മുംബൈയില്‍നിന്നുമൊരു കൃസ്തുമസ് സന്ദേശം..

Posted by & filed under മുംബൈ ജാലകം.

     
 
                    ദിവസങ്ങള്‍  മാത്രം ഇനി  കൃസ്തുമസ്സിനു………ഇപ്പോള്‍ മാളുകളും ഷോപ്പുകളും ബേക്കറികളുമൊക്കെ മനുഷ്യരെക്കൊണ്ടും സാധനങ്ങള്‍  കൊണ്ടും നിറഞ്ഞു കവിയേണ്ട സമയം. സന്ധ്യാസമയത്തു ദീപാലങ്കരങ്ങള്‍  കൊണ്ടു നഗരം മുഴുവനും ഉജ്ജ്വലിച്ചു കാണേണ്ട സമയം. ഓഫീസുകളില്‍  നിന്നും പലരും  നീണ്ട ലീവുകള്‍ എടുക്കുന്ന സമയം. കൃസ്തുമസ് പ്രിപറേഷനും, ആഘോഷവും കഴിഞ്ഞു നവവത്സരം കൂടി ആഘോഷിച്ചേ പലരും തിരിച്ചെത്താറുള്ളൂ. മുംബെയ്ക്കു പുറത്തുപോകുന്നവരും നാട്ടില്‍ പോയി കൃസ്തുമസ് ആഘോഷിയ്ക്കുന്നവരും കൂട്ടത്തില്‍  കാണാം.

             മുംബൈ ഇക്കൊല്ലംകാണിയ്ക്കുന്നതു ഒരു പുതിയ മുഖം. പതിവുപോലെയല്ല. ഷോപ്പിംഗിലോ അലങ്കാരത്തിലോ ആര്‍ക്കും താല്പര്യമില്ലാത്തതുപോലെ.  നാലഞ്ചു ദിവസത്തോളം മുംബൈയിലെ കുഞ്ഞുങ്ങളെ സന്തോഷിപ്പിയ്ക്കാനായെത്തുന്ന ചുവന്ന തൊപ്പിക്കാര്‍  ഇത്തവണ ഡിമാന്‍ഡ് ലിസ്റ്റിലില്ല. സാധാരണയായി വലിയ ഹോട്ടലുകള്‍  , മാളുകള്‍ തുടങ്ങിയ സ്ഥലത്തു കുട്ടികള്‍ക്കും വലിയവര്‍ക്കും ഒരേപോലെ ആകര്‍ഷണമായിക്കാണുന്ന സാന്റാക്ലാസുകളെ പരിശീലനം ചെയ്തു സപ്പ്ലൈചെയ്യുന്ന കമ്പനികള്‍പോലും മുംബൈയിലുണ്ടു. അവരെല്ലാം ഇത്തവണ പിന്‍ നിരയിലാണു.
          ഇന്നലെ ഒരു സാമുദായിക ചടങ്ങില്‍  പങ്കെടുക്കുകയുണ്ടായി. ഒരു സംഘടനയുടെ വാര്‍ഷികാഘോഷം…മാസങ്ങളോളം നീണ്ടു നില്‍ക്കുന്ന തയ്യാറെടുപ്പുകള്‍ക്കു ശേഷം സഭാംഗങ്ങളും കുഞ്ഞുങ്ങളും രംഗത്തവതരിപ്പിയ്ക്കുന്ന വിരുന്നു വളരെ നല്ല സ്റ്റാന്‍ഡേര്‍ഡില്‍ ആവാറുണ്ടു. ഇന്നലെ പ്രാസംഗികര്‍ക്കെല്ലാം പറയാന്‍ ഒന്നേ ഉണ്ടായിരുന്നുള്ളൂ…ഭീകരരുടെ ആക്രമണം.ജീവന്‍ ബലിയര്‍പ്പിച്ചവര്‍ക്കായി മൌനപ്രാര്‍ത്ഥനയും കഴിഞ്ഞു പരിപാടികള്‍ തുടങ്ങിയപ്പോഴേ ശ്രദ്ധയില്‍പ്പെട്ടു,  ഉത്സാഹത്തിന്റെ കുറവു.പതിവുപോലുള്ള തിമിര്‍പ്പു കാണാനില്ല. അടിപൊളി ഐറ്റംസ് കുറവു. ആഘോഷത്തിമര്‍പ്പിന്റെ അഭാവം. ചെറുപ്പക്കാര്‍ ഒക്കെ നിശ്ശബ്ദരാണു. പറ്റിയ അടിയുടെ ആഴത്തിന്റെ അലയൊലി ഇത്രയുമേറെയുണ്ടെന്നതിന്റെ പ്രത്യക്ഷോദാരണം. മനസ്സു നൊന്തു. ഇനിയും എത്ര കാലമെടുക്കും ഈ മുറിവു ഉണങ്ങി എല്ലാം  ഒന്നു മറക്കുവാ‍ന്‍,  ക്ഷണനേരത്തേയ്ക്കെങ്കിലും?

               മാസങ്ങള്‍ക്കു  മുന്‍പേ തന്നെ ബുക്കിംഗ്  ചെയ്യപ്പെട്ട ഹോട്ടലുകളിലെ ക്രിസ്തുമസ്- ന്യൂ ഇയര്‍ പാര്‍ട്ടികള്‍ കാന്‍സല്‍  ചെയ്യപ്പെടുന്നു.  ആഘോഷങ്ങള്‍  പേരിനു മാത്രം. എന്റെ അടുത്ത ഒരു  സുഹൃത്തു പറയുകയുണ്ടായി, അവരുടെ പള്ളിയിലെ കൃസ്തുമസ്സ് കരോളെല്ലാം കാന്‍സലായി എന്നു .  ഇവെന്റു മാനേജ് മെന്റു കമ്പനികള്‍ക്കാണു നഷ്ടമേറെ.ആകപ്പാടെ കിട്ടിയ ചിത്രം ഇതാണു…ആരും ഇനിയും മോചിതരായിട്ടില്ല, പേടിയില്‍ നിന്നും. നേരിട്ടും പരോക്ഷമായും അക്രമഭീകരത്വത്തിന്റെ തീക്ഷ്ണത എല്ലാവരേയും ബാധിച്ചിരിയ്ക്കുന്നു. എല്ലാം മറക്കാനറിയുന്ന മുംബൈ, എല്ലാം പൊറുക്കാനറിയാവുന്ന മുമബൈ ഇത്തവണ പകച്ചു നില്‍ക്കുകയാണു., എന്തു ചെയ്യണമെന്നറിയാതെ.
    ആഗോളവല്‍ക്കറണത്തിന്റെ ഇനിയൊരിര…മുംബൈ അതാണു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍  ഇന്ത്യയുടെ അഭിമാനത്തിന്റെ നാളുകളായിരുന്നു. ഏതു മേഖലയിലാണു ഇന്ത്യ കീര്‍ത്തി കൈവരിയ്ക്കാത്തതെന്നേ ചോദിയ്ക്കാനുള്ളൂ……സാമ്പത്തികമായും വ്യാവസായികമായും ശാസ്ത്രീയമായും സാംസ്കാരികമായും ടെക് നോളോജിയ്ക്കല്‍  ആയും  ഉയര്‍ച്ചയുടെ പടവുകള്‍ താണ്ടി നാം. തലപൊക്കിയ അക്രമങ്ങളെ വേണ്ട വിധത്തില്‍  ഒതുക്കാനായില്ലെന്നു മാത്രം. സാധാരണക്കാരന്റെ സാമ്പത്തിക ഭദ്രത കൂടിയപ്പോള്‍  സുരക്ഷ പരുങ്ങലിലായി. രാഷ്ട്രീയത്തിന്റെ വിത്തുകളില്‍  നിന്ന്  പൊട്ടിമുളച്ചവ തന്നെ പലതും. കാണാതിരുന്നവയോ കണ്ടില്ലെന്നു നടിച്ചവയോ ആകാം. ഇന്‍ഫൊര്‍മേഷന്‍ –ടെക് നോളൊജിയുടെ നന്മകളെക്കാളെറെ അതിന്റെ തിന്മകളെ ഭയപ്പെടാന്‍ തുടങ്ങിയിരിയ്ക്കുന്നു, നാം. ആരെ വിശ്വസിയ്ക്കാം, ആരെ അവിശ്വസിയ്കണം? തിരിച്ചറിയാനാവാതെ കുഴങ്ങുന്നു, നമ്മള്‍.

ഈ അസ്ന്ദിഗ്ദ്ധാവസ്ഥയില്‍  സന്ദര്‍ഭത്തിനനുസരിച്ചുയരാന്‍  ഭീകരരുടെ ഇരകളായ ട്രിഡെന്റും താജും കാണിയ്ക്കുന്ന  മാതൃക പ്രശംസനീയം തന്നെ. യാതൊന്നും സംഭവിയ്ക്കാത്തതുപോലെ പലതരത്തിലുള്ള ദു:ഖങ്ങളേയും നഷ്ടങ്ങളേയും ഉള്ളില്‍  കടിച്ചമര്‍ത്തി സന്തോഷവും സമാധാനവും ശാന്തിയും നിറഞ്ഞ ഒരു പുതിയ വര്‍ഷത്തിന് സ്വാഗതമോതാനായി അവര്‍ തങ്ങളുടെ കവാടങ്ങള്‍ വീണ്ടും തുറന്നിരിയ്ക്കയാണു..വാ മുംബൈ! സ്പിരിറ്റ് ഓഫ് മുംബൈ! ഒരു കൂട്ടായ ശ്രമം തന്നെ ഇതിനു പിറകിലായുണ്ടു, തീര്‍ച്ച! ഇനിയുമിത്തൊരു ദിനം വരാതിരിയ്ക്കാന്‍ നാം പ്രാര്‍ത്ഥിയ്ക്കുകയാണു ഈ ക്രിസ്തുമസ്സ് വേളയില്‍ .ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്കു സമാധാനത്തിനും നന്മ്യ്ക്കുമായുള്ള പ്രാര്‍ത്ഥന എല്ലാവരുടെയും മനസ്സിനുള്ളില്‍ നിന്നുമാണു വരുന്നതു. പലരും ഇനിയൊരിയ്ക്കലും തിരിച്ചുവരാത്തവര്‍ക്കായാണു പ്രാര്‍ത്ഥിയ്ക്കുന്നതു. ഇത്തവണ സമ്മാനം മോഹിച്ചു കാത്തിരിയ്ക്കുന്നവര്‍ സാന്താക്ലാസ്സിനെത്തേടുന്ന കുട്ടീകളല്ല, സമാധാനവും ശാന്തിയും തേടുന്ന മുംബൈറ്റിയാണു. ഓര്‍ത്തും ഓര്‍മ്മിപ്പിച്ചും പൊറുത്തും ആശ്വാസവാക്കോതിയും നഷ്ട്ടപ്പെട്ട വിശ്വാസത്തേയും ആത്മധൈര്യത്തേയും തിരികെക്കിട്ടാനുള്ള സമ്മാനപ്പൊതിയാണവര്‍ക്കു വേണ്ടതു. ക്രിസ്റ്റ്മസ്സിനു ആഘോഷമില്ലെങ്കിലെന്തു? ആശകള്‍ ഒരുപാടുണ്ടല്ലോ, നിറവേറ്റപ്പെടാനായിട്ട്? അതുമായി വിധിയെന്ന സാന്താക്ലോസ് വരുന്നതും കാത്തിരിയ്ക്കയാണു ഞങ്ങള്‍ , മുംബൈറ്റികള്‍, ഇവീടെ .വേഗം എത്തണേയെന്ന പ്രാര്‍ത്ഥനയോടേ…..

3 Responses to “മുംബൈയില്‍നിന്നുമൊരു കൃസ്തുമസ് സന്ദേശം..”

  1. sudheer(meghamalhar)

    ഓ.. മുംബൈ… എത്രയും വേഗം പഴയതു പോലെയാകട്ടെ. വീണ്ടും. ജ്യോതിര്‍മയി, ആശംസകള്‍

  2. Sureshkumar Punjhayi

    Ishttamaayi… Best wishes…!!!

  3. suhas

    Jyothi opol paranjath sariyanu..xmas weekil nangal mimbai darshnu poyirunu…appolanu aa bheekarathyude mugham sarikkum nangalk manasilayath…gate wayude aduth oru bahalavum illa..ellavarum tajine nokki onnum mindathe nilkunu…ambalapravukal parakkunilla..angane avide akke motham nisabdamaya oru avastha..

Leave a Reply

Your email address will not be published. Required fields are marked *