വർണ്ണനൂലുകൾ-21

Posted by & filed under Uncategorized.

കാലം നമുക്കായി എന്തൊക്കെ കരുതി വച്ചിരിയ്ക്കുന്നുവെന്നു ആർക്കും പ്രവചിയ്ക്കാനാവില്ലെങ്കിലും  ചുറ്റും നോക്കുമ്പോൾ കിട്ടുന്ന അറിവ് പലപ്പോഴും നമ്മെഅമ്പരപ്പിയ്ക്കും. ‘മാളിക മുകളേറുന്ന മന്നന്റെ തോളിൽ മാറാപ്പ്” തൂങ്ങാൻ അത്ര സമയമൊന്നും വേണ്ട. എത്ര ധനികനും പാപ്പരാവാം. അതു പോലെ തന്നെ എത്ര ദരിദ്രനും സമയത്തിനൊത്തുയർന്നു പണക്കാരനുമാകാം. പേപ്പർ ബോയ് ആയി ജോലി ചെയ്ത പലരും ഫൊർബസ് ലിസ്റ്റിൽ ഏറ്റവും മുന്നണിയിലെത്തിയതതും നാം കണ്ടിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും നിത്യജീവിതത്തിൽ നാമറിയുന്ന, നമുക്കു ചുറ്റുമുള്ളവർക്കിടയിലെ ഇത്തരം ഉയർച്ചയും താഴ്ച്ചയും പലപ്പോഴും നമ്മെ ചിന്തിപ്പിയ്ക്കാനിടയാകുന്നു.

ജീവിതത്തിൽ തൊടുന്നതെല്ലാം പൊന്നാകുമെന്നു പറയുന്നത് ചിലർക്കെങ്കിലും ശരിയാകുമെന്നു ഞാൻ അടുത്തറിയുന്ന ഒരു വ്യക്തിയുടെ  ജീവിതം കണ്ടപ്പോൾ തോന്നിയിരുന്നു. എന്തു തൊട്ടാലും ലാഭം. നന്നായി ജീവിച്ചു, നന്നായി ധനമുണ്ടാക്കി, ശരിയായവിധം നിക്ഷേപിച്ചു. വിവാഹം കഴിച്ചു, മക്കളെയെല്ലാം നല്ല നിലയിലെത്തിച്ചു. അവരുടെയും വിവാഹശേഷം കുടുംബത്തിൽ വളർന്നുവന്ന അസ്വരസങ്ങൾ കൂടിയപ്പോൾ ഭാര്യയാലും മക്കളാലും ഒറ്റപ്പെടാനിടയായി.  കോടീശ്വരനായിട്ടെന്തു കാര്യം? ഒരൽ‌പ്പം വാശിയും താൻ വിചാരിച്ചതു നടക്കണമെന്ന ചിന്തയുമാകാം അതിനു പിന്നിൽ. എന്തായാലും മറ്റാരെങ്കിലുമാണെങ്കിൽ തളർന്നേനെ!. പക്ഷേ തൊണ്ണൂറിന്റെ പടിവാതിൽക്കൽ നിൽക്കുന്ന ഇദ്ദേഹത്തിന്റെ വിശേഷങ്ങൾ കേൾക്കൂ….അത്ഭുതം തോന്നും.

രാവിലെ 3 മണിയോടെ ദിവസം ആരംഭിയ്ക്കുന്നു. ഫ്രെഷ് ആയ ശേഷം കുറച്ചു നേരം ഭാഗവത പാരായണം. നേരം പുലരുന്നതിനു മുൻപായിത്തന്നെ നടക്കാനിറങ്ങും. ബ്രിസ്ക് വാക്ക്. അതിനായി പ്രത്യേകം വേഷവിധാനം, ഷൂ എല്ലാമുണ്ട്. തിരികെ വന്ന് എക്സെർസൈസ്. ശീർഷാസനം മുടങ്ങാതെ ഈ തൊണ്ണൂറാം വയസ്സിലും നടത്തുന്നു. അൽ‌പ്പം പേപ്പർ വായന. പിന്നെ വിശദമായ ബ്രേക്ഫാസ്റ്റ്. ദിവസവും നിർബന്ധമായും രണ്ടു മൂസംബി കഴിയ്ക്കും. വീടു അടിച്ചു തുടയ്ക്കലും പാചകം, തുണി കഴുകൽ തുടങ്ങി എല്ലാ പണിയും സ്വയം ചെയ്യും.പാചകം ഇദ്ദേഹത്തിനു ഏറെ പ്രിയം. നല്ല മൂഡിലാണെങ്കിൽ പായസമടക്കം ഇഷ്ടമുള്ള വിഭവങ്ങൾ സ്വയമുണ്ടാക്കി കഴിയ്ക്കും.  ഇടയ്ക്കെല്ലാം ഒരു മണിക്കൂറിലധികം നടന്നു കുറഞ്ഞ നിരക്കിൽ അടുക്കള സാധനങ്ങൾ ലഭിയ്ക്കുന്ന കോ-ഓപ്പറെറ്റീവ് സ്റ്റോറിൽ പോയി അവ വാങ്ങി അവയും ഏറ്റി നടന്നു തന്നെ തിരിച്ചു പോകും . ആർക്കായി, എന്തിനു പിശുക്കുന്നു, എന്ന ചോദ്യത്തിന്നുത്തരം കിട്ടാറില്ല.കഴിയുന്നതും സന്തോഷവാനാകാനും സംതൃപ്തനാകാനും അദ്ദേഹം ശ്രമിയ്ക്കുന്നു. ചെയ്ത കടമകളും ചെയ്തുകൊണ്ടിരിയ്ക്കുന്നവയും അദ്ദേഹത്തെ സന്തുഷ്ടനാക്കുന്നു. പരിഭവമില്ല, പരാതിയില്ല.ഒറ്റപ്പെട്ടതിന്റെ സങ്കടം ഉള്ളിലുണ്ടായിരിയ്ക്കാം, പുറത്തു കാണിയ്ക്കാറില്ല. അനാവശ്യമായി ഒരു കാര്യത്തിനും ആരെയും ആശ്രയിയ്ക്കില്ല. നടക്കാനാവുന്നിടത്തോളം നടക്കും. ഓട്ടോ വിളിയ്ക്കില്ല.  ഈ പ്രായത്തിലും മുംബെയിലെ തിരക്കേറിയ ബസ്സൂകളിലും  സബർബൻ ട്രെയിനുകളിലും കൂസലെന്യേ സഞ്ചരിയ്ക്കുന്നു. സ്വന്തം ആരോഗ്യത്തിലും അത്യന്തം ശ്രദ്ധിയ്ക്കുന്നു. പലപ്പോഴും ഇദ്ദേഹവുമായുള്ള മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന സംഭാഷണങ്ങൾ ഞങ്ങൾക്കും ഒട്ടേറെ അറിവും ലോകപരിചയവും നേടിത്തരാനിടയായിട്ടുണ്ട്. ഏറ്റവുമധികമായി മറ്റൊരു പാഠവും….” do thy duty that is best, leave unto the Lord the rest”.  നമുക്കറിയില്ലല്ലോ എന്തെല്ലാമാണ് വിധി നമുക്കായി കരുതിയിരിയ്ക്കുന്നതെന്ന്., അല്ലേ

Leave a Reply

Your email address will not be published. Required fields are marked *