ലോണാവാല…പ്രകൃതി മനസ്സിനെ കീഴടക്കിയപ്പോള്‍ ‌‌- 1

Posted by & filed under Yathravivaranangal.

രണ്ടു-മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ഒരു പിക്നിക്കിനു പ്ലാനിടുമ്പോള്‍ എല്ലാവര്‍ക്കും ഉള്ളിലൊരല്‍പ്പം ഭയമുണ്ടായിരുന്നു. കൊക്കില്‍ ഒതുങ്ങുന്നതിലധികമാകുമോ?  എല്ലാവര്‍ക്കും അതു ഒരുപോലെ ആനന്ദപ്രദമാകുമോ?  കുട്ടികളും ചെറുപ്പക്കാരും മധ്യവയസ്കരും ഒക്കെ കൂടിച്ചേര്‍ന്ന ഒരു ഗ്രൂപ്പാണു ഞങ്ങളുടേതു. എല്ലാവര്‍ക്കും കഴിയുന്നത്ര ആസ്വാദകരമാകണമെന്നു മോഹമുണ്ടു. യാത്ര, താമസ സൌകര്യം, ഭക്ഷണം ,സ്ഥലം കാണല്‍ ഒക്കെ ശരിയാകുന്ന തരത്തിലുള്ള ഒരു സ്ഥലത്തേയ്ക്കു ആവുകയും വേണം. അല്‍പ്പമൊക്കെ ചിലവിന്റെ കാര്യത്തിലും നിയന്ത്രണം കൂടിയേ തീരൂ. എന്തായാലും അനവധി  നാളുകളായി എല്ലാവരും മനസ്സില്‍ കൊണ്ടു നടക്കുകയും പലരുടെയും അസൌകര്യങ്ങളാല്‍ പല പ്രാവശ്യം മാറ്റിവെയ്ക്കപ്പെടുകയും ചെയ്ത ഈ സംരംഭം ഇത്തവണ വേണമെന്നു ഐക്യകണ്ഠമായി തീരുമാനിയ്ക്കപ്പെടുകയും  കഴിവതും എല്ലാവരും അതില്‍ പങ്കു ചേരണമെന്നു തീരുമാനിയ്ക്കുകയും ചെയ്തതു ഈ വിനോദയാതയ്ക്കു തുടക്കം കുറിച്ചു.

യാത്ര തുടങ്ങുന്നതിനു മുന്‍പായി ഞങ്ങളുടെ ഗ്രൂപ്പിനെപ്പറ്റിയൊന്നു പറയുന്നതു ഇതു വായിയ്ക്കുന്നവര്‍ക്കു ഞങ്ങളെ അറിയാന്‍ സഹായിയ്ക്കും. ഞങ്ങള്‍ കുറച്ചു ഒരേ ചിന്താഗതിക്കാര്‍  , മുംബൈയുടെ വിവിധ സ്ഥലങ്ങളിലായി ചിതറിക്കിടക്കുന്നവര്‍. എല്ലാ മാസങ്ങളിലും ഒരു ഞായറാഴ്ച്ച ഏതാനും മണിക്കൂറുകള്‍ ഒന്നിച്ചു ചിലവഴിയ്ക്കാന്‍ സമയം കണ്ടെത്തുന്ന മലയാളികള്‍.  ഓണം, പിറന്നാള്‍  തുടങ്ങിയ വിശേഷ ദിനങ്ങള്‍ ഒന്നിച്ചു ആസ്വദിയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍.  കഴിഞ്ഞ 5 വര്‍ഷത്തോളമായി ഈ പതിവിനു മുടക്കമില്ല. സ്ഥിരം വരവു ഉറപ്പിയ്ക്കാനായി ഒരു കുറി വച്ചിട്ടുണ്ടു. ഞങ്ങളാല്‍  കഴിയുന്ന അടിയന്തര സഹായങ്ങള്‍ അര്‍ഹിയ്ക്കുന്നവര്‍ക്കു കൊടുക്കാറുണ്ടു.  അംഗങ്ങളുടെ അഭ്യുദയാര്‍ത്ഥം ഒരു വെല്‍ഫയര്‍ ഫണ്ടും ഉണ്ടു.

പിക്നിക്കിന്റെ സ്പോട് തിരഞ്ഞെടുക്കാനേല്‍പ്പിച്ചപ്പോള്‍ ആദ്യം ഒരിത്തിരി പരിഭ്രമം തോന്നി. പിന്നീടു അധികമൊന്നും ചിന്തിയ്ക്കാതെ ‘ലോണാവാല” സജ്ജസ്റ്റ് ചെയ്തു.  ശശ്യേട്ടനും ഉറ്റ കൂട്ടുകാരായ ബാലുവും ഉണ്ണിയും ഇതിനെ പിന്താങ്ങിയപ്പോള്‍  സ്ഥലത്തിന്റെ  സജ്ജഷന്‍ എല്ലാവരുടെയും സമ്മതപ്രകാരം തീരുമാനിയ്ക്കപ്പെടുകയും ചെയ്തു. ബാലു  താമസസ്ഥലം ഏര്‍പ്പാടു ചെയ്യുന്ന കാര്യം ഏറ്റപ്പോള്‍  വലിയൊരു തലവേദന അങ്ങനെ ഒഴിവാക്കപ്പെട്ടു. കൂടുതല്‍ ഉത്സാഹപ്രിയരായതിനാല്‍ വാഹനം ഏര്‍പ്പാടു ചെയ്യുന്നതിനായി ഹരിനാരായണനെന്ന ഹരിയും പരമേശ്വരനെന്ന പാച്ചുവും സന്നദ്ധരായി.  ഇവരുടെ ത്വരിതപ്രവര്‍ത്തനങ്ങള്‍ കാര്യങ്ങള്‍ അനായാസമായി മുന്നോട്ടു പോകാന്‍  സഹായിച്ചു. നീര്‍ദ്ദേശങ്ങളും പല വഴിയ്ക്കും അനസ്യൂതമായി ഒഴുകിയെത്തി. രണ്ടു മാസം മുന്‍പുതന്നെ ആരംഭിച്ച ചര്‍ച്ചകള്‍  അവസാന മീറ്റിംഗില്‍ ഐകകണ്ഠേന തീരുമാനിയ്ക്കപ്പെട്ടപ്പോള്‍ എല്ലാവരുടെയും ഉത്സാഹവും സന്നദ്ധതയും ഏറെ പ്രകടമായിക്കണ്ടു.  അങ്ങിനെ ജനുവരി 24, 25, 26 ആയി നീണ്ടു നില്‍ക്കുന്ന ലോണാവാല ട്രിപ്പ് തീരുമാനമായി. ഗ്രൂപ്പിലെ എല്ലാവരേയും വളരെ നന്നായി അടുത്തറിയാമായിരുന്നതിനാല്‍ എല്ലാവരും വളരെ യോജിപ്പോടെ ഇതൊരു നല്ല വിനോദയാത്രയാക്കി മാറ്റുമെന്നതില്‍ സംശയം ഉണ്ടായില്ല. പക്ഷേ ആര്‍ക്കൊക്കെ ഈ ദിവസങ്ങളില്‍ വരാനാകുമെന്നതിലേ സംശയമുണ്ടായിരുന്നുള്ളൂ…

ട്രിപ്പിന്റെ വിവിധ വശങ്ങള്‍ ഡിസ്കസ് ചെയ്യുന്ന ഇ-മെയില്‍ സന്ദേശങ്ങള്‍ യഥാസമയം അയയ്ക്കാനും ഓരോരുത്തര്‍ക്കും ചുമതലകള്‍ പങ്കിട്ടുകൊടുക്കാനും ഹരി മുന്‍ കൈ എടുത്തു.  ടി.എം.എസ്. ഏട്ടന്‍, സുബ്രഹ്മണ്യന്‍, കെ.കെ, എന്നിവരുടെ കുടുംബങ്ങള്‍ ഇതില്‍ പങ്കെടുക്കാനുള്ള  തങ്ങളുടെ അസുകര്യം അറിയിച്ചപ്പോള്‍ ഒരല്പം വിഷമം തോന്നി.  പിന്നീടു മറ്റു ചിലകാരണങ്ങളാല്‍  അഷ്ടമൂര്‍ത്തി ഫാമിലിയും വളരെ വിഷമത്തോടെ പിന്മാറി.  ഇതോടെ ഒരു നിമിഷം പരിപാടിയെല്ലാം ക്യാന്‍സല്‍ ചെയ്താലോയെന്ന ചിന്ത പോലും ഉണ്ടായി. എന്നാല്‍ പറ്റാവുന്നവര്‍ പോവുക തന്നെയെന്ന ഐകകണ്ഠമായ തീരുമാനമനുസരിച്ചു മുന്നോട്ടു പോകാന്‍ തന്നെ തീരുമാനിച്ചു. ആകെ 24 ആളുകള്‍ അതിനനുസരിച്ചു വാഹനം ബുക്കു ചെയ്യപ്പെട്ടു.  ബോര്‍ഡിങ് പോയന്റുകള്‍ നിശ്ചയിക്കപ്പെട്ടു.  നിര്‍ദ്ദേശങ്ങള്‍ കൈമാറി. എല്ലാവരും കാത്തിരിപ്പായിരുന്നു പിന്നെ, 24 എന്ന ദിവസം എത്തിക്കിട്ടാനായി.

24ന്, 4 മണിയോടെ ഞങ്ങളുടെ വാഹനമായ അക്ഷയ് എന്ന കൊച്ചു ബസ്സ് ബോറിവിലിയില്‍ നിന്നു പുറപ്പെട്ടു.  ഹരിയും മകന്‍ തേജുവെന്ന തേജസ്സും മാത്രം.  ഗോരഗാവില്‍ നിന്നും ഉണ്ണിക്കൃഷ്ണേട്ടനും ഉമയും.  അന്ധേരിയില്‍ ഞങ്ങള്‍ മാക്സിമം പേര്‍ . ഉണ്ണിക്കൃഷ്ണന്‍, ബിജിത, കണ്ണന്‍, കീര്‍ത്തന.  സുദേവ്, ശ്രീജ, കാര്‍ത്തിക്, കാവ്യ. മോഹന്‍ ദാസേട്ടന്‍, തങ്കം.  ബാലു, ഉണ്ണി, ശശ്യേട്ടന്‍, ഞാന്‍.  വിലേ പാര്‍ലേയില്‍ നിന്നും അപര്‍ണ്ണ.  സയണില്‍ നിന്നും കൃഷ്ണനും പ്രഭയും.  ബി.ഏ.ആര്‍.സി. യില്‍ നിന്നും പാച്ചു, സുജാത, സാരംഗ് കൂടി കയറിയപ്പോള്‍ മൊത്തം 24 പേര്‍. ഡ്രൈവറും സഹായിയും കൂടിയാല്‍ ആകെ 26 പേര്‍. കുട്ടികളും വലിയവരും ഒരേപോലെ ഉത്തേജിതരായിരുന്നു.  ഉണ്ണിയുടെ വകയായി ഒരു കുല നേന്ത്രപ്പഴം, ഒരു പടുകൂറ്റന്‍ കുല ചെറിയ പഴം, ഇഷ്ടം പോലെ പരിപ്പു വട,….ആര്‍ക്കും വിശക്കുന്നുവെന്നു പറയാനാവില്ല. ചലോ…..ലോണാവാല.

അവസാന ബോര്‍ഡിംഗ് പോയന്റില്‍ നിന്നും പാച്ചുവും സുജാതയും സാരംഗും കയറിയതോടെ ഗ്രൂപ്പ് പൂര്‍ണ്ണമായി. ഞങ്ങള്‍ക്കു നല്ലൊരു യാത്ര ആശംസിയ്ക്കുവാനായെത്തിയ ശ്രീധരേട്ടനും കുടുംബവും ഒരു നിമിഷം ബസ്സിനകത്തെയ്ക്കു കയറിയാലോ എന്നു ശങ്കിച്ചതായി തോന്നി. എല്ലാവരും ഹോളിഡെ മൂഡിലേയ്ക്കു എത്തിക്കഴിഞ്ഞിരുന്നു, അതിനകം. ബസ്സു വിട്ടതും, പരിപ്പുവടയുടെ ഗന്ധം ബസ്സിനകത്തു നിറഞ്ഞു. ഞാനും അപര്‍ണ്ണയും ‘പാസ്സിങ് ദ പാര്‍സല്‍‘ പോലെ പരിപ്പുവടയുടെ പൊതി കൈമാറിക്കൊണ്ടിരുന്നു.  കൈമാറി വിളിയ്ക്കുന്ന പഴക്കുലകളില്‍ കൈയെത്താനും പിന്നെ താമസിച്ചില്ല. ഇതെല്ലാം കൊണ്ടുവന്നു തന്ന ഉണ്ണിയ്ക്കു ഒരിയ്ക്കലും പരിഭവം പറയാനാകാത്തവിധം സാധനങ്ങള്‍ അപ്രത്യക്ഷമായിക്കൊണ്ടേയിരുന്നു. ഒഴിഞ്ഞ കവറുകള്‍ പഴത്തൊലിയാല്‍ നിറഞ്ഞു.  സരസമായ സംഭാഷണങ്ങളില്‍ എല്ലാവരും മുഴുകിയിരിയ്ക്കവേ ബസ്സിനു സ്പീഡ് കൂടി. ട്രാഫിക് പൊതുവേ കുറവായിത്തോന്നി. ബസ്സു എക്സ്പ്രസ്സു ഹൈ വേയിലെത്തിയതും എല്ലാവരും ഉഷാറായി. പുനെ എക്സ്പ്രസ് ഹൈവെയിലെ തുരങ്കങ്ങള്‍ വരാനായി കാത്തിരിയ്ക്കുകയായിരുന്നു കുട്ടികള്‍.  ഓരോ തുരങ്കങ്ങളും സമീപിയ്ക്കുന്നതോടെ അവര്‍ വണു, ടു, ത്രീ….എണ്ണാന്‍ തുടങ്ങുകയും അകത്തു കടക്കുന്നതോടെ ഒന്നിച്ചു കൂക്കി ബഹളമുണ്ടാക്കുകയും ചെയ്തു. കുട്ടികളെ അനുകരിച്ചു മുതിര്‍ന്നവരും ഇതു തുടങ്ങിയപ്പോള്‍  ഒരു നിമിഷത്തേയ്ക്കു എല്ലാവരും കുട്ടികളായി മാറുകയും ബാല്യകാലത്തേയ്ക്കും സ്കൂള്‍ പിക്നിക്കിലേയ്ക്കുമെല്ലാം മടങ്ങിപ്പോവുകയും ചെയ്തു. ശരിയായ പിക്നിക് മൂഡ്. പിക്നിക്കിന്റെ ശരിയായ അര്‍ത്ഥം കണ്ടെത്തല്‍.

മുംബൈ നഗരവാസികളെക്കുറിച്ചും ഒരല്‍പ്പം പറയാതെ വയ്യ,  പ്രത്യേകിച്ചും പുതു തലമുറകളെക്കുറിച്ചു. 5 ഡെ വീക്കിന്റെ തണലില്‍, തൊട്ടൊരു ഹോളിഡെയുടെ ആനുകൂല്യത്തില്‍, മുംബൈറ്റി നഗരത്തിരക്കില്‍ നിന്നും ഒഴിയാനുള്ള മാര്‍ഗ്ഗമാരായും. ലോണവാല, ഖണ്ടാല, ഗോവ..എന്നിവ അവയില്‍ പ്രധാനം. ഞങ്ങള്‍ക്കു  അതറിയാവുന്നതിനാലാണു ഓഫീസു തിരക്കിനു മുന്‍പായിത്തന്നെ പുറപ്പെടാന്‍ തീരുമാനിച്ചതു. ട്രാഫിക്കില്‍ പെട്ടു കഴിഞ്ഞാല്‍ പിന്നെ രക്ഷയില്ല. രാത്രി വൈകും എത്തിച്ചേരാന്‍. എത്തിയിട്ടു വേണം പിറ്റേന്നയ്ക്കുള്ള പരിപാടികള്‍ ആസൂത്രണംചെയ്യാന്‍. ഞാനും അപര്‍ണ്ണയും ഈ ലഹളയ്ക്കിടയില്‍ ആരുമറിയാതെ പല ആസൂത്രണങ്ങളും നടത്തിയിരുന്നു. ഏതെല്ലാം വിധത്തില്‍ സമയത്തിന്റെ  മാക്സിമം ഉപയോഗിയ്ക്കാമെന്നും. വലിയ തിരക്കൊന്നും കൂടാതെ മുംബൈ വിട്ടുവെങ്കിലും ലോണവാല എത്താറായപ്പോള്‍ ട്രാഫിക് കൂടി വന്നു. മുംബൈയിലേ കാറുകള്‍ മുഴുവനും ഓഫീസില്‍ നിന്നും നേരെ ഇങ്ങോട്ടാണൊ ഒഴുകിയതു എന്നു തോന്നിപ്പോയി. ബാലു കൂടെയുണ്ടായിരുന്നതിനാല്‍ ഗസ്റ്റ് ഹൌസിലേയ്ക്കുള്ള വഴി ശരിയായി അറിയാന്‍ കഴിഞ്ഞു.. അല്ലെങ്കില്‍ ഡ്രൈവര്‍ ബുദ്ധിമുട്ടിയേനെ വഴി കണ്ടു പിടിയ്ക്കാന്‍!. സമയം രാത്രി ഏഴേ മുക്കാല്‍.

ആദ്യമേ ബാലു പറഞ്ഞു തന്നിരുന്നതിനാല്‍ ഗസ്റ്റു ഹൌസിനെക്കുറിച്ചു ഒരു ഐഡിയ ഒക്കെ മനസ്സില്‍ ഉണ്ടായിരുന്നു. വലിയ ഹോട്ടലുകളുമായി താരതമ്യം ചെയ്യരുതെന്നും ബ്രിട്ടീഷ് സമയത്തെ ഒരു പഴയ ബംഗ്ലാവാണെന്നും പറഞ്ഞിരുന്നു.  വൃത്തിയുണ്ടോയെന്നു മാത്രമേ അപ്പോള്‍ ചോദിച്ചിരുന്നുള്ളൂ. വളരെ നന്നായി മെയിന്റെയിന്‍ ചെയ്യുന്നുണ്ടെന്നു ബാലു  പറഞ്ഞിരുന്നു താനും..പക്ഷേ ബസ്സില്‍ നിന്നുമിറങ്ങി സ്ഥലം കണ്ടു കണ്ണുന്തിപ്പോയി. ഒരു ചെറിയ ഗേറ്റ്തുറന്നു ബാലു ഉള്ളില്‍ക്കടക്കുന്നതു കണ്ടു.  ഒരു നിമിഷം സംശയിച്ചു, തെറ്റായോ ഈ സ്ഥലം ബുക്കു ചെയ്തതു?  ബാലുവിനു ഞങ്ങളെയൊക്കെ നന്നായി അറിയാവുന്നതിനാല്‍ നല്ല സ്റ്റാന്‍ഡേഡ് ഉള്ള സ്ഥലത്തേയ്ക്കേ കൊണ്ടുപോകുകയുള്ളൂ എന്നറിയാം. ബാലുവിനു പുറകില്‍  ചെറിയ ഗേറ്റു തുറന്നു അകത്തു കടന്നതും ഒരു ഇടത്തരം ഔട് ഹൌസ് കാണാറായി.  അതിനു മുന്‍ വശത്തെ പൈപ്പിനരികില്‍ ഒരു പെണ്‍കുട്ടി ഒരു വലിയ അലുമിനിയം പാത്രത്തില്‍ എന്തോ കാലുകൊണ്ടു ചവുട്ടി മെതിയ്ക്കുന്നു. ആരോ പറഞ്ഞു , ചപ്പാത്തി കുഴയ്ക്കുകയാണു, ഇവിടെ ഇങ്ങനെയാണു ചപ്പാത്തി കുഴയ്ക്കുന്നതു എന്നൊക്കെ. വയറിനുള്ളില്‍ നിന്നുമൊരു അപകടസൂചനയുടെ സൈറണ്‍ വിളി മുഴങ്ങിയോ?  വീടിനു ചേര്‍ന്ന തുറന്ന മരക്കൂട്ടിലൊരു കൊച്ചു നായ്ക്കുട്ടി. നല്ല കൌതുകം തോന്നി.  ഇത്രയധികം പേരെ ഒന്നിച്ചു കണ്ടതിനാലാകാം, അതു പേടിച്ചു അടുത്തു പാര്‍ക്കു ചെയ്ത മോട്ടോര്‍ സൈക്കിളിന്റെ ടയറിന്റെ പുറകിലൊളിച്ചു.അതിനെ ലാളിയ്ക്കാനെന്നോണം കുനിഞ്ഞിരുന്നപ്പോള്‍ കണ്ണുകള്‍ അറിയാതെ ആ അലുമിനിയം പാത്രത്തില്‍ ഉടക്കിയപ്പോള്‍ ചിരി വന്നു- വെളുത്തുള്ളിയായിരുന്നു അതില്‍.. അവരുടെ കുടില്‍ വ്യവസായം- വെളുത്തുള്ളി അല്ലി വേര്‍പെടുത്തി, തൊലി കളഞ്ഞു , ഉണക്കിയെടുത്തു പാകറ്റിലാക്കി വില്‍ക്കുന്ന ഒരു കുടുംബം. പക്ഷെ, അവിടെ നിന്നും എഴുന്നേല്‍ക്കുമ്പോളാണു ആ ബംഗ്ലാവ് എന്റെ കണ്ണീല്‍ പെട്ടതു. എല്ലാവരുടേയും ശ്രദ്ധ  മുഴുവനും ഒറ്റ നിലയില്‍ കരിങ്കല്ലില്‍ ഉണ്ടാകി ആസ്ബറ്റോസ് മേഞ്ഞു മുകളില്‍ ഓടിട്ട ആ ബംഗ്ലാവിലായിരുന്നു. ഓടിനു മുകളില്‍ പുല്ലു വളര്‍ന്നു ഉണങ്ങി നില്‍ക്കുന്നു.വളരെ പഴക്കം തോന്നിയെങ്കിലും നല്ല ഉറപ്പുള്ളതായിത്തോന്നി കരിങ്കല്ലിലെ ഈ സൃഷ്ടി.ആകപ്പാടെ ഒരു ഭാര്‍ഗ്ഗവീനിലയം പോലെ തോന്നിച്ചു പുറമേയ്ക്കു. ഇതു പിന്‍ ഭാഗമാണത്രേ ! മുറ്റത്തൊരു പടുകൂറ്റന്‍ ഞാവല്‍ മരം. കുറച്ചുമാറി ഭംഗിയായി കെട്ടിയ ഒരു കൊച്ചു കിണര്‍. അടുത്തു ചെന്നു വെള്ളമുണ്ടോയെന്നു എത്തിനോക്കിയപ്പോഴല്ലെ മനസ്സിലായതു അതു ചപ്പും ചവറും ഇടുന്ന സ്ഥലമാണെന്നു. പണ്ടു കിണറായിരുന്നിരിയ്ക്കാം.ഇടതു വശത്തായി കുലച്ചു തൂങ്ങി നില്‍ക്കുന്ന പന നല്ല ഭംഗി തോന്നിച്ചു.അകത്തേയ്ക്കു കയറാന്‍ 10 കരിങ്കല്‍പ്പടവുകള്‍! സൈഡില്‍ റെയിലിംഗ്! കയറുമ്പോള്‍  എട്ടാമത്തെ പടവില്‍ വെച്ച മണ്‍ചട്ടിയില്‍ ചായയ്ക്കു മണം കൂടാനായി ചേര്‍ക്കുന്ന പുല്ലു വളര്‍ത്തിയിരിയ്ക്കുന്നതു കണ്ടു. സൈഡില്‍ ചുമരോടു ചേര്‍ന്നൊരു ചട്ടിയില്‍ പുതിന. മറ്റൊന്നില്‍ തുളസി. തുളസിക്കടയ്ക്കല്‍ എരിയുന്ന ചന്ദനത്തിരി. നല്ല സ്വാഗതം! ഒരു സ്വപ്നസാക്ഷാത്ക്കാരം പോലെ തോന്നി അത്തരമൊരു കരിങ്കല്ലില്‍ പടുത്ത നൂറ്റാണ്ടു പഴക്കമുള്ള ബംഗ്ലാവില്‍ താമസിയ്ക്കുകയെന്നതു. മറ്റുള്ളവരും എന്നെപ്പോലെതന്നെ ത്രില്‍ഡ് ആണെന്നു തോന്നി. എല്ലാവരുടെയും കണ്ണുകള്‍ വിടര്‍ന്നിരിയ്ക്കുന്നു.

അടുത്ത കുറച്ചു സമയം എല്ലാവരും ഒരു എക്സ്പ്ലൊറേഷന്‍ മൂഡിലായിരുന്നു. മുറിയ്ക്കുള്ളില്‍ കടന്നു, ബാഗു താഴെ വെച്ചു ചുറ്റും നടന്നു  മുറികള്‍ കാണല്‍. മൊത്തം 6 മുറികള്‍. പടവു കയറിയാലൊരു നീളന്‍ വരാന്ത. വരാന്തയുടെ നിലം പണ്ടു കാലത്തെ ഇല്ലങ്ങളിലൊക്കെ കാണുന്ന പോലെ പരുക്കന്‍ ചുവന്ന ഇഷ്ടിക വിരിച്ചു സിമന്റിട്ടിരിയ്ക്കുന്നു. അതിനെ മറ്റേയറ്റത്തു കെയര്‍ ടേക്കറുടെ റൂമും തൊട്ടു അടുക്കളയും.വരാന്തയുടെ ഇടത്ത് കൊച്ചുമുറിയില്‍ വെച്ച് പഴയ കാലത്തെ പത്തായങ്ങളും അലമാര, പെട്ടികള്‍ എന്നിവയും കൌതുകകരമായിത്തോന്നി. വളരെ വിശാലമാണു മുറികള്‍ . തറ നിറമുള്ള ഇഷ്ടികപ്പൊട്ടുകള്‍ പതിച്ചതാണു. അണ്‍ ഈവന്‍ ആയ ഡിസൈന്‍.  നമ്മുടെ സീലിംഗിന്റെ മൂന്നിരട്ടിയെങ്കിലും കാണും സീലിംഗിന്റെ ഉയരം ഇവിടെ. പിറകിലും വരാന്തയും വരാന്തയില്‍ നിന്നും റെയിലിംഗ് പിടിപ്പിച്ച പടവുകളും ഉണ്ടു , താഴോട്ടിറങ്ങാന്‍. നീളനെ കിടക്കുന്ന രണ്ടു വരാന്തകള്‍ക്കും നടുവിലായി 24-30 പേര്‍ക്കു ഒരേ സമയം ഇരുന്നു ഭക്ഷണം കഴിയ്ക്കാനാവുന്ന തരത്തില്‍  മരത്തില്‍ തീര്‍ത്ത മേശകളും കസാരകളും ഇട്ട ഡൈനിംഗ് ഹാള്‍. ഡൈനിഗ് ഹാളിനു ഇരുപുറവുമായി രണ്ടു വരാന്തകളില്‍ നിന്നും പ്രത്യേകമായി പ്രവേശിയ്ക്കാവുന്ന തരത്തിലാണു 2+2 എന്ന തരത്തില്‍ 4 മുറികള്‍ .മറ്റു രണ്ടു മുറികള്‍ കെട്ടിടത്തിന്റെ ഉന്തി നില്‍ക്കുന്ന പ്രധാന കവാടത്തിന്റെ സൈഡുകളിലായാണു. പുറകുവശത്തെ വരാന്തയുടെ വലതു വശത്തായി10-12 പേര്‍ക്കു ഭക്ഷണം കഴിയ്ക്കാവുന്ന മാര്‍ബ്ബിളില്‍ തീര്‍ത്ത ഡൈനിംഗ് ടേബിളും ഉണ്ടു. മുറ്റത്തിറങ്ങി നോക്കിയപ്പോള്‍ നല്ല രസം തോന്നി. വലിയ തണുപ്പില്ല. രാത്രി ഏറെക്കഴിഞ്ഞേ അരിച്ചെത്തുകയുള്ളൂയെന്നു തോന്നുന്നു. ശരിയായ ഗേറ്റും അതിനു തൊട്ടുള്ള ഭംഗിയുള്ള മറ്റൊരു ഗസ്റ്റുഹൌസും പൂട്ടിക്കിടക്കുന്നതായി കണ്ടു.വിസ്മയം ഒരൊട്ടു മാറിയ കുട്ടികള്‍ ബാറ്റും ബോളുമെടുത്തു ക്രിക്കറ്റു കളി തുടങ്ങി. ബംഗ്ലാവിനു മുന്‍ വശത്തെ മുറ്റത്തു. ആണുങ്ങള്‍ വലതു വശത്തെ മുറികളിലും സ്ത്രീകള്‍ ഇടതു വശത്തെ മുറികളിലും സ്ഥാനമുറപ്പിച്ചു. എല്ലാവരും നല്ല റിലാക്സ്ഡ് മൂഡിലായിരുന്നു.  സ്ത്രീകള്‍ പരസ്പരം ഹൃദയം തുറന്നു സംസാരിച്ചപ്പോള്‍ പുരുഷന്മാര്‍ വാചകമടിയുടെ ബഹളത്തിലായിരുന്നു. ഒരു ഭാഗത്ത് നിന്നുള്‍ല ശബ്ദം മറ്റൊരു ഭാഗത്തു കേള്‍ക്കാനാകാത്ത തരത്തിലാണു മുറികളുടെ ഘടനയെങ്കിലും പാട്ടും ലഹളയുമെല്ലാം ഇടയ്ക്കിടെ ഒഴുകി വരുന്നുണ്ടായിരുന്നു.

വര്‍ത്തമാനം പറച്ചിലും പാട്ടുപാടലുമൊക്കെയായി നേരം കടന്നു പോയി. ഡിന്നര്‍ നന്നായിരുന്നു. മൃദുവായ ചപ്പാത്തി, സബ്ജി, ദാല്‍, ദഹി, അച്ചാര്‍ , പപ്പടം ഡെസെര്‍ട്ടിനു ജെല്ലി….എല്ലാരും കൂടിയുളള ഭക്ഷണം കഴിയ്ക്കല്‍  ഭക്ഷണത്തിന്റെ സ്വാദു കൂട്ടിയെന്നു തോന്നുന്നു.ചപ്പാത്തി തിന്നുമ്പോള്‍ വരുന്ന സമയത്തെ കാഴ്ച്ചയും കമന്റുമോര്‍ത്തു പലരും ചിരിയ്ക്കുന്നുണ്ടായിരുന്നു. രാത്രി വളരെ വൈകിയാണു എല്ലാവരും ഉറങ്ങിയതു. കാലത്തു ഒമ്പതരയോടെ  ലോണവാലയിലെ പ്രസിദ്ധമായ, കുന്നിന്റെ മുകളിലുള്ള  എക് വീര  അമ്പലത്തിലും തൊട്ടുളള ഗുഹകളും കണ്ടു ഊണിനായി തിരിച്ചെത്താനാണു പ്ലാനിട്ടതു. വൈകിട്ടു കുട്ടികള്‍ക്കായി ചില മത്സരങ്ങളും, അന്താക്ഷരി, പാട്ടു തുടങ്ങിയവയും. വളരെയേറെ എക്സൈറ്റഡ് ആയിട്ടാണു എല്ലാവരും ഉറങ്ങാന്‍ കിടന്നതു. 5.30നു അലാം വെയ്ക്കുമ്പോള്‍ എന്റെ മനസ്സും ആകാംക്ഷകളാല്‍ ഭരിതമായിരുന്നു.

(തുടരും…)

9 Responses to “ലോണാവാല…പ്രകൃതി മനസ്സിനെ കീഴടക്കിയപ്പോള്‍ ‌‌- 1”

 1. nisha

  i have not yet read your article… but as soon as I saw your site, i felt like writing to you.I am impressed with it as a whole…

  But the malayalma font is a bit tiresome to read and that is what kept me fromreading the article… I dont know if someone else told you the same…

  But all in all, i am quite impressed with your site. And I wish you good luck!
  Regards,
  Nisha

 2. Bhagavathy

  Jyothi valare nannayi ezhuthiyirikkunnu.sthalangal ellam munpil kanunnapole.photos cherthappol athu kooduthal hrudyamayi.adutha partinayi kathirikkunnu.

 3. Jyothi

  nice of you Nisha . thankz for these encouraging words.will try to change the text font if required.
  regds
  jyothi

 4. Anoop Madambu

  Ichamme, NICE and Impressive!!! Oru Mathrubhoomi vaaranthyappathippu vaayicha pratheethi.
  Pinne, ingane poyaal, valla Manoramakkaaro Maathrbhoomikkaaro thattikkondu poyi ‘Jyothirmayam’ adachu poottunna avasthayil ethumoa ennoru pedi vare thonnithudangi.
  Avasaanathe sentence kazhinjittu adiyal right hand bottom corner-l “Sesham adutha lakkam” ennoa ”thudarum…” ennoa okke ezhuthandathaayrunnu..;-)
  I am equally excited (as you… after setting up the alarm on that Lonavala night…) and eagerly waiting for the next post :-))

 5. Nirmala Erannoor

  Hi Jyothiedathi,
  I read the “Lonavala” article today (sorry for the little delay) while reading i thoroughly enjoyed whatever u hv written in detail, especially the group friends description and ofcourse the famous lonavala chikkis. I was picturising in my mind while reading n forgot that i m sitting infront of the pc reading ur wonderful article. Great Job…wud luv to read more n more article from You.

 6. Abhay

  Enikkum venam parippuvadayum pazhavum………..
  nannayirikkunnu. Thudaruka; hrudhayapoorvam…..

 7. sushamaRaman

  nalla vivaranam. Hrudyamaya photos.ellam oppiyedutha parkathiyapoleabhinandanagal.

 8. ganesh

  Valare nannayirikkunnu. Probably i will be a frequent visitor of this site in future. abhinandanagal

 9. Seema

  aa guest house nte varnana nannayittundu…onnu neril poyi kaanan thonnunoo

Leave a Reply

Your email address will not be published. Required fields are marked *