അഞ്ചാംഭാവം-4

Posted by & filed under അഞ്ചാംഭാവം.


ഓണർ കില്ലിംഗ് ദക്ഷിണേന്ത്യയിലും?

ഉത്തരേന്ത്യൻ പൈശാചികതയെന്നു മുദ്രകുത്തപ്പെട്ട  ഓണർ കില്ലിഗ്സ് ദക്ഷിണേന്ത്യയിലേയ്ക്കും പകർന്നു തുടങ്ങിയോ? എന്നുവേണം  തമിഴ്നാട്ടിൽ നിന്നുമുള്ള പല വാർത്തകളും കേൾക്കുമ്പോൾ കരുതാൻ. പക്ഷേ അവിടെ കൊലപാതകമായല്ല, ആത്മഹത്യയുടെ പരിവേഷമണിയിച്ചു  പൊതുജനത്തിന്റെ കണ്ണിൽ‌പ്പൊടിയിടുന്ന ശ്രമങ്ങളാണധികവും. അഥവാ ആത്മഹത്യ ചെയ്യാൻ നിർബന്ധിതരാകുന്ന കമിതാക്കളാണിവിടെ ഇരകൾ.  പലപ്പോഴും ഇത്തരം സംഭവങ്ങൾ അധികം ശ്രദ്ധിയ്ക്കപ്പെടാനവസരം കൊടുക്കാതെ മൂടിവയ്ക്കാനും ശ്രമം നടക്കുന്നു.പക്ഷേ തുടർച്ചയായി നടക്കുന്ന ഇത്തരം സംഭവങ്ങൾ ജനശ്രദ്ധയിൽ പെടാതെ വരില്ലല്ലോ. കഴിഞ്ഞ 3 മാസത്തിനുള്ളിൽ കേൾക്കാനിടയായ ഇത്തരം 6 മരണങ്ങൾ അധികൃതരുടെ കണ്ണു തുറപ്പിയ്ക്കാനിടയാക്കി. അൽ‌പ്പം വിശദമായ അന്വേഷനത്തിൽ നിന്നും കിട്ടിയ കണക്കുകൾ നമ്മെ അമ്പരപ്പിയ്ക്കുക തന്നെ ചെയ്യും. പി.ചിദംബരത്തിന്റെ നാടായ ശിവഗംഗ, ജയലളിതയുടെ സ്വന്തമായ തെനി, വിരുതു നഗർ,  തൂത്തുക്കുടി തുടങ്ങിയ സ്ഥലങ്ങളിൽ നൂറുകണക്കിനു സ്ത്രീകളാണു ഇങ്ങനെ ജാതിഭ്രാന്തിന്റെ പേരിൽ ബലിയാടാക്കപ്പെട്ടിരിയ്ക്കുന്നത്. കാരണം പലതുമാകാം, മതാന്ധതയും തലമുറകളായി കാത്തു സൂക്ഷിച്ച അന്ധവിശ്വാസങ്ങളും, ചെയ്യുന്ന ‘കുറ്റങ്ങൾ“ക്കു വിധിയ്ക്കുന്ന കടും ശിക്ഷ മറച്ചു വയ്ക്കാനും പലരും കൂട്ടു നിൽക്കുന്നുവെന്നതാണുസങ്കടം.മാനസികമായും ശാരീരികമായും പീഡിയ്ക്കപ്പെടുന്ന സ്ത്രീകൾ  ആത്മഹത്യ  ചെയ്യുകയോ കൊല ചെയ്യപ്പെടുകയോ ചെയ്യുന്നു. പലപ്പോഴും കൂട്ടത്തിൽ അപമാനത്തിനു കൂട്ടു നിന്നെന്നു കരുതപ്പെടുന്ന പുരുഷനും.

എന്താണിതിനു കാരണം? ജാതിയ്ക്കു പുറത്തു നിന്നും സ്നേഹിച്ചു വിവഹം കഴിയ്ക്കുന്നവർ കൂടിക്കൊണ്ടിരിയ്ക്കുകയാണു എന്നതു സത്യം തന്നെ. പെൺകുട്ടികൾ കൂടുതലായി അഭ്യസ്തവിദ്യരായി ജോലി നേടുന്നു. മാറുന്ന സമൂഹരീതികൾ കൂടുതൽ അടുത്തിടപഴകാൻ കാരണമാകുന്നു. ബന്ധങ്ങൾ സൃഷ്ടിയ്ക്കപ്പെടുന്നു. പക്ഷേ ഇതിനെ ഇനിയും അംഗീകരിയ്ക്കാൻ തയ്യാറാകാതെ പഴമയെ കെട്ടിപ്പിടിച്ചിരിയ്ക്കുന്ന ഒരു കൂട്ടം ആളുകളാവാം ഇവയ്ക്കൊക്കെ പിന്നിൽ. മതം കൊടുക്കുന്ന മൂടുപടം ഇവർക്കു ധൈര്യമേകുന്നു. ചോരകൊതിച്ചെത്തുന്ന ക്രൂരജന്തുക്കളെ ഇവർക്കാർക്കും മണത്തറിയാനാകുന്നില്ലല്ലോ? മനുഷ്യൻ സൃഷ്ടിച്ച മതങ്ങൾ മനുഷ്യനു മുകളിൽ തന്നെ കോടാലിയായി വന്നു വീഴുന്നു.  അനുരഞ്ജനത്തിന്റെ പച്ചക്കൊടി കാട്ടിയും ഭീഷണിപ്പെടുത്തിയും, തല്ലിച്ചതച്ചും , കുത്തിയും , കത്തിച്ചും , ചതിച്ചു കൊന്നും പഞ്ചാബും , ഹരിയാനയും, ഉത്തർപ്രദേശും എന്തിനു പറയുന്നു, മഹാരാഷ്ട്രയും  ഗുജറാത്തുപോലും അപസ്വരങ്ങളുതിർത്തപ്പോൾ  ദക്ഷിണേന്ത്യ സ്വയം ഇതിൽ നിന്നെല്ലാം അതീതമായ  ഒരു ചിത്രമായിരുന്നു മനസ്സിൽ വരച്ചിരുന്നതു.  ഇതെല്ലാം ജാതിഭ്രാന്തിനടിമപ്പെട്ട ഉൾ നാടൻ ഗ്രാമപഞ്ചായത്തുകളുടെ മാത്രം അറിവില്ലായ്മയായേ കരുതിയിരുന്നുള്ളൂ. ആഗോളവൽക്കരണത്തേയും ടെക് യുഗത്തേയും രണ്ടു കൈയും നീട്ടി സ്വാഗതം ചെയ്ത അതേ ജനത , പുരോഗമനത്തിന്റെ പാതയിൽ എന്നും മുന്നിലെത്താൻ കുതികൊണ്ട ഒരു വിഭാഗം, സാഹിത്യ-കലാ-സംസ്കാരികരംഗത്തെ  മിഴിവുറ്റ അതിപുരാതനസംഭാവനകളെ ലോകത്തിനു മുന്നിൽ കാണിച്ച്, അതിൽ ഊറ്റം കൊള്ളുന്ന അതേ  ദക്ഷിണേന്ത്യയാണിതെന്നു മറക്കരുതു. തമിഴ്നാട്ടിൽ മാത്രമല്ല, ആന്ധ്രാപ്രദേശിലും ഇത്തരം സംഭവങ്ങൾ നടക്കുന്നതായി പത്രവാർത്ത കണ്ടു. താഴ്ന്ന മതവിഭാഗത്തിൽ‌പ്പെട്ടവനും മുൻപു വിവാഹിതനുമായിട്ടുള്ള ഒരു യുവാവിനെ സ്വമനസ്സാലെ വരിച്ച  ഉയർന്ന ജാതിയിൽ ജനിച്ച യുവതിയെ കമിതാവിനൊപ്പം തൂണിൽ കെട്ടിയിട്ടു മർദ്ദിച്ചും കല്ലെറിഞ്ഞും കൊലപ്പെടുത്തിയ സംഭവം വായിച്ചപ്പോൾ  എത്രയോ നൂറ്റാണ്ടുകൾക്കു പിന്നിലോട്ടു നാം വീണ്ടും ടൈം മെഷീനിൽ കയറി തിരിച്ചു പോയോ എന്നു പോലും സംശയമുണ്ടായി. കർണ്ണാടകത്തിലും  ഇത്തരം  സംഭവങ്ങൾ ആത്മഹത്യകളായി ചിത്രീകരിയ്ക്കപ്പെടുന്നതായി കാണാം. ഓണർ കില്ലിംഗ്സ്  എന്നതിനു പകരമവ ഓണർ സൂയിസൈഡ്സ്  ആയി മുദ്ര കുത്തപ്പെടുന്നെന്നു മാത്രം. പ്രതികൾക്കു സുരക്ഷിതത്വം നൽകുവാൻ  തയ്യാറുള്ളവരും ധാരാളം. ജാതിയുടെയും മതത്തിന്റെയും പേരിൽ തലമുറകൾ അന്ധമായി  കൈമാറി വന്നിരുന്ന ചട്ടക്കൂട്ടങ്ങളിലെ തെറ്റിദ്ധാരണകൾ നീക്കി അവരെ  പുതിയ വെളിച്ചത്തിലേയ്ക്കു നയിയ്ക്കേണ്ടവർ തന്നെയാണോ എരിതീയിൽ എണ്ണയുമൊഴിച്ചു അവരെ പ്രോത്സാഹിപ്പിയ്ക്കുന്നതു? .

ഒരു പക്ഷേ മനുഷ്യൻ സ്വയം ചട്ടക്കൂടുകൾ നിർമ്മിച്ചതു സ്ത്രീയുടെ തന്നെ സുരക്ഷിതത്വം ഉദ്ദേശിച്ചായിരിയ്ക്കാം. ചരിത്രത്തിൽ പലേടത്തും ഇത്തരം ‘ഓണർ കില്ലിംഗ്സ്” പുതുമയായിരുന്നില്ലായിരിയ്ക്കാം. അവ ആ കാലഘട്ടത്തിനു ഒഴിച്ചു കൂടാനാവാത്തവയായിരുന്നുമിരിയ്ക്കാം. മാനവരാശി പിന്നിട്ട വഴിയിലുടനീളം മാറ്റങ്ങൾ എന്തൊക്കെ വന്നു? വിപ്ലവകരമായ പല മാറ്റങ്ങളേയും നഖശിഖാന്തം എതിർത്തും അല്ലാതെയും ജീവിതത്തിലുൾക്കൊണ്ടപ്പോൾ ഒന്നു മാത്രം പഴയ പോലെ തന്നെ സ്ഥിതി ചെയ്യുന്നതാണു കഷ്ടം.“ന സ്ത്രീ സ്വാതന്ത്ര്യമർഹതി.“ വ്യക്തി സ്വാതന്ത്ര്യത്തെയാണിവിടെ ഞാനുദ്ദേശമാക്കിയത്. സ്വയം തീരുമാനമെട്ക്കാനും നടപ്പിൽ വരുത്തുവാനും ഇന്നും സ്ത്രീയ്ക്കു കഴിയുന്നില്ല. ഇഷ്ടപ്പെട്ട പുരുഷനെ മറ്റൊരാളുടെയും സമ്മതത്തിനു കാത്തു നിൽക്കാതെ വരിയ്ക്കാൻ അവൾക്കിന്നുമാവില്ല. ജാതി നോക്കണം, മതം നോക്കണം, ലിവിൻ റിലേഷൻഷിപ് അവളെയിന്നും സമുദായത്തിനു മുന്നിൽ താഴ്ത്തിക്കാട്ടാൻ കാരണമാകുന്നു. ആരാണീ സമുദായം? അവളും അവളെപ്പോലെ മനോഭാവമുള്ളവരും അതടിച്ചമർത്തി ജീവിയ്ക്കുന്നവരും ഒക്കെ അതിൽ പെടുന്നില്ലേ? സ്ത്രീയുടെ മേലുള്ള  പുരുഷന്റെ മേധാവിത്വം  ഇവിടെ കാണപ്പെടുന്നു. നൂറ്റാണ്ടുകൾക്കു മുൻപ് “പിഴച്ച” സ്ത്രീയെ പുറം തള്ളാതിരുന്നാൽ കുടുംബത്തിലെ പുരുഷന്മാർക്കും ശിക്ഷയും വിലക്കും ഉണ്ടായിരുന്നു.  ഇതോ പുരുഷന്റെ മനസ്സിൽ ഇന്നും? ആവണമെന്നില്ല, ഇന്നു  അണിഞ്ഞ മതാന്ധയുടെ മുഖമ്മൂടിയ്ക്കു പിന്നിലെ കളികളിൽ രാഷ്ട്രീയവും സാമുദായികവും സാമ്പത്തികവുമായ  അധികാരക്കൊതിയാണേറെ കാണാൻ കഴിയുന്നതു. വോട്ടുബാങ്കുകൾക്കു പിന്നാലെ പായുന്ന നേതാക്കൾക്കു പലതും കണ്ടില്ലെന്നു നടിയ്ക്കാനാകുന്നു. സമൂഹത്തിലെ വില,കൈവശമുള്ള ഭൂമിയുടെ തോതനുസരിച്ചു കൂടുമ്പോൾ അധികാരം കയ്യിലെത്താനായി എന്തു കുത്സിതമാർഗ്ഗം സ്വീകരിയ്ക്കാനും പലരും തയ്യാറാകുന്നു.കുലവും ജാതിയും അവർക്കു കരുക്കൾമാത്രം. പരമ്പരാഗതമായി

കിട്ടിയ  ഭൂസ്വത്തു കൈവിട്ടു പോകാതിരിയ്ക്കാൻ സമൂഹത്തിലെ ഒരു വിഭാഗക്കാർ ശ്രമിയ്ക്കുന്നു. ഒരു കാരണവശാലും മറ്റൊരു വിഭാഗത്തിന്റെ കൈവശം അതെത്തിച്ചേരരുതെന്ന നിർബന്ധവും ഉണ്ടു. ഭൂമിയ്ക്കു വേണ്ടിയുള്ള ഈ പോരാട്ടത്തിലാണു പലപ്പോഴും സ്നേഹം കുരിശിലേറ്റപ്പെടുന്നതു. സ്ത്രീയ്ക്കിവിടെ ശബ്ദമുയർത്താനാകുന്നില്ല. നിശ്ശബ്ദയായി കണ്ണീരൊഴുക്കാനേയാകൂ.

ഇത്തരം ദൂഷിതമായ സമൂഹരോഗങ്ങളെ എങ്ങനെ നിർമ്മാർജ്ജനം ചെയ്യാം? ഇന്റർ കാസ്റ്റ് വിവാഹങ്ങളെ പ്രോത്സാഹിപ്പിയ്ക്കുന്നതു തെറ്റാണോ?  അവ ഉറങ്ങിക്കിടക്കുന്ന ജാതി മത ചിന്തകളെ ഉണർത്തെഴുന്നേൽ‌പ്പിയ്ക്കുകയാണോ ചെയ്യുന്നതു? ഇത്തരം ദാരുണ സംഭവങ്ങളെ ലോ അന്റ് ഓർഡർ പ്രശ്നങ്ങളായി മാത്രം കാണുന്നത് ശരിയാണോ? ഏതർത്ഥത്തിലാണിവ ഓണർ കില്ലിംഗ്സ് ആയി മാറുന്നതു? വളർത്തി വലുതാക്കി പാൽമണം ചുണ്ടിൽ നിന്നും മായുന്നതിനു മുൻപേ തന്നെ സ്വന്തം കുട്ടികളെ ജാതി, മത, സാമുദായികമെന്നല്ല,  സാമ്പത്തികമായ ഭദ്രതയ്ക്കു കൂടി വേണ്ടി ബലി കഴിയ്ക്കുന്നതോ കുലമേന്മ? അഭിമാനമല്ല, അപമാനമാണിതു കുലത്തിനു സൃഷ്ടിയ്ക്കുന്നതെന്നു ഇവരോടു വിളിച്ചു പറയാൻ ഇവിടെ ആരുമില്ലേ?ജാതി -മതങ്ങൾക്കപ്പുറം ചിന്തിയ്ക്കാൻ സമയമായില്ലേ? വ്യക്തിബന്ധങ്ങൾക്കും ചോരയ്ക്കും  ഒരു വിലയുമില്ലെന്നായോ? നീചമായ ഇത്തരം കൃത്യങ്ങൾക്കു ശേഷവും ഇതിനു പിന്നിലുള്ളവർ എങ്ങിനെ ജീവിച്ചു പോകുന്നു? അഡൾറ്ട്രിയേയും വ്യഭിചാരത്തേയും പ്രോത്സാഹിപ്പിയ്ക്കുന്നവർക്കു തന്നെ അതിനെതിരായി ശബമുയർത്താൻ അനുവാദമുണ്ടോ? അറിയില്ല, 1000പുരുഷനു 933 സ്ത്രീകളെന്ന ഇന്ത്യൻ റേഷ്യോ ഇനിയും താഴാനേ വഴിയുള്ളൂ.  കാരണം ആകെ നടക്കുന്ന ഇത്തരം മനുഷ്യക്കുരുതികളിൽ പുറത്തു വരുന്ന അപൂർവ്വം ചിലതിനെ മാത്രമേ നമുക്കു കണക്കു വെയ്ക്കാനാകുന്നുള്ളൂ. ഒരു പടുകൂറ്റൻ മലയുടെ ഭാഗമായ ഒരു കൊച്ചു പാറക്കഷണം മാത്രമാവാമിതു. നാഷണൽ ഹ്യ്യൂമൺ രൈറ്റ്സ് പോലുള്ള സംഘടനകൾ ഇതിനെതിരായി പ്രവർത്തിയ്ക്കാൻ രംഗത്തെത്തിയേ തീരൂ. നമുക്കാവശ്യം  സമൂഹത്തിന്റെ തെറ്റായ ഈ പ്രവണതയെ പൂർണ്ണമായി നുള്ളിക്കളയലാണു. പക്ഷേ അതിനു മുൻപായി തെറ്റിനെ ചൂണ്ടിക്കാട്ടി ഗുണദോഷിയ്ക്കാനാരെത്തും? പൂച്ചയ്ക്കാരു മണികെട്ടും? സ്ത്രീയ്ക്കു വേണ്ടി വാദിയ്ക്കാൻ സ്ത്രീയ്ക്കു തന്നെ ശക്തി ലഭിയ്ക്കുവോളം ഒരു പക്ഷേ ഈ കണ്ണുനീർ ഒഴുകിക്കൊണ്ടു തന്നെയിരിയ്ക്കും.

Leave a Reply

Your email address will not be published. Required fields are marked *