വർഷം വിടപറയവേ…

Posted by & filed under കവിത.

ഇനിയുമൊരു വർഷം വിടപറഞ്ഞീടുന്നു

ഇരുളുമതിനൊപ്പം പ്രഭയും ചൊരിഞ്ഞിതാ

അധികസമയമില്ല,പുതിയതാം വർഷത്തി-

നരുളുകസുസ്വാഗതം, നന്മയെത്തേടിടാൻ.

പോയവർഷം നമുക്കെന്തു സമ്മാനിച്ചു?

മോഹങ്ങൾ തൻ വിത്തു പാകിയോ, നോക്കിടാം.

കാലചക്രത്തിൻ തിരിച്ചിലിൽ സ്വപ്നത്തെ

നേരാക്കി മാറ്റിടാൻ യത്നിച്ചതില്ലയോ?

ഇന്നു തിരിഞ്ഞൊന്നു നോക്കിയറിഞ്ഞിടാ-

മൊന്നാ ശ്രമങ്ങൾ തൻ സൽഫല,മൊപ്പമാ-

യെണ്ണി നാം പിൻ വാങ്ങി, തോറ്റവ  നേടുവാ-

നൊന്നുകൂടിശ്രമം ചെയ്യാൻ നിനച്ചിടാം.

സുഖമസുഖമോർക്കാതെ കൂടെയായ് നിന്നൊരാ

സഖരവരൊടോതിടാം നന്ദി, പലേവിധം

ചെറു വലുതുമായ് നമ്മെയൊട്ടു സഹായിച്ച

പലരെയുമതിവിനയമോടു സ്മരിച്ചിടാം

ഉള്ളിലായൊട്ടു മുളച്ച വിദ്വേഷത്തെ

നന്നായ് മുളയിലേ നുള്ളിടാം ,സ്നേഹമായ്

നല്ല മനസ്സിന്നുടമയായ് മാറിടാം

ഉള്ളതുകൊണ്ടോണമാക്കാൻ പഠിച്ചിടാം

അരികിലണയുന്നൊരീ വർഷം നമുക്കൊക്കെ

പലവിധമതേകട്ടേ സൌഭാഗ്യമോതിടാം

ഇരുളു കഴിയുമൊരുനിമിഷമണയുമൊരു വെട്ടമെ-

ന്നറിവു മനമൊന്നിൽനിറയ്ക്കട്ടെ മോദവും

ഒരു നിമിഷമോർക്കണം പോയകാലത്തിനെ-

ത്തിരികെയിനി ലഭിച്ചിടാനാകിടാ വേണ്ടപോൽ-

ക്കരുതി സമയപരിധിയതിൽ സകലമതു ചെയ്ക,യീ-

പ്പുതു വരിഷമതിനൊരു തുടക്കമാക്കീടണം.

Leave a Reply

Your email address will not be published. Required fields are marked *