അഞ്ചാംഭാവം-5

Posted by & filed under അഞ്ചാംഭാവം.

വാർദ്ധക്യവും മെർസി കില്ലിങ്ങും
അഭിനയജീവിതത്തിലെ അമ്മമാർ അനുഭവിച്ചതിലധികം ദുരന്തം ശരിയായ ജീവിതത്തിൽ അനുഭവിയ്ക്കേണ്ടി വന്ന വെള്ളിത്തിരയിലെ അമ്മമാരിലൊരാളായ ശാന്താദേവിയുടെ മരണം നടന്നിട്ട് ഏതാനും ദിവസങ്ങളേ ആയുള്ളുവല്ലോ.അവർക്കു 85 വയസ്സു പ്രായമുണ്ടായിരുന്നു. ‘മിന്നമിനുങ്ങ്’എന്ന ചലച്ചിത്രത്തിലൂടെ നമുക്കു പരിചിതയായ ഇവർ പലനാടകങ്ങളിലുംസിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.. കൂടാതെ ആകാശവാണിയിലെ എ-ഗ്രേഡ് ആർട്ടിസ്റ്റ്,പിന്നണിഗായിക, ടി.വി.സീരിയൽ നടി എന്ന  നിലയിലും ഇവർ സ്വന്തം കഴിവു കാണിച്ചു.എന്നിട്ടും ജീവിതത്തിന്റെ അവസാനകാലങ്ങളിൽ ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം പോലുമേകാൻ സ്വന്തക്കാരില്ലാതെ പോയതിനാൽ നിത്യവൃത്തിയ്ക്കുപോലും വഴിയില്ലാത്ത അഗതിയായി വൃദ്ധമന്ദിരത്തിലെത്തേണ്ടി വന്ന ഇവരുടെ സ്ഥിതിയറിഞ്ഞു സഹായഹസ്തങ്ങൾ എത്തുമ്പോഴേയ്ക്കും വൈകിപ്പോയിരുന്നു. ജീവിതത്തിലെ ദുരന്തനായികയായി മാറേണ്ട ഈ ഗതികേട് എങ്ങിനെ അവർക്കു സംഭവിച്ചു?
ലോകത്തിന്റെ പലകോണുകളിലും വേണ്ടത്ര ശ്രദ്ധ കിട്ടാതെ നരകിച്ചു ജീവിതം തള്ളീ നീക്കുന്ന വൃദ്ധജനങ്ങളുടെ എണ്ണം കൂടി വരുന്നു.  ജീവിതത്തിൽ ഒട്ടനവധി  തേടിയും നേടിയും  കൊണ്ടും കൊടുത്തും ജീവിതപ്പാതയുടെ അവസാനഘട്ടത്തിൽ വിശ്രമത്തിനു പകരം   അറിഞ്ഞോ അറിയാതെയോ കിട്ടുന്ന അവഗണനയ്ക്കു കാരണങ്ങൾ പലതുമുണ്ടാകാം.  ആസ്ത്രേലിയയിലെ സാമാന്യം തിരക്കുള്ള ന്യൂ സൌത് വെയിത്സിൽ  ആളുകൾ തിങ്ങിപ്പാർക്കുന്ന ഏരിയയിൽ തന്നെ ഈയിടെ കണ്ടെത്തിയ പഴകി ജീർണ്ണിച്ച മൃതദേഹങ്ങൾ  സമൂഹത്തിന്റെ മറ്റൊരു പ്രശ്നത്തിനു നേരെക്കൂടി വിരൽ ചൂണ്ടുകയാണു.  പ്രിയപ്പെട്ടവരെ വേണ്ടവിധം സരക്ഷിയ്ക്കാൻ കഴിയാത്ത തലമുറയുടെ കഥ.  തൊട്ട മുറിയിലെ സംഭവവികാസം പോലും അറിയാതെ ജീവിച്ചു  പോകുന്ന മനുഷ്യരുടെ കഥ!  ലോകം എങ്ങോട്ടാണു പോകുന്നതു?  ജീവിതത്തിന്റെ അർത്ഥം തന്നെ മാറിപ്പോകുന്നുവോ? സമൂഹത്തിന്റെ ചുമതലകൾ ഇല്ലാതായിത്തുടങ്ങിയോ? ഇത്തരുണത്തിൽ സാധാരണക്കാരനു മറ്റാരുണ്ട്? ഗവണ്മെന്റിനു ഒന്നും ചെയ്യാനാവില്ലേ?
ഇന്ത്യയിലും ഇതു സംഭവിയ്ക്കാൻ അധികം വേണ്ടി വരില്ല. ഇപ്പോഴും അപൂർവ്വമായി നഗരങ്ങളിൽ ഇതു കേൾക്കുന്നില്ലെന്നില്ല. ഓൾഡ് ഏജ് ഹോമുകളുടെ അഭാവം അഥവാ അതിനു നേർക്കുള്ള സമൂഹത്തിന്റെ തെറ്റായ വീക്ഷണമെന്നിവ ചിന്തയ്ക്കു വഴിതെളിയിയ്ക്കുന്നു
അഛൻ , അമ്മ, മക്കൾ-  ഇതാണു ന്യൂക്ളിയർ കുടുംബഘടന. അവിടെ മുത്തച്ഛന്മാർക്കും മുത്തശ്ശിമാർക്കും  സ്ഥാനമില്ലാതായിട്ടാണിപ്പോൾ കണ്ടു വരുന്നതു. ആരോഗ്യമുള്ളിടത്തോളം കാലം അവർക്കും
പ്രശ്നമില്ല. വർദ്ധിച്ചു കൊണ്ടിരിയ്ക്കുന്ന അസുഖങ്ങളും പ്രായത്തിനോടനുബന്ധിച്ച ബുദ്ധിമുട്ടുകളും അവരെ വലയ്ക്കുമ്പോൾ അവർക്കായി ചിലവഴിയ്ക്കാൻ സമയവും ചിലപ്പോൾ പണവും മക്കൾക്കു കൊടുക്കാനാകുന്നില്ല. തിരക്കു പിടിച്ച അവരുടെ ജീവിതരീതി വേണമെന്നുണ്ടെങ്കിലും അതിനനനുവദിയ്ക്കില്ലെന്നു പറയുന്നതാവും ശരി . മറ്റു പലരാജ്യങ്ങളിലെന്നപോലെ ഇന്ത്യയിൽ ഓൾഡ് ഏജ് ഹോമുകളെ അത്ര നല്ലൊരു കാര്യമായി കാണാനും ആരും തയ്യാറാകുന്നില്ല.പല പ്ലസ് പോയന്റുകളും അതിനുണ്ടെന്നതാർക്കും മനസ്സിലാക്കാനാകുന്നില്ല. കിടപ്പാടവും വസ്ത്രവും ഭക്ഷണവും മാത്രമല്ല, അവർക്കാവശ്യമായ പരിചരണവും  സ്നേഹവും സുഹൃദ്സാമീപ്യവും  ഇവിടെ അവർക്കു കിട്ടുന്നു. അച്ഛനമ്മമാരെ ഇത്തരം ഭവനങ്ങളിലാക്കുന്ന മക്കളെ സമൂഹം ഇന്നും  ദുഷ്ടന്മാരായി മാത്രമേ കാണുന്നുള്ളൂ. അതിനെ അവരുടെ സ്വത്തു തട്ടിയെടുക്കാനുള്ള ഒരു കാരണമായി മാത്രമേ കാണുന്നുള്ളൂ. ഈ മനോഭാവം മാറണം. അച്ഛനമ്മമാർ ഒരിയ്ക്കലും മക്കളുടെ ചുമതലയാകരുതു, അപ്പോൾ അവർ അവർക്കു ഭാരവുമാകയില്ല. നമ്മുടെ അവസാനകാലം എവിടെ എങ്ങിനെ  ചിലവഴിയ്ക്കണമെന്നതു നമുക്കു തന്നെ തീർച്ചയാക്കാം. മറ്റാരേയും അതിനു  അതിനു ചുമതലപ്പെടുത്തേണ്ടതില്ല. ഈ വ്യവസ്ഥിതി ഇവിടെ നിലവിൽ വരാൻ ഗവണ്മെണ്ടിന്റെ ഭാഗത്തു നിന്നും നീക്കങ്ങൾ ഉണ്ടായേ തീരൂ. അവർക്കു വേണ്ട  സാമ്പത്തികമായ സഹായങ്ങളും ഗവണ്മെണ്ടിൽ നിന്നും കിട്ടണം.
വാർദ്ധക്യം മനുഷ്യനെന്നും ഒരു പേടിസ്വപ്നം തന്നെ! സ്വയം ചെയ്തിരുന്ന പല കാര്യങ്ങൾക്കും അന്യനെ ആശ്രയിയ്ക്കേണ്ടി വരിക എന്നതു ഏതൊരു മനുഷ്യനും മനസ്സിൽ വിഷമമുണ്ടാക്കുന്ന കാര്യമണു. പക്ഷേ എന്തു ചെയ്യാം. വാർദ്ധക്യത്തിന്റെ കടന്നാക്രമണത്തിൽ ശരീരം ദുർബലമായവർ,  ശരീരം തളർന്നു ഒന്നും ചെയ്യാനാവാതെ നേരിയ ശ്വാസം മാത്രം ബാക്കി   അല്ലെങ്കിൽ  ആർട്ടിഫിഷ്യൽ  ആയി യന്ത്രസഹായത്താൽ ജീവൻ നിലനിർത്തുന്നവർ എന്നിവരെക്കുറിച്ചൊന്നാലോചിച്ചു നോക്കൂ. വർഷങ്ങളോളം വെജിറ്റബിൾ നിലയിൽ  കിടന്ന് ഒരു വിധ ആശയ്ക്കും വഴിയില്ലെന്നു തീരുമാനമായിട്ടുകൂടി  മെർസി കില്ലിംഗ് എന്ന ഒരു വരം നൽകുന്നതിനു ആരും തയ്യാറാകുന്നില്ല. നിയമത്തിനെ കുറ്റം പറയാനാവില്ല. ഏതു നിയമത്തിലേയും ലൂപ് ഹോളുകൾ കണ്ടെത്തിപ്പിടിച്ചു അതിനെ സ്വാർത്ഥലാഭത്തിനായുപയോഗിയ്ക്കുന്ന മനുഷ്യൻ തന്നെ ഇതിനൊക്കെ കാരണം. അവർക്കു സംസാരിയ്ക്കാനാകുമായിരുന്നെങ്കിൽ പറഞ്ഞേനെ..എന്നെ ഒന്നു കൊന്നു തരൂ എന്നു.
അതിനു നമുക്കാകില്ല. പക്ഷേ മേർസി കില്ലിംഗ് എന്നും സമൂഹത്തിൽ അപ്രത്യക്ഷരൂപത്തിൽ നിലനിന്നിരുന്നുവെന്നും ഇന്നും ചില സ്ഥലങ്ങളിൽ അപൂർവമായിട്ടല്ലാതെ തന്നെ നിലവിലുണ്ടെന്നും പരഞ്ഞാൽ നിങ്ങൾക്കു വിശ്വാസമാകുമോ? അതും സംസ്കാരവും ആദർശവും മുറുകെപ്പിടിയ്ക്കുന്ന ദക്ഷിണേന്ത്യയിൽത്തന്നെ! ഇതൊരു ദു:ഖകരമായ സത്യം മാത്രം!അതിനുപയോഗിയ്ക്കുന്ന മാർഗ്ഗമോ? അത്യന്തം ലളിതവും പ്രായോഗികമായതും.പക്ഷെ അത്യപൂർവ്വമല്ല ഇതെന്നു പറഞ്ഞല്ലോ?വിരുതുനഗർ,സത്തൂർ, കാര്യപ്പെട്ടി, പനീർപ്പെട്ടി,പരമക്കുടി തുടങ്ങിയ സ്ഥലങ്ങളീൽ ജാതി-മതഭേദമില്ലാതെ സമൂഹത്തിലെ ദാരിദ്ര്യ രേഖയുടെ താഴെക്കിടക്കിടക്കുന്ന കൂലിപ്പണിക്കാർ, നിത്യക്കൂലിയ്ക്കായി ഫാക്ടറികളിൽ ജോലി ചെയ്യുന്നവർ , അല്ലറ-ചില്ലറ വേലകൾ ചെയ്തു ഉപജീവനമാർഗ്ഗം തേടുന്ന നാടോടികൾ എന്നിവർക്കിടയിലാണു ഇത് കാണുന്നത്..     വയസ്സായി സ്വയം ഒന്നും ചെയ്യാനാകാത്ത ആർക്കും ഇതു നേരിടേണ്ടി വന്നേയ്ക്കാം.കാരണം അവരെ നോക്കി സംരക്ഷിയ്ക്കാൻ സാമ്പത്തികശേഷിയില്ലായ്മയും സമയക്കുറവും കാരണമാകുന്നു. എല്ലു മുറിയേ പണിയെടുത്താലേ വല്ലതും തിന്നാനൊക്കൂ, ജീവൻ നിലനിർത്താനായി.   അപ്പോൾ പിന്നെ വയസ്സായവരെ നോക്കിയിരിയ്ക്കാനൊക്കുമോ? ഫലം  പ്രിയപ്പെട്ടവരുടെ കയ്യാൽ തന്നെ മരണം.മകനോ മകളോ വാടകയ്ക്കെടുക്കുന്ന വ്യാജഡോക്ടറോ മറ്റു സുഹൃത്തുക്കളോ ബന്ധുക്കളോ ആവാം.പലപ്പോഴും അടുത്തുള്ളവരെ അറിയിച്ചു അവർ അവസാനമായി വന്നു കണ്ട ശേഷം തന്നെ!
അച്ഛനേയോ അമ്മയേയോ ഭാരം തീർക്കാനായി കൊല്ലുകയെന്നത് സ്നേഹക്കുറവിനാലല്ല സംഭവിയ്ക്കുന്നത്. നിസ്സഹായതയാലാണു. കയ്യിൽ കാശും സമയവും ഇല്ലാഞ്ഞിട്ടാണ്.ഇത് സ്വാതന്ത്ര്യം കിട്ടി ഇത്രയും വർഷം പിന്നിട്ട, ലോകശക്തികളുടെ സ്ഥനത്തേയ്ക്കുയർന്നുകൊണ്ടിരിയ്ക്കുന്ന ആർഷഭാരതത്തിലാണെന്നോർമ്മിയ്ക്കണം. ഫോർബസ് മാഗസിന്റെ ധനവാന്മാരുടെ ലിസ്റ്റിൽ ഒന്നാം സ്ഥാനത്തുളളവർ താമസിയ്ക്കുന്ന അതേ രാജ്യത്തിലാണെന്നുമോർക്കണം. സമ്പത്തിക അസ്മത്വത്തിന്റെ പ്രത്യക്ഷമായ പരിഹാസദ്യോതകമായ മുഖം!!
ഇതുകൂടി കേട്ടോളൂ, ഇത്തരം ക്രൂരമായ കൃത്യത്തിനുപയോഗിയ്ക്കുന്ന വഴീകൾ. കേട്ടാൽ ലളിതം, പക്ഷേ ഫലത്തിൽ അതി ദാരുണം. എറ്റവും സാധാരണമായതു എണ്ണതേച്ചുകുളിപ്പിയ്ക്കലാണു.തലൈക്കൂന്തൽ എന്നാണീതിനു പറയുന്നത്. കുളിർക്കെ എണ്ണ തേപ്പിച്ചു കുളിപ്പിച്ച ശേഷം  കൊടുക്കുന്ന  തണുത്തകരിക്കിൻ വെള്ളം പനി, റീനൽ ഫെയ്ലിയർ എന്നിവയ്ക്കു കാരണമാകുന്നു.മരണം തീർച്ച, വായിൽ മണ്ണു കുഴച്ചു  കലക്കിയ വെള്ളം ഒഴിച്ചു കൊടുത്താൽ ദഹനക്കേട് മരണത്തിനു കാരണമാകുന്നു.വിഷം കുത്തിവയ്ച്ചു കൊല്ലണമെങ്കിൽ അതിനായി പ്രത്യേകം നീയോഗിതരായ വ്യാജഡോകറ്റർമാർ ഉണ്ട്. പണി എളുപ്പം.എതാനും ദിവസം പട്ടിണിയിട്ട ശേഷം മൂക്കു പൊത്തിപ്പിച്ചു വായിലൂടെ നിരന്തരമായിപാലൊഴുക്കി ശ്വാസകോശം  നിറച്ചാലും മരണം എത്തും.
ഇനിയും മരണം വിതയ്ക്കാൻ ഇതുപോലെ എത്രയോ മാർഗ്ഗങ്ങൾ ഇവർക്കറിയുമായിരിയ്ക്കാം.അതിനെ അവർ തെറ്റായി കാണുന്നുമില്ല. പല ഡോകർമാർക്കും ഹെൽത്ത് ഡിപ്പാർട്ട്മെന്റിനും അറിയാവുന്ന കാര്യമാണീതെങ്കിലും ഈയടുത്ത കാലത്തു ഇതിനെ ആരോ എതിർത്തപ്പോഴാണ് ഈ വിവരങ്ങളെല്ലാം പുറത്തു വന്നത്. വാർത്താപ്രാധാന്യം കൊണ്ടെങ്കിലും കൂടുതൽ ആയി ലഭിച്ച ശ്രദ്ധ ഇനിയും ഇത്തരം സംഭവങ്ങൾ  ആവർത്തിയ്ക്കാതിരിയ്ക്കാൻ കാരണമാകാമെന്നു വരികിലും ഇതിന്റെ പിന്നിലെ സ്ഥായിയായ കാരണത്തെ ഉന്മൂലനം ചെയ്യുന്നതുവരെ ഇത്തരം സംഭവങ്ങൾ ഇനിയും കുറെക്കൂടി രഹസ്യമായിട്ടാണെങ്കിലും നടന്നെന്നു വരാം.
ഇതിൽ നിന്നും രക്ഷപ്പെടാനായി പുരുഷന്മാർ പലപ്പോഴും നാടു വിടുന്നു. പക്ഷേ സ്ത്രീകൾ പലപ്പോഴും അത്രഭാഗ്യവതികളാകണമന്നില്ല.എന്നിട്ടും കൊല്ലാനൊരുങ്ങുന്ന മക്കളെ കുറ്റം പറയാതെ അവരുടെ നിസ്സഹായാവസ്ഥ ചൂണ്ടിക്കാട്ടി ന്യായീകരിയ്ക്കുന്ന അമ്മമാരെക്കുറിച്ചു വായിച്ചപ്പോൾ സത്യത്തിൽ എന്റെ കണ്ണും നിറഞ്ഞു പോയി…നമുക്കും അവർക്കായൊരിത്തിരി കണ്ണീരൊഴുക്കാം.

One Response to “അഞ്ചാംഭാവം-5”

  1. M M ANSARI

    നന്നായിരിക്കുന്നു അഭിനന്ദനങ്ങള്‍

Leave a Reply

Your email address will not be published. Required fields are marked *