അന്തരാഗ്നി

Posted by & filed under കവിത.

ഉള്ളിലെന്നും തീയുണ്ടായിരുന്നെങ്കിലും,..

ഊതിപ്പെരുപ്പിച്ചതു നീ തന്നെയാണല്ലോ?

ഉരസലുകൾ ചിതറിയ തീപ്പൊരിയെ

അണയാതെ കാത്ത് സൂക്ഷിയ്ക്കാനും പഠിപ്പിച്ചു

അണയരുതെന്നേ മോഹിച്ചുള്ളൂ

ആളിക്കത്താതെ  കാറ്റിലണയാതെ

ആർക്കും പരിഭവമില്ലാതെ മാത്രം നോക്കി

നമുക്കു  ചൂടുകിട്ടണമെന്നേ നിനച്ചുള്ളൂ

ഇടയ്ക്കെവിടെയോ നിന്റെ കൈകളുടെ

സംരക്ഷ്ണം നഷ്ടപ്പെട്ടപ്പോഴും

ഞാൻ കൊതിച്ചു,

അണയാതെ സൂക്ഷിയ്ക്കാൻ പഠിച്ചു

മനസ്സിനെ തണുക്കാനനുവദിച്ചില്ല

ഇന്നു

ഒരിത്തിരിത്തീ ബാക്കിയുണ്ട്

കെട്ടു പോകാതെ ഹൃദയത്തിനകത്ത്

ഭദ്രമായി സൂക്ഷിച്ച തീ

ആവേശത്തിന്റെ തീ

ഒരു പക്ഷേ വന്യമായ ആവേശം

ഭ്രാന്താണെന്നു കരുതല്ലേ

നാടോടിയുടെ ഓട്ടത്തിലും കെടാതെ

പ്രയാണത്തിലെ വഴികാട്ടിയായി

എനിയ്ക്കൊപ്പം ഈ തീ മാത്രം ബാക്കി

വിളർച്ച മുഖത്തേ കാണാനാകൂ

ഉള്ളിലേയ്ക്കിനിയും നോക്കിയില്ലല്ലോ

നോക്കിയാലും കണ്ടെന്നും വരില്ല

സൂക്ഷിച്ചു തന്നെ നോക്കണം

എന്നാലേ കാണാനാകൂ

ഊതിത്തെളിയിയ്ക്കാൻ കരുത്തില്ല

അണയ്ക്കാനാണെങ്കിൽ ….

ക്ഷമിയ്ക്കുക, എളുപ്പമല്ല,

ഞാനെന്ന സൂക്ഷിപ്പുകാരി

സ്വയമതിലെരിയും വരെ

കാത്തിരിയ്ക്കേണ്ടിവരും  നിങ്ങൾക്ക്.

One Response to “അന്തരാഗ്നി”

  1. M M ANSARI

    അന്തരാഗ്നി കവിത വല്ലാതെ ഇഷ്ടപ്പെട്ടു
    വായിച്ചു കൊന്ദെഇരിക്കുന്നു
    നന്നായി വാക്കുകള്‍ പ്രയോഗിക്കുന്നു
    അഭിനന്ദനങ്ങള്‍

Leave a Reply

Your email address will not be published. Required fields are marked *