വർണ്ണനൂലുകൾ-23 (പ്രണയദിന സ്പെഷ്യൽ)

Posted by & filed under വർണ്ണ നൂലുകൾ.

മനുഷ്യമനസ്സുകളിൽ വർണ്ണനൂലുകൾ സൃഷ്ടിയ്ക്കുന്ന പ്രണയത്തെക്കുറിച്ച് എത്ര പറഞ്ഞാലാണ് മതിയാവുക? അപ്പോൾ പ്രണയത്തിന്റെ ആഘോഷത്തിനായി ഒരു ദിവസം കൂടിയാവുമ്പോൾ അതിന്റെ വർണ്ണശബളിമ കൂടാതെ വയ്യല്ലോ? വാലെന്റെയ്ൻ ഡേ എന്നു കേട്ടാലുടൻ മനസ്സിലോടിയെത്തുന്നത് യുവതലമുറയുടെ പ്രസരിപ്പാണ്. യൌവനത്തിന്റെ പ്രതീകമെന്ന് കരുതാവുന്ന ഒരു ആഘോഷം തന്നെയാണിത്.

പ്രണയികൾ ഒട്ടേറെ കാത്തിരിയ്ക്കുന്ന ദിനം. സംസ്ക്കാരവാദികൾ നെറ്റി ചുളിയ്ക്കുന്ന ദിനം. പാശ്ചാത്യാനുകരണത്തെ പരിഹസിയ്ക്കാൻ കിട്ടുന്ന മറ്റൊരവസരം.കച്ചവടക്കണ്ണുമായി കാത്തിരിയ്ക്കുന്നവർക്ക് സന്തോഷമേകുന്ന മറ്റൊരു ദിവസം. ഇതോ വാലെന്റെയ്ൻ ഡെ ? സെയ്ന്റ് വാലെറ്റെയ്നെക്കുറിച്ചും ഈ ദിവസത്തിന് അദ്ദേഹത്തിന്റെ പേർ വരാനുണ്ടായ കാരണത്തെക്കുറിച്ചുമെല്ലാം നമ്മൾ കേട്ടിട്ടുണ്ട്.(http://jyothirmayam.com/?p=943) ഇനി ഇതിനെ ചുറ്റിപ്പറ്റിയുള്ള അനേകം രസകരമായ വിവരങ്ങളും ഭാരതീയ സംസ്ക്കാരത്തിൽ ഈ ദിനത്തിന്റെ വരവു സൃഷ്ടിച്ച പ്രതികരണവും നോക്കാം. മനുഷ്യ മനസ്സിൽ പ്രണയം വിരിയിയ്ക്കുന്ന മഴവില്ലിന്റെ വർണ്ണ ശബളിമ ഇവിടെ സ്വർഗ്ഗം സൃഷ്ടിയ്ക്കാറുണ്ട്, പലർക്കും.  അതുപോലെ തന്നെപ്രണയത്തകർച്ചകൾ മനുഷ്യനെ ആത്മഹത്യയിലേയ്ക്കു പോലും നയിയ്ക്കുന്നു. ഇത്രയും മനുഷ്യമനസ്സിനെ സ്വാധീനിയ്ക്കുന്ന ഈ വികാരത്തിന് ദേവതകളുടെ കാരുണ്യമില്ലാതെ വയ്യല്ലോ?

വലെന്റെയിൻ എന്നു കേട്ടാലുടൻ ഓർമ്മ വരുന്ന വാക്കാണു പ്രണയം.പ്രണയക്കുരുവികൾ എന്നൊക്കെ നാം പറയുന്നത് തൊട്ടുംമുട്ടിയുമിരിയ്ക്കുന്ന  കിളികളെപ്പോലെയാണു പ്രണയിതാക്കൾ എന്ന അർത്ഥത്തിനാൽ ആണല്ലോ? എന്നാൽ കേൾക്കൂ,പക്ഷികളുടെ മേറ്റിംഗ് സീസൺ തുടങ്ങുന്ന ദിവസം കൂടിയാണ്  ഫിബ്രവരി 14. വിവാഹങ്ങൾക്കും പ്രണയാ‍ഘോഷങ്ങൾക്കും  നല്ല ദിവസം. ഫെർട്ടിലിറ്റിയുടെ ദേവതയെ ’ലുപർകാലിയ ഫീസ്റ്റ് “ നടത്തി ആരാധിയ്ക്കുന്നദിവസം. ‘ലുപ’  പെൺ ചെന്നായ്  രൂപത്തിൽ കുഞ്ഞുങ്ങളെ മുലപ്പാലൂട്ടുമെന്നും കുട്ടികളില്ലാത്തവർക്ക് കുട്ടികളുണ്ടാവാൻ അനുഗ്രഹമേകുമെന്നും സുഖപ്രസവത്തിനു സഹായിയ്ക്കുമെന്നുമൊക്കെ വിശ്വാസങ്ങളുടെ ഭാഗമായിരുന്ന കാലം.  പഗാൻ അനുഷ്ഠാനരീതികൾ   നിഷേധ്യമാകുന്നതു വരെ ഇത്തരം അനുഷ്ഠാനങ്ങൾ തുടർന്നു വന്നിരുന്നു.  ഷേക്സ്പിയറുടെ  ‘ജൂലിയസ് സീസറി‘ൽ ഇതിനെ പരാമർശിയ്ക്കുന്നുണ്ട്.

പ്രേമത്തിനു ദിവ്യതയുടെ പരിവേഷമേകാൻ പണ്ടു മുതലേ ശ്രമം കാണുന്നു. അവയ്ക്കു മധുരമേകാനായി പലവിധ പാരിതോഷികങ്ങൾ നൽകലും പുതുമയായിരുന്നില്ല. പണക്കാർക്കിടയിൽ നിന്നുംസാധരണക്കാരനിലേയ്ക്കു ഇവ പടർന്നപ്പോൾ ഒരു പക്ഷെ  പാരിതോഷികം നൽകലിന്റെ ദൈർഘ്യം കൂടുകയും  ഓർമ്മയ്ക്കായി ഒരു പ്രത്യേകദിനത്തെ കണ്ടെത്തിയതുമാകാം. എന്തായാലും ഈ ദിനത്തിൽ  ലോകത്തെവീടെയും ഏറ്റവുമധികമായി കൈമാറപ്പെടുന്ന സമ്മാനം  ചുവന്ന റോസ്പൂക്കൾ തന്നെ, എഴുപതു ശതമാനത്തിലധികം.  ചോക്കളേറ്റ്സ്, ആഭരണങ്ങൾ,ആഭരണപ്പെട്ടികൾ,ഷർട്ട്സ്,വാലെറ്റ്, പെർഫ്യൂംസ് സ്റ്റഫ്ഡ് ടോയ്സ്, റെഡ് ഹാർട്ട്സ്,  കാർഡ്സ് , റൊമാന്റിക് ഷോ പീസസ് തുടങ്ങിയവയും ഗിഫ്റ്റ് ആയി കൊടുക്കുന്നു.. സാധാരണ ഒരു വർഷത്തിൽ വിറ്റഴിയുന്ന ചോക്കലേറ്റുകളിൽ 75 ശതമാനത്തിലധികം വാങ്ങുന്നതു സ്ത്രീകളാണെങ്കിൽ, വാലെന്റെയ്ൻ വിൽ‌പ്പനയുടെ 75 ശതമാനത്തിലധികവും പുരുഷന്മാരാണു വാങ്ങുന്നത്, സ്ത്രീകൾക്കായിട്ട്. കുറച്ചു വർഷങ്ങളായിട്ട് ഡിസൈനർ ആഭരണങ്ങളും ഡയമണ്ട് ആഭരണങ്ങളും ഈ പട്ടികയിൽ ഉൾപ്പെട്ടു വരുന്നുണ്ട്.

ചരിത്രത്താളുകൾ  അമൂല്യപ്രണയത്തിന്റെ പലകഥകളും നമുക്കു കേൾപ്പിച്ചു തരുന്നു.  താജ്മഹൽ പ്പോലുള്ള സ്മാരകങ്ങൾ നമ്മുടെ മനസ്സിനു വിഭാവനം ചെയ്യാൻ പോലുമാകാത്ത സ്വപ്നലോകത്തെയ്ക്കു നമ്മെ നയിയ്ക്കുന്നു. സമൂഹത്തിന്റെ സമ്മർദ്ദം പലപ്പോഴും ഉയർത്തുന്ന  സംസ്ക്കാരത്തിന്റെ  മുറവിളികൾ പല പ്രണയങ്ങളേയും തവിടുപൊടിയാക്കുന്നതിനും കാലം സാക്ഷിയാകുന്നു. ഭാരതത്തിലെ  വിവിധ ഭാഗങ്ങളിലെ സാംസ്കാരികവൈവിദ്ധ്യം തന്നെ ഇവിടത്തെ പ്രണയകഥകൾക്ക് കൂടുതൽ മിഴിവേകുന്നു. പ്രണയത്തിന്റെ തീവ്രത കാണിയ്ക്കുന്ന ഈ കഥകൾ ലോകത്തെ മികച്ച പ്രേമകഥകളിൽ‌പ്പെടുന്നു. പ്രണയിനിയ്ക്കായി രാജ്യവും കൊട്ടാരവും ഉപേക്ഷിച്ച രാജാക്കന്മാർ, പാവപ്പെട്ടവനെ  സ്നേഹിച്ച ധനികയുവതി എന്നിങ്ങനെ പ്രണയത്തിന്റെ ഒഴുക്കിനു പല കഥകളും പറയാനാകും.

ഇന്നത്തെചുറ്റുപാടിൽ നാം ഇന്ത്യക്കാർ വലെന്റൈൻ ഡേയെ എങ്ങനെയാണു വീക്ഷിയ്ക്കുന്നത്? മാറ്റങ്ങളുൾക്കൊള്ളാൻ തയ്യാറാണെങ്കിലും ജാതി-മതത്തിന്റെ വേലിക്കെട്ടുകളെ മറികടക്കാൻ എല്ലാവർക്കും ഭയം.  മാത്രമല്ല  സദാചാരശ്രദ്ധയുള്ള സമൂഹം ബാഹ്യമായ സ്നേഹപ്രകടനങ്ങളെ നിരുത്സാഹപ്പെടുത്തിയിട്ടേയൂള്ളൂ. അപ്പോൾപ്പിന്നെ പരിധിയ്ക്കുള്ളിൽ നിന്നേ ആഘോഷിയ്ക്കാനാകൂവെന്നതു തന്നെ വാലെന്റെയ്ൻ ഡെയുടെ  മനോഹാരിത നഷ്ടപ്പെടുത്തുന്നു. ചെറുപ്പക്കാരുൾപ്പെടുന്ന ഒരു വിഭാഗം ഇതിനെ അക്ഷരാർത്ഥത്തിൽ തന്നെ ഉൾക്കൊള്ളാൻ തയാറാകുമ്പോൾ സമൂഹത്തിലെ സന്മാർഗ്ഗവാദികൾ ഇതിനെ വെല്ലുവിളിയ്ക്കയാണ്, അനാവശ്യമായ പാശ്ചാത്യാനുകരണത്തിന്റെ മുദ്ര കുത്തിയിട്ട്. എന്നാലും യുവജനങ്ങൾക്കീടയിലെ ഒരു ഹരമായി ഇത് മാറിത്തുടങ്ങിയിരിയ്ക്കുന്നു. പ്രണയിതാക്കൾ സ്വയം മറന്ന് പ്രണയത്തിന്റെ ഊഷ്മളത മനസ്സിലാക്കാനും പ്രകടിപ്പിയ്ക്കാനും കിട്ടുന്ന ഒരവസരത്തെ നഷ്ടപ്പെടുത്താൻ തയ്യാറല്ല എന്നതു തന്നെ.

മറ്റൊരു കാര്യം തോന്നിയതെന്തെന്നാൽ പ്രണയത്തെക്കുറിച്ചും പ്രണയദിനത്തെക്കുറിച്ചുമെല്ലാം തുറന്നു സംസാരിയ്ക്കാൻ ഇന്നും നാം മടിയ്ക്കുന്നുവെന്നതാണ്. ഇപ്പോഴും ഇവ നമുക്ക് ‘ടാബു” ആണ്. പറയാനോ എഴുതാനോ തുനിഞ്ഞാൽ തലകൾ നമുക്കു നേരെ തിരിയും. പ്രണയം തെറ്റാണോ? മറ്റെല്ലാ വികാരങ്ങളെയും പോലെ ഒന്നു തന്നെയല്ലെ അതും?  അത് ആഘോഷിയ്ക്കുന്നതിൽ, ഇഷ്ടപ്പെടുന്ന വ്യക്തിയെ അതറിയിയ്ക്കുന്നതിൽ എന്താണ് തെറ്റ്? ഇതു ചിന്തിയ്ക്കുന്നവർക്കു പോലും പുറത്തു പറയാനുള്ള ധൈര്യമില്ല. പാശ്ചാത്യ അനുകരണമെന്നു പുച്ഛിച്ചു തള്ളിക്കളയാനേ അവർക്കാകൂ. മറ്റു പല ആഘോഷങ്ങളേയും പോലെ സ്നേഹമെന്ന മനുഷ്യസഹജമായ വികാരത്തിനെ മാനിയ്ക്കൽ ആവട്ടെ ഇത്. അതിന്റെ ഒരു ഭാഗം മാത്രമാവട്ടെ റൊമാന്റിക് ആയ പ്രണയം. മനുഷ്യനെ മനുഷ്യനാക്കി മാറ്റുന്നതു സ്നേഹിയ്ക്കാനും സ്നേഹിയ്ക്കപ്പെടാനുമുള്ള അവന്റെ  മോഹം  തന്നെയല്ലേ?. സമൂഹം സൃഷ്ടിയ്ക്കപ്പെട്ടതു തന്നെ അതിനാലാണല്ലോ? സ്നേഹിയ്ക്കപ്പെടുന്നവൻ ഒരിയ്ക്കലും ദരിദ്രനാകില്ലെന്നു ഓസ്കാർ വൈൽഡ്  പറഞ്ഞിട്ടൂണ്ട്.സ്നേഹസമ്പന്നർ എന്നൊക്കെ പറയാറില്ലേ നമ്മളും.

ജീവിതം  ഒന്നു മാത്രം. പാടില്ലെന്നു കരുതിയ പലതും ഇന്നിന്റെ സംസ്കാരമായി മാറിക്കഴിഞ്ഞിരിയ്ക്കുന്നു. ഇന്നിന്റെ ചെയ്തികളെ എന്നും കുറ്റമായി കാണുന്നവർ ധാരാളം. പ്രണയം തെറ്റാണെങ്കിൽ ആ ദിനവും തെറ്റായേ കാണാനാവൂ. കാരണം പ്രണയം തന്നെ ഭ്രാന്തമായ ഒരാവേശമാണല്ലോ? അതാണല്ല്ല്ലോ അതിന്റെ ആകർഷകതയും. കാമദേവന്റെ പുഷ്പ്പബാണത്തെക്കുറിച്ച് കേൾക്കാത്തവരല്ല നമ്മൾ. അതു കൊണ്ടാലുണ്ടാവുന്ന അവസ്ഥയോ? താളം തെറ്റി അതിദ്രുതമെങ്കിലും അവാച്യാനുഭൂതി ഹൃദയത്തിന്നേകുന്ന മിടിപ്പ്, തലച്ചോറിനോ പ്രവർത്തനമാന്ദ്യം,കണ്ണുകൾക്ക് തീളക്കം,ഉയരുന്ന  രക്തസമ്മർദ്ദം, വിറയ്ക്കുന്ന ചുണ്ടുകൾ . ഈയവസ്ഥയിലെ കാട്ടിക്കൂട്ടലല്ല, പ്രണയദിനാഘോഷമായി നമുക്ക് അംഗീകരിയ്ക്കേണ്ടതു. മറിച്ച്  മനുഷ്യസ്നേഹത്തിന്റെ എല്ലാ വശങ്ങളും കാണാവുന്ന ഒരു വാലെന്റയിൻ ഡെ. ക്രൂരതയും മനുഷ്യത്വമില്ലായ്മയും പൈശാചികതയും നിറഞ്ഞ ലോകത്തിനൊരു ഓർമ്മപ്പെടുത്തലാവട്ടെ നമ്മുടെ വലെന്റെയ്ൻ ഡേ.

Leave a Reply

Your email address will not be published. Required fields are marked *