളിൽ തട്ടി

രാവണന്മാരെത്തേടിയെത്തുന്ന

ശീതക്കാറ്റിന്റെ മർമ്മരത്തിലും

ദു:ഖത്തിന്റെ  വിതുമ്പലുകൾ

സേതുകടന്നെത്തുന്ന രാമനെ

കാണാനാവാഞ്ഞോ?

ഇനിയും കാണാൻ കൊതിച്ച

ഗരുഡാരൂധനായ ദേവന്റെ

മഞ്ഞപ്പട്ടിന്റെ നിറത്തെ വെല്ലുന്ന

കൊന്നപ്പൂക്കളും തേടി

ഞങ്ങൾക്കായി സമൃദ്ധിയും  ഐശ്വര്യവും തേടി

മേടക്കാറ്റേ നീ എവിടെപ്പോയി?

പുഴുക്കുത്തേറ്റ പ്രകൃതിയിവിടെ വിലപിയ്ക്കുകയാണ്

നീ കൊണ്ടു വരുന്ന മഞ്ഞപ്പൂക്കൾക്കായി…

എന്താണെന്നറിയില്ല,

മേടപ്പിറപ്പെത്താറായിട്ടും
കൊന്നകൾക്കു പൂക്കാൻ മടിയായിരിയ്ക്കുന്നു
പച്ചപ്പു തേടിയെത്തിയവർക്കെന്തേ
മഞ്ഞയെ ഉൾക്കൊള്ളാനാകുന്നില്ലേ?
ആശയെ  ഉണർത്താൻ  വന്നെത്തുന്നവ,
ആശങ്കകൾക്കും കാരണമാവുന്നോ?
എനിയ്ക്കും  മഞ്ഞയെ പേടി, കാരണം
മരണത്തിന്നും ഭീകരതയ്ക്കും
രോഗത്തിനും ലോലചിത്തന്നും
മഞ്ഞ മേലങ്കിയാണല്ലോ പലപ്പോഴും കാണപ്പെടുന്നത്.
അസൂയ വളം വയ്ക്കുന്ന
വഞ്ചനയുടെ നിറവും മഞ്ഞ തന്നെ
അപകടത്തിന്റെ ചുവപ്പിനെ
അരികിലേയ്ക്കെത്തിയ്ക്കാനും
മഞ്ഞ മടിയ്ക്കുന്നില്ല.
കൊന്നപ്പൂവേ ..നീ ക്ഷമിച്ചാലും
ഹരിതാഭ നിറയ്ക്കുന്ന ഐശ്വര്യവും തേടി
പുതുമയുടെ, ആരോഗ്യത്തിന്റെ വഴിതേടി
പ്രകൃതിയുടെ മടിത്തട്ടിൽ
ഞങ്ങളൊന്നിരുന്നോട്ടേ!
ജീവന്റെ നിറവുമായി പ്രകൃതി നിന്നോട്ടെ.

Leave a Reply

Your email address will not be published. Required fields are marked *