വർണ്ണനൂലുകൾ-20

Posted by & filed under വർണ്ണ നൂലുകൾ.

നിങ്ങളുടെ മനസ്സിൽ ഒരു വർണ്ണനൂലിഴ സൃഷ്ടിയ്ക്കാൻ ചിലർക്കു എതാനും ദിവസങ്ങളുടെ പരിചയം മാത്രം മതിയാകും. വാക്കു കൊണ്ടും പ്രവൃത്തികൊണ്ടും അവർ തീർക്കുന്ന ഈ ഇഴകൾ ജീവിതത്തിൽ പിന്നീടൊരിയ്ക്കൽ‌പ്പോലും നാമവരെ കണാനിട വരുന്നില്ലെങ്കിൽക്കൂടി നമ്മുടെ മനസ്സിൽ പുതുമയാർന്നു തന്നെ നിലനിർത്തുന്നതിനുള്ള ഇവരുടെ കഴിവു ഒന്നു വേറെ തന്നെ.ഒരു മിന്നൽ പോലെ നമ്മുടെ സ്മൃതിപഥത്തിൽ പലപ്പോഴും വന്നെത്തി നോക്കുന്ന ഇത്തരം ഓർമ്മകളിൽ പലതും അത്യന്തം ഹൃദ്യമാർന്നവ തന്നെയാകാം. .

അസ്ഗർ ഇത്തരമൊരു കഥാപാത്രമാണ്.ഒറീസായാത്രയിൽ  താമസിയ്ക്കാനിടയായ ഭുവനേശ്വറിലെ ആ ഗസ്റ്റ് ഹൌസും പ്രത്യേ കതരത്തിൽ യൂണിഫോമണിഞ്ഞ അസ്ഗർ എന്ന കെയർ ടെക്കറും പലപ്പോഴും മനസ്സിലോടിയെത്താറുണ്ട്,മനസ്സിൽ സുഖദമായ പല ഓർമ്മകളും ഉണർത്തിക്കൊണ്ടു തന്നെ.

എന്റെ കസിന്റെ ഒഫീഷ്യൽ ഗസ്റ്റ് ഹൌസിലെ ‘ആൾ -ഇൻ-ആൾ” ആയ അസ്ഗർ ഒരൊന്നാന്തരം കുക്ക് കൂടി ആണു. നന്നായി ആഹാരം പാചകം ചെയ്യാനും ഊൺ മേശ സെറ്റ് ചെയ്യാനും മാത്രമല്ല,ഊൺ മേശയിലെ

സംഭാഷണങ്ങളെ രസകരമാക്കാനും അസ്ഗറിനു പ്രത്യേക മിടുക്കാണ്..കസിന്റെ ക്ഷണമനുസരിച്ച് ഒറീസാ സന്ദർശനാർത്ഥം ഭുവനേശ്വറിലെത്തിയ എന്നെയുംകുടുംബത്തേയും സ്വീകരിയ്ക്കാനും സത്കരിയ്ക്കാനും അസ്ഗർ കാണിച്ച ശുഷ്കാന്തി ഞങ്ങളെത്തന്നെ അത്ഭുതപ്പെടുത്തി.മുറിയിലെ സൌകര്യങ്ങൾ ശരിയാക്കുന്നതിലും കുട്ടികളുടെ ഭക്ഷണത്തിലെ ഇഷ്ടാനിഷ്ടങ്ങൾ മനസ്സിലാക്കി അതിനൊത്തു ഉണ്ടാക്കിക്കൊടുക്കുന്നതിലും അസ്ഗറിനു വേവലാതിയായിരുന്നു. ഒറീസയെക്കുറിച്ചും ഭുവനേശ്വറിനെക്കുറിച്ചും ഒട്ടനവധി രസകരമായ കാര്യങ്ങൾ അയാൾ ഞങ്ങളുമായി പങ്കിട്ടു. ഒരോ ദിവസവും കാണാൻ പോകേണ്ട സ്ഥലങ്ങൾ തീരുമാന്യ്ക്കുന്ന സമയത്തു അസ്ഗറും അതിൽ പങ്കു കൊള്ളുകയും വേണ്ട വിധത്തിൽ എല്ലാം കാണിച്ചു തരാനായി ഡ്രൈവർകം ഗൈഡ് ആയ കുള്ളനായ ഒറീസക്കാരനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. രണ്ടു പേരും ദിവസങ്ങൾക്കകം തന്നെ കുട്ടികൾക്കു പ്രിയപ്പെട്ടവരായിത്തീർന്നതിൽ അത്ഭുതം തോന്നിയില്ല.തിരിച്ച് കൽക്കത്തയിലേയ്ക്കു പോവും വരെ ഞങ്ങളുടെ ഓരോ ആവശ്യവും മുങ്കൂട്ടി കണ്ടറിഞ്ഞു ചെയ്തു തന്നിരുന്ന അസ്ഗറെ പിരിയുമ്പോൾ ഞങ്ങളുടെ കണ്ണുകളും അയാളുടെ കണ്ണുകളും ഒരേപോലെ നിറഞ്ഞിരുന്നു. ഭുവനേശ്വർ, പുരി ,കൊണാർക് യാത്രയിലെ മധുരിയ്ക്കുന്ന പല ഓർമ്മകൾക്കും സുന്ദരദൃശ്യങ്ങൾക്കും അനുഭവങ്ങൾക്കുമൊപ്പം അങ്ങിനെ അസ്ഗറും ഒരു സുഖദമായ ഓർമ്മയായി മനസ്സിൽ തങ്ങി.

അസ്ഗർ ഇന്ന് ജീവിച്ചിരിപ്പുണ്ടോ എന്നറിയില്ല.എന്റെ കസിനാണെങ്കിൽ വളരെ മുൻപു തന്നെ ഭുവനേശ്വർ വിടുകയും ചെയ്തു. ഇനി ഞങ്ങൾ അയാളെ കാണാൻ യാതൊരു വിധ ചാൻസുമില്ല. പക്ഷെ കണ്ണടച്ചു വിചാരിച്ചാലുടൻ പുഞ്ചിരിതൂകി ബഹുമാനപൂർവ്വം മേംസാബ് എന്ന വിളിയോടെ ഒരൽ‌പ്പ്ം മുന്നോട്ടു കുനിഞ്ഞു നിൽക്കുന്ന അസ്ഗറെ മനസ്സിൽ കാണാനാകുന്നു. ഇയാൾ ഞങ്ങളുടെയൊക്കെ മനസ്സിൽ ഇപ്പോഴും ജീവിച്ചിരിയ്ക്കുന്നു, തീർച്ച

ദീപാവലി സമയത്ത് ഭുവനേശ്വറിലെ ആ ഗസ്റ്റ് ഹൌസിന്റെ നാലുഭാഗത്തുമുള്ള മതിലുകൾക്കു മുകളിലും എന്റെ കുട്ടികൾക്കൊത്ത് നിരനിരയായി മെഴുകുതിരികൾ കത്തിച്ചു വെച്ചും കമ്പിത്തിരിയും മത്താപ്പും പടക്കവുമൊക്കെ അവർക്കൊത്തു കത്തിച്ചും.അവരുടെ മനസ്സിലും ആഹ്ലാദത്തിന്റെ വർണ്ണശബളിമ നിറയ്ക്കാനും അതു നിലനിർത്താനും അസ്ഗർ , നിനക്കായല്ലോ? ഒരിയ്ക്കൽക്കൂടി നിനക്കു നന്ദി പറയട്ടേ!

One Response to “വർണ്ണനൂലുകൾ-20”

  1. padmachandran

    ചെറുതെങ്കിലും ഹൃദ്യം

Leave a Reply

Your email address will not be published. Required fields are marked *