നല്ലൊരു നാളെയ്ക്കായി ഓടുന്ന മുംബൈ…മുംബൈ മാരത്തോണ്‍ 2009..

Posted by & filed under മുംബൈ ജാലകം.

ഈ ഞായറാഴ്ചയായിരുന്നു മുംബൈ മാരത്തോണ് 2009 നടന്നതു,ജനുവരി 18നു. എല്ലാ ജനുവരിയിലും ഇതു മുംബൈയില്‍ പതിവാണല്ലോ. മുംബൈയിലെ പല തുറയില്‍ നിന്നുമുള്ള ജനങ്ങള്‍ക്കൊപ്പം വളരെയേറെ വിദേശീയരും പങ്കെടുത്തു, സ്റ്റാന്ഡേര്ഡ് ചാര്റ്റെഡ് മുംബൈ മാരത്തോണീല്‍ . ഇതില്‍ ഇന്ത്യന്‍ വ്യവസായപ്രമുഖരും രാഷ്ട്രീയ നേതാക്കളും, സിനിമാതാരങ്ങളും ക്രിക്കറ്റേഴ്സും,അത് ലെറ്റുകളും,  പല വിധ കമ്പനികളെ പ്രതിനിധാനം ചെയ്യുന്നവരും, ബാങ്ക്  ജീവനക്കാരും, സാധാരണക്കാരനും, പാന്‍ വാലയും, തട്ടുകടക്കാരനും, ഗൃഹിണികളും  ഒക്കെയുണ്ടായിരുന്നു. ഒരു നല്ല നാളേയ്ക്കായുള്ള ഓട്ടം, ദാരിദ്ര്യരേഖയുടെ താഴെക്കിടയിലുളളവര്‍ക്കു വേണ്ടി പ്രത്യേകമായി. തുടര്‍ച്ചയായി ആറാമത്തെ പ്രാവശ്യമാണു മുംബയ് വാസികള്‍  ഇത്തരം ഒരു ഐക്യമത്യത്തിന്റെ പ്രകടനത്തിലൂടെ ലോക ശ്രദ്ധയാകര്‍ഷിയ്ക്കുന്നതു. മുംബൈ ഓടുകയാണു….ലക്ഷ് യം ഒന്നാണു.

       

(മുംബൈ സി.എസ്.ടി. ,ഹില്‍ടണ്‍ ടവേഴ്സ് ഒബറോയ് ടേണ്‍,എയ ഇന്ത്യ ബില്‍ഡിംഗ്, പിസേറിയ ടേണ്‍, വാന്‍ ഖഡേ സ്റ്റേഡിയം, ചൌപ്പാത്തി,ബബുള്‍നാഥ് ടെമ്പീള്‍, മഹാലക്ഷ്മി ടെമ്പിള്‍, ഹാജി അലി, മേള രെസ്റ്റോറന്റ്, ഐ.എന്‍.എസ്.സ്റ്റ്രാറ്റാ സര്‍ക്കിള്‍, ഹിന്ദുജ ഹോസ്പിറ്റല്‍,മാഹിം കോസ്വേ, (മാരത്തോണ്‍ ടേണ്‍ )  ബാന്ദ്ര രെക്ലമേഷന്‍,മാഹിം ചര്‍ച്, ശിവാജി പാര്‍ക്,സിദ്ധിവിനായക് ടെമ്പിള്‍, സെന്റുറി ഭവന്‍,തഡാനി മാര്‍ഗ് പെട്രോള്‍ പമ്പു, വര്‍ളി ഡയറി, നെഹൃ സെന്റര്‍,മഹാലക്ഷ്മി റേസ് കോഴ്സ്, ജസ്ലോക് ഹോസ്പിറ്റല്‍, ആസാദ് മൈതാന്‍ ,സി.എസ്.ടി ഫിനിഷ്)

     മുംബയെ ആസകലം ബാധിച്ച ഭീകരതയുടെ ദൃശ്യത്തിന്റെ കാഠിന്യം ഇനിയും വിട്ടുപോവാത്തതിനാലാണാവൊ, ഒരു ആവേശക്കുറവു എവിടെയും ദൃശ്യമായിരുന്നു. കഴിഞ്ഞവര്‍ഷത്തേക്കാള്‍ കൂടുതല്‍ ആളുകള്‍ ഇത്തവണ പങ്കെടുത്തുവെന്നാണു കണക്കെങ്കിലും എല്ലാ വര്‍ഷങ്ങളിലേയും പോലെ ഒരു തിളക്കം കണ്ടില്ല. പതിവുപോലെ തന്നെ അനില്‍ അംബാനി, ആനന്ദ് മഹീന്ദ്ര, ടീന അംബാനി, സുരേഷ് കളമാടി, പ്രിയ ദത്,എന്നിവര്‍ മുന്നിരയില്‍ ഉണ്ടായിരുന്നു. വര്‍ണ്ണപ്പൊലിമ കൂട്ടാനായെത്തിയ ബോളിവുഡ് താരങ്ങളില്‍ ജോണ്‍ അബ്രഹാം, ഗുത്ഷന്‍ ഗ്രോവര്‍,ഷര്‍മിള ടാഗോര്‍, സോഹ അലി ഖാന്‍, വിദ്യ ബാലന്‍ എന്നിവരെ കാണാനുണ്ടായിരുന്നു. പ്രാമിലിരുന്നു ഇതില്‍ പങ്കേടുത്ത കൊച്ചു കുഞ്ഞും 86 വയസ്സായ വൃദ്ധനും ജനശ്രദ്ധയാകര്‍ഷിച്ചു. ഒരേ തരം ഡ്രസ് ധരിച്ചു കൂട്ടം കൂട്ടമായി ഓടുന്നവര്‍, വിചിത്രമായ വേഷവിധാനത്തോടെ വന്നവര്‍, സചിന്‍-ആമിര്‍ വേഷമണിഞ്ഞവര്‍, അജമല്‍ കസബിന്റെ കോലം പേറിയവര്‍, മാഹാരാഷ്ട്രീയന്‍ വേഷത്തിലോ, ഡബ്ബാവാലയുടെ വേഷത്തിലോ കോളി വേഷത്തിലോ വന്നവര്‍, ഹിന്ദു ദൈവങ്ങളുടെ വേഷം കെട്ടിയവര്‍, വളരെ സീരിയസ്സു ആയി ഓടാനായി ദിവസങ്ങളോളം പരിശീലനം നടത്തി അനുയോജ്യമായ വേഷവിധാനത്തില്‍ വന്ന വിദേശീയര്‍, സ്വദേശീയര്‍ എല്ലാം ചേര്‍ന്ന ഒരു വര്‍ണ്ണ പ്രപഞ്ചമാണിവിടെക്കണ്ടതു. പലരും ഓട്ടത്തിനേക്കാളെറെ മുംബൈറ്റിയെ ഇന്നു നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും അതിനെക്കുറിച്ചു ബോധവാന്മാരാകേണ്ടതിനെക്കുറിച്ചും നഗരത്തിന്റെ സുരക്ഷിതത്വത്തിനായി ഒറ്റക്കെട്ടായി നില്‍ക്കെണ്ടതിനെക്കുറിച്ചുമൊക്കെ സന്ദേശങ്ങള്‍ പരസ്പരം കൈമാറാനുള്ള ഒരു വേദിയായും ഇതിനെ കണ്ടെത്തി.

     ഫുള്‍ മാരത്തോണ്‍, ഹാഫ് മാരത്തോണ്‍, സീനിയര്‍ സിറ്റിസണ്‍സ് റണ്‍, ഡ്രീം റണ്‍, വീല്‍ചെയര്‍ ഇവന്റ്- ഇങ്ങിനെ എല്ലാ തുറയിലുളളവര്‍ക്കും പങ്കെടുക്കാനാവുന്ന തരത്തിലുളളതായിരുന്നു മത്സരങ്ങള്‍. മത്സരത്തില്‍ വിജയിയ്ക്കുകയെന്നതിനേക്കാള്‍ പങ്കെടുക്കലിലാണു പലരും പ്രാധാന്യം നല്‍കിയതെങ്കിലും പലരും ഓട്ടത്തിനെ സീരിയസ് ആയിത്തന്നെ എടുത്തിരുന്നു. ആകെപ്പാടെ ഏതാണ്ടു 35,000 ആള്‍ക്കാര്‍ ഓട്ടത്തില്‍ പങ്കെടുത്തു. മുംബൈ സ്വതസ്സിദ്ധമായ കഠിന പരിശ്രമത്തിന്റെ, ഉണര്‍വിന്റെ, മാറ്റത്തിന്റെ മുഖം ഇന്ത്യയ്ക്കും ലോകത്തിനും കാട്ടിക്കൊടുക്കാന്‍ തയ്യാറായിക്കഴിഞ്ഞിരിയ്ക്കുന്നു. മാരത്തോണ്‍ , ഓട്ടമത്സരം മാത്രമല്ല മുംബൈയ്ക്കു, പ്രത്യേകിച്ചു ഇക്കൊല്ലം. ഞങ്ങള്‍ ഒറ്റക്കെട്ടായി നിന്നു മുംബയെ വളര്‍ത്തും , സംരക്ഷിയ്ക്കും എന്ന സന്ദേശമാണു ഇവിടെ നിന്നും മറ്റുളളവര്‍ക്കായി അയയ്ക്കാന്‍ അവര്‍ ശ്രമിയ്ക്കുന്നതു. ലോകം മുഴുവന്‍ അതു കാണട്ടെയെന്നും. ഇത്തവണ എല്ലാ മേഖലയില്‍ നിന്നുമുള്ള ആള്‍ക്കാരുടെ പ്രാതിനിധ്യം ഇവിടെ കാണാന്‍ കഴിഞ്ഞു. മുംബൈറ്റി മാറ്റത്തിനു തയ്യാറെടുത്തു കഴിഞ്ഞു.

        ഫുള്‍ മാരത്തോണില്‍ കെനിയക്കാരനായ കെന്നത്ത് മുംഗര, ഇന്ത്യന്‍ വിഭാഗത്തില്‍ രാം സിംഗ് യാദവ് എന്നിവര്‍ ഒന്നാം സ്ഥാനം നേടി.   വനിതാ വിഭാഗത്തില്‍ മണിപ്പൂരിലെ അരുണാദേവിയാണു ഒന്നാം സ്ഥാനത്തു വന്നതു. രണ്ടാം സ്ഥാനത്തു ഇന്ദ്രേഷ് ധീരജും.ഇവരെല്ലാം ഓട്ടത്തിനെ ഗൌരവമായിക്കണ്ടു നേട്ടത്തില്‍ സന്തോഷിച്ചുവെങ്കില്‍ അതിലേറെ സന്തോഷമാണു പങ്കെടുത്ത പല സാധാരണക്കാര്‍ക്കും. ഞാനും മുംബൈക്കുവേണ്ടി എന്നാലാവുന്നതു ചെയ്തുവെന്ന ചാരിതാര്‍ത്ഥ്യമാണു പലര്‍ക്കും.  ശ്രദ്ധേയമായ പല സാമൂഹിക സന്ദേശങ്ങളും വിമര്‍ശനങ്ങളും, അഭിപ്രായങ്ങളും ഡിമാന്‍ഡുകളും ഓടുന്നവര്‍ പലവിധത്തിലായി പ്ലാക്കാര്‍ഡുകളിലും ധരിച്ച വസ്ത്രത്തിലും, ഗജിനി സ്റ്റയിലില്‍ ദേഹത്തും എഴുതി പ്രദര്‍ശിപ്പിച്ചിരുന്നു. ഭീകരര്‍,ഗവര്‍മെന്റ്, നേതാക്കള്‍, സമാധാനം, സുരക്ഷ, ഐക്യം, അന്തരീക്ഷമലിനീകരണം, ആരോഗ്യം എന്നിവയെപ്പറ്റിയായിരുന്നു പലതും. ഡ്രീം റണ്‍ പല നല്ല സംരംഭങ്ങള്‍ക്കും തുടക്കമിടുകയാണു.കണ്ണു കാണാത്തവരും, അംഗഭംഗം വന്നവരും മറ്റു പല വിധത്തില്‍ ശരീര സൌഖ്യം നിഷേധിയ്ക്കപ്പെട്ടവരും ഒറ്റയാകപ്പെട്ടവരും പണത്തിന്റെ അഭാവത്താല്‍ വിദ്യാഭ്യാസം, ആരോഗ്യം എന്നിവ നിഷേധിയ്ക്കപ്പെട്ടവരും ഇവിടെ ചില വെള്ളിരേഖകള്‍ കണ്ടെത്താന്‍ ശ്രമിയ്ക്കുകയാണു.  മുംബൈറ്റിയായ ഞാനും അഭിമാനം കൊള്ളുന്നു.

          എന്തായാലും പണവും പദവിയും മറന്നു, മെയ്യും മനവുമൊന്നാക്കി മുംബൈറ്റികള്‍ ഒരേ ലക്ഷ്യത്തിലെയ്ക്കു കുതിയ്ക്കുന്ന ആ കാഴ്ച്ച  ഏതൊരു ഇന്ത്യക്കാരനേയും ഒന്നു ചിന്തിപ്പിയ്ക്കാതിരിയ്ക്കില്ല.  ഇതു കാണുന്ന ലോകവും അഭിനന്ദിയ്ക്കാതിരിയ്ക്കില്ല.  പങ്കെടുത്തവരില്‍ പലരും ഉത്തേജിതരാണു. അടുത്ത വര്‍ഷത്തെ മുംബൈ  മാരത്തോണ്‍ വരുന്നതും കാത്തിരിയ്ക്കയാണവര്‍, കൂടുതല്‍ ഓജസ്സോടെ, കൂടുതല്‍ സന്ദേശങ്ങളുമായി, ചുണ്ടില്‍ പ്രാര്‍ത്ഥനയുമായി.

3 Responses to “നല്ലൊരു നാളെയ്ക്കായി ഓടുന്ന മുംബൈ…മുംബൈ മാരത്തോണ്‍ 2009..”

 1. DP

  Nice Write up
  -A Mumbaite

 2. DP

  മുംബൈ സ്വതസ്സിദ്ധമായ കഠിന പരിശ്രമത്തിന്റെ, ഉണര്‍വിന്റെ, മാറ്റത്തിന്റെ മുഖം ഇന്ത്യയ്ക്കും ലോകത്തിനും കാട്ടിക്കൊടുക്കാന്‍ തയ്യാറായിക്കഴിഞ്ഞിരിയ്ക്കുന്നു. മാരത്തോണ്‍ , ഓട്ടമത്സരം മാത്രമല്ല മുംബൈയ്ക്കു, പ്രത്യേകിച്ചു ഇക്കൊല്ലം. ഞങ്ങള്‍ ഒറ്റക്കെട്ടായി നിന്നു മുംബയെ വളര്‍ത്തും , സംരക്ഷിയ്ക്കും എന്ന സന്ദേശമാണു ഇവിടെ നിന്നും മറ്റുളളവര്‍ക്കായി അയയ്ക്കാന്‍ അവര്‍ ശ്രമിയ്ക്കുന്നതു. ലോകം മുഴുവന്‍ അതു കാണട്ടെയെന്നും. ഇത്തവണ എല്ലാ മേഖലയില്‍ നിന്നുമുള്ള ആള്‍ക്കാരുടെ പ്രാതിനിധ്യം ഇവിടെ കാണാന്‍ കഴിഞ്ഞു. മുംബൈറ്റി മാറ്റത്തിനു തയ്യാറെടുത്തു കഴിഞ്ഞു.
  ….. കൂടുതല്‍ ഓജസ്സോടെ, കൂടുതല്‍ സന്ദേശങ്ങളുമായി, ചുണ്ടില്‍ പ്രാര്‍ത്ഥനയുമായി.

  Nice Write up
  -A Mumbaite

 3. josin

  bhayagaram thanneee

Leave a Reply

Your email address will not be published. Required fields are marked *