ജീവിതക്കാഴ്ച്ചകള്‍

Posted by & filed under കവിത.

 

 

 

ജീവിതം ഹാ! സങ്കീര്‍ണ്ണ,മാവതില്ലോതാന്‍തെല്ലു

മാമഹാസമുദ്രത്തിന്നാഴവും പരപ്പതും

അലകളുയരുന്നിതേതുനേരവു മൊരു

കുറവുമില്ലെന്നാലുമോര്‍ക്കുകിലാശ്ചര്യത്താ

ലമരുന്നു ഞാന്‍‍, കാണാകുന്നിതിന്നൊരേനേര

മവനിയ്ക്കെഴും ദു:സുഖസമ്മിശ്രം കാഴ്ച്ച!

 

ഇവിടെക്കാണുന്നു ഞാന്‍കോള്‍മയിര്‍ക്കൊള്ളും ദൃശ്യ-

മൊരുപുത്രജന്മത്തില്‍സാഫല്യം തേടുന്നവര്‍

വഴിയമ്പലം തേടിയെത്തുന്ന പുതിയൊരു

വഴിപോക്കനും കൂടിയെത്തിയീ ഭൂലോകത്തില്‍‍!

 

 

അവിടെക്കാണുന്നൂ ഞാനണപൊട്ടിടും ദു:ഖ-

മുടയോര്‍ കരയുന്നു, വേര്‍പാടില്‍ മനം നൊന്തി-

തൊരു പൂര്‍ണ്ണമാം  യാത്ര തന്നന്ത്യം കുറിയ്ക്കുന്നി-

തൊരുവന്‍, വഴിപോക്ക,നോതുന്നു യാത്രാമൊഴി.

 

കാണുന്നിതാഹ്ലാദവും തിമിര്‍പ്പുമെന്താണിതിതു?

ചേരുന്നു മനസ്സുകളിവിടെ, വിവാഹത്തിന്‍

ഭേരികളുയരുന്നു, പുതിയൊരേടും കുറി-

ച്ചാളുകള്‍ വധു-വരന്മാര്‍ക്കനുഗ്രഹം നല്‍വൂ..

 

ബാലലീലകള്‍ കാട്ടും കണ്ണനെയനുസ്മരി-

ച്ചാലോലം പാടും കാഴ്ച കാണ്മു ഞാനിവിടെ,യെന്‍

തൂലിക ചലിപ്പിയ്ക്കാന്‍ പഠിപ്പിച്ചൊരാ‍ വി

ദ്യാലയം കാണ്മൂ, മുന്നില്‍ ഗുരുക്കള്‍ പലരുമേ! 

കാടോടി നടന്നൊരാ നാളുകള്‍, ആദ്യപ്രേമ നാളുകള്‍,

വിരഹത്തിന്‍ സ്ഫുല്ലിംഗമുതിര്‍ക്കവെ

തോളില്‍കൈ വെച്ചാശ്വാസമേകിയ സുഹൃത്തുക്കള്‍

നാളുകള്‍ കടന്നുപോയ്, ജീവിതക്കുതിപ്പതില്‍

 

ചിത്രങ്ങള്‍ , വിചിത്രങ്ങള്‍ കണ്ടു മുട്ടി ഞാന്‍ പല

മുഖങ്ങള്‍,  ചെപ്പിന്നുള്ളിലിട്ട മുത്തുകള്‍ പോലെ

സ്വപ്നങ്ങള്‍ പലതും ഞാന്‍ കണ്ടൊരാ നാളും പല

വിഘ്നങ്ങളെന്നെത്തേടി വന്നതും പൊയ്പ്പോയതും

 

പറയാന്‍ വയ്യ സഖേ, യിതു ജീവിതമിനി

നിറമോലുമെത്രയോ കാഴ്ചകള്‍ കാണാ,മൊപ്പ-

മറിവും, അനുഭവം പകരും സുഖ-ദു:ഖം

കലരും കാലത്തിന്റെ വിളയാട്ടവും, വരാം.

2 Responses to “ജീവിതക്കാഴ്ച്ചകള്‍”

  1. sudheer(meghamalhar)

    kavitha gambeeramaayirikkunnu.veentum kaanaam.

  2. Sureshkumar Punjhayi

    Kollam.. Ashamsakal…!!!

Leave a Reply

Your email address will not be published. Required fields are marked *