വർണ്ണനൂലുകൾ-22

Posted by & filed under വർണ്ണ നൂലുകൾ.

വിചാരിച്ചിരിയ്ക്കാത്ത സമയത്ത് ചിലർക്കു നമ്മുടെ മനസ്സിലൊരിത്തി പ്രകാശം കടത്തിക്കടന്നു പോകാനാകുന്നു. അത്ഭുതം തോന്നും ചിലപ്പോൾ അത്തരക്കാരെ കണ്ടുമുട്ടുന്ന സാഹചര്യത്തെക്കുറിച്ചോർക്കുമ്പോൾ. കഴിഞ്ഞയാഴ്ച്ച നാട്ടിൽ‌പ്പോയി തിരിച്ചു വരുന്ന സമയം കുർള ലോകമാന്യതിലക് ടെർമിനസ്സിൽ നിന്നും അന്ധേരിയ്ക്കായി വിളിച്ച ഓട്ടോ ഓടിച്ച ഡ്രൈവറാണ് ഇതു എഴുതാനെന്നെ പ്രേരിപ്പിയ്ക്കുന്നത്.

വൈകുന്നേരത്തെ ഓഫീസ് തിരക്കിനെയോർത്താണു ഓട്ടൊ മതിയെന്നു വച്ചത്. ട്രാഫിക്കിൽ എങ്ങിനെയെങ്കിലുമൊക്കെ അവർ എത്തിച്ചോളും. പക്ഷേ  മീറ്റർ ടാമ്പെറിംഗ് ശ്രദ്ധിയ്ക്കണമെന്നു മാത്രം. സാധാരണ വരുന്ന തുകയേക്കാൾ അൽ‌പ്പമധികമായൊരു തുക  നിശ്ചയിച്ചു പറഞ്ഞു വിളിയ്ക്കുകയാണ് പതിവ്.സ്റ്റേഷൻ തിരക്കിൽ നിന്നും കുറച്ച് മുന്നോട്ടു വന്നപ്പോൾ കിട്ടിയ ഈ ഓട്ടോക്കാരൻ അൽ‌പ്പം കൂടുതൽ വാടക പറഞ്ഞെങ്കിലും വർത്തമാനം കൊണ്ട് കുഴപ്പക്കാരനല്ലെന്നു തോന്നി. അഥവാ നന്നായി വർത്തമാനം പറയാൻ അവനറിയാമെന്നു ചുരുക്കം. “നിങ്ങൾ തെക്കേയിന്ത്യക്കാർ നല്ലവർ“ എന്ന അവന്റെ പറച്ചിലിൽ മയങ്ങിയിട്ടൊന്നുമല്ലെങ്കിലും 20 രൂപ കൂടുതൽ വാടക പറഞ്ഞത് കൊടുത്താലും ട്രാഫ്ഫിക് തുടങ്ങുന്നതിനു മുൻപായി വീട്ടിലെത്താമെന്ന വിചാരത്തിലാണ് ഓട്ടോയിൽ കയറിയിരുന്നത്. ഒന്നും തന്നില്ലെങ്കിൽക്കൂടി കൊണ്ടുപോകാമെന്നതു വരെയായി അപ്പോഴേയ്ക്കും. ചിരിയ്ക്കാതിരിയ്ക്കാനായില്ല.

“സർ, ഒരു കാര്യം ചോദിച്ചോട്ടേ…ഈ നേത്രാവതി വണ്ടിയിൽ വരുന്നവരെല്ലാം തന്നെ എന്താണ് വെസ്റ്റേൺ സൈഡിലേയ്ക്കായി വണ്ടി വിളിയ്ക്കുന്നത്? ആരും മുളുണ്ട്, ഭാണ്ഡൂപ്, ഘാട്കോപ്പർ ഭാഗത്തേയ്ക്കായി എന്താണ് വണ്ടി വിളിയ്ക്കാത്തത്? എല്ലാവരും അന്ധേരി, ബോറിവിലി, മലാഡ് ഒക്കെയാണല്ലോ പറയുന്നത്?”

അതു ശരി, ഇയാൾ ആ ഭാഗത്തു താമസിയ്ക്കുന്ന ആളായിരിയ്ക്കും, ഞാൻ മനസ്സിൽ വിചാരിച്ചു.

“ അവർക്കു പനവേൽ, താനെ എന്നിവിടങ്ങളിൽ ഇറങ്ങുന്നതാണല്ലോ എളുപ്പം , അതാണ്. വെസ്റ്റേൺ റെയിൽ വേയിലുള്ളവർക്ക് അതു പറ്റില്ലല്ലോ?’ എന്റെ ഭർത്താവ് പറഞ്ഞു

കാര്യം മനസ്സിലായപ്പോൾ അയാൾക്കും സമാധാനം. തെക്കേയിന്ത്യക്കാരുടെ ഗുണങ്ങൾ  പറഞ്ഞുകൊണ്ടു തന്നെ സ്റ്റേഷനിൽ നിന്നും പുറത്തു കടക്കുമ്പോൾ  കണ്ട പരിചിതനായ മറ്റൊരു ഓട്ടോക്കാരന്റെ എങ്ങോട്ടെന്ന ചോദ്യത്തിനു  അന്ധേരിയ്ക്കു പകരം അയാൾ  ബോറിവലിയാണു പറഞ്ഞത്. “ഒന്നസൂയപ്പെട്ടോട്ടെ, കൂടുതൽ അകലേയ്ക്കുള്ള വാടക എനിയ്ക്കു  കിട്ടിയെന്നു വിചാരിച്ച്“ എന്നു ഞങ്ങളോടായി ചിരിച്ച് കൊണ്ടും പറഞ്ഞു.

യാദവ്- എന്നു വിളിയ്ക്കാം നമുക്കിയാളെ-  നല്ല സ്പീഡിൽ വണ്ടി വിടുന്നതിനൊപ്പം തന്നെ സംസാരവും തുടർന്നു.

”വേഗം വീട്ടിലെത്തിയാൽ ക്രിക്കറ്റ് മാച്ച് കാണില്ലേ, സർ? ഞാനും നിങ്ങളെ വിട്ട് വീട്ടിൽ‌പ്പോകും . ഇന്നിനി വേറെ വാടകയ്ക്കു പോകില്ല. മാച്ച് കാണണം”

ഓ ..ഇന്നു സൌത് ആഫ്രിക്ക വേർസസ് ഇന്ത്യ വൺ ഡേ ഉള്ള ദിവസമാണല്ലോ? ഉത്തരം പറയുന്നതിനു മുൻപായിത്തന്നെ വീണ്ടും ചോദ്യമെത്തി.

“ ഒന്നു ചോദിച്ചോട്ടെ സർ, നമ്മൾ ആണുങ്ങൾ ക്രിക്കറ്റ് കളി കാണുമ്പോൾ സ്ത്രീകൾക്കെന്താണ് ദേഷ്യം വരുന്നത്? അവരുടെ സീരിയൽ മുടങ്ങുന്നതു കൊണ്ടാണോ? ചിലപ്പോൾ എനിയ്ക്കും അടുത്ത വീട്ടിൽ‌പ്പോയി കളി കാണേണ്ടി വരാറുണ്ട്.”

ചോദ്യം  എന്റെ ഭർത്താവിനോടാണെങ്കിലും അയാളുടെ പൊതുവായ ആ ധാരണ തെറ്റാണെന്നും സ്ത്രീകളിലും  ക്രിക്കറ് ഇഷ്ടപ്പെടുന്നവരുണ്ടെന്നും ഞങ്ങൾ എല്ലാവരും ചേർന്നിരുന്ന് കളി ആസ്വദിയ്ക്കാറുണ്ടെന്നും എനിയ്ക്കു പറയാതിരിയ്ക്കാനായില്ല.പിന്നീടയാൾ    ഇടതടവില്ലാതെ ക്രിക്കറ്റ് കളിയെക്കുറിച്ചും കളിക്കാരെക്കുറിച്ചും പറയാൻ തുടങ്ങി. നല്ല അറിവ്, അത്ഭുതം തോന്നി. ഏറെ വർഷങ്ങൾക്കു മുൻപുണ്ടായ കളികളും വ്യക്തിഗതമായ സ്കോറുകൾ പോലും അയാൾക്കറിയാം. എല്ലാ പ്രധാന കളിക്കാരെക്കുറിച്ചും, അവരുടെ പ്ലസ്-മൈനസ് പോയന്റുകളെക്കുറിച്ചും അയാൾക്കു വ്യക്തമായ അഭിപ്രായമുണ്ട്.  എല്ലാ ഇന്റർ നാഷണൽ കളിക്കാരെപ്പറ്റിയും അവർ ഏതു രാജ്യത്തെ കളിക്കാരെന്നും അയാൾക്കറിയാം. ഐ.പി. എൽ ടീമുകൾ, അതിന്നായി നടന്ന ലേലം, ഓരോ കളിക്കാരുടേയും   പ്രതിഫലം  എല്ലാം കൃത്യം. ലോകം മുഴുവൻ , പ്രത്യേകിച്ചും മുംബൈറ്റി ദൈവമായി കരുതി ആരാധിയ്ക്കുന്ന സച്ചിനെ ഒരു നല്ല  പ്ലെയർ എന്ന നിലയിൽ മാത്രം ബഹുമാനിയ്ക്കുന്ന യാദവിന്റെ ഇഷ്ടപ്പെട്ട കളിക്കാരൻ അഷറുദ്ദീൻ ആണെന്നതു ഞങ്ങൾക്കും വിചിത്രമായിത്തോന്നി.

മുംബൈ ട്രാഫിക്കിനെക്കുറിച്ചും യാദവു പറഞ്ഞുകൊണ്ടിരുന്നു. ഓട്ടോ ഓടിയ്ക്കുന്നതിലെ അയാളുടെ അസംതൃപ്തിയും ഇടയിലെപ്പോഴോ മുന്നിൽ സൈഡ് തരാതെ പോകുന്ന കാർ കണ്ടപ്പോൾ യാദവ് പറയാനിടയായി;

‘സർ, ഇതു പോലൊരു വലിയ കാർ 14 വർഷം ഓടിച്ചതാണു,നല്ലൊരു സേട്ടിന്റെ കൂടെ ഡ്രൈവറായി.“ നികുതിക്കുറവിന്റെ ആകർഷണത്തിൽ മുംബൈ വിട്ടു ഗുജറാത്തിയായ സേത് അസമിലേയ്ക്കു പോകുമ്പോൾ ഇരട്ടി ശമ്പളവും ആനുകൂല്യങ്ങളും തരാമെന്നു പറഞ്ഞു വിളിച്ചെങ്കിലും പോയില്ല

‘ സർ, ഇപ്പോൾ തോന്നുന്നു, അന്നു പോകണമായിരുന്നെന്ന്. ഈ പണി മടുത്തു”

സംസാരം വീണ്ടും ക്രിക്കറ്റിലേയ്ക്കു തന്നെ തിരിഞ്ഞു. എക്ഷ്പെർട്ട് ഒപീനിയൻസും സംശയങ്ങൾ ചോദിയ്ക്കലുമൊക്കെയായി വണ്ടി ഞങ്ങളുടെ ഗേറ്റിലെത്തി.  ഓട്ടോയിൽ നിന്നിറങ്ങി ബാഗെടുത്തു താഴെ വയ്ക്കമ്പോൾ പറയാതിരിയ്ക്കാനായില്ല. “നന്ദി, സഹോദരാ…യാത്ര വളരെ സുഖകരമായി, പ്രത്യേകിച്ചും നിന്റെ സംസാരം. വേഗം വീട്ടിൽ പോയി മാച്ച് കണ്ടോളൂ.“

‘നന്ദി സർ. നിങ്ങളെപ്പോലുള്ളവരുടെ ഒക്കെ കാരുണ്യം തന്നെ, എനിയ്ക്കും സന്തോഷമുണ്ട്. മാച്ച് കാണുമല്ലോ നിങ്ങളും”

തിരികെപ്പോകുന്ന യാദവിന്റെ വണ്ടി നോക്കി നിന്നപ്പോൾ ഒരു നിമിഷം അവന്റെ അറിവിലും  ചൊടിയിലും മതിപ്പു തോന്നി, ഒപ്പം ഒരിത്തിരി അഭിമാനവും. പൊതുവെ ‘സൌത്തി’ കളെക്കുറിച്ചുള്ള അവന്റെ മതിപ്പ് കൂടിയിട്ടേ ഉണ്ടാകുള്ളൂ. കുറയില്ല, തീർച്ച.എന്തോ ആവട്ടെ, ഒരു മുഷിപ്പിയ്ക്കുന്ന യാത്രയുടെ മടുപ്പിനെ രസകരമാക്കിത്തന്ന ഈ ഡ്രൈവറെക്കുറിച്ചു എനിയ്ക്കും മതിപ്പോടെ മാത്രമേ ചിന്തിയ്ക്കുവാനാകുകയുള്ളുവല്ലോ?.

Leave a Reply

Your email address will not be published. Required fields are marked *